നായ ഒരു വളർത്തുമൃഗം മാത്രമല്ല !

 

 

 

 

 

ലോകത്തുള്ള
സകല നായ്ക്കളും
ഇങ്ങനെ തല ഉയർത്തിപ്പിടിച്ച്
അഭിമാനത്തോടെ
നടക്കുന്നതിന്
ഒറ്റക്കാരണമേയുള്ളു
മറ്റൊന്നുമല്ല
വലിയ സംഭവമെന്ന്
മേനിനടിച്ചു നടക്കുന്ന
ഈ മനുഷ്യരുടെ
മാർഗ്ഗദർശികളാണ്
ഞങ്ങളെന്ന
ആത്മബോധത്തിന്റെ
നിറവാണത്
ഒരു നായയുടെയെങ്കിലും
വിയർപ്പു വീഴാത്ത
ഒരു സംസ്കൃതിയേപ്പറ്റിയും
ചരിത്രത്തിനുകൂടി പറയാനുണ്ടാവില്ല

അഭിവാദ്യം
ചെയ്യേണ്ടുന്ന കൈകളിന്ന്
ഞങ്ങളെ കല്ലെറിയുകയാണ്,
എങ്കിലും ചുരുക്കം
ചില ഭാഗ്യശാലികൾ
മാളികകളിലും
ആഡംബരത്തിലും
അധികാരത്തിലും
വാഴുന്നതിൽ
തെല്ലൊന്നുമല്ല
അഭിമാനം

വന്നുവന്ന് ഞങ്ങളുടെ
സ്വാതന്ത്ര്യത്തിലും നിങ്ങൾ
കൈവെച്ചിരിക്കുന്നു.
സകലതും പിടിച്ചടക്കി
ഞങ്ങളുടേത് മാത്രമായ
നിമിഷങ്ങളേയും നിങ്ങൾ
വന്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ക്യാമറക്കണ്ണുകൾ നിരത്തി
പ്രധാന തൊഴിലവസരം കൂടി
ഇല്ലാതാക്കി നിങ്ങളിലെ
അവരെപ്പോലെ ഞങ്ങളേയും തെരുവിലേക്കിറക്കി വിട്ടിരിക്കുന്നു.
അതിജീവനത്തിനായുള്ള
ഓരോ പലായനത്തിലും
അവർക്കൊപ്പം വീണു
മരിക്കാനാണിന്ന് വിധി.
അനാഥപ്രേതം കണക്കേ
മരിച്ചുവീഴുന്ന ഞങ്ങളുടെ
കുഞ്ഞുങ്ങളുടെ ശവശരീങ്ങൾ
കാണുമ്പോൾ പൂർവ്വികന്മാർ
ചെയ്തതൊക്കെയും
നിരർത്ഥകമെന്നു തോന്നിപ്പോകും,
ആവശ്യത്തിനും അനാവശ്യത്തിനും
വലിച്ചെറിയുന്ന തെറിവാക്കായിന്നു
മാറിയിട്ടുണ്ടെങ്കിലും ഒന്നോർക്കുക
ഞങ്ങളുടെ മുതുമുത്തച്ഛന്മാർ
ഇരുട്ടിന്റെ ഭയപ്പെടുത്തുന്ന
നിശബ്ദതകളെ ഉറക്കമിളച്ചിരുന്ന്
നേരിട്ടതിന്റെ കൂടി ഫലമാണ്
നിങ്ങളുടെ വിജയഗാഥകൾ,
മറക്കരുത്
ഇതേപോലൊരു തെരുവിലെ
സ്വപ്ന സുന്ദരിയായിരുന്ന
ഞങ്ങളുടെ ലെയ്ക മുത്തശ്ശിയാണ്
അന്ന് നിങ്ങൾക്കു വേണ്ടി
രക്തസാക്ഷിത്വം വരിച്ചതും;

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമെയിൽവായന
Next articleസസ്യശ്രീമാൻ
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ ജനിച്ചു. ചെറുപ്പം മുതൽ കവിതകൾ എഴുതുന്നു.അർത്ഥങ്ങൾ തേടുന്ന വർണങ്ങൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ( റെയിൻബോ ബുക്സ് -2007 ).വിലാസം ഒടിയുഴത്തിൽ കിഴക്കേക്കര, ഇലവുംതിട്ട. പി.ഒ, പത്തനംതിട്ട ജില്ല

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here