2022 മെയ് 22 ന് നവതൂലിക ഓൺലൈൻ കൂട്ടായ്മയുടെ ഒന്നാം വാർഷികം കൊടുങ്ങല്ലൂർ തെക്കേ നടയിലെ ശ്രീനാരായണ സമാജം ഹാളിൽ ആഘോഷിച്ചു. കവി, വിഷ്ണു പകൽക്കുറിയുടെ നേതൃത്വത്തിൽ തുടങ്ങിയ നവതൂലിക കഴിഞ്ഞ ഒരു വർഷമായി ഓൺലൈൻ മാധ്യമങ്ങളിൽ വ്യത്യസ്തമാർന്ന ചുവടുവെയ്പ്പുകളാണ് നടത്തുന്നത്.
രക്ഷാധികാരികകളായ ബിനാ
ജ് ഭാർഗവി, ഉണ്ണികൃഷ്ണൻ ബാലരാമപുരം, സജിനി മനോജ്, ശ്രീമതി സുനിത ഷൈൻ, രമ്യ മഠത്തിൽത്തൊടി, രേവതി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാർഷികച്ചടങ്ങ് നടന്നത്.
സാംസ്കാരിക പ്രവർത്തകനും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറുമായ സി. നന്ദകുമാർ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂരിന്റെ ചരിത്രപരവും സാമൂഹിക സാഹിത്യപരവുമായ പ്രത്യേകതകളെ എടുത്തുപറയുകയും ചെയ്തു അദ്ദേഹം.
പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നവതൂലികയെപ്പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തേക്കുറിച്ച് സംസാരിച്ച അദ്ദേഹം തൂലികയിലെ എല്ലാ സാഹിത്യകാരന്മാർക്കും ആശംസകൾ നൽകി.
എഴുത്തുകാരി പ്രൊഫസർ കെ.വി. സുബൈദ, കവി സെബാസ്റ്റ്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി.
പ്രകൃതിയോട് സമരസപ്പെട്ടും അതിലെ സർവ്വചരാചരങ്ങളെയും നിരീക്ഷിച്ചും കവിത എഴുതേണ്ടതിന്റെ ആവശ്യത്തേക്കുറിച്ചാണ് ശ്രീമതി സുബൈദ സംസാരിച്ചത്.
ഈശ്വരനാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് കവികളെന്നും അതുകൊണ്ടുതന്നെ ഭാഗ്യം ചെയ്തവരാണ് നവതൂലികയിലെ അംഗങ്ങൾ എന്നും ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ. സിപ്പി പള്ളിപ്പുറം എഡിറ്റോറിയൽ ബോർഡ് അംഗമായ ഡോ. അജയ് നാരായണന് നവതൂലികയുടെ കവിതാസമാഹാരം നൽകി പ്രകാശനം ചെയ്തു.
തൂലികയിലെ അംഗങ്ങളുടെ എൺപതോളം വരുന്ന കവിതകൾ പ്രസിദ്ധീകരിച്ചത് വായനപ്പുരയാണ്.
പുസ്തകത്തിന്റെ എഡിറ്റിംഗിൽ ഡോ. അജയ് നാരായണനോടൊപ്പം ശ്രീമതി ബാല ആങ്കാരത്ത്, ശ്രീ പ്രസാദ് കുറ്റിക്കോട്, ശ്രീ രഘുനാഥ് എന്നിവരാണുണ്ടായത്. കവികൾ സ്വയം രൂപപ്പെടണം എന്നും കവിതയിലൂടെ സമൂഹത്തെ നിരീക്ഷിക്കുകയും ഇടപെടുകയും വേണമെന്ന് ഡോ. അജയ് നാരായണൻ ആമുഖപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
പുസ്തകത്തേക്കുറിച്ചുള്ള അവലോകനങ്ങൾ ബാല ആങ്കാരത്തും പ്രസാദ് കുറ്റിക്കോടും നടത്തി.കവിതകൾ ധ്വനികളാൽ ആശയങ്ങളാൽ ശക്തമാകട്ടെ എന്ന് ശ്രീമതി ബാല കവികളോട് പറഞ്ഞു. പ്രസാദ്, ഒന്നാം അധ്യായത്തിലെ കവിതകളെക്കാൾ മെച്ചപ്പെടട്ടെ ഇനിയും വരാനിരിക്കുന്ന കവിതകൾ എന്ന് ആശംസിച്ചു.
ഉച്ചയൂണിന് ശേഷം ഉണ്ണികൃഷ്ണൻ ബാലരാമപുരത്തിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു. കവിത ഉണ്ണികൃഷ്ണൻ, പ്രസാദ് കുറ്റിക്കോട്, ശ്രീ മുകുന്ദൻ, അജയൻ, ദർശന, സുനിത ഷൈൻ, സജിനി, ഉഷ ജയപാലൻ, ബേബി, കുമാരി ശിവാനി കുനിശ്ശേരി തുടങ്ങിയവരാണ്. സജിനി കൃതജ്ഞത രേഖപ്പെടുത്തിയതോടെ നവതൂലിക ഒന്നാം വർഷാഘോഷത്തിനു തിരശ്ശീലയായി.
നവതൂലിക കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ നവതൂലിക പുരസ്കാരം ഡോ. അജയ് നാരായണൻ സിപ്പി പള്ളിപ്പുറത്തിന് നൽകി. തുടർന്ന് ആദരവ് സ്വീകരിച്ചവർ കെ. വി. സുബൈദ, നന്ദകുമാർ, സെബാസ്റ്റ്യൻ, ഡോ. അജയ് നാരായണൻ, പ്രസാദ് കുറ്റിക്കോട്, ബാല ആങ്കാരത്ത്, സജിനി, സുനിത, രമ്യ മഠത്തിൽ, ശ്രീ ബിനാജ്, വിഷ്ണു പകൽക്കുറി.
ബാലസാഹിത്യകാരി കുമാരി ശിവാനി കുനിശ്ശേരിയെയും പ്രത്യേകം ആദരിച്ചു.