2019-ലെ നവമലയാളി പുരസ്ക്കാരം സച്ചിദാനന്ദന് സമ്മാനിച്ചു

 


2019-ലെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരദാന ചടങ്ങും നവമലയാളി പ്രഭാഷണ പരമ്പരയും കൊടുങ്ങല്ലൂരിലെ പണിക്കേഴ്‌സ് ഗാര്‍ഡന്‍ ഹാളിൽ നടന്നു.രാവിലെ 10.30 മുതല്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശി കുമാര്‍ സമാന്തര മാധ്യമങ്ങള്‍- പ്രതിരോധം സാധ്യതകളും വെല്ലുവിളികളുംഎന്ന വിഷയത്തിലും ഡോ. കെ.എസ് മാധവന്‍ ദലിത്- കര്‍ഷക-മാര്‍ക്‌സിസ്റ്റ് ഐക്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നവമലയാളി പുരസ്‌കാരദാനചടങ്ങ് നടന്നു. വി.കെ.സുബൈദ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്‍.പി ഭാസ്‌കര്‍ കവി കെ.സച്ചിദാനന്ദന് പുരസ്‌കാരം സമ്മാനിച്ചു. തുടര്‍ന്ന് സച്ചിദാനന്ദന്റെ കവിതാലോകം എന്ന വിഷയത്തില്‍ ബി. രാജീവനും സാഹിത്യത്തിന്റെ പ്രതിരോധരാഷ്ട്രീയം എന്ന വിഷയത്തില്‍ ടി.ടി ശ്രീകുമാറും സാംസ്‌കാരികലോകത്തെ സച്ചിദാനന്ദന്‍ എന്ന വിഷയത്തില്‍ പി.എന്‍ ഗോപീകൃഷ്ണനും പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു.

നവമലയാളി സാംസ്കാരിക പുരസ്കാരം 2019 സച്ചിദാനന്ദനു സമർപ്പിച്ചുകൊണ്ടുള്ള പ്രസ്താവന:

മലയാള ഭാഷയ്ക്കും സംസ്ക്കാരത്തിനും വെറുമൊരു പേരല്ല സച്ചിദാനന്ദൻ. കവിതയുടെ ഗതി മാറ്റങ്ങൾക്ക് ഇന്ധനമായി , ആശയലോകത്തിൽ ആഞ്ഞുവീശിയ കാറ്റായി, പൊതുബോധത്തിൽ രാഷ്ട്രീയ ഇടപെടലായി, മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാലാവസ്ഥയാണ് സച്ചിദാനന്ദൻ. അദ്ധ്യാപകൻ എന്ന നിലയിലും ജ്വാല, ഉത്തരം, ഇന്ത്യൻ ലിറ്ററേച്ചർ, പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ എന്ന നിലയിലും സച്ചിദാനന്ദൻ മലയാളിയുടെ സാംസ്കാരിക അവബോധത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ സവർണ്ണാവബോധത്തോടും പുരുഷക്കോയ്മയോടും ദേശീയ ഭ്രാന്തിനോടും നിരന്തരം യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ സാംസ്കാരിക കർത്തൃത്വത്തെ അഞ്ചു പതിറ്റാണ്ടിലധികമായി സച്ചിദാനന്ദൻ പ്രസക്തമാക്കിയത്. വ്യത്യസ്ത ഭാഷാ പാരമ്പര്യങ്ങളേയും സൈദ്ധാന്തിക അവബോധങ്ങളേയും സച്ചിദാനന്ദൻ മലയാളത്തിയേക്ക് കൂട്ടിക്കൊണ്ടു വന്നു .സാറാ ജോസഫിന്റെ പാപത്തറയ്ക്ക് അവതാരികയെഴുതിയപ്പോൾ അദ്ദേഹം പ്രയോഗിച്ച “പെണ്ണെഴുത്ത് ” എന്ന സങ്കല്പനം പിൽക്കാലത്ത് സാഹിത്യത്തിലെ പ്രധാന ഉപകരണമായി മാറുകയുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കേ, സ്ത്രീവാദ, ദളിത് വാദ , അരിക് വാദ സംവാദങ്ങൾക്ക് സാഹിത്യത്തിൽ മുഖ്യ സ്ഥാനം ലഭിച്ചു

ബഹുസ്വരവും ആധുനികവുമായ നിരവധി ശബ്ദങ്ങളെ ഉല്പാദിപ്പിക്കാൻ സംസ്ക്കാരത്തിൽ ആഞ്ഞു പ്രവർത്തിച്ച സച്ചിദാനന്ദൻ സംസ്കാരത്തിലെ ജനാധിപത്യ ബോധത്തെ പല തരത്തിൽ ജ്വലിപ്പിച്ചു. മാനവികതയെ നിരന്തരം പുതുക്കി. ഉറച്ചു പോയ ധാരണകളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചു. വിമതത്വത്തിന്റേയും പ്രതിരോധത്തിന്റേയും ധാരകളെ നിരന്തരം സജീവമാക്കി. ഇടത് കാഴ്ചപ്പാടുകളെ വരട്ടു വാദത്തിൽ നിന്നും വിമുക്തമാക്കാൻ ആഞ്ഞ് പരിശ്രമിച്ചു. കവിത ,നിരൂപണം ,യാത്രാവിവരണം , നാടകം , ലേഖനം തുടങ്ങി ആധുനിക ഭാഷാ ബോധം തുടങ്ങി വെച്ച നിരവധി സവിശേഷ മണ്ഡലങ്ങളിൽ അക്ഷീണം സച്ചിദാനന്ദൻ കയറിയിറങ്ങി. അവിടെയെല്ലാം മതേതര മാനവികതയുടെ സമകാലീന മുദ്ര അദ്ദേഹം പതിപ്പിച്ചു. അതേ സമയം തന്നെ ജൈവ മാനവികതയാക്കി അതിനെ പരിണമിപ്പിക്കാൻ ശ്രമിച്ചു.

എങ്കിലും കവിതയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുതറ. 1960കൾ മുതൽ മലയാള കവിതയിലെ ഗതി മാറ്റങ്ങളിൽ ഒക്കെ പ്രേരകശക്തിയായി അദ്ദേഹം നിലകൊണ്ടു. സൗന്ദര്യത്തിന്റെ അടിസ്ഥാന മൂലകങ്ങളെ തിരസ്ക്കരിക്കാതെ തന്നെ സാമൂഹികതയെ കവിതയിൽ പടർത്തി. ആത്മവും അപരവും തമ്മിലുള്ള സങ്കീർണ്ണബന്ധങ്ങളെ കവിതയിൽ നേരിട്ടു. പാരമ്പര്യത്തെ പുനർനിർവ്വചിച്ചു. മാറ്റി നിർത്തപ്പെട്ട പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ചു. ലോകകവിതകളുടെ വിവർത്തനത്താൽ ദേശീയവും പ്രാദേശികവുമായ ഇടുക്കങ്ങളെ തകർത്തു. അതേ സമയം തനിമയെ ഏറ്റവും പുതിയ നിമിഷത്തിലേയ്ക്ക് സജ്ജമാക്കി

സമഗ്ര സംഭാവനകളെ മുൻനിർത്തിയുള്ള മൂന്നാമത് നവ മലയാളി പുരസ്ക്കാരം സച്ചിദാനന്ദന് അതിയായ സന്തോഷത്തോടെ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English