പ്രകൃതിയും പ്രണയവും

 

download

ചിരിച്ചുല്ലസിച്ചോടിവന്നു

തീരത്തെ  മുത്തി  കോരിത്തരിപ്പിച്ചു

പതിയെ  മറയുന്നു  കളളക്കുറുമ്പുളള  തിരകളും

നാണം  പുതച്ചു  മയങ്ങുന്നു തീരവും

കാറ്റുമൂളും  പ്രണയഗാനങ്ങൾ  കേട്ടു

മധുരസ്വപ്നങ്ങളിലാടും  മോഹനമലരതിൽ

കിനിയും  മധു  നുകരുവാൻ

കൊതിച്ചൊരു  ശലഭവും

കാലമേറെ  കഴിഞ്ഞൊന്ന്

മഴ  വന്നു   തൊട്ടപ്പോൾ

പ്രണയത്തിൻ  പുതുമണമുയർത്തുന്നു

പ്രേമോജ്ജ്വലിയാം  ഭൂമിയും

പ്രകൃതിയും  പ്രണയവുമന്യോന്യം  പൂരകങ്ങൾ

പ്രകൃതിയെന്നെന്നും  പ്രണയനിർഭരം

അവിടാവർത്തന  വിരസതയില്ല

മടുപ്പില്ല ,  നൈരാശ്യങ്ങളൊട്ടുമില്ല

തീരവും  തിരയും  കാലങ്ങളായി

പ്രണയിച്ചുകൊണ്ടേയിരിക്കുന്നു

പ്രണയകാവ്യങ്ങളെഴുതുന്നു

സൂര്യനും  സൂര്യകാന്തിയും,

കുടിച്ചെത്രയെന്നിട്ടും

മതി വരാതെ

മലരിൻ   മധുവുണ്ണാൻ

സദാ  കൊതിക്കുന്നു  ശലഭവും

ഒന്നു  പുല്കുവാൻ

വാരിപ്പുണരുവാൻ

മഴയെ  കാമിച്ചു  ഭൂമിയും

പ്രകൃതിയിൽ   പ്രണയമൊഴുകുന്നു

നിറഞ്ഞ  പുഴയായി

പരക്കും  പാൽനിലാവായി

കുളിരുളള  ഒരഴകായി

എന്നിട്ടും  നാം  മാത്രമെന്തേയിങ്ങനെ

പ്രണയത്തിലും  പിശുക്കുന്നു

എന്തിനാണു  നമ്മുക്ക്

സ്നേഹത്തിനും  ഒരളവുപാത്രം

നാമെന്തേ   തമ്മിലറിയാതെ  , തമ്മിലിണങ്ങാതെ

രണ്ടു  വഴികളായി  പിരിയുന്നു

തൊട്ടു നില്ക്കുമ്പോഴും

രണ്ടായി  തന്നെ  നില്ക്കുന്നു

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here