നാട്ടുവഴിയിലെ ആല്‍മരം

കഴിഞ്ഞ ആഴ്ച ഒരു കൂട്ടുകാരന്‍ വഴി കുറച്ചു ചിത്രങ്ങള്‍ എന്റെ കയ്യില്‍ എത്തി ചേര്‍ന്നു. അവന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ കൊണ്ട് വന്നതായിരുന്നു. ആകെ ആറ് ചിത്രങ്ങള്‍. അഞ്ചു ചിത്രങ്ങളും ശ്രീബുദ്ധന്‍ എന്ന കേന്ദ്രപ്രമേയത്തെ ആസ്പദമാക്കി വരച്ചവ. പക്ഷെ ആറാമത്തെ ചിത്രത്തില്‍ മാത്രം ബുദ്ധന്‍ ഉണ്ടായിരുന്നില്ല. ഒരു ആല്‍മരത്തിന്റെ ചിത്രം. നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരം. ആലിന് ചുറ്റും വൃത്താകൃതിയില്‍ വിശാലമായ ഇരിക്കാനുള്ള തറ. കുറെ ആളുകള്‍ ചിരിച്ചു കൊണ്ട്. സംസാരിക്കുന്നു. ആ ചിത്രത്തില്‍ തന്നെ നോക്കി നില്‍ക്കെ അതിനുള്ളിലെ ആലും, പരിസരവും വളരെ പരിചയം ഉള്ളത് പോലെ തോന്നി. ദിവസവും കാണുന്നത്. പക്ഷേ പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല. പതിയെ പതിയെ മനസ്സില്‍ ഒരു വലിയ ആല്മരം തെളിഞ്ഞു വന്നു. ദൂരെ ഒന്നും ഉള്ളതല്ല .വീട്ടില്‍ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നില്ക്കുന്ന ഒരു ആല്‍മരം. കുഴുമതിക്കാട് എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു എല്ലാവര്ക്കും തണല്‍ പരത്തി നില്‍ക്കുന്ന വലിയ ആല്‍മരം. ഞാന്‍ ദിവസവും കാണുന്ന ആ ആല്മരവും, അവിടുത്തെ വെടിവട്ടങ്ങള്‍ നിറഞ്ഞ ഒരു സായാഹ്നവും തന്നെ ആയിരുന്നു ആ ബംഗാളി ആയ ചിത്രകാരന്‍ തന്റെ പെയ്ന്റിങ്ങില്‍ കൂടിയും ചിത്രീകരിച്ചത്.

എത്ര വര്‍ഷങ്ങള്‍ ആയി ആ ആ മരം അവിടെ അങ്ങനെ നില്‍ക്കുന്നു. എത്ര എത്ര തലമുറകളെ കണ്ടു. നല്ലതും ചീത്തയും ആയ എത്ര എത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആയി. നാടകീയമായ എത്രയോ ചരിത്രങ്ങള്‍. ഒരു പക്ഷെ ഇത് വഴി ആയിരിക്കുമോ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് വേഷ പ്രച്ഛന്ന നായി വലിയ മഠത്തിലേക്കു പോയിട്ടുണ്ടാവുക. ആര്‍ക്കറിയാം. സംസാരിക്കാന്‍ കഴിവ് ഉണ്ടായിരുന്നെങ്കില്‍ എന്തെല്ലാം കൗതുകകരമായ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞേനെ.

തൃശൂര്‍ എന്ന നഗരത്തെ പറ്റി, വടക്കും നാഥന്‍ അമ്പലത്തിന്റെ നാല് നടകള്‍ക്കും ചുറ്റുമായി നിലകൊള്ളുന്ന മഹാനഗരമെന്നു പറയാറുണ്ട്. അത്ര ഒന്നും ഇല്ല എങ്കിലും ഈ ആല്മരത്തിനു ചുറ്റും ആണ് കുഴുമതിക്കാട് എന്ന ഗ്രാമം നില്‍ക്കുന്നതും. ആ വയസ്സന്‍ ആല്മരത്തില്‍ നിന്നും പ്രസരിക്കുന്ന ചൈതന്യം ഈ നാടിന്റെ നാല് ദിക്കുകളിലേക്കും ആളുകളുടെ മനസ്സിലേക്കും ആഴ്ന്നിറങ്ങുന്നു. രാവിലെയും വൈകുന്നേരവും ആ മരത്തെ ഒന്ന് കാണുന്നത് തന്നെ മനസ്സില്‍ എന്ത് മാത്രം ഊര്‍ജം ആണ് നിറയ്ക്കുന്നത്.

അതിന്റെ പ്രായം അറിയാന്‍ ഞാന്‍ കുറെ ശ്രമം നടത്തി നോക്കി. പക്ഷെ കൃത്യമായ ഒരു മറുപടി ഒരിടത്തു നിന്നും കിട്ടിയില്ല. കുറെ വര്‍ഷങ്ങളായി അതവിടെ ഉണ്ടായിരുന്നു എന്ന് മാത്രം അറിയാന്‍ കഴിഞ്ഞു. പക്ഷെ മറ്റു ചില കാര്യങ്ങള്‍ ഈ അന്വേഷണത്തിന് ഇടയില്‍ അറിയാന്‍ കഴിഞ്ഞു. പണ്ട് ഇവിടെ ഈ ഒരു മരം മാത്രം അല്ല. കുറെ മരങ്ങള്‍ ഉണ്ടായിരുന്നുവത്രെ .കുറെ ആല്മരങ്ങള്‍ പടര്‍ന്നു പന്തലിച്ചു ഒരു ചെറിയ കാടു പോലെ ആയിരുന്നു പണ്ട് ഇവിടം. ഒരു പക്ഷെ കുഴുമതിക്കാട് എന്ന പേര് തന്നെ ഈ കാട്ടില്‍ നിന്നും രൂപപ്പെട്ടു വന്നതാവണം. സ്കൂളിന്റെ നിര്‍മ്മാണ വേളയില്‍ കുറെ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നു. ഈ വലിയ അരയാല്‍ മാത്രം നില നിര്‍ത്തി.

ആലിന്‍‍റെ ചുറ്റുമുള്ള ജീവിതം രാവിലെ അഞ്ചു മണി മുതല്‍ ആരംഭിക്കും. രാവിലെ ആറു മുറിക്കട റോഡില്‍ ഓടാന്‍ പോകുന്നവര്‍ വാം അപ്പിന് വരുന്നതോടെ ആലിന് ചുറ്റുമുള്ള ജീവിതം തുടങ്ങും. കുറച്ചു നേരം കഴിയുന്നതോടെ രാവിലത്തെ കൊല്ലം ,തിരുവനതപുരം ബസുകളില്‍ പോകാനുള്ള യാത്രക്കാരുടെ വരവ് ആയി. കുറച്ചു നേരം കഴിയുന്നതോടെ ആട്ടോറിക്ഷകള്‍ ഒക്കെ എത്തി ചേരും. പിന്നെ സമീപത്തുള്ള കടകല് ഒക്കെ തുറക്കും, പിന്നെ ട്യൂഷന്‍ സെന്ററുകളില്‍ പോകാനുള്ള കുട്ടികളുടെ വരവ് ആകും. സ്‌കൂള്‍ തുറക്കുന്നതോടെ ആലിന്റെ ചുറ്റുമുള്ള കുട്ടികളുടെ എണ്ണം കൂടും. വൈകുന്നേരം വരെ ആളുകള്‍ വന്നും പോയും അങ്ങനെ ഇരിക്കും. അങ്ങനെ കടന്നു പോകും. വൈകുന്നേരം ഏഴു മണി കഴിയുന്നതോടെ അന്തി ചര്‍ച്ചകള്‍ക്കായി കൊച്ചാട്ടന്മാര്‍ ഒക്കെ എത്തിച്ചേരും. കുറച്ചു നേരം ഒരു ചാനലുകളിലെ ഒക്കെ പോലെ ഒരു ചര്‍ച്ച അവിടെ അരങ്ങേറും. ചില ദിവസങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടികളുടെ സമ്മേളനം ഉള്ള ദിവസം മാത്രം ഈ ചിട്ടകള്‍ക്കു മാറ്റം വരും. സമ്മേളന ദിവസം ആലും,ബസ് സ്റ്റാന്‍ഡും പരിസരവും ആളുകളെ കൊണ്ട് നിറയും. അല്ലാത്ത ദിവസങ്ങളില്‍ കുറച്ചു സ്ഥിരം ആളുകള്‍ മാത്രമേ ആല്‍ത്തറയില്‍ ഉണ്ടാവു. മിക്കവാറും ഒന്‍പതു മണി ആവുന്നതോടെ അവരും കൊഴിഞ്ഞു തുടങ്ങും. ഒന്‍പത് അര കഴിഞ്ഞു ആശ്വാസ് മെഡിക്കല്‍ സ്റ്റോറും അടയ്ക്കുന്നതിടെ ആളിന്റെ പരിസരം മിക്കവാറും വിജനതയിലേക്കു വീഴും. പത്തു മണിക്ക് വന്നു ചേരുന്ന വെളിയം ബസില്‍ അവസാനത്തെ കുഴുമതിക്കാടുകാരനും ഇറങ്ങി കഴിയുന്നതോടെ ആലും പരിസരവും അഗാധമായ ഒരു മൗനത്തിലേക്ക് വീഴും. വൃശ്ചിക കാറ്റു വീശുന്ന രാത്രികളില്‍ ആലിന്റെ അടുത്ത് ചെല്ലണം. അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഒരു ഇലയില്‍ നിന്നും തുടങ്ങി ഒരായിരം ഇലകളിലേക്കു പടരുന്ന കാറ്റിന്റെ സഞ്ചാരം കേള്‍ക്കാം. കുറച്ചു സമയം അങ്ങനെ നില്‍ക്കണം. സാവധാനം ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ഇലകളുടെ ആരവം നമ്മളുടെ ശരീരത്തിലേക്കും, മനസ്സിലേക്കും പടര്‍ന്നു കയറാന്‍ തുടങ്ങും. ആ നിമിഷത്തില്‍

രണ്ടു കണ്ണുകളും അടയ്ക്കണം. ശരീരത്തെ തഴുകി കടന്നു പോകുന്ന തണുത്ത കാറ്റ്, ഇലഞ്ഞിത്തറ മേളം പോലെ കാതുകളെയും മനസ്സിനെയും കീഴടക്കുന്ന ലക്ഷക്കണക്കിന് ഇലകളുടെ ഇരമ്പം. ഒരു ഗ്രാമത്തിന്‍റെ നടുവിലാണ് നില്‍ക്കുന്നത് എന്ന ചിന്ത മനസ്സില്‍ നിന്നും ഇല്ലാതാവും. നമ്മള്‍ ദൂരെ എവിടെയോ ഒരു കടലിന്റെ തീരത്തു നില്‍ക്കുകയാണ്. കാതുകളില്‍ വന്നു ഇരമ്പിയാര്‍ക്കുന്നതു ഇലകള്‍ അല്ല. തിരമാലകള്‍ ആണ്. ഓരോ ഇരമ്പലിലും എത്രയോ എത്രയോ തലമുറകളുടെ കഥകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവണം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here