നാട്ടുകഥകൾ

ara-cycle-1

അന്യമായിക്കൊണ്ടിരിക്കുന്ന നാടിൻറെ ഓർമകളെ കഥകളായി അവതരിപ്പിക്കുകയാണ് കവി കൂടിയായ എം ആർ രേണുകുമാർ. നാടിൻറെ നിറവും മണവും പേറുന്ന ഒരുകൂട്ടം കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

മൊബെല്‍ഗെയിമും യൂടൂബും മാത്രം പരിചിതമായ ഒരു തലമുറക്ക് നല്ല നാടിന്റെ മണമുള്ള ഒരുപിടി കഥകളൊരുക്കുകയാണ് അരസൈക്കിള്‍ എന്ന കഥാസമാഹാരത്തിലൂടെ . അരസൈക്കിള്‍, പാച്ചുവിന്റെ യാത്രകള്‍, നൂറ്, ചേറുമീന്‍ തുടങ്ങിയ കഥകളാണ് ഈ കഥാപുസ്തകത്തില്‍ ഉള്ളത്.

ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള പാച്ചുവിന്റെ കാത്തിരിപ്പും അപ്രതീക്ഷിതമായി അത് കിട്ടുമ്പോഴുള്ള അവന്റെ സന്തോഷവുമാണ് അരസൈക്കിള്‍ എന്ന കഥ പറയുന്നത്. ഒരു സൈക്കിള്‍ എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ര വലിയ കാര്യമൊന്നുമല്ല. കുട്ടികളുടെ സന്തോഷത്തിനായ് എത്ര വില കൊടുത്തും എന്തും വാങ്ങിക്കൊടുക്കുന്ന
മാതാപിതാക്കളാണ് ബഹുഭൂരിക്ഷവും. എന്നാല്‍ കര്‍ക്കശക്കാരനായ പിതാവിന്റെ അപ്രതീക്ഷിത സ്‌നേഹസമ്മാനം ഏറെ മധുരമുള്ളതാണ്. ഇതേ മാധുര്യം തുടര്‍ന്നുള്ള കഥകളിലും കാണാവുന്നതാണ്. ബസ്സിലും കാല്‍നടയുമായി സുഹൃത്തിനെ കാണാന്‍ പോകുന്ന പാച്ചുവിന്റെ യാത്ര നിഷ്‌കളങ്ക ബാല്യത്തിന്റെ കുസൃതികളും കൗതുകങ്ങളും പങ്ക് വയ്ക്കുന്നു. യാതൊരു വിധത്തിലുമുള്ള അതിര്‍വരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ കഥയാണ് നൂറ് അവതരിപ്പിക്കുന്നത്. ചേറുമീന്‍ എന്ന കഥയാവട്ടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഊഷ്മളബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു.

എം ആര്‍ രേണുകുമാറിന്റെ പച്ചക്കുപ്പി, വെഷക്കായ എന്നീ കവിതാസമാഹാരങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയായ എം ആര്‍ രേണുകുമാര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ ബിരുദവും, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എം.ഫില്‍ ബിരുദവും നേടി്. 1994ലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് പോസ്റ്റര്‍ ഡിസൈനിംഗില്‍ ദേശീയതലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളില്‍’. ആദ്യകഥ ‘ഒറ്റമരം’. എസ് ബി ടി കവിതാ പുരസ്‌കാരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ജോലിചെയ്യുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here