മേടത്തിൽ കൊയ്‌ത്തുകഴിഞ്ഞാൽ ഭഗവതി ക്ഷേത്രങ്ങളിൽ വെച്ചു പറയരുടെ വകയായി ‘വിഷുവേല’ അല്ലെങ്കിൽ ‘വിത്തുചൊരിയൽ’ എന്നറിയപ്പെടുന്ന ഒരാഘോഷവും നടത്തിവരാറുണ്ട്. വിളവിന്റെ കാലവ്യത്യാസം മൂലമായിരിക്കാം അതിപ്പോൾ വിഷുദിവസം തന്നെ ആഘോഷിച്ചു കാണാത്തത്. ഇതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പുതന്നെ ദേശത്തു മുഴുവൻ കൊട്ടിക്കൊണ്ടു നടന്നു പറയെടുക്കുന്നു. പറയെടുക്കുവാൻ നടക്കുന്നവരിൽ വാദ്യക്കാർക്കു പുറമെ ഒരു ഭൂതവേഷവും, വെളിച്ചപ്പാടിന്റെ സ്ഥാനത്തു വാളും കൂറയും മാത്രമെടുത്തുകൊണ്ടു മറ്റൊരാളും ഉണ്ടായിരിക്കും. അമ്പലത്തിലേക്കു പോകുമ്പോൾ മാത്രമേ വെളിച്ചപ്പാടു തുളളാറുളളൂ. പുലയനൊഴിച്ചു മറ്റുളളവർക്കൊക്കെ വെളിച്ചപ്പാടുണ്ട്. അമ്പലത്തിൽ ചെന്നു തുളളലും ‘കല്‌പിക്കലു’മെല്ലാം കഴിഞ്ഞാൽ, പറയെടുത്തു കിട്ടിയ നെല്ലിൽനിന്ന് അരപ്പറയോളം വഴിപാടു കഴിച്ച്, ബാക്കിയെല്ലാം കളിക്കാരുടെ ചെലവിട്ടുമെടുത്ത് എല്ലാവരും പിരിഞ്ഞുപോകുന്നു. ‘വിത്തുചൊരിയൽ’ എന്ന ഈ ആഘോഷം അല്‌പം വ്യത്യാസത്തോടുകൂടി ‘വിത്തിടുക’ അല്ലെങ്കിൽ ‘കതിര്’ എന്ന പേരിൽ കൊച്ചിരാജ്യത്തെ ചിറ്റൂർ താലൂക്കിൽ നടന്നുവരുന്നുണ്ട്. അവിടെ അതു വൃശ്ചികമാസത്തിലാണ്. പറയന്മാർ അവരവരുടെ കൃഷിസ്ഥലങ്ങളിൽ വാഴപ്പിണ്ടികൊണ്ടും മുളകൊണ്ടും കുറെ പന്തലുകൾ കെട്ടിയുണ്ടാക്കുന്നു. മുകൾഭാഗം ഉരുണ്ടു വൃത്താകാരത്തിലുളള ഇവയ്‌ക്കു ‘ശരകൂടം’ എന്നാണ് പറയുക. ഈ ശരകൂടങ്ങൾ മുഴുവൻ പൂക്കളെക്കൊണ്ടും നെൽക്കതിരുകളെക്കൊണ്ടും അലങ്കരിക്കുന്നു. കൊട്ട്, കുഴൽവിളി, ആർപ്പുവിളി, നൃത്തം തുടങ്ങിയ ബഹളങ്ങളോടുകൂടി ഇവയെ എഴുന്നളളിച്ചുകൊണ്ടുപോയി ഭഗവതിക്ഷേത്രത്തിന്റെ പരിസരങ്ങളിൽ വരിവരിയായി നിരത്തിവെക്കുന്നു. എഴുന്നളളിപ്പു സാധാരണമായി രാത്രിയാണ് പതിവ്. ക്ഷേത്രത്തിലെത്തിയാൽ പിന്നെ പുലരുന്നതുവരെ നൃത്തവും പാട്ടും ആർപ്പുവിളിയും തിരുതകൃതി തന്നെ. ഭഗവതിക്ഷേത്രങ്ങളിലെ വേലക്കും അതാതു ദേശത്തുളള ചെറുമർ തങ്ങളുടെ തുളളലും കളികളുമെല്ലാം പ്രദർശിപ്പിച്ചു കൊളളണം.
പുലയർക്കു ‘കാളയും കുടയും’ മാത്രമെയുളളു. ധനുവിലോ മകരത്തിലോ ആയിരിക്കും ഇത് കൊണ്ടുനടക്കുക. ദേഹം മുഴുവൻ കറുത്ത പുളളികളോടുകൂടിയതും കഷ്‌ടിച്ച് ഒന്നരയടി മാത്രം പൊക്കം വരുന്നതുമായ ഒരു കാളയുടെ രൂപം നിർമ്മിച്ചു രണ്ടു മുളവടികളിന്മേൽ വെച്ചുകെട്ടി എടുത്തുകൊണ്ടു വീടുതോറും ചെന്നു നൃത്തംവെക്കുന്നു. നിന്ന ദിക്കിൽനിന്നു മാറാതെ കൊട്ടിനൊപ്പം കാലടികൾ ഇടത്തും വലത്തും മുമ്പും പിമ്പുമായി വെക്കുക മാത്രമേ ചെയ്യുന്നുളളൂ. ഇതിനടുത്തുതന്നെ മറ്റൊരുത്തൻ ഒരു ഓലക്കുടയും പിടിച്ചുകൊണ്ട് ഇതുപോലെ നൃത്തം വെക്കുന്നുണ്ടാവും. ഈ കളിയുടെ ഉദ്ദേശമെന്താണെന്ന് ഇവർക്കാർക്കും അറിയില്ല. കാളയുടെ ദേഹത്തിലുളള പുളളികൾ ചെങ്കണ്ണു തുടങ്ങിയ രോഗങ്ങളാണെന്നു മാത്രം ഒരുത്തനിൽനിന്നു ഗ്രഹിക്കുവാൻ സാധിച്ചു. വാസ്‌തവത്തിൽ ഭൂതംതുളളലിന്റെ ഒരു പ്രകാരഭേദം മാത്രമാണ് ഇത്.
ചെറുമക്കളിൽ എല്ലാ വിഭാഗക്കാർക്കും പങ്കുകൊളളാവുന്നതാണ് ‘പോത്തോട്ടം’. ഇതിനുളള ദിവസം കന്നിമാസത്തിലെ ‘ആയില്യം മക’മാണ്. പോത്തോട്ടത്തിലെ ഓരോ ക്രിയയും ഓരോ വിഭാഗക്കാർക്കു പങ്കുവെച്ചിട്ടുളളതിൽ പറയന്മാർക്കു കർമ്മിസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ആദ്യമായിത്തന്നെ പറയൻ തൊഴുത്തിൽ ചെന്നു പൂജിക്കണം. ഈ ‘തൊഴുത്തുക്രിയ’ കഴിഞ്ഞാൽ പോത്തിനെ അഴിച്ച് ആർപ്പുവിളികളോടുകൂടി ഭഗവതിക്ഷേത്രത്തിന്റെ നടക്കലേക്കു കൊണ്ടുപോയി അവിടെ മണ്ണുകൂട്ടി ഉണ്ടാക്കിയിട്ടുളള തറയെ വലത്തുവെപ്പിക്കുന്നു. പിന്നെ നാളികേരമുടച്ച് അതിലെ വെളളം പോത്തിന്റെ മുഖത്തു തളിക്കും. രണ്ടാമതും തറയുടെ നാലുഭാഗവും ഏഴു ചുറ്റി ഓടിച്ചു കഴിഞ്ഞാൽ പോത്തിനെ കയറഴിച്ചു വിടാം. വഴിപാടു ചെയ്യിക്കുന്നവരുടെ അവസ്ഥക്കനുസരിച്ചിരിക്കും ഓടിക്കുന്ന പോത്തുകളുടെ എണ്ണം. അസ്‌തമയപര്യന്തം അദ്ധ്വാനിച്ചാലും ഉടവുവരാത്ത കായബലത്തിന്റെ ഒരേകദേശസപരിമാണം പോത്തിനെ ഓടിക്കുമ്പോഴുളള കോലാഹലത്തിൽനിന്നു ഗ്രഹിക്കാവുന്നതാണ്. പറയർ കർമ്മികളാകകൊണ്ട് അവർക്കു പോത്തിനെ ഓടിക്കുവാൻ പാടില്ല. മണ്ണുകൊണ്ടുളള തറയുടെ നടുവിൽ ഒരു കരിങ്കല്ല് അതിന്മേൽ രണ്ടുനേർ നില്‌ക്കുന്നുണ്ടാവും. ഇവർ യഥാക്രമം ‘വെളളുവ’നെന്നും ‘കണക്ക’നെന്നും രണ്ടു സ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പുലയനും വേട്ടുവനുമാണ്. വഴക്കുകളും തർക്കങ്ങളുമുണ്ടെങ്കിൽ തീർക്കുവാനുളള അധികാരികളാണവവർ. ഉത്‌സാഹ പ്രകടനത്തിനു മൃഗങ്ങളെക്കൂടി കൂട്ടുപിടിച്ചിട്ടുളള ഒരേർപ്പാടാണെന്നല്ലാതെ നടനകലയുമായി പറയത്തക്ക ബന്ധമൊന്നും ഇതിനില്ല. പക്ഷെ ഭൂതംതുളളലും മറ്റു കളികളും ധാരാളമായി പ്രദർശിപ്പിക്കാറുളള ഒരവസരമാണിത്. തുളുനാട്ടിലെ ‘ബണ്ട്’ എന്ന ജാതിക്കാരുടെ ഇടയിലും ഇതുപോലെയുളള ഒരു പോത്തോട്ടം കാണുന്നുണ്ട്. പക്ഷേ അവിടെ നുകം കഴുത്തിൽ വെച്ച്, ചളി കെട്ടിയിരിക്കുന്ന വയലിൽക്കൂടിയാണ് ഓടിക്കുന്നത്. അവിടെ ഇതു സസ്യരക്ഷക്കുവേണ്ടി ചെയ്യുന്ന ഒരു ക്രിയയാണ്. അതിനു ഭൂതഗണങ്ങളെ തൃപ്‌തിപ്പെടുത്തേണ്ടതുകൊണ്ട് ആദ്യംതന്നെ ഭൂതംതുളളൽ നടത്തുന്ന വയലുകളുടെ അധിദേവതയായ ‘കബ്‌ളാസുര’ന്റെ പ്രീതിയാണത്രെ അവിടുത്തെ പോത്തോട്ടത്തിന്റെ ഉദ്ദേശം. കബ്‌ളാസുരൻ മഹിഷാസുരന്റെ സഹോദരനാണെന്നും ചിലർ പറയുന്നു. കേരളത്തിലെ പോത്തോട്ടത്തിന്റെ അനുബന്ധമായും ഭൂതംതുളളൽ ഉണ്ടെന്നുളളതു വിസ്‌മരിക്കരുത്.
ഏതായാലും ഈ പഠനത്തിൽനിന്ന് ഒരുകാര്യം ഊഹിക്കുവാൻ കഴിയും. വിത്തു ചൊരിയൽ, പോത്തോട്ടം മുതലായ ചെറുമരുടെ പല ആഘോഷങ്ങളും കൃഷിരക്ഷയെ ഉദ്ദേശിച്ചുളള പ്രാർത്ഥനകളുടെ സ്വരൂപഭേദങ്ങളാണ്. അവരുടെ വിശ്വാസപ്രകാരം ഭൂതങ്ങളും വിളവുകളും തമ്മിൽ എന്തോ ചില ബന്ധങ്ങളുമുണ്ട്. ആഘോഷങ്ങൾ മിക്കതും കൊയ്‌ത്തു കഴിയുന്ന കാലത്തിലാണ് കണ്ടുവരുന്നത്. കൃഷികൊണ്ടു കാലംകഴിക്കുന്ന അവരുടെ മനസ്സു വിളഭൂമിയിൽ കിടന്നു കളിക്കുന്നതിൽ അത്‌ഭുതപ്പെടുവാനില്ല.
ചെറുമർ വനാന്തഭാഗത്തിലെ അപരിഷ്‌കൃതത്വത്തിന്റെ പിടിയിൽനിന്നും രക്ഷ പ്രാപിച്ചു കഴിഞ്ഞ മനുഷ്യവർഗ്ഗത്തിന്റെ ശാഖയാണെന്നുളളതിന് അവരുടെ നൃത്തകലതന്നെ ധാരാളം സാക്ഷ്യം വഹിക്കുന്നുണ്ട്. അവരുടെ സമുദായത്തിൽ ഇന്നു കാണുന്ന അവാന്തരവിഭാഗങ്ങൾ ഒരേ മൂലശാഖയിൽനിന്നു പൊട്ടിപ്പുറപ്പെട്ടതാണെന്നതിനും സംശയമൊന്നുമില്ല. നായർ, നമ്പൂതിരി എന്നു തുടങ്ങി കേരളത്തിൽ പ്രാമാണ്യവും പരിഷ്‌ക്കാരവും സിദ്ധിച്ചിട്ടുളള മറ്റു സമുദായങ്ങളുടെ ഇടയിലും ഇത്തരം വിഭാഗങ്ങൾ നിലനിന്നുപോരുന്നുണ്ടല്ലോ. ചെറുമർക്കുളളിടത്തോളം സംസ്‌ക്കാരം കൈവന്നിട്ടുളള ആദിദ്രാവിഡവർഗ്ഗക്കാരെ ഭാരതത്തിനു പുറമെ നമുക്ക് ആസ്‌ത്രേലിയയിൽക്കൂടി കണ്ടെത്തുവാൻ കഴിയും. മതത്തിനോടു യാതൊരു സംബന്ധവുമില്ലാത്തതും, ചെറുമർ കളിയോടു സാദൃശ്യം വഹിക്കുന്നതുമായ ഒരുതരം ‘കോലടിക്കളി’ അവിടെയുമുണ്ട്. അതിനുപയോഗിക്കുന്ന കോലുകൾ കൈക്കോട്ടിനെ (തൂമ്പയെ) പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വെച്ചിട്ടുളളത്. ആയതിനാൽ അതും കൃഷിപ്പണി തൊഴിലായി സ്വീകരിച്ചതിനുശേഷം ഉണ്ടായിട്ടുളളതാണെന്നു തെളിയുന്നു.
ഇങ്ങനെ മലയരുടെ വംശപരമ്പരയിൽ പെട്ടവരും, കാലാതിപാതം ഹേതുവായി പേരിലും പ്രവൃത്തിയിലും ചില ചില്ലറ ഭേദങ്ങളോടുകൂടി നിലനിന്നുവരുന്നതുമായ ഏകവർഗ്ഗക്കാരാണ് ചെറുമർ. ഇവർ കൃഷിപ്പണിക്കുവേണ്ടി നാട്ടിലേക്ക് ഇറങ്ങിയിറങ്ങിവന്നു. ഒടുവിൽ ‘സവർണ്ണരു’ടെ കയ്യിൽപെട്ട് ഇന്നത്തെ അടിമജിവിതത്തിലേക്ക് അമരേണ്ടിവന്നതായിരിക്കാം. കാടർ മലയിറങ്ങിവന്നു പരിഷ്‌ക്കാരം പ്രാപിച്ചവരാണോ മലയരെന്നു തീർത്തുപറയുവാൻ അവരിൽ ഇന്നു കാണുന്ന ആകൃതിവ്യത്യാസം കാരണം നിവൃത്തിയില്ലാതെയാണ് ഇരിക്കുന്നത്. ഏതായാലും, വ്യാധവൃത്തിവിട്ട് കുറച്ചുകൂടി സംസ്‌കൃതമായ കൃഷിപ്പണിയിലേക്കു തിരിഞ്ഞതിനുശേഷമാണ് ആസ്‌ത്രേലിയ, സിലോൺ മുതലായ രാജ്യങ്ങളിലേക്ക് അവർ കടന്നുതുടങ്ങിയതെന്ന് അവിടങ്ങളിലെ നടനകലാരീതികളിൽനിന്നു മനസ്സിലാക്കാം. ഒറ്റപ്പെട്ടുപോയതുകൊണ്ട് അവിടെ അതിനു വളരുവാൻ സാധിക്കാഞ്ഞിട്ടുകൂടി ചെറുമരുടെ നൃത്തങ്ങളേക്കാൾ അധികം പ്രാകൃതമായി കാണാത്തതിന്റെ കാരണം ഇതാണ്. പ്രാചീനാരാധാനാസമ്പ്രദായങ്ങളെ നൂതനമായ ഉപജീവനമാർഗ്ഗത്തിനോട് ഇണക്കിയതുമൂലമായിരിക്കണം ചെറുമരുടെ ആഘോഷങ്ങളെല്ലാം ഋതുഭേദങ്ങളെ ആശ്രയിച്ചു വരുന്നത്. നൃത്തമാകുന്ന കയറിൽ പിടിച്ചിറങ്ങിയാൽ സമുദായവൃക്ഷത്തിന്റെ നാരായവേരിൽ ചെന്നെത്താമെന്നു ഇത്രയുംകൊണ്ട് സ്‌പഷ്‌ടമായല്ലോ. നടനകലയും മാനുഷസംസ്‌ക്കാരവും തമ്മിലുളള അന്യോന്യബന്ധത്തിന് മറ്റൊരുദാഹരണം ആവശ്യമില്ല.
Generated from archived content: cherumarum.html Author: vmkuttykrishnamenon