നേർച്ചകൊട്ടുകളിയിലെ കാർഷിക പുരാവൃത്തം

പുലയ വിഭാഗക്കാർ കൊണ്ടാടുന്ന ഒരു കാർഷികോത്‌സവമാണ്‌ നേർച്ചകൊട്ടുകളി. വിവിധ ദേശങ്ങളിൽ വ്യത്യസ്‌ത രൂപങ്ങളിലും പേരുകളിലും ഇത്‌ ആഘോഷിക്കുന്നു. സാധാരണയായി മകരമാസത്തിലാണെങ്കിലും ചിലപ്പോൾ കുംഭമാസത്തിലും അനുഷ്‌ഠിക്കാറുണ്ട്‌. നേർച്ചകൊട്ടിനെ സംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെയാണ്‌. കരിങ്ങാമ്പിളളി സ്വരൂപം കുണ്ടൂർദേശം ഭരിച്ചിരുന്ന കാലം. മഞ്ഞപ്ര-മലയാറ്റൂർ ദേശവാഴിയിൽനിന്നും ഒൻപതു കുടി പുലയരെ വിലക്കു വാങ്ങി ആ പ്രദേശത്തെ വയലുകൾ കാക്കുന്നതിനായി കൊണ്ടുവന്ന്‌ താമസിപ്പിച്ചു. താഴെ കൊടുക്കുന്ന വരികൾ ചില സൂചനകൾ നല്‌കുന്നുണ്ട്‌ ഃ

‘ചക്കരക്കുട്ടീ പൊൻമകളേ നീ പിറന്ന നാടേത്‌

കുട്ടനാട്‌ കൊയ്‌ലാണ്ടീല്‌ ഞാൻ പിറന്ന നാടാണ്‌

നീയിവിടെ വന്നെപ്പിന്നെ എന്തെല്ലാം നീ നടത്തീട്ടുണ്ട്‌

ഞാനിവിടെ വന്നേപ്പിന്നെ വെളളക്കോള്‌ പണിതീട്ടുളളൂ

കുട്ടനാട്‌ കൊയ്‌ലാണ്ടീന്ന്‌ നിന്നെ ഇവിടെ വരത്തീതാര്‌

ചക്കരക്കുട്ടീ പൊൻമകളേ നിന്നെ ഇവിടെ വരത്തീതാര്‌

നാടുവാഴും തമ്പുരാനും എന്നെ ഇവിടെ വരത്തീതാര്‌

നീയിവിടെ വന്നെപ്പിന്നെ എന്തെല്ലാം നീ നടത്തീട്ടുണ്ട്‌

ഞാനിവിടെ വന്നേപ്പിന്നെ വെളളക്കോള്‌ പണിതീട്ടുളളൂ

നീയിവിടെ വന്നെപ്പിന്നെ എന്തെല്ലാം നീ നടത്തീട്ടുണ്ട്‌

ഞാനിവിടെ വന്നേപ്പിന്നെ കന്നുകാള പൂട്ടിട്ടുളളൂ

ചക്കരക്കുട്ടീ പൊൻമകളേ നീ പിറന്ന നാടേത്‌.’

വന്നവർ വിസ്‌തൃതങ്ങളായ വയലോലകളുടെ ചുറ്റുമായി മാടം കെട്ടി താമസമാക്കി. ഓരോ കൂട്ടുകാർക്കും 200-300 പറ കണ്ടം നോക്കി നടത്തേണ്ട ചുമതലയുണ്ടായിരുന്നു. കൃഷി സംരക്ഷിച്ച്‌ തമ്പ്രാൻ പടിക്കൽ വിത്തളക്കുമ്പോൾ അവർക്ക്‌ അവരുടെ വീതം കിട്ടുമായിരുന്നു. അതിൽനിന്നും ഒരു ഭാഗമെടുത്ത്‌ പരേതാത്‌മാക്കളെ കുടിയിരുത്തിയിട്ടുളള പുലയത്തറയിൽ (പതി) നേർച്ചവച്ച്‌ കർമ്മങ്ങൾ നടത്തുന്നു. അനന്തരം പാട്ടുകൾ പാടി ചുവടുവച്ച്‌ കളിക്കും. ആറും ഏഴും ദിവസം വരെ ഇത്‌ നീണ്ടു നില്‌ക്കുക പതിവാണ്‌.

ഈയവസരത്തിൽ ദേശദേവതയുടെ കാളിക്കാവിൽ ചില ദുശ്ശകുനങ്ങൾ കാണാനിടയായി. പ്രശ്‌നംവച്ച്‌ നോക്കിയപ്പോൾ ദേശദൈവം ശ്രീകോവിൽ വിട്ട്‌ പതിയിൽ ആഘോഷം നടക്കുന്നിടത്താണെന്നറിഞ്ഞു. ദേവിയെ പ്രീതിപ്പെടുത്താൻ അടിയാളരുടെ കൊട്ടും കളിയും ആണ്ടുതോറും ദൈവത്തറയിൽ വരട്ടെ എന്ന്‌ നാടുവാഴി കല്‌പിച്ചു. അതിന്റെ ചെലവിനുളള വിത്തും പുത്തനും കൊടുക്കുവാനും ഉത്തരവായി. അങ്ങനെ പതികളിൽനിന്നും നേർച്ചകൊട്ടു സംഘങ്ങൾ കാവുകളിലേക്കു നീങ്ങുകയായി. തെക്കൻ കേരളത്തിലെ ചില സ്ഥലങ്ങളിൽ നേർച്ചകൊട്ടുകളിക്ക്‌ വിഘ്‌നം വരുത്തിയതിനാൽ ദൈവകോപം നിമിത്തം സവർണ്ണ കുടുംബങ്ങളിൽ വസൂരി പിടിപ്പെട്ടു എന്നാണ്‌ ഒരു വിഭാഗക്കാരുടെ വിശ്വാസം. കാർഷികവൃത്തിയുടെ വിവിധ ഘട്ടങ്ങൾ നേർച്ചകൊട്ടുകളിയിൽ ഉടനീളം കാണാം. കൃഷി ചെയ്യാൻ നിലമൊരുക്കുന്ന ഘട്ടം ഃ

‘ഒന്നാം മലകേറി കാടുതെളിച്ചു ഞാൻ

ഒന്നര വട്ടി തിനവിതച്ചേ

ഒന്നരവട്ടി തിനവിതച്ച്‌ പിന്നെ

തേങ്ങി തേങ്ങി തിന വിതച്ചേ

കാക്കോളും കിളിയോളും

തിന തിന്നു പോകോളം

നിയെവിടെ പോയെടി കിളിക്കുറുമ്പേ

ഇരുനാഴി മുന്നാഴിമണ്ണെണ്ണ കത്തോളം

നിയെവിടെ പോയെടി കിളിക്കുറുമ്പേ

അക്കര പാണ്‌ഡ്യനും ഞാനും കുട്യമ്മേ

കിളിമാടം കെട്ടി കളിച്ചിരുന്നു

രണ്ടാം മലവെട്ടി കാടുതെളിച്ചു ഞാൻ

രണ്ടരവട്ടി തിന വിതച്ചു

രണ്ടരവട്ടി തിന വിതച്ചു പിന്നെ

തേങ്ങി തേങ്ങി തിന വിതച്ചു

കാക്കോളും കിളിയോളും

തിന തിന്നു പോകോളം

നിയെവിടെ പോയെടി കിളിക്കുറുമ്പേ

അക്കര പാണ്‌ഡ്യനും ഞാനും കുട്യമ്മേ

കന്നാരം പൊത്തി കളിച്ചിരുന്നു

മൂന്നാം മലവെട്ടി കാടു തെളിച്ചു ഞാൻ

മൂന്നരവട്ടി തിന വിതച്ചു

മൂന്നരവട്ടി തിന വിതച്ചു പിന്നെ

തേങ്ങി തേങ്ങി തിന വിതച്ചു

കാക്കോളും കിളിയോളും

തിന തിന്നു പോകോളം

നിയെവിടെ പോയെടി കിളിക്കുറുമ്പേ

അക്കര പാണ്‌ഡ്യനും ഞാനും കുട്യമ്മേ

കുഴി പന്തുരുട്ടി കളിച്ചിരുന്നു.’

വിത്ത്‌ കിളികൊണ്ടുപോകാതിരിക്കാൻ കിളിയാട്ടുന്ന രംഗവും പാട്ടിലുണ്ട്‌ ഃ

‘കുട്ടാടൻ പാടത്ത്‌ വിത്തും വിതച്ച്‌ തെയ്യം താരേ തിന്താരേ (2)

ചാത്തനെ തമ്പുരാൻ കാവലിരുത്തി തെയ്യം താരേ തിന്താരേ (2)

വെളളാമൻ കോക്ക്‌ണ്ട്‌ വിത്തും പറക്കി തെയ്യം താരേ തിന്താരേ

ചാത്തനെ തമ്പുരാൻ വിളിക്കുന്നതുണ്ട്‌ തെയ്യം താരേ തിന്താരേ

വിത്ത്‌ പറക്കീത്‌ ആരാണ്‌ ചാത്തോ തെയ്യം താരേ തിന്താരേ

വിത്ത്‌ പറക്കീത്‌ വെളളാമൻ കൊക്ക്‌ തെയ്യം താരേ തിന്താരേ

ചാത്തനെ വിളിച്ചത്‌ തമ്പുരാൻ തന്നെ തെയ്യം താരേ തിന്താരേ

കാട്ടില്‌ അങ്ങോട്ട്‌ ചെന്നങ്ങു ചാത്തൻ തെയ്യം താരേ തിന്താരേ

ഒരു കെട്ട്‌ വടിയങ്ങ്‌ വെട്ട്യങ്ങ്‌ ചാത്തൻ തെയ്യം താരേ തിന്താരേ

ചുറ്റിപ്പിടിച്ചങ്ങ്‌ എറിയുന്നു ചാത്തൻ തെയ്യം താരേ തിന്താരേ

വെളളാമൻ കൊക്ക്‌ പറന്നങ്ങ്‌ പോയെ തെയ്യം താരേ തിന്താരേ…’

കൊയ്‌ത്ത്‌ വർണ്ണനയുൾക്കൊളളുന്ന ഗാനം നോക്കാം ഃ

‘ആരിയം പാടത്ത്‌ കൊയ്‌ത്തും പറക്കും

തിന്താര തിനയ്‌താര തിന്തയ്‌ താര തിന്താര

ഞാനെന്റെ നാത്തൂനും കൂടി കൊയ്‌ത്തിനൊരുങ്ങ്യേ -തിന്താര

ഞാനെന്റെ നാത്തൂനും കൂടി അരി വെതച്ചേ – തിന്താര…..

ഞാനെന്റെ നാത്തൂനും കൂടി കൊയ്‌ത്തിനു പോയേ – തിന്താര….

നാൽകണ്ടം നടുകണ്ടത്തിൽ ചെന്ന്‌ കൊയ്‌ത്തു നിരന്നേ – തിന്താര…..

ഞാനെന്റെ നാത്തൂനും കൂടി കൊയ്‌ത്ത്‌ തുടങ്ങി – തിന്താര…..

മോതിര കണ്യത്‌ വച്ച്‌ ചുരുട്ടത്‌ കെട്ട്യേ – തിന്താര….

ഞാനെന്റെ നാത്തൂനും കൂടി കറ്റ മുറുക്കി – തിന്താര….

ഏതേത്‌ കോവിലകത്ത്‌ പോകുന്നു കറ്റേ – തിന്താര….

മണ്ണമ്പുലാക്കൽ നല്ലമ്മേടെ തിരുനട പോകുന്ന കറ്റേ – തിന്താര….

ഞാനെന്റെ നാത്തൂനും കൂടി പൊലി ചേറ്റി മിനുക്കി – തിന്താര….

നിറ പറന്നളന്ന്‌ ദേവീടെ മുമ്പാകെ നിവർന്നു – തിന്താര….

ഒരു പറ അളന്നു മറിച്ച്‌ ഞാനെന്റെ നാത്തൂനും – തിന്താര….

ഞാനെന്റെ നാത്തൂനും കൂടി കുടിലേക്ക്‌ പോന്നു – തിന്താര….

ആദിത്യൻ ഉദിച്ചുയരുന്നതും അതിനുശേഷമുളള ദൈനംദിന കൃഷിജോലികളും കാളപൂട്ടും വിളസംരക്ഷണവും തത്തയെ ആട്ടലും ഒക്കെയായി നീണ്ടുപോകുന്ന നേർച്ചകൊട്ടുപാട്ട്‌ ഫ്യൂഡൽവ്യവസ്ഥിതിയിലേക്ക്‌ വെളിച്ചം വീശുന്നു. ഇതിലൂടെ ഇതൾവിരിയുന്ന കാവും തെങ്ങിൻതോപ്പും ഓലക്കിളിയും പഴയ വിത്തിനങ്ങളും എട്ടുകണ്ടവും ഏഴരകണ്ടവും കാർഷികവൃത്തിയിലെ പ്രതീകങ്ങളാണ്‌.

Generated from archived content: vithu_july2.html Author: vk_sreedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English