കളരിയിലെ ദ്വന്ദ്വങ്ങൾ

‘കായികാഭ്യാസിക്ക്‌ മെയ്‌ മുഴുവൻ കണ്ണായിരിക്കും’. ഇത്‌ പി.സി.ജോസഫിന്റെ വാക്യം. കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മായന്നൂരിനടുത്ത്‌ ചേപ്പാൻകുന്നിലെ കളരിക്കാരൻ. പതിമൂന്നു വർഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം സ്വന്തമായ നിരീക്ഷണങ്ങൾ നടത്തുന്നു ഈ അൻപത്തഞ്ചുക്കാരൻ. ആയുധമല്ല പ്രശ്‌നം. കൈകൊണ്ടല്ലാതെ ആയുധം പ്രയോഗിക്കാനാവില്ലല്ലോ. ആയുധം താഴെ വീണേക്കാം. വാളിനെ വാളുകൊണ്ടു തടുത്താലും ആളെ കാലുകൊണ്ടു വീഴ്‌ത്താം. ആത്‌മരക്ഷയാണ്‌ കളരിയുടെ ലക്ഷ്യങ്ങളിലൊന്ന്‌. ആയുധമൊന്നുമില്ലാതെ പ്രതിയോഗിയിൽനിന്നും രക്ഷനേടുക. കൈകാലുകളുടെ ചലനം നോക്കിവേണം പ്രതിരോധമുയർത്താൻ. കൈവഴക്കവും മെയ്‌ അഭ്യാസവും പ്രധാനം. നിഴലുപോലും ശ്രദ്ധിക്കണം. ചുവടുകൾ വായ്‌ത്താരിയിലാക്കിയത്‌ പഠിക്കാനും പ്രയോഗത്തിൽ വരുത്തുവാനും എളുപ്പമാക്കിയെന്ന പക്ഷക്കാരനാണ്‌ ഈ അഭ്യാസി. കളരിവന്ദനം തന്നെ നല്ലൊരു മുറയാണ്‌. ‘വലിഞ്ഞമർന്ന്‌ വലത്തു നടന്ന്‌ കളരി തൊട്ടു വന്ദിച്ച്‌ കൈനേരെ കൂപ്പി തൊഴുത്‌ വലതുകാൽ തൂക്കി വലത്തുകൊണ്ടു നീക്കി ചവുട്ടി ഇടത്തുതൂക്കി ഇടതുകൊണ്ട്‌ നീട്ടി ചവുട്ടി വലത്തുമേൽ പന്തിയിലിരുന്ന്‌ മുട്ടുതൊട്ട്‌ മുഴുപ്പ്‌തൊട്ട്‌ കൈനേരെ കൂപ്പി തൊഴുത്‌ തൊട്ട്‌ വന്ദിച്ച…..“

അടുത്തത്‌ മെയ്യിറക്കംഃ മർമ്മചികിത്സകൻകൂടിയാണ്‌ ജോസഫ്‌ ആശാൻ. ക്ഷതമേൽക്കുന്നത്‌ എപ്പോഴുമാകാം, എങ്ങനെയുമാകാം. അതുകൊണ്ട്‌ കളരി മർമ്മ ചികിത്സ ഇതിന്റെ അനിവാര്യത. പ്രത്യേകമായി മർമ്മാണി തൈലമുപയോഗിക്കുന്നു. തിരിമ്മലിനു പുറമെ ആയുർവ്വേദം പഠിച്ചത്‌ ഏറെ സഹായകരമാണെന്ന്‌ ജോസഫിന്റെ അഭിമതം. സംസ്‌ഥാനത്തിന്റെ ഭൂരിഭാഗം ജില്ലകളിലും ഉഴിച്ചിനു പോകാറുണ്ട്‌. യഥാർത്ഥചികിത്സ ലഭിക്കാതെ അവസാന ആശ്രയമായി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നവരുമുണ്ട്‌ കൂട്ടത്തിൽ. ചീരക്കുഴി പുഴ കൂട്ടിൽ മുക്കിലെത്തി ഭാരതപ്പുഴയോടിണച്ചേരുന്നതിനു മുൻപ്‌ കൊണ്ടാഴി വില്ലേജിൽ പാറക്കടവ്‌. അതിന്റെ ഓരത്ത്‌ ശാരീരവും ശരീരദൃഢതയും ഒത്തിണങ്ങുന്ന മെയ്‌പയറ്റുക്കാരൻ അർജ്ജുനൻ. മുപ്പത്തിയാറു വയസ്സിനകം മൂന്നു ഗുരുക്കൻമാരുടെ കീഴിൽ അഭ്യാസം നടത്തുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ആദ്യം എളാടു ഗോപി. പിന്നെ കോൽകുന്നത്ത്‌ രാമൻകുട്ടി. പന്ത്രണ്ടാംവയസ്സിൽ കേരളം വിട്ട്‌ ആന്ധ്രയിൽ പോയപ്പോൾ സ്വീകരിച്ചത്‌ കിട്ടയ്യന്റെ ശിഷ്യത്വം. ഉറച്ച ശരീരപ്രകൃതിയിൽ എത്ര ഭാരം പൊക്കാനും എത്ര മണിക്കൂർ വേണമെങ്കിലും പയറ്റുനടത്തുന്നതിനും സമർത്ഥൻ. മർമ്മമറിഞ്ഞ്‌ ശത്രുവിനെ വീഴ്‌ത്താൻ, അർജ്ജുനനാകുന്നു. വടിയും കത്തിയും ഉപയോഗിക്കുന്നതിലും കൈകാൽപ്രയോഗങ്ങളിലും മികവ്‌ കാണിക്കും. കൈതാങ്ങിയും മലർത്തിതോണ്ടിയും മുക്കാലിയും നെഞ്ചുകൂപ്പനും കോണാൻകെട്ടിയും ചങ്ങലംകോർത്തിയും ശകടംതിരിക്കലുമൊക്കെയായി ആ അഭ്യാസമുറ നീളുന്നു. കടകം, മറുകടകം, നേർഉദരം എന്നു തുടങ്ങുന്ന വടിപ്രയോഗം. എട്ടുകളങ്ങളിലായി വ്യാപിക്കുന്ന കളംചവിട്ടിൽ പ്രഗത്ഭനാണ്‌ അർജ്ജുനൻ. നാഗർകോവിൽ ഭാഗങ്ങളിൽ പ്രചുരപ്രചാരമായ ഈ മുറ ഹരിജനങ്ങളുടെ പറതല്ലിനോട്‌ സാമ്യമുണ്ടെന്ന്‌ പറയപ്പെടുന്നു. ചെറിയ തോതിൽ ചികിത്സിക്കാനും ഉഴിച്ചിലിനും പ്രാപ്‌തൻ. പാണരുടെ സംഗീതാത്മകതകൊണ്ട്‌ അനുഗൃഹീതൻ. ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിൽ കൂടുതൽ പഠിക്കാനും പ്രചരിപ്പിക്കാനുമാകാത്തതിൽ ഇരുവരും മനംനൊന്തു പറയുന്നു. ’മലവെളളം കയറുമ്പോലെയാണ്‌ ആദ്യം. പിന്നീട്‌ ആരുമുണ്ടാകില്ല‘. കളരി പഠനം ഓർമ്മയിലെ തിരുശേഷിപ്പുകളായികൊണ്ടിരിക്കുന്നു.

പറഞ്ഞുതന്നത്‌ഃ പി.സി.ജോസഫ്‌, പുളിന്താനത്ത്‌, മായന്നൂർ, എ.എ.അർജ്ജുനൻ, അപ്പത്തുപടി, കൊണ്ടാഴി.

Generated from archived content: pattu_june4.html Author: vk_sreedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here