ആയുർവ്വേദത്തിലെ വിത്തുപയോഗങ്ങൾ

2e55ee5e9ec561a61efea75de6c760b9

ജഗത്തിൽ ഔഷധമല്ലാത്തതായി ഒന്നുമില്ലെന്ന്‌ ദർശിക്കുന്ന ആയുർവ്വേദത്തിൽ ആഹാരമായും ഔഷധമായും വിഷമായും ഉളള സസ്യോപയോഗ ഭാഗങ്ങളിൽ വിത്തുകൾക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. പൊതുവെ ജിഹ്വാസ്വാദനത്തിനുപയുക്‌തമാകുന്നവയെ ആഹാരമായും വീരപ്രധാനമായവയെ ഔഷധമായും സ്വീകരിക്കുന്നു. ആഹാരദ്രവ്യങ്ങളെ വിശദീകരിക്കുന്നിടത്ത്‌ ചരകാചാര്യൻ ‘ശൗകധാന്യ’മെന്ന വിഭാഗത്തിൽപ്പെടുത്തി പലതരം നെല്ലിനങ്ങളെയും ഗോതമ്പ്‌, വരക്‌, തിന, യവം തുടങ്ങിയ ധാന്യങ്ങളെയും വിവരിക്കുന്നു. ചെറുപയർ, ഉഴുന്ന്‌, മുതിര തുടങ്ങി ഒട്ടനവധി പയറുവർഗ്ഗത്തിൽപ്പെട്ട ധാന്യങ്ങളെ ‘ശമീധാന്യ’മെന്ന്‌ വിളിക്കുന്നു. മൂന്നാമതായി ‘ഹരിതവർഗ്ഗ’ത്തിൽ കൊത്തമ്പലയരി, അയമോദകം തുടങ്ങിയവയെ പെടുത്തിയിരിക്കുന്നു. സുശ്രുതാചാര്യനാകട്ടെ ഇവയെല്ലാം തന്നെ ശാലിവർഗ്ഗം, കുധാന്യവർഗ്ഗം, വൈദളം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. സംഹിതകളിലെ ഈ ചർച്ചകളിൽ സാങ്കേതികമായ സംസ്‌കൃതപദങ്ങളിൽ പേർ വിളിക്കപ്പെട്ട പല ഇനങ്ങളും ഒരു കാലത്ത്‌ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ജൈവസമ്പത്തിന്റെ സൂചകങ്ങളാണ്‌. പലതും ഇന്നുവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റവും പുത്തൻ സങ്കേതങ്ങളുടെ ആവിർഭാവത്താലും നാഗരികമനുഷ്യന്റെ ആക്രമണോത്സുകമായ ഇടപെടലുകളാലും നാമാവിശേഷമാവുകയും ചെയ്‌തിട്ടുണ്ട്‌. നാഗരികസ്‌പർശമില്ലാത്ത വിദൂരമായ ഗ്രാമങ്ങളിലെങ്കിലും ഇവ സ്വയം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന്‌ അന്വേഷിക്കേണ്ടതാണ്‌. അല്ലാത്തപക്ഷം അനേകം വിത്തിനങ്ങളെ (സസ്യങ്ങളെ) കുറിച്ചുളള ചരിത്രകുറിപ്പായി അവ മാറിയേക്കും.

 

 

ഔഷധോപയോഗമെന്നത്‌ ശരീരത്തിന്റെ ഉളളിലേക്കും (ആഭ്യന്തരം) പുറമെ (ബാഹ്യ) ഉളളതും തനിച്ചും കൂട്ടുകളിലുമുളള പ്രയോഗമാണ്‌. ആന്തരികോപയോഗത്തിൽ ശരീരശുദ്ധിക്കായി ചെയ്യുന്ന പഞ്ചകർമ്മത്തിൽ മലങ്കാരക്ക, കുടകപ്പാലയരി എന്നിവ ഛർദിപ്പിക്കാനായി പല വിധത്തിലും ഉപയോഗിക്കുന്നു. വിഴാലരി, ഏലം മുതലായവയുടെ വിത്തുകൾ വിരേചന (വയറിളക്കൽ) ത്തിനുളള കൂട്ടുകളിൽ ഉപയോഗിക്കുന്നു. ശതകുപ്പ, കുറട്ടമ്പാണി പോലുളള വിത്തുകൾ വസ്‌തിക്കുളള ഔഷധയോഗങ്ങളിൽ ചേർക്കുന്നു.

 

 

രോഗശമനത്തിനായി ഉളളിലേക്കുളള ചൂർണ്ണം കഷായം ലേഹ്യങ്ങളിൽ ഇവ ചേർക്കുന്നുണ്ട്‌. തനിച്ചുളള പ്രയോഗങ്ങളിൽ കാർകോകിലരി, ശ്വിത്രം, (വെളളപ്പാണ്ഡ്‌) വിഴാലരി, കൃമിരോഗ(വിര)ങ്ങളിലും കുടകപ്പാലയരി, വയറ്റിളക്കത്തിലും ഏലത്തരി ഛർദി, മനംപുരട്ടൽ, വായ്‌നാറ്റം, കൊത്തമ്പലയരി നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, ചെങ്കണ്ണിൽ മല്ലിവെളളം കണ്ണിൽ ഒഴിക്കാനും, അയമോദകം, ജീരകം ഇവ ദഹനസംബന്ധമായ അസുഖങ്ങളിലും വിശേഷമാണ്‌. ആയുർവ്വേദത്തിന്റെ മികച്ചൊരു സംഭാവനയായ രസായനപ്രയോഗത്തിൽ ചേർക്കുരുപരിപ്പ്‌, കാർക്കോകിലരി, തിപ്പല്ലി ഇവയുടെ ഉപയോഗം അത്‌ഭുതകരമായ ഫലങ്ങൾ ഉളവാക്കുന്നവയാണ്‌.

 

 

വിത്തുകളിൽ നിന്നുമെടുക്കുന്ന എണ്ണകൾ എളെളണ്ണ, ആവണക്കെണ്ണ, വേപ്പെണ്ണ, മരോട്ടി ഇവ മറ്റ്‌ ഔഷധങ്ങൾ ചേർത്ത്‌ അല്ലാതെയും ആയുർവ്വേദൗഷധങ്ങളിൽ ഗണ്യമായൊരു സ്ഥാനം വഹിക്കുന്നു. വാത രോഗചികിത്‌സകളിൽ ഇവക്കുളള പങ്ക്‌ നിസ്‌തുലമാണ്‌. ഉഴുന്നും എളെളണ്ണയും സ്‌ത്രീ പ്രത്യുല്‌പാദനക്ഷമതയെ വർദ്ധിപ്പിക്കുന്നവയാണ്‌.

 

 

ബാഹ്യമായ ഉപചാരങ്ങളിൽ വിയർപ്പിക്കാനുളള ഔഷധങ്ങളിലുളള വെപ്പുകാടി, നവരക്കിഴി എന്നിവ ധാന്യങ്ങൾ കൊണ്ട്‌ തയ്യാറാക്കുന്നവയാണ്‌. ഇവ രണ്ടും കേരളത്തിന്റെ വിശേഷ സംഭാവനയാണ്‌. ഇവ വാതരോഗം എന്ന്‌ വിവരിക്കപ്പെടുന്ന പക്ഷാഘാതം (ഒരുഭാഗമോ കൈകാലുകളോ തളർന്നു പോകൽ) മുഖത്തിന്റെ ഒരു ഭാഗം തളർന്നു പോകൽ (അർദ്ദിതം) പല തരത്തിലുളള സന്ധിരോഗങ്ങൾ കൈകാൽ വിറയൽ തുടങ്ങിയവയിലും, ശരീരഭാഗം മെലിഞ്ഞു പോകുന്ന അവസ്ഥയിൽ വിശേഷിച്ച്‌ നവരക്കിഴിയും ഉദ്ദിഷ്‌ടഫലം നല്‌കുന്ന ചികിത്‌സാക്രമമാണ്‌. പാലും കുറുന്തോട്ടി കഷായവും നവരനെല്ലിന്റെ തവിട്‌ കളയാത്ത അരിയുമാണ്‌ നവരക്കിഴിയിലെ ഘടകങ്ങൾ. ഉണക്കലരി (പച്ചരി), മുതിര, തിന, വരക്‌, അയമോദകം ഇവ വെളളത്തിൽ വെന്ത്‌ പുളിപ്പിച്ചുണ്ടാക്കുന്നതാണ്‌ വെപ്പുകാടി.

 

 

വിഷവിത്തുകളായ നേർവാളം, ഉമ്മത്ത്‌, കുന്നി, ചേർക്കുരു, കാഞ്ഞിരക്കുരു എന്നിവ വിഷം നിർവീര്യമാക്കാനുളള ശുദ്ധീകരണക്രമങ്ങൾക്കുശേഷം ഔഷധമായി ഉപയോഗിക്കുന്നു. വയറുവേദനയും വയറ്റിളക്കവും വന്നാൽ നല്ല ചെന്നെല്ല്‌ കഞ്ഞിവെച്ചുകൊടുക്കും. പനി വന്നാൽ എളുപ്പം ദഹിക്കാവുന്നതും സുഗന്ധമുളളതുമായ കുഞ്ഞിനെല്ല്‌ കഞ്ഞിവെക്കാം. ഇത്‌ വായ്‌ക്ക്‌ രുചിയുണ്ടാക്കുന്നു. ചികിത്‌സാക്രമത്തിലെ സ്വേദനപ്രക്രിയയിൽ പക്ഷവാതം, അന്തരായാമം, ബാഹ്യയാമം തുടങ്ങിയ രോഗങ്ങൾക്ക്‌ ഫലപ്രദമാണ്‌. പേശിശോഷം, ശോഷവാതം എന്നീ രോഗങ്ങളിൽ ശരീരഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുവാനും സംസ്‌കരിച്ചു ഞവരയരി ഉപയോഗിക്കുന്നുണ്ട്‌. മുതിര, യവം തുടങ്ങിയ ധാന്യവിത്തുകൾ ചൂർണ്ണരൂപത്തിലും അല്ലാതെയും കിഴികെട്ടി സ്വേദനപ്രക്രിയയിൽ ഉപയോഗിക്കുന്നരീതിയും നിലവിലുണ്ട്‌. കഷായം, ലേഹ്യം തുടങ്ങി അകത്തേയ്‌ക്ക്‌ കഴിക്കാൻ ഉപയോഗിക്കുന്ന ഔഷധയോഗങ്ങളിലും ബാഹ്യമായ ക്രിയാകർമ്മങ്ങൾക്ക്‌ ഉപയോഗിക്കുന്ന തൈലം, കിഴികൾ എന്നിവയിലും വിത്ത്‌ ഒരു പ്രധാന ഇനമാണ്‌. ആയൂർവ്വേദത്തിലെ മറ്റൊരു വിധിയാണ്‌ ‘അരിയാറ്‌’. കുടകപ്പാലയരി, കാർകോകിലരി, ചെറുപുന്നയരി, കൊത്തമ്പാലരി, ഏലത്തരി, വിഴാലരി എന്നിവയാണവ.

 

 

ദേഹത്തിൽ കാത്‌സ്യം ഉണ്ടാകുന്നതിനും മാനസികരക്ഷയ്‌ക്കും നവരവിത്ത്‌ നല്ലതാണ്‌. രോഗിയുടെ 8 സ്ഥാനങ്ങളും മൂന്നു പ്രകൃതികളും നോക്കി ഇവ പ്രയോഗിക്കണം. ഔഷധവീര്യഗുണങ്ങളെ നോക്കണം. നവരക്കിഴിയും തേപ്പിനും കഞ്ഞിക്കും ഉപയോഗിക്കുന്നു. രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുന്നതിനും മഞ്ചയുടെ ശോഷിപ്പ്‌ ഇല്ലാതാക്കുന്നതിനും നവര തേയ്‌ക്കുന്നു. നവര ശുക്ലം, രക്തം, മേദസ്സ്‌ ഇവ വർദ്ധിപ്പിക്കുന്നു. കർക്കിടകം, തുലാം, കുംഭം മാസങ്ങളിലാണിവ ഉപയോഗിക്കേണ്ടത്‌. നവരകൃഷി ചെയ്യേണ്ടത്‌ പ്രത്യേക ആചാരാനുഷ്‌ഠാനങ്ങളോടെയാണ്‌. രാസവളങ്ങൾ ഉപയോഗിക്കാൻ പാടില്ല. പച്ചിലവളങ്ങൾ ചേർക്കുകയും വേണം. മണ്ണിനെ ശുദ്ധീകരിച്ച്‌ പഴുപ്പിച്ച്‌ വേണം നവരക്കണ്ടങ്ങൾ ഒരുക്കേണ്ടത്‌. ഓരോ പാടത്തും പ്രത്യേകം നവരക്കണ്ടങ്ങൾ ഉണ്ടാകും. മിക്കവാറും നികന്നു കിടക്കുന്ന ‘തേമാലി’ കണ്ടങ്ങളാണിവ. തീയ്യിട്ട്‌ ശുദ്ധീകരിക്കണം. മുണ്ടകന്റെ ഒപ്പമാണ്‌ നവരകൃഷി ചെയ്യാറ്‌.

 

 

നവര ആഹാരമായും കഴിക്കാവുന്നതാണ്‌. പകുതി വേവാനേ പാടുളളൂ. നവരകിഴിക്ക്‌ പായസപാകം. നവരകുത്തി തവിടുകളയാൻ പാടില്ല. ഇപ്പോഴും ചേർപ്പ്‌, പെറുചേനം, തോക്കിടം, കയിനൂര്‌, പുത്തൂര്‌, പെരിഞ്ചേരി ഭാഗത്ത്‌ നവര കൃഷി അപൂർവ്വമായുണ്ട്‌. വരിനെല്ല്‌ വായുരോഗങ്ങൾക്ക്‌ നല്ലതാണ്‌. ശുക്ലസംബന്ധമായ രോഗങ്ങൾക്ക്‌ വയൽചുളളി വിത്തും നായ്‌ക്കൊരണവിത്തും ആയുർവ്വേദത്തിൽ ഉപയോഗിക്കുന്നുണ്ട്‌.

 

 

വിഷചികിത്‌സയ്‌ക്കും പലതരം വിത്തുകൾ ഉപയോഗിച്ചുവരുന്നു. കർളകത്തിന്റെ വിത്ത്‌, വിഴാലരി, കൃഷ്‌ണ തുളസിയുടെ വിത്ത്‌, പൂത്തുമ്പ, കാട്ടുവെളളരി വിത്ത്‌, പടവലം, ഉമ്മത്തിന്റെ വിത്ത്‌ ഇവയാണ്‌ പ്രധാനമായും വിഷചികിത്‌സയ്‌ക്കു വേണ്ടത്‌. ഇവ കിഴിക്കുവേണ്ടി, അരച്ചുപുരട്ടാൻ, കലക്കായിട്ട്‌, കഷായമായി, വെളിച്ചെണ്ണ കാച്ചാൻ ഇതിനൊക്കെ ഉപയോഗിക്കുന്നു. വിത്ത്‌ (ബീജം) ശേഖരിക്കുന്നത്‌ അനുഷ്‌ഠാനത്തോടെയായിരിക്കണം. വനദേവതയെ പൂജിച്ച്‌ ധന്വന്തരിയെ വന്ദിച്ച്‌ ഗായത്രിചൊല്ലി എടുക്കണം. എന്നിട്ട്‌ ഉണക്കി അശുദ്ധിവരാതെ സൂക്ഷിക്കുന്നു. ഔഷധഗ്രഹണവിധി എന്നതിനെ പറയും. ‘ജലാദി ജലാന്തം’ അർപ്പിച്ച്‌ ശേഖരിക്കണം. ജലം, ഗന്ധം, പുഷ്‌പം, ദീപം, ജലം ഇവ അർപ്പിച്ച്‌ വനദേവതാമന്ത്രം ചോല്ലി, മാനസപൂജ കഴിച്ച്‌ ഔഷധം എടുക്കണം. കൃഷ്‌ണ തുളസി വിഷഹരമായ ഔഷധമാണ്‌. ശരീരത്തിലെ ദുർമേദസ്സു കളയാൻ പൂത്തുമ്പയുടെ വിത്തും, തുളസിവിത്തും നല്ലതാണ്‌. അടയ്‌ക്കവിത്ത്‌ കീടനാശിയും സുഗന്ധ വസ്‌തുവും കൂടിയാണ്‌. അടയ്‌ക്കയിട്ടു തിളപ്പിച്ച വെളളം കീടനാശിനിയായി കൃഷിക്കുപയോഗിക്കാം. കൊത്തമല്ലി, കടുക്‌, ഉഴുന്ന്‌, പയറ്‌ ഇവയെല്ലാം മുളപ്പിച്ച്‌ ഔഷധത്തിനെടുക്കേണ്ടതാണ്‌. വീര്യം കൂടുതലുളളതും ലഘുവായതുമാണ്‌ ഇവ. പടവലം, വിഴാലരി ഇവ മുള പൊട്ടിയ സമയത്ത്‌ എടുക്കുമ്പോൾ ഉപകാരപ്രദമാകുന്നു.

 

 

എണ്ണ വിത്തുപോലെയാണ്‌. അതായത്‌ എണ്ണകൾ ഏതേതു വിത്തുകളിൽ നിന്നെടുക്കുന്നുവോ അതാതു വിത്തുകളുടെ ഗുണങ്ങളായിരിക്കും എണ്ണകൾക്കുണ്ടാകുക. എളെളണ്ണ കഫവും വാതവും ശമിപ്പിക്കുന്നതും സ്വരവും നിറവും നന്നാക്കുന്നതും ദേഹത്തിനുറപ്പു കൊടുക്കുന്നതുമാണ്‌. ആവണക്കെണ്ണ രണ്ടുവിധം. ചുവന്ന ആവണക്കിൻ കുരുക്കൾക്ക്‌ വലിപ്പം കൂടും. അതിൽനിന്ന്‌ 40% എണ്ണ ലഭിക്കുന്നു. വെളുത്ത ആവണക്കിന്റെ ചെടിയും വിത്തുകളും ചെറുതാണ്‌. വിത്ത്‌ തവിട്ടുനിറത്തോടും ചുവന്ന ചെറിയ പുളളികളോടും കൂടിയതായിരിക്കും. ഇവ ആട്ടിയെടുക്കുന്നതാണ്‌. കടുകെണ്ണ ഉഷ്‌ണവീര്യത്തോടും എരിവുരസത്തോടും കൂടിയതാണ്‌. വൻകടുക്‌, ചെങ്കടുക്‌ എന്ന്‌ കടുക്‌ രണ്ടുവിധം. താന്നിക്കയുടെ എണ്ണ പിത്തം നശിപ്പിക്കും. വേപ്പെണ്ണ കഫം ശമിപ്പിക്കുന്നു. ചെറുചണ വിത്തിന്റെ എണ്ണ ദേഹത്തിന്‌ ബലം കൊടുക്കുന്നതാണ്‌. ഉങ്ങിൻവിത്ത്‌, ഓടക്കായ, ചേരിൽകുരു എന്നിവയിൽ നിന്നും എണ്ണയെടുക്കുന്നുണ്ട്‌. കാട്ടുവെളളരി, നറുവരി ഇവയിൽ നിന്നെടുക്കുന്ന തൈലം തലമുടിവർദ്ധിപ്പിക്കുന്നതാണ്‌. ചുരവിത്ത്‌, കുരുട്ടുമാങ്ങയണ്ടി, അമരി, കളളിപ്പാല ഇവയുടെ കുരുക്കളിൽ നിന്നും എടുക്കുന്ന എണ്ണകൾക്ക്‌ വ്രണങ്ങൾ ശുദ്ധിവരുത്താനുളള കഴിവുണ്ട്‌. മാങ്ങയണ്ടിയിൽ നിന്നെടുക്കുന്ന തൈലം വാത കഫങ്ങൾ ശമിപ്പിക്കുന്നു.

 

 

 

ശശി കീഴാറ്റുപുറത്ത്‌, കെ. ബി. സജൂ

Generated from archived content: vithupayogam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here