സംഭോഗക്രിയയും കൃഷിയിറക്കലും തുല്യം എന്നൊരു പരികല്‌പന ഋഗ്വേദത്തിലുണ്ട്. ‘നീ മലപോലെ മലർന്നുകിടക്കുക; നിന്നിൽ ഗോതമ്പുവിത്തുകൾ കണക്കു ഞാൻ എന്റെ രേതസ്സെറിയട്ടെ’ എന്നാണത്. രേതസ്സ് പുംബീജങ്ങളുടെ സമാഹാരമാണല്ലോ. വിത്തും പുംബീജവും സദൃശം തന്നെ.
ഡി. എച്ച്. ലോറൻസിന്റെ ‘ആട്ടുകുതിരപ്പന്തയം’ എന്ന കഥയുടെ പഠനം നടത്തിയ സ്‌നോഡ്‌ഗ്രസ്സ്, ആ കഥയിൽ പലപ്പോഴായി വരുന്ന ‘പണം’ എന്ന പ്രതികം പുംബീജമാണെന്നു വ്യാഖ്യാനിച്ചിട്ടുണ്ട്. കെ. പി. കുമാരന്റെ ‘അതിഥി’ എന്ന സിനിമയിൽ (ഇതാദ്യം നാടകമായിരുന്നു) രേതസ്സാണ് അതിഥി. കഥാനായികയുടെ വൃദ്ധനായ അച്ഛൻ അനന്തിരവൻ കുടുംബത്തിലേക്കു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. അനന്തിരവൻ വെളുത്തിട്ടാണ്. പേർ ശേഖരനെന്ന്. നായികയ്‌ക്കു ഭർത്താവുണ്ട്. അയാൾ ലൈംഗികശേഷിയില്ലാത്തവനാണെന്നാണ് സൂചന. ഇളയമകളെയെങ്കിലും ശേഖരനെക്കൊണ്ടു വിവാഹം കഴിപ്പിക്കണമെന്നു വൃദ്ധൻ ആഗ്രഹിയ്‌ക്കുന്നു. കുടുംബത്തിലെ സാമ്പത്തിക ഞെരുക്കം വൃദ്ധനെ വല്ലാതെ അലട്ടുന്നുമുണ്ട്.
‘വിത്തുഗുണം പത്തുഗുണം’ എന്ന ന്യായത്തിന്മേലാണ് വിത്തുകാളയെ പ്രത്യേകം പോറ്റിവളർത്തുന്നത്. സമൂഹത്തിന്റെ പൊതുമുതലാണെന്നു വെച്ചു തന്നെ അതിനെ അമ്പലത്തിൽ നടയിരുത്തുകയും ചെയ്യുന്നു. അമ്പലവാസം കൊണ്ട് അതിനു പരിവാവനത്വം ലഭിക്കാതെയുമില്ല.
വിത്ത് രോഗബീജമായിത്തീരുന്നതു വസൂരിയുടെ കാര്യത്തിലാണ്. ‘അസുരവിത്ത്’ എന്ന പ്രയോഗം ഓർമ്മിക്കുക. കൊടുങ്ങല്ലൂരമ്മ വിത്തെറിഞ്ഞു വസൂരി വരുത്തിപ്പോന്നു. അമ്മയുടെ ആസ്ഥാനത്തെ മുസരിപട്ടണമാണെന്നാണല്ലോ പണ്ടു വിദേശീയർ വിളിച്ചത്. മുസിരിയും വസൂരിയും മരിചവും തമ്മിൽ എന്തോ സാഹോദര്യമുണ്ട്. മർചം കുരുമുളകാണ്. വസൂരി പൊളളച്ചുവന്നാൽ പഴുത്ത കുരുമുളകുമണിയാണെന്നേ തോന്നൂ. മരിചത്തിൽനിന്നാണ് മർച്ചന്റ് (വർത്തകൻ) വന്നത്. കപ്പൽ രോഗങ്ങളിൽ ഉഷ്‌ണപ്പുണ്ണു മാത്രമല്ല, വസൂരിയും പെട്ടിരുന്നു.
വസൂരിയോടു ജനം ലോകത്തെങ്ങും ഉഭയരതിയാണ് പുലർത്തിയത്. അതോടുളള വെറുപ്പും സ്‌നേഹവും ഒരു നാണയത്തിന്റെ രണ്ടുപുറം പോലെ നിന്നു. വസൂരിവന്നാൽ ‘അമ്മ വിളയാടി’ എന്നാണ് പറയാറുണ്ടായിരുന്നത്. ‘വസുരി വന്നു കുഞ്ഞിക്കേളനു കുഞ്ഞിഞ്ഞാവൽത്തരിപോലെ’ എന്നു വയലാർ പാടി. മലബാർ പ്രദേശങ്ങളിൽ ഗ്രാമസ്‌ത്രീകൾ ഭർത്താവിനെ ‘കുരിപ്പേ!’ എന്ന് ആരോമലായി സംബോധന ചെയ്യുന്നത് ഇന്നും കേൾക്കാം. പ്രിയം ഏറിവരുന്നതനുസരിച്ച് ഈ സംബോധന ‘മരക്കുരിപ്പേ!’ ‘മാരിക്കുരിപ്പേ!’ ‘കണ്‌ഠാമാലക്കുരിപ്പേ!’ എന്നൊക്കെയായി വരും.
ജി. എൻ. പിളള മരണശയ്യയിൽ വെച്ച് ഒരു സുഹൃത്തിനെക്കൊണ്ടു കേട്ടെഴുതിച്ച ‘രാജയോഗം’ എന്ന നാടകത്തിന്റെ കൈയെഴുത്തു പ്രതി ഇതാ മുമ്പിലുണ്ട്. ശ്യാമകാളിയുടെ തിമർത്താട്ടമാണ് അതിലെ വിഷയം. നാടകവേദി നാടക കർത്താവിന്റെ ദേഹമാണെന്നു വരുന്നു. കാളി തിമർത്താടിക്കൊണ്ടു വിതയ്‌ക്കുന്ന കറുത്ത വിത്തുകൾ ക്യാൻസർ ബീജങ്ങളാണെന്നും വരുന്നു. ക്യാൻസർ ബാധിച്ചാണ് പിളള അന്തരിച്ചത്.
ഏറ്റവും വലിയ അമ്മ ഭൂമി തന്നെ; സർവംസഹ. മനുഷ്യന്റെ സാമവായികാബോധത്തിൽ വിജ്ഞ പിതാമഹനൊപ്പം ആഴത്തിൽ പതിഞ്ഞ മുദ്രയാണത്. യുംങ്ങിന്റെ പക്ഷത്തിൽ ഭൂമി ഭൂമഹാജനയിത്രി എന്ന ആദിരൂപമായി. മണ്ണും പെണ്ണും ഒന്ന്. പണിയായുധങ്ങൾകൊണ്ട് മണ്ണിൽ പണിനടക്കുന്നു. പണിക്കു ശ്ലീലവും അശ്ലീലവുമായ അർത്ഥങ്ങൾ ഒരുപോലെയുണ്ട്. മാതൃരതിയാണ് കർഷകനിലെ ആവേശം. അവൻ വിത്തിറക്കുന്നതു ഭക്തിമയമായ ഒരനുഷ്‌ഠാനമാണ്. ഭാര്യാഭർത്താക്കന്മാർ സംയോഗത്തിലേർപ്പെടുന്നത് എന്തുമാത്രം അനുഷ്‌ഠാനപരതയോടെ ആയിരിക്കണം എന്നു ദയാനന്ദസരസ്വതി നിഷ്‌കർഷിച്ചതു ‘സത്യാർത്ഥപ്രകാശ’ത്തിലുണ്ട്.
സംസ്‌കാരികനരവംശശാസ്‌ത്രമനുസരിച്ച് ഒട്ടുവളരെ ഉച്ചപുരാവൃത്തങ്ങൾ കൃഷിപുരാവൃത്തത്തിന്മേൽ കെട്ടിപ്പടുത്തവയാണ്. രാമായണകഥ ഉദാഹരണം. സീതയെ ജനകനു നിലമുഴുമ്പോൾ കിട്ടിയതും അവൾക്കു രാവണരാജ്യത്ത് ഒളിവിലെന്നപോലെ കഴിയേണ്ടിവന്നതും അവളുടെ അന്ത്യം ഭൂമി പിളർന്ന വിളളലിലൂടെയാണെന്നു വന്നതും വിത്തു പൊതിയിലോ പത്തായത്തിലോ സൂക്ഷിച്ച് ഒടുക്കം വിതയ്‌ക്കുന്നതിനെ അനുസ്‌മരിപ്പിക്കുന്നുവെന്നു സി. ആർ. കേരളവർമ്മ എഴുതുകയുണ്ടായി.
ടി. പി. സുകുമാരൻ
Generated from archived content: vithum_mithum.html
Click this button or press Ctrl+G to toggle between Malayalam and English