ആധുനിക കോര്‍പ്പറേറ്റ് രുചിഭേദങ്ങളാല്‍ തിരസ്ക്കപ്പെട്ട ഒന്നാണ് മലയാളിക്കൊരിക്കല്‍ പ്രിയങ്കരമായിരുന്ന ചക്ക. ബഹുരാഷ്ട്ര ഭീമന്‍മാരുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വരുന്ന ചോക്ലേറ്റ് രുചികള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നും എപ്രകാരമാണൊ കപ്പലണ്ടി മിഠായിയുടെയും തേന്‍നിലാവിന്റെയും മധുരങ്ങള്‍ തട്ടിയെടുത്തത് അപ്രകാരം തന്നെയാണ് ചക്കയിപ്പോള്‍ മലയാളിയുടെ സ്റ്റാറ്റസിനു പഥ്യമല്ലാതായതും. ചക്കയ്ക്ക് ടി വി പരസ്യങ്ങള്‍ ഉണ്ടാവാറില്ലല്ലോ!!!
പ്ലാവ് എന്നു പറഞ്ഞാല്‍ ജയന്റെ പേരു ചേര്‍ത്തു വയ്ക്കാതെ അതു പൂര്‍ണ്ണമാവില്ല. പ്ലാവുകള്‍ നടുകയും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ജയന്റെ ജീവിത നിയോഗം. ഒരു ലക്ഷം പ്ലാവുകള്‍ നട്ടു വളര്‍ത്തണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ പതിനായിരത്തിലധികം കഴിഞ്ഞു. വെറുതെ കുരുക്കളും തൈകളും നടുക മാത്രമല്ല അതെല്ലാം പരിചരിക്കുകയും ചെയ്യുന്നു ജയന്‍. ഇരിങ്ങാലക്കുടക്കടുത്തുള്ള ചേലൂര്‍ ഗ്രാമത്തില്‍ കൈപ്പിള്ളി രാമന്റേയും സുഭദ്രയുടേയും ഒമ്പതു മക്കളുള്ള കുടുംബത്തില്‍ ഏഴാമനായിട്ടാണ് ജയന്‍ ജനിച്ചത്. അച്ഛന്റെ ചെറുതൊഴിലുകളും വീട്ടിലുണ്ടായിരുന്ന ആടുകളുമായിരുന്നു വരുമാനം. പ്ലാവിലകള്‍ പെറുക്കിയെടുക്കുന്നതിലും പ്ലാവില്‍ കയറി ഇലകള്‍ വെട്ടിയെടുന്നുന്നതിനുമെല്ലാം കൂടുതല്‍ ഉത്സാഹം കാട്ടിയിരുന്നത് ജയനായിരുന്നു. ഒരു പ്ലാവില്‍ നിന്നു തന്നെഎപ്പോഴും ഇലകള്‍ വെട്ടിക്കൊണ്ടിരുന്നാല്‍ അതില്‍ ചക്കകള്‍ കുറയുമെന്ന് പറഞ്ഞു കേട്ടിരുന്നതുകൊണ്ട് തറവാട്ടു പറമ്പില്‍ തന്നെ കുറച്ചു പ്ലാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുകയും അതു മരങ്ങളായി വളരുകയും ചെയ്തു. അങ്ങിനെയാണ് ഈ മരത്തിനോടുള്ള താത്പര്യവും സ്നേഹവും ജയന്റെ മനസിലേക്കു വരുന്നത്. പ്ലാവിനോടും ചക്കയോടുമുള്ള ഈ പ്രത്യേക ഇഷ്ടം കണ്ടിട്ട് ഏഴാം ക്ലാസില്‍ വച്ച് കൂട്ടുകാരിട്ട പേരാണ് ‘ പ്ലാവ് ജയന്‍’
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി നോക്കിയതിനു ശേഷം പതിനൊന്നു വര്‍ഷത്തോളം ദുബായിയിലും ജോലി ചെയ്തു ‘ പ്രകൃതിക്കനുകൂലമായ സൗഭാഗ്യങ്ങല്‍ എല്ലാമുണ്ടായിട്ടും മരങ്ങള്‍ മുറിച്ചും മണ്ണുമാന്തിയും നദികള്‍ ഇല്ലാതാക്കിയും പ്രകൃതിയെ കുളം തോണ്ടുന്നതു കാണുമ്പോള്‍ പ്രകൃതിക്കു വേണ്ടി എനിക്കു ചെയ്യാന്‍ കഴിയുന്നത് ചക്കക്കുരു കുഴിച്ചിട്ട് മുളപ്പിച്ച് വടവൃക്ഷങ്ങളാക്കി മാറ്റുക എന്നതാണെന്നു ഞാന്‍ തിരിച്ചറിയുന്നു ‘ ജയന്‍ മനസു തുറന്നു.
ഇരിങ്ങലക്കുട കല്ലേറ്റും കരയ്ക്കടുത്തുള്ള വേളൂക്കര എന്ന ഗ്രാമത്തില്‍ കുറച്ചു ഭൂമി വാങ്ങി അതില്‍ പത്തു പ്ലാവിന്‍ തൈകള്‍ നട്ടു പിടിപ്പിച്ചു. അവിടെ ഭാര്യയും രണ്ടു മക്കളുമായി താമസിക്കുന്ന ഇദ്ദേഹം തന്റെ പെട്ടി ഓട്ടോറിക്ഷയില്‍ കുടുംബശ്രീ ഉത്പന്നങ്ങളായ സോപ്പും മെഴുകുതിരിയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ പുറമ്പോക്കു ഭൂമികളിലും റോഡിന്റെ അരികു വശങ്ങളിലും പ്ലാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കാറുണ്ട്. ആദ്യമൊക്കെ കളിയാക്കിയിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ ‘മാഷ്’ എന്നു വിളിച്ചു ബഹുമാനിക്കുന്നുണ്ട്. തൃശൂര്‍ ആള്‍ട്ടര്‍ മീഡിയ ‘ പ്ലാവ്’ എന്ന പേരില്‍ ജയന്റെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയുടെ തീരത്ത് പരുത്തിപ്ര എന്ന ദേശത്ത് ബഷീര്‍ മാഷുടെ പത്തേക്കറില്‍ ഇദ്ദേഹം ഒരു പ്ലാവ് ഗ്രാമം ഉണ്ടാക്കുന്നുണ്ട്. പ്ലാവില്‍ നിന്ന് ഒരു വരുമാനമല്ല ജയന്റെ ലഷ്യം ജയനിതൊരു കച്ചവടവുമല്ല. തള്ളപ്ലാവിന്റെ വിത്തുകള്‍ പ്രത്യേകം തെരെഞ്ഞെടുത്ത് മെഡിറ്റേറ്റ് ചെയ്ത് ജൈവരീതിയിലാണ് തൈകള്‍ തയ്യാറാക്കുന്നത്,
തെങ്ങു പോലെ കല്‍പ്പവൃക്ഷമാണ് പ്ലാവും. പ്ലാവിലുണ്ടായ കായയെ പ്ലാക്കയെന്നായിരുന്നു ആദ്യം വിളീച്ചിരുന്നത്. പിന്നീടെപ്പോഴോ അത് ചക്കയായി. പ്ലാവ് എന്ന വാക്കിന്റെ ആദ്യ രൂപം പിലാവ് എന്നായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ പിലാവ് എന്നു തന്നെ അറിയപ്പെടുന്നുണ്ട്. തൊലിയിലും തടിയിലും കായിലും ഇലയിലുമെല്ലാം ധാരാളം പാലു പോലെയൊഴുകുന്ന ദ്രാവകമുള്ളതുകൊണ്ടാണ് പ്ലാവ് എന്നു പേരു വന്നതെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു.
പ്ലാവിന്റെ തൈ നട്ടാല്‍ ഏഴു കൊല്ലത്തിനകം കായ്ച്ചു തുടങ്ങും. വരിക്കയുടെ കുരുവിട്ടു മുളപ്പിച്ചാല്‍ അതില്‍ കായ്ക്കുന്ന ചക്ക വരിക്കച്ചക്ക തന്നെ ആയിരിക്കണമെന്നില്ല. കൂഴയുടെയോ ചുറ്റുവട്ടത്തുള്ള പ്ലാവുമരങ്ങളുടേയോ സ്വഭാവങ്ങള്‍ ഉണ്ടായി എന്നു വരാം.
ഏറ്റവും വലിയ വൃക്ഷ ഫലമാണ് ചക്ക. മൂന്നടി വരെ നീളവും ഇരുപതിഞ്ചു വരെ വ്യാസവുമുള്ള ചക്കകളുണ്ടാവാറുണ്ട്. ചക്ക ഒരു ഒറ്റപ്പഴമല്ല. അനവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ഓരോ ചുളയും ഓരോ പഴമാണ്. ചുവന്ന ചുളയന്‍ ചക്ക, വെള്ള ചുളയന്‍ ചക്ക, സിംഗപ്പൂര്‍ ചക്ക, സിംഗപ്പൂര്‍ വരിക്ക, താമരചക്ക, നീളന്‍ താമരചക്ക, മൂവാണ്ടന്‍ ചക്ക, തേന്‍ വരിക്ക , മുട്ടം വരിക്ക ചക്ക, തേങ്ങ ചക്ക, പഴച്ചക്ക എന്നിങ്ങനെ നിരവധി ഇനം ചക്കകളുണ്ട്.
ചക്ക പിത്തം വാതം രക്തദോഷം ചുട്ടു നീറ്റല്‍ ഇവയെല്ലാം ശമിപ്പിക്കുമെന്നും മാംസത്തേയും ബലത്തേയും ശുക്ലത്തേയും പെരുപ്പിക്കുമെന്നും മദ്ധ്യപ്രായമായ ചക്ക ഉപ്പ് ചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുമെന്നും മുഖശുദ്ധിയും ഉന്മേഷവും ഉണ്ടാകുമെന്നുമാണ് ആയൂര്‍വേദം പറയുന്നത്.
ചക്കക്കുരു കറി വയ്ക്കുമ്പോള്‍ കുരുവിന്റെ മുകളില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന തവിട്ടു നിറത്തിലുള്ള ആവരണം ചുരണ്ടിക്കളയരുത്. പല ഗുണങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. തള്ളപ്ലാവിന്റെ ചില്ലകളില്‍ ഉണ്ടാവുന്ന കുരുവെടുത്ത് മുളപ്പിക്കണം. അപ്പോള്‍ നട്ടു പിടിപ്പിക്കുന്ന തൈ വളര്‍ന്ന് ആ ചില്ലയുടെ വണ്ണമാകുമ്പോള്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാകാന്‍ തുടങ്ങും. തടിയിലുണ്ടാകുന്ന ചക്കയില്‍ നിന്നും കുരുവെടുത്ത് നട്ടാല്‍ വളരെ താമസിച്ചായിരിക്കും കായ്ക്കുക. പഴുക്കപ്ലാവില വെള്ളത്തിലിട്ട് തിളപ്പിച്ച് സഹിക്കാവുന്ന ചൂടോടു കൂടി കുളിച്ചാല്‍ പുറം വേദന, ശരീര വേദന എന്നിവയ്ക്കെല്ലാം ശമനമുണ്ടാകും. ക്ഷീണം മാറുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുന്നത് മലയാളികളുടെ പഴയ ശീലങ്ങളിലൊന്നാണ്. കൊത്തു പണികള്‍ ചെയ്യുവാന്‍ കഴിയുന്ന ഉന്നതവും പ്രൗഡിയുമുള്ള മരമെന്നറിയപ്പെടുന്നത്കൊണ്ട് രാജഭരണകാലത്ത് താഴ്ന്നജാതിക്കാരുടെയും കീഴാളന്മാരുടെയും വീടുകളില്‍ പ്ലാവിന്റെ കട്ടിളയോ വാതിലുകളൊ വയ്ക്കണമെങ്കില്‍ അധികാരികളുടേയോ അല്ലെങ്കില്‍ കരപ്രമാണിമാരുടേയോ അനുവാദം കിട്ടണം. അല്ലാതെ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ വിധിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായിരുന്നു. രാജഭരണം ചരിത്രമായതു പോലെ പ്ലാവും കേരളത്തിലെ ഒരു ചരിത്രം മാത്രം ആവാതിരിക്കട്ടെ എന്നു ആശിക്കാം.
(കടപ്പാട് – കൂട് മാഗസിന്‍)
Generated from archived content: vithu1_nov6_13.html