പടിപ്പുരകളുടെ പൈതൃകം

“അത്താഴപഷ്‌ണിക്കാരുണ്ടോ—–” എന്ന്‌ വിളിച്ച്‌ ചോദിച്ച്‌ പടിപ്പുരവാതിൽ തഴുതിട്ടടിച്ചിരുന്ന കാരുണ്യ സംസ്‌ക്കാരം മൺമറഞ്ഞിട്ട്‌ കാലം ഏറെ ചെന്നിരിക്കുന്നു. പഴമയുടെ, ഇനി ഒരിക്കലും കേൾക്കാനിടയില്ലാത്ത ആ വിളിച്ചുചോദിപ്പിനായി കാതോർത്ത്‌ ഇനിയും കുറച്ച്‌ പടിപ്പുര സ്‌മാരകങ്ങൾ മാത്രം. പൗരാണിക സംസ്‌കാരത്തിൽ പടിപ്പുരകൾക്ക്‌ വലിയ സ്ഥാനമാണുളളത്‌. പ്രധാനമായും രാജവീഥികളോട്‌ ചേർന്നാണ്‌ ആദ്യകാലങ്ങളിൽ ഇത്‌ കണ്ടുവന്നിരുന്നത്‌. പിന്നീട്‌ വിവിധോദ്ദേശ്യത്താൽ ഉൾവീടുകളിലേക്കും ഇത്‌ വ്യാപിച്ചു. പടിപ്പുരയും അതിനോട്‌ ചേർന്ന കയ്യാലയും പുറമെനിന്നുളള പല ഭീഷണിയിൽ നിന്നും സംരക്ഷണം നൽകിയിരുന്നുയെന്നുളളത്‌ ഇതിന്റെ നിർമ്മിതിക്ക്‌ പ്രാധാന്യം കൂട്ടിയിരുന്നു. വഴിയാത്രീകർക്ക്‌ ഒരു വിശ്രമയിടമായും, ഗൃഹസ്ഥർക്ക്‌ പുറംകാഴ്‌ചകൾ കാണുന്നതിനും, പടിപ്പുരവിളക്ക്‌ രാത്രിയിൽ വഴിതിട്ടപ്പെടുത്തുന്നതിനും ഉപകരിച്ചിരുന്നു. ദ്വാരത്തിന്‌ മാത്രം പ്രാധാന്യം കല്പിച്ചിരുന്ന ചെറിയ പടിപ്പുരകൾ മുതൽ രണ്ട്‌ നിലയുളള പടിപ്പുരമാളികകൾവരെ നിലവിലുണ്ടായിരുന്നു. ഇത്‌ പ്രധാനമായും രാജകൊട്ടാരങ്ങളിലായിരുന്നു നിലനിന്നിരുന്നത്‌. താഴത്തെനിലയിൽ പാറാവും, മുകളിൽ രാജദൂതന്മാർക്കും അകന്ന ബന്ധുജനങ്ങൾക്കും താമസിക്കുവാനും, ശത്രുവീക്ഷണത്തിനും ഏർപ്പാടാക്കിയിരുന്നു. ക്ഷേത്രങ്ങൾക്ക്‌ ഗോപുരം എന്ന സങ്കല്പത്തിൽ നിന്നുമാവാം വീടുകൾക്ക്‌ പടിപ്പുര എന്ന ആശയം ഉരുത്തിരിഞ്ഞത്‌. ഭവനനിർമ്മാണവിധിയുടെ പൂർണ്ണരൂപമായ നാലുകെട്ടുകളോട്‌ ചേർന്നാണ്‌ പടിപ്പുരകൾ അധികവും കണ്ടുവന്നിരുന്നത്‌. പടിപ്പുരവാതിലുകളും മറ്റു കൊത്തുപണികളാൽ അലങ്കരിച്ചിരുന്നു. പടിപ്പുരത്തിണ്ണ കളമിടുവാനും തൃക്കാക്കരപ്പനെ വരവേൽക്കാനും ഉപയോഗിച്ചിരുന്നു. പടിപ്പുരകൾ പ്രൗഢിയുടെ ഭാഗമായിട്ടാവാം പൂർവ്വകാലത്ത്‌ ഇത്രയും പ്രചാരത്തിലായത്‌. ഇതിന്‌ പ്രധാനമായും ഉപയോഗിച്ചിരുന്ന ദ്രവ്യങ്ങൾ ഓട്‌, ഓല, ഇഷ്‌ടിക, വെട്ടുകല്ല്‌, മരങ്ങൾ എന്നിവയായിരുന്നു. പ്രാദേശിക ലഭ്യതയുടെ അടിസ്ഥാനത്തിൽ ദ്രവ്യങ്ങളിൽ മാറ്റം സംഭവിച്ചിരുന്നു. പടിപ്പുര നിർമ്മാണത്തിന്‌ തച്ചുശാസ്‌ത്രം നിയതമായ സ്ഥാനങ്ങൾ വിധിച്ചിരുന്നു. വീടിന്‌ അഭിമുഖമായുളള പടിപ്പുര നിർമ്മാണരീതിയാണ്‌ പ്രധാനമായി നിലനിന്നിരുന്നതെങ്കിലും വാസ്‌തുവിന്റെ നാലുഭാഗത്തും പടിപ്പുരകൾ ആവാമായിരുന്നു. ഈ നാലെണ്ണത്തിനും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങൾ ഉണ്ടായിരുന്നു. വീടിന്റെ മുഖം കിഴക്കോട്ടാണെങ്കിൽ ഇന്ദ്രപദത്തിലും പടിഞ്ഞാറോട്ടാണെങ്കിൽ പുഷ്പദന്തന്റെ പദത്തിലും തെക്കോട്ടാണെങ്കിൽ ഗൃഹക്ഷതന്റെ പദത്തിലും വടക്കോട്ടാണെങ്കിൽ ഭല്ലാടന്റെ പദത്തിലുമായിരുന്നു വിധിപ്രകാരം പടിപ്പുരസ്ഥാനം. പദം മാറി പടിപ്പുര നിർമ്മാണം നടന്നാൽ ഭാര്യാനാശം, പുത്രനാശം, രേഖങ്ങൾ ഇത്യാദി ദുരിതങ്ങൾക്ക്‌ കാരണമാകാമെന്ന്‌ തച്ചുശാസ്‌ത്രവിധി.

പ്രധാന പടിപ്പുരക്ക്‌ പുറമെ ഓരോദിക്കിലും രണ്ടുവീതം അങ്ങിനെ എട്ട്‌ ഉപദ്വാരങ്ങൾ വരെയാവാം. പർജ്ജന്യൻ, ഭൃശൻ, പൂഷാവ്‌, ഭൃംഗൻ, ദ്വാരപാലകൻ, ശോഷൻ, നാഗൻ, ആദിതി എന്നിവരുടെ പദത്തിലാണ്‌ ഈ എക്ക്‌ ഉപദ്വാരങ്ങളുടെ സ്ഥാനം. ഈ ദ്വാരങ്ങൾക്ക്‌, വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിനും പോകുന്നതിനും, വേലക്കാർക്കും മറ്റു സേവകർക്കും വരുന്നതിനും പോകുന്നതിനും എന്നിങ്ങനെ വിവിധ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗക്കാരും പല പദങ്ങളിലായിരുന്നു പടിപ്പുര നിർമ്മിച്ചിരുന്നത്‌. ഉദാഹരണമായി ബ്രാഹ്‌മണർ ഇന്ദ്രപദത്തിലായിരുന്നു നിർമ്മിച്ചിരുന്നത്‌. പടിപ്പുരനിർമ്മാണത്തിന്‌ തിട്ടമുളള പല കണക്കുകളും തച്ചുശാസ്‌ത്രപ്രകാരം നിലനിന്നിരുന്നു. ഇതിന്റെ നിർമ്മിതിക്ക്‌ രണ്ടുതരം ദണ്‌ഡുകൾ ഉപയോഗിച്ചിരുന്നു. ഒന്ന്‌ഃ ഗൃഹനാഥന്റെ മൊത്തം പൊക്കം ഒരു ദണ്‌ഡ്‌ എന്ന കണക്കും. രണ്ട്‌ഃ നാലുകോൽ ഒരു ദണ്‌ഡ്‌ എന്നുമായിരുന്നു അത്‌. അങ്കണമദ്ധ്യത്തിൽനിന്നും നാല്‌, അഞ്ച്‌, ആറ്‌, ഏഴ്‌ ദണ്‌ഡളവ്‌ അകലത്തിലാണ്‌ ആദ്യകാലങ്ങളിൽ പടിപ്പുര നിർമ്മിച്ചിരുന്നത്‌. വാസ്‌തുവിന്റെ ദണ്‌ഡറുതിയിൽ കയ്യാലയും ദണ്‌ഡറുതിക്കുളളിൽ പടിപ്പുരയും എന്നതായിരുന്നു കണക്ക്‌. പടിപ്പുരയുടെ മൊത്തം കാലുയരത്തിന്റെ ആറ്‌, ഏഴ്‌, എട്ട്‌ ഭാഗത്തിൽ ഒരു ഭാഗത്താണ്‌ ഇരിക്കുവാനുളള പടി നിർമ്മിച്ചിരുന്നത്‌. ഈ പടി കൊച്ചുകുട്ടികൾ പടിപ്പുര കടന്ന്‌ പുറത്ത്‌ പോവാതിരിക്കുവാനും ഉപകരിച്ചിരുന്നു. തൂണുകൾ, തുലാൻ, കഴുക്കോൽ എന്നിവ ഇരട്ടിക്കണമെന്ന പെതുവിധി പടിപ്പുരകൾക്കും ബാധകമാക്കിയിരുന്നു. പടിപ്പുരകൾക്ക്‌ അകവും പുറവും ദർശനത്തിന്‌ അനുയോജ്യമായ യോനിപൊരുത്തകണക്കുകൾ ഉപയോഗിച്ചിരുന്നതായി പറയുന്നു. വാതിൽ തറയുടെ മുകളിലും പാതുകം പുറത്തും വെയ്‌ക്കാമായിരുന്നു. നാട്‌ അംഗീകരിച്ചിരുന്ന തച്ചുശാസ്‌ത്രവിദഗ്‌ദ്ധനായിരുന്നു പടിപ്പുരകൾക്ക്‌ സ്ഥാനം നിശ്ചയിച്ചിരുന്നത്‌. പൗരാണിക പ്രാധാന്യമുളള, ഭംഗിയുറ്റ പടിപ്പുരകൾ ഇന്നൊരു കാണാകാഴ്‌ചയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു. ഇതിന്റെ കാരണം വീട്ടുവാഹനങ്ങളുടെ അതിപ്രസരമാണ്‌. പടിപ്പുരയുടെ അടിവശം നിരപ്പാക്കി വാഹനപ്രവേശന യോഗ്യമാക്കി പടിപ്പുര നിലനിർത്തിയിട്ടുളള ചില കാഴ്‌ചകൾ കാണാമെങ്കിലും പലതും തച്ചുടച്ച്‌ പകരം പടിക്കൽ, പുതുമയുടെ ഗൈറ്റുകൾ പ്രതിഷ്‌ഠിക്കുകയാണ്‌ പലരും ചെയ്‌ത്‌ പോരുന്നത്‌. മുമ്പിലെ തടസ്സങ്ങളെല്ലാം നിർമ്മാർജ്ജനം ചെയ്യുകയെന്ന മനുഷ്യസ്വഭാവത്തിന്റെ സ്വാഭാവികതയിൽ സ്വാഭാവികമായും പലതും നശിച്ചുകൊണ്ടിരിക്കുന്നു. കൂട്ടത്തിൽ പൈതൃകമായ പടിപ്പുരയും.

Generated from archived content: natt_july2.html Author: vinod_vm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here