മാലിക്കുബെറു

ലക്ഷദ്വീപ്‌ സമൂഹത്തിൽ പെടുന്ന മിനിക്കോയ്‌ ദ്വീപിലെ പ്രധാന വാദ്യോപകരണമാണ്‌ ബെറു. മിനിക്കോയ്‌ ദ്വീപിന്റെ പഴയ പേര്‌ ‘മാലിക്കു’ എന്നായിരുന്നതിനാൽ ‘മാലിക്കുബെറു’എന്നും ഈ വാദ്യോപകരണം അറിയപ്പെടുന്നുണ്ട്‌. ദ്വീപിലെ പരമ്പരാഗത നൃത്തമായ ‘ലാവാ’യ്‌ക്കാണ്‌ ബെറു ഉപയോഗിക്കുന്നത്‌. ഈ നൃത്തത്തിന്‌ ഇപ്പോൾ പണ്ടു കാലത്തേതിൽനിന്നും ഏറെ വ്യത്യാസങ്ങൾ വന്നിട്ടുളളതായി പ്രായം ചെന്നവർ അഭിപ്രായപ്പെടുന്നുണ്ട്‌. ലാവായുടെയോ ബെറുവിന്റെയോ പഴക്കത്തെ സംബന്ധിച്ച്‌ വ്യക്‌തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ലാവായ്‌ക്ക്‌ കുറഞ്ഞത്‌ പത്ത്‌ നർത്തകർ വേണം. കൂടുതൽ എത്രവേണമെങ്കിലും ആകാം. ഒരു ഗ്രാമത്തിൽനിന്ന്‌ മറ്റൊരു ഗ്രാമത്തിലേയ്‌ക്ക്‌ കളിക്കാൻ പോകുമ്പോൾ അമ്പത്‌ പേർവരെ ഉണ്ടാകാറുണ്ട്‌. ഓരോഗ്രാമവും ഓരോ നർത്തകസംഘത്തെ കാത്തുസൂക്ഷിക്കുന്നു. ഒരാൾ പാടുന്നത്‌ മറ്റുളളവർ ഏറ്റുപാടുന്നു. എല്ലാ നർത്തകരുടെയും കൈയിൽ ബെറു ഉണ്ടാകും. കൈ ഉപയോഗിച്ചാണ്‌ ബെറുവിൽ ശബ്‌ദമുണ്ടാക്കുന്നത്‌. കൈയിൽ സാധാരണ ചിലങ്ക കെട്ടാറുണ്ട്‌. ചിലപ്പോൾ വാദ്യോപകരണത്തിനുളളിലും മണികൾ ഇടാറുണ്ട്‌.

ഏകദേശം ചെണ്ടയുടെ ആകൃതിയുളള ബെറുവിന്റെ വലിപ്പം പണ്ടുകാലത്ത്‌ നിശ്ചയിച്ചിരുന്നത്‌ നർത്തകന്റെ വലിപ്പം അനുസരിച്ചായിരുന്നു. നർത്തകന്റെ ആകാരത്തോട്‌ യോജിക്കുംവിധമായിരുന്നു ഉപകരണത്തിന്റെ വലിപ്പം നിശ്ചയിച്ചിരുന്നത്‌. പക്ഷേ ഇന്ന്‌ ഒരു ശരാശരി അളവിലാണ്‌ ബെറു നിർമ്മിക്കുന്നത്‌. വാദ്യോപകരണത്തിന്റെ നീളം ശരാശരി ഒന്നര അടിയും ഇരുവശങ്ങളിലേയ്‌ക്കും വ്യാസം പത്ത്‌ ഇഞ്ചും ആണ്‌. തെങ്ങിൻതടിയുടെ ചുവട്ടിലെ ഭാഗമാണ്‌ ബെറു നിർമ്മാണത്തിനുപയോഗിക്കാറ്‌. മറ്റുചില പ്രത്യേകതടികളും ദ്വീപിലെ ലഭ്യത അനുസരിച്ച്‌ ബെറു നിർമ്മാണത്തിനുപയോഗിക്കുന്നു. തടി വെട്ടിയെടുത്ത്‌ ഉൾഭാഗം പൊളളയാക്കുന്നു. അകവശം രണ്ടറ്റങ്ങളിലും ഒരുപോലെ പൊളളയാക്കുമ്പോൾ നടുവിൽ ലേശം അവശേഷിക്കുന്നു. ഭാരവും ശബ്‌ദവും ക്രമീകരിക്കുന്നത്‌ ഇങ്ങനെയാണ്‌. തടിയുടെ അറ്റത്ത്‌ ചൂരലിന്റെ നേർത്ത ഒരു പാളി കെട്ടുന്നു. ഇതിൻമേലാണ്‌ ആടിന്റെ തോൽ കെട്ടുന്നത്‌. മൂന്ന്‌ വരികൾ യോജിപ്പിച്ച്‌ പ്രത്യേകമായുണ്ടാക്കുന്ന കയർ ഉപയോഗിച്ചാണ്‌ ഇരുവശത്തേയും തോലുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്‌. വളരെ നേർത്തതരം ആട്ടിൻതോൽ നേരത്തേ കൽക്കത്തയിൽനിന്നും കൊണ്ടു വരികയായിരുന്നു ചെയ്‌തിരുന്നത്‌. ഇപ്പോൾ ദ്വീപിൽ ഇത്‌ വിദഗ്‌ദ്ധമായി നിർമ്മിക്കാറുണ്ട്‌. മുറിവോ, പോറലോ ഉണ്ടാകാതെ ശ്രദ്ധാപൂർവ്വം ആടിന്റെ തോൽ എടുക്കുന്നു. തോൽ കുമ്മായത്തിൽ മുക്കുകയാണ്‌ അടുത്ത പണി. ഉളളിലെ മാംസത്തിന്റെ അവശിഷ്‌ടങ്ങളും, രോമവും പൂർണ്ണമായി നീങ്ങി വൃത്തിയാകാൻ കടൽവെളളത്തിൽ കഴുകുന്നു. പിന്നീട്‌ മരക്കഷണങ്ങളുടെ സഹായത്താൽ വലിവ്‌ പൂർണ്ണമാകുംവരെ തോൽ വലിച്ചു നിർത്തുന്നു. വാദ്യോപകരണനിർമ്മിതിക്കുശേഷം തോലിൽ ചുളിവ്‌ വീഴാതിരിക്കാനാണിത്‌.

ശബ്‌ദം പരമാവധി നേർത്ത്‌ മുഴങ്ങിക്കേൾക്കും വിധമാണ്‌ തോൽ തടിയിൽ ഉറപ്പിക്കുന്നത്‌. ഇരുവശത്തും ഒരേ ശബ്‌ദം ലഭിക്കാനാണ്‌ ശ്രമിക്കുന്നതെങ്കിലും പലപ്പോഴും ഇത്‌ പൂർണ്ണമായും ഒരുപോലെ കിട്ടാറില്ല. പക്ഷേ ഇത്‌ ഗൗരവമായി എടുക്കാറില്ല. ഒരു നൃത്തസംഘത്തിലെതന്നെ ഓരോ ബെറുവിനും ഓരോ ശബ്‌ദം ആകാം. താളങ്ങളാകട്ടെ പ്രത്യേകമായി ചിട്ടപ്പെടുത്തിയിട്ടില്ല. പാട്ടിലെ വാക്കുകളുടെ ആരോഹണാവരോഹണങ്ങളും ഉച്ചാരണത്തിലെ പ്രത്യേകതകളും വിരലുകൾകൊണ്ട്‌ ബെറുവിൽ അനുകരിക്കുകയാണ്‌ ചെയ്യാറ്‌. ബെറുവിലെ ഓരോ സ്പർശവും&മുട്ടലും ഓരോ അക്ഷരങ്ങളാകാം&വാക്കുകളാകാം. ഈ ശബ്‌ദവും പാട്ടും കേട്ടുതഴമ്പിച്ചവർക്കു മാത്രമേ എല്ലാം വ്യക്തമാകുകയുളളു. നൃത്തത്തിനുപയോഗിക്കുന്ന പാട്ടിന്‌ ചരിത്രസംഭവങ്ങളോ, വിനോദങ്ങളോ വിഷയമാകുന്നു. പാട്ടിലെ ഉപമകൾ പലപ്പോഴും അശ്ലീലം കലർന്നും വരാറുണ്ട്‌. ദ്വീപ്‌ ഭാഷയായ മഹലിൽ ഉളള പാട്ടുകൾ ഭാഷാപരിചയം നന്നായുളളവർക്കുമാത്രമേ മനസ്സിലാകുകയുളളൂ. ലാവാ അവതരിപ്പിക്കുന്നവർക്ക്‌ നർത്തനം ഉപജീവനമാർഗ്ഗമല്ല. വിശിഷ്‌ടാതിഥികളെ സ്വീകരിക്കാൻ മാത്രമേ ഇന്ന്‌ ലാവാ പ്രധാനമായും അവതരിപ്പിച്ച്‌ കാണുന്നുളളൂ.

പറഞ്ഞുതന്നത്‌ – ശ്രീ. കെ.ജി.മുഹമ്മദ്‌., പി.വി. ജോർജ്ജ്‌ ഇരുമ്പയം, അറബിക്കടലിലെ കേരളം, 1970, എൻ.ബി.എസ., പു.65.

Generated from archived content: kaivela_july30.html Author: vinod_ar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here