മിനിക്കോയ്‌ ദ്വീപിലെ തോണികൾ

ഭാരതത്തിന്റെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിലെ തെക്കേ അറ്റത്തുളള ദ്വീപാണ്‌ മിനിക്കോയ്‌. ഈ ദ്വീപിലേയ്‌ക്ക്‌ യാത്രയ്‌ക്കുളള ഏക ആശ്രയം കപ്പലാണ്‌. പണ്ട്‌ സമുദ്രസഞ്ചാരത്തിന്‌ ഒരുതരം പായക്കപ്പലായ ‘മരക്കലം’ ഉപയോഗിച്ചിരുന്നുവത്രെ. തെയ്യത്തിലെ ‘മരക്കലത്തമ്മ’ത്തോറ്റത്തിൽ കപ്പൽനിർമ്മിച്ച്‌ ചായംപൂശുന്നതിനേയും ചിത്രപ്പണികൾ ചെയ്യുന്നതിനേയും കുറിച്ച്‌ വിശദമായ വർണ്ണനയുണ്ട്‌. മിനിക്കോയ്‌ ദ്വീപിലെ ജനങ്ങൾ ഉപജീവനത്തിനായി പ്രധാനമായും കപ്പൽ ജോലികളിലും മത്സ്യബന്ധനത്തിലും ഏർപ്പെടുന്നു. കപ്പലിൽനിന്നും യാത്രക്കാരെ ദ്വീപിലേയ്‌ക്കു കൊണ്ടുപോകാൻ തോണികൾ ഉപയോഗിക്കുന്നു. മനോഹരമായി ചായംപൂശിയ, വൃത്തിയുളള ഈ തോണികൾ തന്നെ മത്സ്യബന്ധനത്തിനും ഉപയോഗിക്കാറുണ്ട്‌ എന്നത്‌ അവിശ്വസനീയമായിതോന്നാം. തോണികൾ ആവശ്യാനുസരണം ദ്വീപുകാർ തന്നെ ഉണ്ടാക്കുന്നു. എല്ലാഗ്രാമങ്ങളിലും തോണി നിർമ്മാണത്തിൽ പ്രാവീണ്യം ഉളളവരുണ്ടാകും. വളരെ അപൂർവ്വമായേ മറ്റൊരു ഗ്രാമത്തിൽനിന്ന്‌ തോണി വാങ്ങേണ്ടിവരാറുളളൂ. ഗ്രാമത്തിന്റെ തോണിയുടെ അധികാരി മൂപ്പനാണ്‌. സ്വകാര്യ വ്യക്തികളുടെ തോണികളും ഉണ്ട്‌.

നിർമ്മാണം തുടങ്ങും മുന്നേ തോണിയുടെ വലിപ്പത്തിനനുസരിച്ച്‌ താൽക്കാലികമായ ഒരു പുര ഉണ്ടാക്കുന്നു. അതിനുളളിലാണ്‌ പണികൾ നടക്കുന്നത്‌. തോണിയുടെ പണി തുടങ്ങും മുന്നേ പളളിയിലെ മുക്രിവന്ന്‌ ഓതുന്നു. ശേഷം ചായയും പലഹാരങ്ങളും വിതരണം ചെയ്യുന്നു. നേരത്തേ വെളളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുളള പ്രാർത്ഥനയ്‌ക്കുശേഷം മാത്രമാണ്‌ പണി തുടങ്ങിയിരുന്നത്‌. പക്ഷേ ഇപ്പോൾ അങ്ങനെയൊന്നുമില്ല.

ആഞ്ഞിലി, ബദാം, തെങ്ങ്‌ തുടങ്ങിയ തടികളാണ്‌ തോണി നിർമ്മിക്കാൻ ഉപയോഗിക്കാറുളളത്‌. തെങ്ങിൻ തടി ഒഴികെയുളളവ മുറിച്ചെടുത്തശേഷം കടപ്പുറത്ത്‌ മണലിൽ കുഴിച്ചിടുന്നു. പച്ചത്തടി കീടങ്ങൾ നശിപ്പിക്കാതിരിക്കാനാണിത്‌. മാസങ്ങൾക്കുശേഷം ഇവ പുറത്തെടുത്ത്‌ ആവശ്യാനുസരണം പലകകൾ കീറി എടുക്കുന്നു. ഇപ്പോൾ കുഴിച്ചിടുന്നതിനു പകരം രാസപദാർത്ഥങ്ങൾ തടിയിൽ പുരട്ടുകയാണ്‌ കൂടുതൽ ഇടങ്ങളിലും. സാധാരണ പലകയ്‌ക്ക്‌ മുക്കാൽ ഇഞ്ച്‌ കനം ഉണ്ടാകും. തെങ്ങിൻതടിക്ക്‌ ഭാരം കൂടുതലായതിനാൽ മറ്റു പലകകളുടെ ഇടയിൽ മാത്രമേ ഇത്‌ ഉപയോഗിക്കാറുളളൂ.

തോണിനിർമ്മാണം തുടങ്ങുമ്പോൾ, ആദ്യം തോണിയുടെ നീളത്തിനനുസരിച്ച്‌ ഏതാനും തെങ്ങിൻതടികൾ കുറുകെ മുറിച്ചിടുന്നു. ഇവയിലാണ്‌ തോണിയുടെ ആദ്യത്തെ തടി ഉറപ്പിക്കുന്നത്‌. തോണിയുടെ ഏറ്റവും താഴെ നടുവിലത്തെ നീണ്ടതടിയാണ്‌ ആദ്യം ശരിയാക്കിയെടുക്കുന്നത്‌. തോണിയുടെ ആകൃതിയ്‌ക്കനുസരിച്ച്‌ കൗണി മരത്തിന്റെ തടിയിൽ ചട്ടക്കൂട്‌ മുകളിലേയ്‌ക്കുയർത്തുന്നു. ഇതിൻമേലാണ്‌ പലകകൾ ഉറപ്പിക്കുന്നത്‌. ഇതിന്‌ പിത്തള ആണി ഉപയോഗിക്കുന്നു. പലകകൾ തമ്മിൽ തടി ഉപയോഗിച്ച്‌ കൂർത്ത കുറ്റികൾ ഉണ്ടാക്കി ചേർത്ത്‌ ഉറപ്പിക്കുന്നു. (മറ്റു ദ്വീപുകളിൽ പലകകൾ തമ്മിൽ കയർകൊണ്ട്‌ കെട്ടി ഉറപ്പിക്കുന്ന പതിവുണ്ട്‌). താഴെനിന്നും മുകളിലേയ്‌ക്കാണ്‌ പലകകൾ ഉറപ്പിച്ചുവരുന്നത്‌. ഏറ്റവും മുകളിൽ വീതികൂടിയ തടി ഉപയോഗിക്കുന്നു. രണ്ട്‌ പലകകൾക്കിടയിലുളള വിടവ്‌ നികത്താൻ അവിടെ കയർ ചുറ്റികകൊണ്ട്‌ അടിച്ചുകയറ്റുന്നു. പിന്നീട്‌ ചുണ്ണാമ്പും ഇനാമൽ പെയിന്റും കലർത്തി തേയ്‌ക്കുന്നു. ഫെവിക്കോൾ, അറക്കപ്പൊടി എന്നിവ പെയിന്റിനോട്‌ ചേർത്തും ഉപയോഗിക്കാറുണ്ട്‌. വലിപ്പം കൂടുതലുളള തോണികൾക്ക്‌ സ്രാവിന്റെ എണ്ണയും ഉപയോഗിച്ചിരുന്നു എന്ന്‌ പഴമക്കാർപറയുന്നു. മിശ്രിതത്തിനുപയോഗിക്കുന്ന പെയിന്റ്‌ തോണിയുടെ നിറത്തിലുളളതുതന്നെയായിരിക്കും. വിടവ്‌ നികത്താനുളള സാധനങ്ങൾ കടയിൽ തന്നെ വാങ്ങാൻ കിട്ടുമെന്നതിനാൽ ഇപ്പോൾ അധികമാരും പഴയരീതികൾ സ്വീകരിക്കാറില്ല. പണി പൂർത്തിയായാൽ രണ്ടു പ്രാവശ്യം പ്രൈമർ തേയ്‌ക്കുന്നു. പിന്നെ തോണിക്ക്‌ ആവശ്യമുളള നിറം കൊടുക്കുന്നു. സാധാരണയായി തോണിയുടെ പണിതീരാൻ രണ്ടോമൂന്നോ മാസം എടുക്കാറുണ്ട്‌. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗതയിൽ നടത്തി മുപ്പത്‌ ദിനങ്ങൾകൊണ്ട്‌ പൂർത്തിയായ തോണികളുമുണ്ട്‌.

തോണികൾ പലതരം ഉണ്ട്‌. വലിയ തോണിക്ക്‌ ഏകദേശം മുപ്പത്‌ അടിയോളം നീളവും പത്തടിയോളം വീതിയും സാധാരണ ഉണ്ടാകാറുണ്ട്‌. 25 മുതൽ 35 വരെ കുതിരശക്‌തിശേഷിയുളള എൻജിൻ ഇതിൽ സ്ഥിരമായി ഉറപ്പിക്കുന്നു. ഇതിന്റെ പിൻഭാഗത്ത്‌ നാല്‌ അടിയോളം ലംബമായി ഉറപ്പിച്ചിട്ടുളള പലകക്കഷണങ്ങളിലാണ്‌ ഗതിനിയന്ത്രണം. ഇതിനുളളിലൂടെ കയർവഴി ഏറ്റവും പിന്നിൽ ജലനിരപ്പിനുതാഴെയുളള ദിശ നിയന്ത്രിക്കുന്ന പലകയുമായി മുകൾഭാഗം ബന്ധിച്ചിരിക്കുന്നു. ഈ തോണിയിൽ ‘ചാളപ്പെട്ടി’ വച്ച്‌ മത്സ്യബന്ധനത്തിനുപയോഗിക്കുന്നു. മത്സ്യബന്ധനത്തിനായി 25 മൈൽ ദൂരം സാധാരണ പോകാറുളള ഈ വലിയ തോണി ‘ലാഞ്ച്‌’ എന്ന്‌ അറിയപ്പെടുന്നു. ‘ദോണി’ ‘ബോട്ട്‌’ എന്നൊക്കെ അറിയപ്പെടുന്ന ചെറിയ തോണികൾക്ക്‌ 10 മുതൽ 12 അടിവരെ നീളവും 5 അടിയോളം വീതിയുമുണ്ടാകും. ഇവയിൽ താല്‌ക്കാലികമായി ഉറപ്പിക്കുന്ന 8മുതൽ 15വരെ കുതിരശക്തിശേഷിയുളള എൻജിനാണ്‌ ഉപയോഗിക്കുന്നത്‌. ഇവ തുഴഞ്ഞുംപോകാറുണ്ട്‌. യാത്രക്കാരെകയറ്റാനും ലഗൂണിൽ മത്സ്യബന്ധനത്തിനും ഇവ ഉപയോഗിക്കുന്നു. എൻജിൻ ഉൾപ്പെടുത്താതെ, വലിയ തോണിക്ക്‌ നിർമ്മാണച്ചെലവ്‌ ഒരുലക്ഷം രൂപയോളം വരുമ്പോൾ ചെറിയവയ്‌ക്ക്‌ ഇത്‌ മുപ്പതിനായിരം രൂപയോളം വരും.

വളളംകളി മത്സരത്തിന്‌ ഉപയോഗിക്കുന്ന തോണികൾക്ക്‌ ചുണ്ട്‌ ഉണ്ടായിരിക്കും. ഇതിൽ കൊത്തുപണികൾ ഉൾപ്പെടെയുളള അലങ്കാരങ്ങൾ കാണാം. “വളളംകളിക്കും വിശിഷ്‌ടാതിഥികൾക്ക്‌ അകമ്പടി സേവിക്കാനും മാത്രമേ ചുണ്ടൻവളളം ഉപയോഗിക്കൂ. മീൻപിടിക്കാനത്‌ ഉപയോഗിക്കാറില്ല”. നേരത്തേ ഓരോ ഗ്രാമവും ഓരോ ചുണ്ടൻ വളളത്തെ കാത്തുസൂക്ഷിച്ചിരുന്നു. തുഴ (പങ്കായം) തോണിയുടെ വലിപ്പമനാസരിച്ച്‌ തെങ്ങിൻ തടിയിൽ നിർമ്മിക്കുന്നു. ഓടികൾ ദ്വീപിൽ നിർമ്മിക്കാറില്ല. അവ വൻകരയിൽ പണിയിക്കുകയാണ്‌ പതിവ്‌. പണിതീർന്നതോണികൾ വെളളത്തിൽ ഇറക്കും മുന്നേയും മുക്രി വന്ന്‌ ഓതാറുണ്ട്‌. അപ്പോഴും ചായയും പലഹാരങ്ങളും വിതരണം ചെയ്യുന്നു. ചിലപ്പോൾ ക്ഷണിക്കപ്പെട്ടവർക്കായി ഒരുക്കുന്നത്‌ ബിരിയാണിയാണ്‌. ഉരുളാൻ പാകത്തിനിട്ടിരിക്കുന്ന കുറേ തെങ്ങിൻതടികളുടെ പുറത്തുകൂടിയാണ്‌ പണിതീർന്ന തോണി കടലിലേയ്‌ക്കിറക്കുന്നത്‌. കുട്ടികൾ ലഗൂണിൽ കളിക്കാൻവേണ്ടി നിർമ്മിക്കുന്ന ആകർഷകങ്ങളായ ചെറിയ തോണികൾക്ക്‌ ‘ബോമ്പിയോടി’ എന്നു പറയുന്നു. ലക്ഷദ്വീപിലെ തോണി നിർമ്മാണത്തിന്‌ പോളിനേഷ്യൻ രീതികളുമായുളള സാദൃശ്യത്തെക്കുറിച്ച്‌ ‘ലക്ഷദ്വീപ്‌ നൂറ്റാണ്ടുകളിലൂടെ’ എന്നഗ്രന്ഥത്തിൽ ഡോ.എൻ.മുത്ത്‌ക്കോയ വിശദമാക്കുന്നുണ്ട്‌.

പറഞ്ഞുതന്നത്‌- എച്ച്‌.എ. ഹസ്സൻ, മുഹമ്മദ്‌ എ.

Generated from archived content: kaivela_dece3.html Author: vinod_ar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here