കൈക്കൊട്ടിക്കളിഃ
താളത്തിന് ഒപ്പം ചുവട് വയ്‌ക്കുകയും കൈക്കൊട്ടുകയും കണ്ണും തലയും ശരിക്കും നിശ്ചിതസ്ഥലങ്ങളിലേയ്‌ക്ക് ചലിക്കുകയും താളത്തിന് ഒപ്പം പാട്ടുപാടുകയും ചെയ്യണം. മെയ്‌വഴക്കവും ചിട്ടയായുള്ള പഠനവും അത്യാവശ്യമാണ്. ഇതാണ് ഈ കളിയുടെ സമ്പ്രദായം.
തൂപ്പുകളിഃ
എല്ലാവരും കണ്ണടച്ച് വട്ടമായി ഇരിക്കുക. അതിൽ ഒരു കുട്ടി ഒരു തൂപ്പു കൈയിൽ പിടിച്ച് വട്ടമായിരിക്കുന്ന കുട്ടികളുടെ പുറകിൽകൂടി ഓടിയിട്ട് ഈ പാട്ടു പാടണം. ഇത് വട്ടമായിരിക്കുന്ന കുട്ടികളും പാടണം.
കൊലകൊല മുന്തിരിങ്ങ
കൊണ്ടുവാ മുന്തിരിങ്ങ
എന്നിട്ട് ഈ പാട്ട് പാടിയിട്ട് ഒരു കുട്ടിയുടെ പിന്നിൽ തൂപ്പ് ഇടുക. ആരുടെ പിന്നിലാണോ തൂപ്പ് വീണത് ആ കുട്ടി അതെടുത്ത് ഓടണം. എന്നിട്ട് ഇപ്പോഴത്തെ പ്രാന്തി മറ്റേ പ്രാന്തിയെ പിടിക്കാൻ ചെല്ലണം. അപ്പോൾ മുമ്പത്തെ പ്രാന്തി മറ്റെ പ്രാന്തിയുടെ സ്ഥലത്ത് ഇരിക്കണം. ഇപ്പോൾ പ്രാന്തി തൂപ്പ് പിന്നിൽ വീണ കുട്ടി തന്നെയാണ്. കാരണം മുമ്പത്തെ പ്രാന്തിയെ പിടിക്കാൻ പറ്റിയില്ല. ഇതിന്റെ ആവർത്തനമാണ് കളി.
അടയ്‌ക്കാ കളിഃ
10 കുട്ടികൾ വരിവരിയായി ഇരിക്കുക. കൈകൾ കൂട്ടിപ്പിടിച്ച് മടിയിൽ വയ്‌ക്കണം. ഒന്നാമതായി ഇരിക്കുന്ന കുട്ടി പഴുത്ത അടയ്‌ക്ക കൈയിൽ വയ്‌ക്കണം. അടയ്‌ക്ക കൈയിൽ ഉള്ളത് ആരും കാണരുത്. എന്നിട്ട് ആ കുട്ടി എല്ലാ കുട്ടികളുടേയും മടിയിൽ അടയ്‌ക്ക വയ്‌ക്കുന്നതുപോലെ കാണിക്കണം. ഏതെങ്കിലും ഒരു കുട്ടിയുടെ മടിയിൽ അടയ്‌ക്ക ശരിക്കും വയ്‌ക്കണം. അത് ആരും കാണാൻ പാടില്ല. എന്നിട്ട് കൈയിൽ അടയ്‌ക്ക കിട്ടിയ കുട്ടി താഴെ പറഞ്ഞിരിക്കുന്ന പാട്ട് പാടണം.
അതിലേപോയി ഇതിലേപോയി
മാണിക്ക്യച്ചെമ്പഴുക്കൊ
ആരാന്റെ തോട്ടത്തിലേ-
പാട്ടത്തിലേച്ചെമ്പഴുക്ക.
ഇതിന്റെ ആവർത്തനമാണ് കളി.
ചോണനുറുമ്പുകളിഃ
എല്ലാ കുട്ടികളും കുമ്പിട്ടു നിന്ന് കൈകൾ കാലിന്റെ കണ്ണിയിൽ പിടിയ്‌ക്കുക. എന്നിട്ട് താഴെ കൊടുത്തിരിയ്‌ക്കുന്ന പാട്ട് കാലിന്റെ കണ്ണിയിലും, കാൽമുട്ടിലും, അരയിലും, നെഞ്ചിലും, തലയിലും തൊട്ട് പാടുക.
തട്ടീട്ടും പോണില്ല ചോണനുറുമ്പ്
മുട്ടീട്ടും പോണില്ല ചോണനുറുമ്പ്
മുട്ടോളം വന്നു ചോണനുറുമ്പ്
ട്ടീട്ടും പോണില്ല ചോണനുറുമ്പ്
അരയോളം വന്നു ചോണനുറുമ്പ്
നെഞ്ചോളം വന്നു ചോണനുറുമ്പ്
തലയോളം വന്നു ചോണനുറുമ്പ്
തട്ടീട്ടും പോണില്ല ചോണനുറുമ്പ്
ഹ, ഹ, ഹ ചോണനുറുമ്പ് ആകാശത്തേയ്‌ക്ക് പോയല്ലോ
ചോണനുറുമ്പ്
ചോണനുറുമ്പേ വാ വാ ചോണനുറുമ്പേ വാ വാ
പുളിയൻമാവ് നട്ടുതരാം ചോണനുറുമ്പിന് താമസിക്കാൻ.
ഇതിന്റെ ആവർത്തനമാണ് കളി.
സ്നേഹപ്രാന്തിഃ
ഈ കളിയിൽ കുട്ടികളിൽ ഒരു കുട്ടി പ്രാന്തിയാകുന്നു. ബാക്കിയുള്ള കുട്ടികൾ ഓടുന്നു. പ്രാന്തിയായ കുട്ടി പിടിയ്‌ക്കാൻ വരുമ്പോൾ ആ കളിയിലെ കുട്ടികൾ പരസ്പരം കൈ പിടിയ്‌ക്കണം. എല്ലാവരും ഇങ്ങനെ പിടിയ്‌ക്കണം. ഇങ്ങനെ കൈ പിടിക്കാതെ നിൽക്കുന്ന കുട്ടിയെ പ്രാന്തി തൊട്ടാൽ പിന്നത്തെ കളിയിൽ ആ കുട്ടി പ്രാന്തിയാകുന്നു. ഇതിന്റെ ആവർത്തനമാണ് കളി.
കണ്ണ്‌കെട്ടി കളി
കുറെ കുട്ടികളിൽ ഒരു കുട്ടിയുടെ കണ്ണ് തുണികൊണ്ട് കെട്ടുന്നു. എന്നിട്ട് ആ കുട്ടി മറ്റുള്ള കുട്ടികളെ പിടിക്കാൻ പോകുന്നു. പിടിക്കാൻ ചെല്ലുമ്പോൾ ആ കളിയിലെ ആരെയാണോ പിടിത്തം കിട്ടിയത് ആ കുട്ടിയാണ് ആ കളിയിലെ അടുത്ത പ്രാന്തി. കണ്ണ് കെട്ടിയ കുട്ടി വെല്ല അപകടത്തിലേക്ക് ചാടുകയാണെങ്കിൽ അത് പറയണം. ഇതാണ് ഈ കളിയുടെ സമ്പ്രദായം.
സൂചിക്കളി
കുറെ കുട്ടികളിൽ ഒരു കുട്ടി സൂചി എറിയാൻ നിൽക്കുന്നു. ബാക്കിയുള്ള കുട്ടികൾ എറിയുന്ന ആൾ ഇരിക്കുന്ന സ്ഥലത്തു നിന്ന് തിരിഞ്ഞു നിൽക്കുക. എന്നിട്ട് സൂചി എറിയുമ്പോൾ എറിയുന്ന ആൾ ഒരു പാട്ട് പാടണം. പാട്ട് താഴെ കൊടുത്തിരിക്കുന്നു.
കാക്കിരി പൂക്കിരി കണ്ണും ചിരട്ട
ഭാഗ്യമുള്ളവർ എടുത്തോളൂ.
ഈ പാട്ട് പാടി കഴിഞ്ഞിട്ട് എല്ലാവരും സൂചി തിരയുന്നു. ആ സൂചി ഇരിക്കുന്ന സ്ഥലത്ത് കുട്ടികൾ എത്തുമ്പോൾ ചൂട് എന്നു പറയുന്നു. അടുത്തല്ലെങ്കിൽ തണുപ്പ് എന്നും പറയുന്നു. പിന്നെ സൂചി കിട്ടിയ ആൾ ആരെയും അറിയിക്കാതെ എറിയാൻ ഇരിക്കുന്ന ആളുടെ കൈയിൽ കൊണ്ടു കൊടുക്കണം. ആ കുട്ടി കളിയിൽ ജയിക്കുന്നു. മറ്റു കുട്ടികൾ ആ കുട്ടി സൂചി എടുക്കുന്നത് കണ്ട് സൂചി കിട്ടിയ കുട്ടിയുടെ തലയിൽ സൂചി എറിയാൻ ഇരിക്കുന്ന ആളുടെ കൈയിൽ സൂചി കൊടുക്കുന്നതിനു മുമ്പ് തൊട്ടാൽ ആ കുട്ടി തോൽക്കുന്നു. കളി തുടരാം.
തുമ്പിതുള്ളൽഃ
ഒരു കുട്ടിയെ നടുവിൽ ഇരുത്തി ചുറ്റും കുട്ടികൾ ഇരിയ്‌ക്കുക. എന്നിട്ട് തുമ്പിയ്‌ക്ക് വിറയൽ വരുന്ന തരത്തിൽ താഴെ കൊടുത്തിരിക്കുന്ന പാട്ട് പാടുക. നടുവിൽ ഇരിക്കുന്ന കുട്ടിയാണ് ഈ കളിയിലെ തുമ്പി.
എന്താ തുമ്പി തുള്ളാത്തെ
പൂ പോരാഞ്ഞോ പൂക്കൊല പോരാഞ്ഞോ (എന്താ)
പന്തലടിച്ചു തെളിക്കാഞ്ഞോ
പന്തലിന്നലങ്കാരം പോരാഞ്ഞോ (എന്താ)
ആളുകൾ പോരാഞ്ഞോ അലങ്കാരെ പോരാഞ്ഞോ (എന്താ)
കിണ്ണത്തിൽ എണ്ണ പോരാഞ്ഞോ (എന്താ)
കിണ്ടിവെള്ളം തുളുമ്പാഞ്ഞോ (എന്താ)
കസ്തൂരി കളഭങ്ങൾ പോരാഞ്ഞോ (എന്താ)
ഒന്നാമൻ കൊച്ചുതുമ്പി എന്റെ കൂടേ പോരുന്നെങ്കിൽ-
കളിപ്പാനായ് കളം തരുവേൻ
കുളിപ്പാനായ് കുളം തരുവേൻ (എന്താ)
ഇട്ടിരിപ്പാൻ മണിപ്പലക-
ഇട്ടുണ്ണാൻ പൊൻതടുക്ക് (എന്താ)
വെച്ചുണ്ണാൻ ചിറ്റുരുളി-
വിളമ്പാൻ ചെമ്പുകോരികാ ഞാൻ തരുവേ-
എന്താ തുമ്പി തുള്ളാത്തെ.
നൂറാംകോൽ കളിഃ
11 ഈർക്കിലി എടുക്കുക. അതിലൊരെണ്ണം നല്ല നീട്ടമുള്ളതും ബാക്കി 10 എണ്ണം ഒരേ വലുപ്പമുള്ളതും ആയിരിക്കണം. അതിലെ നീട്ടം കോലിനെ നൂറാം കോലെന്നു പറയുന്നു. പതിനൊന്ന് ഈർക്കിലിയും ചിതറിയിടുക. നൂറാം കോലിൽ ഒരു ഈർക്കിലിയെങ്കിലുമില്ലെങ്കിൽ കളി ഉണ്ടാവുകയില്ല. ആദ്യം തന്നെ ചെറുകോലിൽ ഒന്ന് എടുക്കുക. അതുകൊണ്ടുവേണം ബാക്കിയെല്ലാമെടുക്കാൻ. കോലുകൾ എടുക്കുമ്പോൾ മറ്റേ കോലുകൾ അനങ്ങരുത്. നൂറാം കോൽ അനങ്ങാതെ എടുത്താൽ 100 മാർക്കാണ്. ബാക്കിയുള്ളവ അനങ്ങാതെ എടുത്താൽ ഓരോന്നിനും പത്തു മാർക്കും കിട്ടുന്നു. ഒരേ തരത്തിലുള്ളവ എല്ലാം അനങ്ങാതെ എടുത്താൽ നൂറ് മാർക്ക് കിട്ടുന്നു. ഈർക്കിലികൾ ഇട്ടു കഴിഞ്ഞാൽ ഒക്കെ അനങ്ങാതെ എടുത്താൽ 200 മാർക്ക് കിട്ടുന്നു. അല്ലെങ്കിൽ പല പ്രാവശ്യമായി 10കൾ കൂട്ടി 200 മാർക്ക് കിട്ടുകയും ചെയ്യും. ആദ്യം 200 തികയുന്ന കുട്ടിയാണ് ഈ കളിയിൽ ഒന്നാമൻ.
കിളിമാസ്
13 ആളുള്ള കളിയ്‌ക്ക് രണ്ട് വശങ്ങളിലും 6 കളികൾ വീതമുള്ള കളം വരയ്‌ക്കുക. അത് കുട്ടികളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. അതിലെ ഒരു കുട്ടി നടുവിൽ കിളിയായി നിൽക്കുന്നു. ബാക്കിയുള്ള കുട്ടികളെ രണ്ടു സെറ്റായി നിർത്തുന്നു. എന്നിട്ട് രണ്ടുവശങ്ങളിലും രണ്ടു സെറ്റ് നിൽക്കുന്നു. എന്നിട്ട് വലതുവശത്ത് നിൽക്കുന്ന കുട്ടികളിൽ ഒരു കുട്ടി വലതു വശത്തുനിന്ന് ഇടതുവശത്തേയ്‌ക്ക് കള്ളിയിൽ കൂടി കിളിയുടെ അടി കിട്ടാതെ വെട്ടിച്ച് കടക്കണം. കിളി കൈ എത്തിച്ച് അടിയ്‌ക്കും. അങ്ങനെ കിളി അടിച്ചാൽ ആ കുട്ടി തോറ്റു. വലതുവശത്തുനിന്ന് ഇടതുവശത്തേയ്‌ക്ക് കിളിയുടെ അടി കിട്ടാതെ കടന്നാൽ ആ കുട്ടി ജയിച്ചു. പിന്നെ ഇടതുവശത്ത് നിൽക്കുന്ന കുട്ടികളിൽ ഒരു കുട്ടി മുമ്പ് എഴുതിയതുപോലെ തന്നെ ചെയ്യണം. ഇതുപോലെ രണ്ടു സെറ്റിലെ എല്ലാ കുട്ടികളും ചെയ്യണം. ഏത് സെറ്റിലെ കുട്ടികളാണോ ഇങ്ങനെ കിളിയുടെ അടി കിട്ടാതെ കൂടുതൽ കടന്നവർ ആ സെറ്റ് ഈ കളിയിൽ ജയിച്ചു.
സമ്പാദനം ഃ വിനിത ബാബു, അഞ്ചേരി.
പറഞ്ഞുതന്നത് ഃ അഞ്ചേരി പാണോളിൽ സീതമ്മ.
Generated from archived content: kutti_nattariv_feb12_08.html Author: vineetha_babu