അനുഷ്‌ഠാനത്തിൽനിന്ന്‌ അരങ്ങിലേക്ക്‌ ഷെക്‌നറുടെ നിരീക്ഷണം

പൂർവ്വനിവാസികളുടെ പിൻഗാമികളായി ഇന്നും നിലകൊളളുന്ന വിവിധ വംശീയർ തങ്ങളുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കലാരൂപങ്ങളും അവരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ‘രംഗകല’യിലൂടെ നിലനിർത്തിപ്പോരുന്നുണ്ട്‌. ജീവിതരീതികൾ ശൈലീവത്‌കൃതമായി ഒരുക്കുമ്പോൾ അത്‌ ജീവിതത്തിലെ മറ്റൊരു ക്രിയ മാത്രമായി മാറുന്നു. അതിനെ മറ്റുളളവർ ‘രംഗകല’ എന്നു വിളിക്കുമ്പോൾ ജീവിതവും കലയും തമ്മിലുളള അകൽച്ച ഉൾക്കൊളളുന്നു. നായാട്ടുജീവിതത്തിലെ വീരത്വവും സൂക്ഷ്മതയും അതേപോലെ ഉപയോഗിച്ച്‌ ഉല്ലാസത്തിനും ഫലദായകത്തിനും വേണ്ടി ക്രമീകരിക്കുന്ന ഒരു നൃത്തരൂപം പോപ്‌വ്വാ ന്യുഗിനിയാക്കാർക്ക്‌ ഉണ്ട്‌. ഇവർക്ക്‌ കെയ്‌കോ എന്ന പേരിലറിയപ്പെടുന്ന ഒരു നൃത്തോല്ലാസവുമുണ്ട്‌. നൃത്തം ഇതിലെ ഒറ്റപ്പെട്ട ഒരിനമല്ല. ഈ നൃത്തത്തിന്റെ ഭാഗമായി ഒരു പ്രദേശത്തുനിന്ന്‌ ജനങ്ങൾ മറ്റൊരു പ്രദേശത്തേയ്‌ക്കു പോകുമ്പോൾ ഒരു കൂട്ടർ അതിഥികളും മറ്റേക്കൂട്ടർ ആതിഥേയരുമാകുന്ന സാമൂഹ്യബന്ധം യുദ്ധവുമായി ബന്ധപ്പെട്ടതാണ്‌. ആതിഥേയർ അതിഥികൾക്ക്‌ പന്നിമാംസഭക്ഷണം നൽകുമ്പോൾ അതിഥികൾ പകരം പലയിനം സമ്മാനങ്ങൾ നൽകുന്ന ചടങ്ങ്‌ കൈമാറ്റ സമ്പ്രദായമെന്ന കച്ചവടമാനം കാണിക്കുന്നു. ഇതിൽ ഒരു കച്ചവട മൂല്യസമതുലനം ഉണ്ടാകില്ല. അതിനാൽ മറ്റൊരു കെയ്‌കോ ഒരുക്കി അതിഥികളും ആതിഥേയരും പരസ്പരം തങ്ങളുടെ പദവി മാറി മാംസവും ചരക്കുകളും കൈമാറുന്നു. ഇവിടെ സാമ്പത്തിക കച്ചവടമൂല്യസമതുലനം കലയും നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്‌. ഇതിലെ നൃത്തവും മാംസഭക്ഷണമെന്ന അതിഥിസത്‌കാരവും സാമ്പത്തിക വ്യവസ്‌ഥയുമായി ബന്ധപ്പെടുത്തിയേ കാണാനാകൂ. ഒപ്പംതന്നെ ഇത്‌ കച്ചവടം, സൗഹാർദ്ദം, ഇണയെകണ്ടെത്തൽ, സൈനികബന്ധം സ്‌ഥാപിക്കൽ തുടങ്ങി നിരവധി മാനങ്ങൾ ഉൾക്കൊളളുന്ന ഒരു ക്രിയയുമാണ്‌. കെയ്‌കോ മാമങ്കത്തിനു പോകാനുളള ഒരുക്കം ഒരു യുദ്ധത്തിനുപോകുന്നതിനുളള ഒരുക്കവുമായി വലിയ സാമ്യം പുലർത്തുന്നു. യുദ്ധത്തിനു പോകുമ്പോൾ അണിയുന്ന ഓരോ ഇനവും ശക്തിയായി നൃത്തം ചെയ്യാനും ഉപകരിക്കുന്നു. യുദ്ധവും നൃത്തവും ഇവിടെ ഒന്നാകുന്നു. നൃത്തമണ്‌ഡപത്തിലേയ്‌ക്കിറങ്ങുന്നതുതന്നെ ആയോധനപരമായിട്ടാണ്‌. നൃത്തം യുദ്ധത്തിന്റെ സിംബോളിക്‌ രൂപമായിത്തീരുന്നു. നൃത്തത്തിൽ പന്നിക്കൂട്ടങ്ങളെ ഒരുക്കുമ്പോൾ അത്‌ പ്രാദേശികമായ മൃഗ പ്രദർശനമെന്ന ഒരു അഭിമാനചിഹ്‌നത്തിന്റെ സാംസ്‌ക്കാരിക രൂപാന്തരമാകുന്നു. സാംസ്‌ക്കാരികമായ ഒരു ലക്ഷണശാസ്‌ത്രവും പാരിസ്‌ഥിതികശാസ്‌ത്രവും കൂടിയാണത്‌. അയൽക്കാരുമായുളള ബന്ധം, തന്റെ സ്‌ഥലപരിധിയുടെ മേൽക്കോയ്‌മ അംഗീകരിക്കുന്നപോലെ അയലത്തുകാരന്റെയും അംഗീകരിക്കൽ, അയൽപ്രദേശക്കാർക്ക്‌ നായാടാനും മറ്റുമുളള സ്‌ഥലപരിധിയുടെ നിർണ്ണയപ്പെടുത്തൽ എന്നിവ ഈ നൃത്തത്തിലൂടെ ഉഭയകക്ഷി ഉടമ്പടിയായിത്തീരുന്നു.

കെയ്‌കോനൃത്തം ഒരു വർഷം നീണ്ടുനിൽക്കും. അതിൽ കോഞ്ച്‌ കെയ്‌കോ ഏതാനും ദിവസങ്ങളേ ഉണ്ടാകൂ. കെയ്‌കോ വർഷം വളരെ അപൂർവ്വമായിരിക്കും. ഇവരുടെ യുദ്ധ/ സമാധാന കാലങ്ങളുടെ ഇടവേളയും പന്നിയുടെ അംഗസംഖ്യയും കെയ്‌കോനൃത്തത്തിന്റെ ഘടകങ്ങളാണ്‌. ഓരോ കെയ്‌കോയ്‌ക്കും ഇടയ്‌ക്കുളള കാലം പന്നിയുടെ അംഗസംഖ്യകൂട്ടുന്നതിനുളള കാലവുമാണ്‌. എല്ലാവർക്കും പന്നിമാംസം കൊടുക്കുന്ന ക്രിയയോടെ ഓരോ തവണത്തെ കെയ്‌കോ നൃത്തവും അവസാനിക്കുന്നു. നൃത്തമൊരുങ്ങുന്ന രംഗമണ്‌ഡപം സമൂഹസദ്യയിലവസാനിക്കും. ഇവ വെറും അനുഷ്‌ഠാനമല്ല. തങ്ങളുടേതു പരസ്പരം കൈമാറാനുളളതാണ്‌ ഈ നൃത്തവേദി. പരസ്പരയുദ്ധവും സംഹാരവുമെന്ന സ്വഭാവത്തെ പരസ്പര കൂട്ടുകെട്ട്‌ എന്നതാക്കിമാറ്റുന്ന വേദിയാണിത്‌. അബോധതലത്തിൽ ആരോഗ്യപരമായ ഒരു തിരിച്ചുകൊടുക്കലും ഇതിൽ സംഭവിക്കുന്നു. അയൽദേശങ്ങൾ തമ്മിൽ യുദ്ധമുണ്ടാവുക സ്വാഭാവികമാണ്‌. രണ്ടു കെയ്‌കോനൃത്തസംഭവങ്ങൾക്കിടക്കിതുണ്ടാകുന്നതും പതിവാണ്‌. എന്നാൽ നൃത്തമെന്ന സംഗതി നടക്കുമ്പോൾ രണോൽസുകത നടനമായി രൂപാന്തരപ്പെടുന്നു. ഗ്രീക്ക്‌ തിയറ്ററിലും പിന്നീട്‌ പാശ്ചാത്യതിയറ്ററുകളിലും ഇതുപോലുളള ഭാവം അടങ്ങിയിട്ടുളളതു കാണാം. ഗ്രീക്കു നാടകങ്ങളിലും മറ്റും ദൈവം, ദൈവതുല്യനായകൻമാർ, വ്യക്തികൾ, അയൽപ്രദേശങ്ങൾ എന്നീ ഘടകങ്ങളുടെ സമരസംഘട്ടനങ്ങൾ അരങ്ങത്ത്‌ അതിന്റെ ഭാഷയിൽ സിംബോളിക്കായി അവതരിപ്പിക്കുന്നണ്ടല്ലോ. ശരിയായ സംഘട്ടനത്തിന്റെ സിംബോളിക്‌ രൂപമാണീയരങ്ങുകൾ. രണ്ടുതരത്തിലാണ്‌ നൃത്തത്തിലേയ്‌ക്കുളള ഈ രൂപാന്തരം ഗുണം ചെയ്യുന്നത്‌. 1. സമൂഹത്തിലെ അനാരോഗ്യപ്രവണതകളെയും പെരുമാറ്റത്തെയും ഒരു സിംബോളിക്‌ നടനമാക്കി മാറ്റി ചെയ്യുന്ന ശുദ്ധീകരണം. 2. നവീന കഥാപാത്രങ്ങളുണ്ടാക്കി ഒരു കല്പനാസൃഷ്‌ടി നിർമ്മിക്കുകയോ കാല്പനിക കഥകളിലൂടെ വേണ്ട കഥാപാത്രങ്ങളെ ഉണ്ടാക്കുകയോ ചെയ്‌ത്‌ സമൂഹത്തിന്‌ അതറിയാതെതന്നെ കൊടുക്കാവുന്ന ശുദ്ധികലശം.

നടനകല കഥാപാത്രസൃഷ്‌ടിയിലൂടെ കാല്പനിക കഥകൾ മെനഞ്ഞെടുക്കുമ്പോൾ ഈവിധ കലാസൃഷ്‌ടികൾ പകയും വിദ്വേഷവും സമൂഹത്തിൽനിന്ന്‌ പുറത്തുകളയുന്നു. അതിനാൽ ഈവിധ നടനം സമുദായത്തിന്റെ സമഗ്രപരിസ്‌ഥിയെ കാത്തുസൂക്ഷിക്കുന്നു. ഈവിധ പ്രകടന / നടനങ്ങളെല്ലാം കഴിഞ്ഞ നൂറ്റാണ്ടുവരെ പ്രധാനധാരയിൽപ്പെടുത്താൻ പലരും മടിച്ചിരുന്നു. ഇന്ന്‌ അവയെല്ലാം അരികുസത്യങ്ങൾ എന്ന നിലയ്‌ക്ക്‌ പഠനമർഹിക്കുന്നവയായിത്തീർന്നിരിക്കുന്നു. പലപ്പോഴും കെയ്‌കോ എൻഗുവര തുടങ്ങിയ പോപ്‌വ്വാഗിനിയൻ അനുഷ്‌ഠാന / ആചാര / സാമൂഹ്യച്ചടങ്ങുകൾ / നൃത്തനാടകങ്ങൾ കലാപങ്ങൾക്കറുതി വരുത്താനുളള ഒത്തുചേരലുമാകാറുണ്ട്‌. സമുദായത്തിലെ അംഗമാക്കുന്ന അരങ്ങേറ്റച്ചടങ്ങുകളും മറ്റും അതിനു പറ്റിയ സന്ദർഭങ്ങളാണ്‌. അരുന്ത വർഗ്ഗത്തിന്റെ നിർവ്വഹണകലയായ എൻഗുവര പുരുഷൻമാരുടെ ആചാരകലയാണ്‌. അതിൽ ഓരോരുത്തരുടെയും പ്രായം, സാമൂഹ്യപദവി എന്നീ നിലകളിലുളള കൂടിച്ചേരൽ പ്രധാനമാണ്‌. യുവാവ്‌, പങ്കെടുക്കുന്നയാൾ, പ്രായവും പക്വതയും ആർജ്ജിച്ചതിനാൽ അടുത്തതലമുറയ്‌ക്ക്‌ പറഞ്ഞുകൊടുത്ത്‌ അവരെക്കൊണ്ടു ചെയ്യിക്കുന്ന നേതൃസ്‌ഥാനീയൻ, കാഴ്‌ചക്കാരൻ എന്നീ ശ്രേണികൾ അടങ്ങുന്നതാണ്‌ ഈ നടനസമൂഹം. നൃത്തവും കഥയും പാട്ടും എല്ലാമടങ്ങുന്ന മൂന്നു നാലു മാസം നീണ്ടു നിൽക്കുന്ന ഈ ആചാരനുഷ്‌ഠാനപ്രകടനങ്ങൾക്ക്‌ ചാക്രികസ്വഭാവമുണ്ട്‌. അതവരുടെ ജീവിതചക്രവുമായി സാമ്യം പുലർത്തുന്നതുമാണ്‌. നിമിഷങ്ങൾ മാത്രമുളള അനുഷ്‌ഠാനവും മണിക്കൂറുകൾ മാത്രമുളള അനുഷ്‌ഠാനവും മാസങ്ങൾ നീണ്ടുനിൽക്കുന്ന അനുഷ്‌ഠാനവും വർഷങ്ങൾ നീണ്ടുനിൽക്കുന്ന അനുഷ്‌ഠാനവും അവരുടെ ജീവിത / സാമൂഹ്യ പരിസ്ഥിതിയുടെ പതിപ്പാണ്‌. അവരുടെ ആചാരങ്ങളടങ്ങിയ നൃത്തനാടകങ്ങൾ അവരുടെ അതിപ്രാചിനഘട്ടത്തെക്കുറിച്ചുളള സ്വപ്‌ന സ്‌ഥല/കാലങ്ങളിൽ നിബദ്ധമാണ്‌. അതിനാൽ ഓരോ കാല്പനിക സന്ദർഭവും ഓരോ പ്രദേശത്തെ പ്രത്യേകസ്‌ഥലത്തു നടന്നതായി വിഭാവനം ചെയ്യുമ്പോൾ അത്‌ ചരിത്രവും മിത്തും ഭൂമിശാസ്‌ത്രവും എല്ലാം കൂടിച്ചേർന്ന മിഥ്യാതഥ്യ വിവേചനമില്ലാത്ത സമഗ്രതയായിത്തീരുന്നു. ഇവയിലൊന്നും അവർ അവരുടെ ക്രിയകളെ/ പ്രകടനത്തെ സൗന്ദര്യാത്‌മക വിശകലനത്തിനു വിധേയമാക്കാറില്ല.

വ്യക്തി/നടൻ – കതാപാത്രം – അരങ്ങ്‌

പോപ്‌വ്വാന്യൂഗിനിയിലെ കുറുമുഗൾ സഭാതലത്തിൽ ശത്രുപക്ഷക്കാർ ഒത്തുചേരും. പന്നിയെക്കൊന്ന്‌ അതുവേവിച്ച്‌ തന്റെ അതിഥി (ശത്രുപക്ഷം) ക്കു വേണ്ടി ഒരുക്കിയെടുക്കുന്നത്‌ ഒരു ക്രിയയാണ്‌. ഓരോ കുടുംബവും തങ്ങളുടെ സ്വത്ത്‌ എന്ന മട്ടിൽ അതു പ്രദർശിപ്പിക്കുകയും ചെയ്യും. ആ സന്ദർഭത്തിനു വേണ്ടി കെട്ടിയുണ്ടാക്കിയ മാടങ്ങളിൽ ആണുങ്ങൾ അണിഞ്ഞൊരുങ്ങും. മെയ്യെഴുത്തും മുഖത്തെഴുത്തും ചായംതേക്കലും തൂവൽകൊണ്ട്‌ ശിരോലങ്കാരവും ഒരുങ്ങലിന്റെ ഭാഗമാണ്‌. ഇയാൾ ഒരു കാല്പനിക കഥാപാത്രമാകാതെ അയാളായിത്തന്നെ നിലകൊണ്ട്‌ തന്റെ സാമൂഹ്യപദവിയും അധികാരവും പ്രഖ്യാപിക്കും. ഈ ‘നാടക’ത്തിനു വേണ്ട മൂലപ്രമാണം ഉളളപ്പോൾ ഇവിടെ വേഷം കെട്ടിയിട്ടുണ്ടെങ്കിലും അയാൾ ആ നാടകത്തുടർച്ചയിൽ അയാളുടെ ജീവിതത്തിലെ വളരെ വസ്‌തുനിഷ്‌ഠമായ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും നടൻ എന്ന നിലയ്‌ക്കുവേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാൻ മടിക്കില്ല. കൃത്യമായ മൂലപ്രമാണത്തിൽ ഈ വിധം യഥാർത്ഥ ജീവിതരംഗങ്ങളും നാടകരംഗങ്ങളും കൂട്ടിച്ചേർക്കുന്ന ഈ രീതി അരങ്ങിലും സിനിമയിലും ടെലിവിഷനിലുമെല്ലാം ഇന്നുപയോഗിക്കുന്നുണ്ട്‌. ഒരു കാര്യം വസ്‌തുനിഷ്‌ഠമായി അവതരിപ്പിക്കുന്നതിനിടയിൽ ‘ആ വസ്‌തുനിഷ്‌ഠയെ’ത്തന്നെ അതേവിധം കാണിക്കുന്ന പതിവ്‌ ഇന്നു പരിചയമാണ്‌. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആ വസ്‌തുനിഷ്‌ഠതയെ ‘ഉദ്ധരിക്കുന്നു’. ന്യൂസ്‌ വസ്‌തുനിഷ്‌ഠമായി പറയുന്നതിനിടയ്‌ക്ക്‌ ആ കാഴ്‌ച അതേപോലെ ഉദ്ധരിച്ചു കാണിക്കുന്നു. അങ്ങനെ ചെയ്യുന്നത്‌ ടെലിവിഷന്റെ ഒരു മാദ്ധ്യമ സാദ്ധ്യതയാണ്‌. സംഭവവുമാണ്‌. അത്‌ ക്യാമറയുടെ ഒരു സന്ദർഭവും ആണ്‌. വിഷയം, മാദ്ധ്യമം, ക്യാമറ എന്നിവയുടെ ഓരോന്നിന്റെയും വ്യക്തിത്വം ഇതിലുണ്ട്‌. ഇവയുടെയെല്ലാം സമഗ്രതയായിരുന്നു അപ്പോൾ ആ ദൃശ്യം. കുറുമുഗൾ നടൻ തന്റെയാൾക്കാരെ തൃപ്‌തിപ്പെടുത്തുന്ന വിധം അഭിനയിച്ചശേഷം തന്റെ അതിഥികളെ (ശത്രുക്കളെ) തൃപ്‌തിപ്പെടുത്തുന്ന വിധത്തിലും അഭിനയിക്കും. ഇക്കൂട്ടർക്ക്‌ ഇന്ന്‌ ടെലിവിഷനുൾപ്പെടെ എല്ലാ ആധുനിക മാദ്ധ്യമബന്ധവുമുണ്ട്‌. വളരെ ആദിമമായ സംസ്‌ക്കാരത്തിൽനിന്ന്‌ പെട്ടെന്ന്‌ വ്യവസായാനന്തരലോകത്തേക്കാണ്‌ ഇങ്ങനെയുളളവർ എത്തിപ്പെടുന്നത്‌. അപ്പോഴിത്‌ ആധുനികോത്തര ഗോത്രമനസ്‌ഥിതിയായിത്തീരും. ഇവിടെ ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പിനേക്കാൾ കൂട്ടായ്‌മയാണ്‌ മുഖ്യമാകുന്നത്‌. അതുകൊണ്ടുതന്നെ പ്രാചീനവംശീയതയുടെ കൂട്ടായ്‌മ ഉത്തരാധുനികകാലവുമായി ബന്ധപ്പെട്ട്‌ ഒരു പുതിയ കൂട്ടായ്‌മയുടെ ഫോർമുല കണ്ടെത്തുന്നു. ഇവിടെ വ്യക്തിയുടെ സന്നിഗ്‌ദ്ധഭാവം ഇല്ലാതാകുന്നു.

കുറുമുഗൾ വംശക്കാരുടെ ഈ പ്രകടനത്തിൽ പഴയരീതിയിലുളള അണിയലുകളുടെ കൂടെ നവീനമായ കറുത്ത കണ്ണട, സിഗററ്റ്‌ ഹോൾഡർ പോലുളളവയും ചേർക്കുന്നു. പന്നിയിറച്ചി പകരം കൊടുത്ത്‌ കഴിഞ്ഞതവണ തന്റെ അതിഥി തനിക്കു നൽകിയതിന്റെ ഒപ്പമെത്താൻ ആതിഥേയനാവുകയില്ല. അയാൾ എന്നും കടക്കാരനായിരിക്കും. ഈ കടബാദ്ധ്യത അടുത്ത പ്രകടനത്തിനുളള ഒരു കാരണമാണ്‌. അതിൽ കഴിഞ്ഞതവണത്തെ അതിഥി / ആതിഥേയൻ എന്നിവർ പരസ്പരം കടം കൊണ്ടും കൊടുത്തും ജീവിക്കുമ്പോൾ അവരുടെ അഭിമാനം, മൽസരം, സാമ്പത്തികനില എന്നിവ ഈവിധ അനുഷ്‌ഠാനത്തെ നിലനിർത്തുന്നതിനു സഹായിക്കുന്ന ഒരു ചാക്രികതയായി മാറുന്നു. അതിഥികൾ രണോൽസുകരായിട്ടാണ്‌ വരുന്നത്‌. ആതിഥേയർ തങ്ങളുടെ സ്‌ഥലവും പന്നിയിറച്ചിയും സുരക്ഷിതമാക്കാനുളള തയ്യാറെടുപ്പിലുമായിരിക്കും. ഇതൊരു യുദ്ധനൃത്തമാണ്‌. കുന്തവും മറ്റുമാണ്‌ ആയുധങ്ങൾ. രഹസ്യമായി വരുന്ന എതിരാളികൾക്കു പകരം നൃത്തക്കാരും കൊല്ലപ്പെടുന്ന മനുഷ്യർക്കു പകരം പന്നിമാംസവും ഇവിടെ സിംബോളിക്‌ രീതിയിൽ അരങ്ങേറുന്നു. ഈ യുദ്ധം ഈ മട്ടിൽ ഒരു സമൂഹനാടകമായിത്തീരുന്നു. എല്ലാവർക്കുമറിയാവുന്ന ഒരു പ്രമാണമൂല്യത്തിൽ ഒരുങ്ങിനിന്ന്‌ അതൊരഘോഷമായി അരങ്ങേറുന്നു. ഇതിലെ സാമൂഹ്യാംശവും സൗന്ദര്യാംശവും തമ്മിൽ വ്യത്യാസമില്ല. സാമൂഹ്യനാടകങ്ങൾക്ക്‌ വ്യതിയാനങ്ങൾ ധാരാളമുണ്ടാവും. ഒരു കളിയിലേതുപോലെ. എന്നാൽ സൗന്ദര്യശാസ്‌ത്രത്തിൽ അധിഷ്‌ഠിതമായ നാടകങ്ങൾക്ക്‌ നിയതമായ രീതിയുണ്ടാകും. ഈ നാടകങ്ങൾ സമൂഹനാടകങ്ങളേക്കാൾ ആലങ്കാരികവുമായിരിക്കും. വളരെ കുറവ്‌ പ്രേരകശക്തിയേ അതിനുണ്ടാവുകയുളളൂ. സമൂഹനാടകത്തിന്‌ പ്രേരകശക്തിയേറും.

ആക്രമണം നടത്തുന്നവരുടെ (അഥിതികൾ) പ്രകടനം പലതവണ ആവർത്തിക്കും. ഓരോ ആക്രമണത്തെയും ആതിഥേയർ പ്രത്യാക്രമണം കൊണ്ടു നേരിടും. പന്നിമാംസക്കൂമ്പാരത്തിനു ചുറ്റുമുളള ഈ അനുഷ്‌ഠാനയുദ്ധനൃത്തം പെട്ടെന്നു നിർത്തിക്കൊണ്ട്‌ പ്രഭാഷി വചന/ഗാനങ്ങൾ ഉറക്കെ പറയുംഃ “നിങ്ങൾ എന്റെ അച്‌ഛനും മുത്തച്‌ഛനും കൊടുത്ത പന്നിയേക്കാൾ ഭാരം കൂടുതലുളള പന്നിയെ ഞാൻ നിങ്ങൾക്കു തരുന്നു. അതിനാൽ നിങ്ങൾ എനിക്ക്‌ കടക്കാരനായി മാറിയിരിക്കുന്നു. ഞങ്ങളുടെ യുദ്ധസന്നാഹങ്ങളിൽ നിങ്ങളുടെ സഹായം ഉണ്ടാകണം.” ഈ ചൊല്ലുകളുടെ കൂട്ടത്തിൽ ആക്ഷേപശരങ്ങളുമുണ്ടാകും. നേരത്തേയുളള വൈരത്തിന്റെ മുഴുവൻ ശക്തിയും ഈ അനുഷ്‌ഠാനനൃത്ത/ഗാനങ്ങളിൽ മുഴങ്ങും. പന്നിമാംസം പങ്കുവച്ച്‌ ഇരുവിഭാഗക്കാരും ഔപചാരികമായി പിരിയും.

അഭിനയത്തിന്റെ കടകംതിരിയൽ ഒരു തവണ അതിഥിയായവർ അടുത്ത തവണ അതിഥേയരാവുന്ന കടകംതിരിയൽ സാമൂഹ്യമനശ്ശാസ്‌ത്രത്തിൽ പ്രധാനമാണ്‌. അനുഷ്‌ഠാനവും രംഗപരതയും ചേരുന്ന നിത്യജീവിത ബന്ധമുളളവയാണ്‌.

മിക്കവാറും എല്ലാ സമുദായത്തിലും ഓരോ കാലത്ത്‌ ഫലദായകത്വമുളള ആചാരത്തിനോ വിനോദദായകമായ രംഗകലയ്‌ക്കോ പ്രാമാണ്യമുണ്ടാകുന്നത്‌ കാണാനാകും. ഒന്നു ദുർബലമാകുമ്പോൾ മറ്റേത്‌ പ്രബലമാകും. ഈ വ്യത്യാസം സമുദായത്തിന്റെ സമഗ്രമായ പരിണാമത്തിലെ വ്യതിയാനങ്ങൾക്കനുസൃതമായിരിക്കും. എല്ലാക്കാലത്തും ഫലദായകത്വമുളള ആചാരവും വിനോദദായകത്വമുളള രംഗകലയും തമ്മിൽ വൈരുദ്ധ്യാത്‌മകമായ പിരിമുറുക്കം കാണിക്കുന്നുണ്ട്‌. ഇവ രണ്ടും തമ്മിലുളള ഈ പിരിമുറുക്കത്തിൽ വിനോദദായകരംഗകലയാണ്‌ പാശ്ചാത്യരാജ്യങ്ങളിൽ കൂടുതൽ പ്രബലമായിട്ടുളളത്‌. വിനോദത്തിനു പ്രാധാന്യം വരുമ്പോൾ ജനപ്രിയ ഫോർമുലകൾക്കാവും മുഖ്യസ്‌ഥാനം. പാശ്ചാത്യലോകത്ത്‌ മദ്ധ്യകാലത്തിന്റെ അന്ത്യഘട്ടത്തിൽ പളളിയുടെ അനുഷ്‌ഠാനങ്ങൾ, കൊട്ടാരാചാരങ്ങൾ, സദാചാരസംഹിതകൾ, മേളകൾ എന്നിവ പ്രധാനമായിരുന്നു. നവോത്‌ഥാനകാലഘട്ടത്തോടെ ഇംഗ്ലണ്ടിൽ ഇവയെല്ലാം മങ്ങാൻ തുടങ്ങുകയും എലിസബത്തൻ പബ്ലിക്‌കലയരങ്ങുകൾ ശക്തിപ്രാപിക്കാൻ തുടങ്ങുകയുമുണ്ടായി. ഒപ്പംതന്നെ ഇംഗ്ലണ്ടിൽ ഉന്നതകുലർക്കുവേണ്ടി പ്രൈവറ്റ്‌ കലാവേദികളും ഉത്‌ഭവിച്ചു. എന്നാൽ ക്രൈസ്‌തവവേദപുസ്‌തകങ്ങളിലെ അനുശാസനകളും ആചാരമുറകളും അതേപോലെ അനുഷ്‌ഠിക്കണമെന്നു വാദിക്കുന്ന സദാചാരവാദികൾ 1642 ൽ എല്ലാ അരങ്ങുകളും നിർത്തൽ ചെയ്‌തു. പിന്നീട്‌ 1660 ൽ പുനഃസ്‌ഥാപനം നടത്തിയപ്പോൾ പ്രൈവറ്റുരംഗകലയരങ്ങുകൾ മാത്രമേ പുനർജനിച്ചുളളൂ. അവയെല്ലാം വിടത്വം, വിഷയാസക്തി, വേശ്യാവൃത്തി എന്നീ വിഷയങ്ങൾക്ക്‌ പ്രാമാണ്യം നൽകിയവയായിരുന്നു. 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ ഇത്‌ ബൂർഷ്വാ അരങ്ങുകളായിത്തീർന്നു. ഇന്നും അത്‌ തുടരുന്നുണ്ട്‌. എന്നാൽ സമാന്തരമായ ചലനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഉണ്ടായി. ഫലദായകത്വകലയരങ്ങുകൾക്കു പകരം സാമൂഹ്യ-രാഷ്‌ട്രീയ നാടകങ്ങളാണ്‌ പ്രബലമായത്‌. ഇവ ശാസ്‌ത്രീയ യുക്തിജ്ഞാനത്തിലധിഷ്‌ഠിതമായി കച്ചവട പ്രാധാന്യമാർന്ന ആഡംബരത്തെ എതിർത്തു. എന്നാൽ മുന്നോടികലാകാരൻമാർ ബൂർഷ്വാ ചിന്തയെ വെല്ലുവിളിച്ചുകൊണ്ട്‌ വിവിധ രംഗശൈലികളും ടെക്‌നിക്കുകളും പുനഃസൃഷ്‌ടിച്ചു. ഇവർ വളരെ സ്വാതന്ത്ര്യത്തോടെ പരീക്ഷണനാടകം, ഗവേഷണയരങ്ങ്‌ എന്നീ പദങ്ങൾ ഉപയോഗിക്കുകയും ചെയ്‌തു. 19-​‍ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-​‍ാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെയും ഫലദായക അരങ്ങുകൾ ശാസ്‌ത്രീയവും ആരോഗ്യകരവുമായി തുടർന്നു. അതിനുശേഷം വളരെ മതപരമായിത്തീരുകയും ചെയ്‌തു. ആനന്ദദായക അരങ്ങുകൾ പ്രബലമാണെങ്കിലും മുന്നോടി കലാകാരൻമാർ രാഷ്‌ട്രീയകാര്യങ്ങൾ, നിത്യജീവിതസംഭവങ്ങൾ, മാനസിക വിശ്ലേഷണം തുടങ്ങി നിരവധി വസ്‌തുതകൾ ചേർത്ത്‌ കല/ജീവിത വൈരുദ്ധ്യം നിരാകരിക്കുന്നുണ്ട്‌. 1990 കളോടെ ഈവിധ ഫലദായകയരങ്ങുകൾ വളരെ പ്രബലമാകുമെന്ന്‌ കരുതിയിരുന്നെങ്കിലും വിചാരിച്ചപോലെ അതിന്റെ വളർച്ചയുണ്ടായില്ല. എന്നാലും ആ ദിശയിലേയ്‌ക്കുളള നീക്കം ശക്തമാണ്‌.

Generated from archived content: porattu_dec3.html Author: vijayakumar_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English