‘വൃക്ഷം എന്ന മോട്ടിഫ്‌ ’ -പ്രാചീനകലയിലും ആധുനികകലയിലും

അനാദികാലം മുതലുളള ഓരോ ചിന്തയും ഇന്നും നമ്മുടെ ഭാവനയെ സ്വാധീനിക്കുകയും വളർത്തുകയും ചെയ്യുന്നു. ചിന്തയുടെ ആദിമൂലം (Primodial concept) നാടോടികലകൾപോലെ ആധുനിക കലയേയും സ്വാധീനിക്കുന്നു. ഫോക്ക്‌ലോർ, ഫോക്ക്‌ആർട്ട്‌ എന്നിവയിൽ വരുന്ന അനേകം ഇമേജുകളും ചിഹ്നങ്ങളും മോട്ടീഫായി ഇന്നും നിലകൊളളുന്നു. വൃക്ഷം എന്ന ‘പദാർത്ഥ’വും രൂപവും ആശയവും ഈ വിധത്തിൽ ഒരു മോട്ടീഫാണ്‌. വൃക്ഷത്തെ കേന്ദ്രമാക്കി അനേകായിരം കഥകളും തത്ത്വചിന്താസംഹിതകളും ഗാനങ്ങളും കലാരൂപങ്ങളും എന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

വൃക്ഷം ആരോഹണത്തിന്റെ ചിഹ്നമാണ്‌. കാണ്‌ഡം അനേകം ആശയങ്ങൾ ഉൾക്കൊളളുന്ന സിബലും. ശിഖരവും ഇലപ്പടർപ്പും വൃക്ഷത്തിന്റെ വികാസമാണ്‌. ഇല പൊഴിക്കുന്ന വൃക്ഷം പുനർജന്മം ദൃശ്യവത്‌ക്കരിക്കുന്നു. ഇലയെല്ലാം പൊഴിച്ച്‌ വീണ്ടും തളിർക്കുന്ന വൃക്ഷകാണ്‌ഡം മരണമില്ലാത്ത ആത്മാവിനു തുല്യം. അത്‌ അതിന്റെ നാളവ്യൂഹത്തിലൂടെ കോശരസം മേല്‌പോട്ടുകയറ്റി രസോദ്‌ഗതി ഉണ്ടാക്കുന്നു. ഏറ്റവും പ്രാചീനമായ ഈ ബോധം സസ്യശാസ്‌ത്രത്തിൽ പറയുന്ന ascent of sap ആണ്‌. കാണ്‌ഡത്തിന്റെ ലംബാക്ഷത്തിൽ (Verticalaxis) വൃക്ഷമെന്ന ‘ആത്‌മീയ-ഭൗതീക’ ബന്ധം പ്രാചീനം കണ്ടു. വസന്തർത്തുവിൻ പഴയ ഇലകൾ കൊഴിഞ്ഞ്‌ പുതുനാമ്പുകൾ ഉണ്ടാകുന്നത്‌ ഭാരതീയർ ഉർവ്വരതയുടെ കോമളഭാവമായ രതിയുമായി ബന്ധപ്പെടുത്തി. വസന്തത്തെ രതി കാമൻമാരുടെ സഖനുമാക്കി. വസന്തോത്‌സവം ആഘോഷിക്കാത്ത ഒരു സമൂഹവും പണ്ട്‌ ഉണ്ടായിരുന്നില്ല. സാർവ്വലൗകികമാണ്‌ ആ ചിന്ത. പ്രാദേശികവ്യത്യാസം മാത്രമുളള ഇത്‌ അനുഷ്‌ഠാനവും ആചാരവും തത്ത്വചിന്തയും ഭൗതികശാസ്‌ത്രവും കലയും എല്ലാമടങ്ങുന്ന മാനവചിന്തക്ക്‌ ഒരു പ്രകരണം ആണ്‌ എന്നും, എവിടെയും. വൃക്ഷവും സ്‌ത്രീയും തമ്മിലുളള ബന്ധം സാലഭജ്ജികയായി ക്ലാസിക്കൽ കലകളിലും സാഹിത്യത്തിലും ഭാരതത്തിൽ നിലനിന്നു. മെയ്‌ദിനത്തിൽ ചുറ്റിക്കറങ്ങി നൃത്തം വയ്‌ക്കുവാനായി നാട്ടിയലങ്കരിക്കുന്ന ദീർഘഭണ്‌ഡാണ്‌-ലംബാക്ഷമാണ്‌-പാശ്ചാത്യർക്ക്‌ മെയ്‌പോൾ. ‘തെങ്ങുപോലുളള തലയെടുപ്പും’ ‘പനപോലുളള വളർച്ചയും’ ലംബാക്ഷത്തെ മോട്ടീഫായെടുത്ത നമ്മുടെ നാടൻ ചൊല്ലുകളാണ്‌.

മെയ്‌വൃക്ഷം എന്നത്‌ ഭൂമിയും ആകാശവും തമ്മിൽ യോജിപ്പിക്കുന്ന നാഡീകാണ്ഡം (Axis Mundi) ആണ്‌. മെയ്‌വൃക്ഷം വളർന്നു പന്തലിക്കുന്നത്‌ ഈ ലോകത്തിലല്ല. അത്‌ ഉത്തരധ്രുവ നക്ഷത്രത്തിൽ കേന്ദ്രീകൃതമാകുന്നു എന്നാണ്‌ സങ്കല്പം. അവിടെ സ്വർഗ്ഗം ഉണ്ടാകുന്നു. സ്വർഗ്ഗത്തിൽ നിന്ന്‌ ആ കാണ്‌ഡം താഴെക്കു വരുന്നു-ഭൂമിയുടെ അച്ചുതണ്ടാകാൻ. May poleലും Pole Star ലും ഉളള Pole (തണ്ട്‌, ധ്രുവം) അതിപ്രാചീനകാലം മുതലുളള ഭൂമി-വാന ബാന്ധവം എന്ന സങ്കല്പത്തെ സൂചിപ്പിക്കുന്നു. കൂടക്കല്ലു തുടങ്ങി പിരമിഡും സ്‌തൂപവും എല്ലാം കാണ്‌ഡത്തിന്റെ ലംബമാനത എന്ന ആശയത്തിൽനിന്ന്‌ നിർദ്ധാരണം ചെയ്‌തെടുത്ത ദൃശ്യഭാഷയും രൂപവും ആണ്‌.

മദ്ധ്യ ആസ്‌ട്രേലിയയിലെ ‘അരുന്ത’ വർഗ്ഗത്തിന്‌ ഈ ദണ്‌ഡ്‌ പ്രധാനമാണ്‌. ലോകം സൃഷ്‌ടിച്ച ‘നെമ്പാക്കുല’ എന്ന ദൈവം തന്റെ സൃഷ്‌ടിക്കുശേഷം ഒരു വൃക്ഷത്തിന്റെ തണ്ട്‌ ഭൂമിയിൽ കുത്തിനിർത്തി, അതിലൂടെ കയറി ആകാശലോകത്തേക്ക്‌ എന്നെന്നേക്കുമായി മറഞ്ഞു. ഈ സംഭവത്തിന്റെ ഒരു അംശഭാവം എന്നപോലെ ഈ വർഗ്ഗക്കാർ അവരുടെ കൈയിൽ ഒരു ദണ്‌ഡ്‌ കൊണ്ടുനടക്കും. ആ ദണ്‌ഡ്‌ ചൂണ്ടുന്ന മാർഗ്ഗത്തിലേക്കാണ്‌ അവരുടെ മാർഗ്ഗം എന്നവർ വിശ്വസിക്കുന്നു. ദണ്‌ഡ്‌ ഒടിഞ്ഞാൽ മാർഗ്ഗവും ലക്ഷ്യവും ഇല്ലാതായി, തന്റെ അസ്തിത്വത്തിന്റെ തണ്ടെല്ലൊടിഞ്ഞു എന്നു നിശ്ചയിച്ച്‌ അക്കൂട്ടർ മരിക്കുവാനായി നിലത്ത്‌ കിടക്കും. തന്റെ ലംബമാനത ഒടിഞ്ഞ്‌ തിരശ്ചീനമായിത്തീരുക എന്നതാണ്‌ ഇവർക്ക്‌ മരണം. ഭൂമിയും ആകാശവും തമ്മിലുളള ദണ്‌ഡും സ്വന്തം ശരീരവും ഭൂമിയും ആകാശവും തമ്മിലുളള ഈ ബന്ധം മിക്കവാറും എല്ലാ പ്രാചീന സംസ്‌കാരത്തിലും നാട്ടുമൂപ്പന്‌മാരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആചാരാനുഷ്‌ഠാനങ്ങളിൽ അധിഷ്‌ഠിതമാണ്‌. ഇതിന്റെ അനേകം ചിത്രലിഖിതങ്ങൾ പല രാജ്യങ്ങളിലേയും ആദിവാസി സംസ്‌കാരകേന്ദ്രങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്‌. ആദിദൈവം ചെയ്‌തു എന്നു കരുതുന്നപോലെ നാട്ടുമൂപ്പൻ വൃക്ഷകാണ്‌ഡത്തിലൂടെ മുകളിലേക്കു കയറുന്നത്‌ പലയിടങ്ങളിൽ നിന്നു ലഭിച്ച ചിത്രങ്ങളിൽ കാണാം. സൈബീരിയ, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ചില വർഗ്ഗക്കാർക്കും ഇതേ ആചാരമുണ്ടത്രെ.

സൈബീരിയൻ മൂപ്പൻ ഈ വിധത്തിലുളള ‘മരം കേറൽ’ നടത്തുമ്പോൾ ഇങ്ങനെ പാടുമത്രേ.

‘ഏനൊരു പടി കേറിയേയ്‌,

ഏനൊരു നിലയിൽ എത്തിയേയ്‌,

ഏൻ രണ്ടാം ഭൂതലത്തിലൂടൂണ്ടു കടന്നേയ്‌,

ദാ കണ്ടോ, താഴെ ഭൂമി തുണ്ടുകളായല്ലൊ’

ഈ വിധത്തിൽ ഓരോ പടി കയറി മുകളിലെത്തി ബയ്‌ഉൽഗൻ എന്ന ദൈവവുമായി സംസാരിക്കുന്നു. കൃഷിയെ കുറിച്ച്‌ ഇരുവരും സംവാദം നടത്തിയ ശേഷം മൂപ്പൻ ഒരുന്മാദാവസഥയിൽ താഴെ വന്ന്‌ കിടക്കുന്നു. പിന്നീട്‌, വളരെക്കാലമായി പിരിഞ്ഞിട്ട്‌ എന്നമട്ടിൽ ജനങ്ങളോട്‌ സംസാരിക്കുന്നു. അനേകകാലത്തെ വേർപാട്‌ എന്ന ആശയം അയാളുടെ സംസാരത്തിലും പ്രവൃത്തിയിലും അയാൾ പ്രകടിപ്പിക്കുന്നു. ലംബമാനതയിലേക്ക്‌ ഉയർന്ന അയാൾക്ക്‌ ഉപരിസമയം (Cosmic time)ആണുളളത്‌. ഭൂമിയിൽ നില്‌ക്കുന്നവർക്ക്‌ തിരശ്ചീന സമയം (Horizontal time) മാത്രമേയുളളു. സമയത്തിന്റെ രണ്ട്‌ അക്ഷങ്ങൾ ഇവർ സ്വാഭാവികമായി അനുഭവിക്കുന്നു.

ഭാരതത്തിൽ കുണ്‌ഡലിനി ശക്തിയെ ഉണർത്തി ഉയർത്തുകയാണ്‌ പതിവ്‌. സിദ്ധാർത്ഥൻ ബുദ്ധനായി ഉയരുന്നത്‌ അഗ്രത്തിൽ മാത്രം ഇലകളും ശിഖരങ്ങളും ഉളള വളയാത്ത നീണ്ട തണ്ടുളള വൃക്ഷരൂപത്തിലാണ്‌. വൃക്ഷം എന്നും ഭാരതത്തിൽ ഒരു മോട്ടീഫാണ്‌. ഊർദ്ധ്വമൂലമായുളള വൃക്ഷത്തെക്കുറിച്ച്‌ കഠോപനിഷത്തിലും ഭഗവത്‌ഗീതയിലും പരാമർശമുണ്ട്‌. വേരുകൾ മുകളിലായുളള വൃക്ഷം യഹൂദചിന്തയിലും ഉണ്ട്‌. അതിപ്രാചീനകാലം മുതൽ ഓരോ സംസ്‌കാരത്തിലും വൃക്ഷത്തിന്റെ ലംബമാനതയും തിരശ്ചീനതയും ഒരു മോട്ടീഫായി ഉപയോഗിച്ചത്‌ ആധുനികകലയിലും തുടരുന്നു.

മോൺഡ്രിയാൻ (Piet Mondrian)

അതിപ്രാചീന വൃക്ഷസങ്കല്പത്തെ ആധുനിക കലയിൽ മോട്ടീഫായി ഉപയോഗിച്ചവരിൽ ഏറ്റവും പ്രധാനി മോൺഡ്രിയാനായിരിക്കും. എല്ലാവിധ ദ്വന്ദ്വങ്ങളുടെയും സമ്മേളനം എന്ന നിലക്ക്‌ ലംബ-തിരശ്ചീനങ്ങളുടെ യോജിപ്പ്‌ മോൺഡ്രിയാൻ ചിത്രകലയിൽ കൊണ്ടുവന്നു. അനാദികാല ചിന്തയായ ലംബ-തിരശ്ചീനങ്ങളിൽ താൻ നിമഗ്‌നനായിരിക്കുന്നു എന്ന്‌ അദ്ദേഹം പറയുന്നുമുണ്ട്‌.

അതിപ്രാചീന സംസ്‌കാരത്തിന്റെ ഈ അമൂർത്തതയിലേക്ക്‌ മോൺഡ്രിയാൻ വരുന്നത്‌ വൃക്ഷത്തിന്റെ ശരിപ്പകർപ്പു പഠനത്തിലൂടെയാണ്‌. ഏതാണ്ട്‌ അഞ്ചുവർഷം നീണ്ടു നിന്ന ഈ പഠനത്തിൽ അതിപ്രാചീന ചിന്തയായ ലംബമാനതക്ക്‌ ആധുനിക ആദ്ധ്യാത്‌മികതലം ലഭിച്ചു. രാത്രി-പകൽ, ജനനം-മരണം, ആണ്‌-പെണ്ണ്‌, ഭൗതികം-ആദ്ധ്യാത്‌മീകം എന്നിവയിലൂടെ ഒരു മിസ്‌റ്റിക്ക്‌ വിവാഹത്തിൽ തന്റെ മനസ്സ്‌ ഏർപ്പെട്ടതായി മോൺഡ്രിയാൻ പറയുന്നു. ഇവിടെ അതിപ്രാചീനനും ആധുനിക അമൂർത്ത ചിത്രകാരനും ഒരുപോലെ മാന്ത്രികശക്തി അനുഭവിക്കുന്ന വ്യക്തി (Shaman)യാണ്‌. ആദിമൂല ലംബ-തിരശ്ചീനങ്ങൾ (Primodial Vertical -horizontals)മോൺഡ്രിയാന്റെ ജ്യോമിട്രിക്‌ അമൂർത്തകലയിൽ ക്രമാനുഗതമായ ഒരു പരിണാമം പ്രകടിപ്പിക്കുന്നു. കണ്ടും കേട്ടും നേടിയ അറിവ്‌ അവബോധത്തിലൂടെ സമകാലികമായി പ്രവഹിക്കുന്നു എന്ന്‌ ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നുമുണ്ട്‌. സൈബീരിയയിലെ മൂപ്പന്റെ പാട്ടുപോലെ ഓരോ പടി കയറി ശുദ്ധ അമൂർത്തതയിൽ മോൺഡ്രിയാൻ എത്തുന്നു. ഈ പരിണാമം ആധുനിക കലയിലെ പ്രാചീനതയും പ്രാചീനതയിലെ ആധുനികതയുമാണ്‌.

Generated from archived content: katt_april4.html Author: vijayakumar_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English