മെഴുകുരുക്കി ലോഹരൂപമുണ്ടാക്കുന്ന കലാവിദ്യ

വെളേളാട്‌, വെങ്കലം, പിച്ചള എന്നീ പേരുകളിലറിയപ്പെടുന്ന ലോഹങ്ങളാണ്‌ കേരളത്തിൽ മിക്കവാറും എല്ലായിടത്തും പണ്ടുമുതൽ ഉപയോഗിച്ചുവന്നിട്ടുളളത്‌. വെങ്കലം എന്നു പൊതുവേ പറയപ്പെടുന്ന ഇതിൽ ചെമ്പും തകരവും ആണ്‌ അടങ്ങിയിട്ടുളളത്‌. ലോഹ അയിരുകൾ ചേർത്ത്‌ ഓരോ തവണയും പുതിയ ലോഹക്കൂട്ട്‌ നിർമ്മിക്കാറില്ല. പഴയവ പൊട്ടിച്ച്‌ വീണ്ടും ഉരുക്കിയുപയോഗിക്കുകയാണ്‌ പതിവ്‌. ലോഹഖനനവും മറ്റും കേരളത്തിൽ ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ട്‌ പുതിയലോഹം കൂട്ടിയെടുക്കുന്ന ശീലമില്ല. വേണമെങ്കിൽ പഴയതു പൊട്ടിച്ചെടുത്തതിന്റെ കൂടെ ചെമ്പോതകരമോ കൂട്ടണമെന്നുണ്ടെങ്കിൽ അതു ചെയ്യുമെന്നുമാത്രം. വാർക്കുന്നതിന്‌ പൊതുവായ ഒരു രീതി കാണുന്നുണ്ട്‌. എങ്കിലും ചില പ്രാദേശിക വ്യത്യാസങ്ങൾ കാണാം. ഓരോ പ്രദേശത്ത്‌ ലഭിക്കാവുന്ന അസംസ്‌കൃതവസ്‌തുക്കളുടെ സാദ്ധ്യത, ഓരോ നാട്ടിലെയും അറിവ്‌ എന്നിവയാണ്‌ ഈ വ്യതിയാനങ്ങൾക്കു കാരണം.

വാർക്കുന്നതിന്റെ പൊതുരീതിഃ വേണ്ട രൂപത്തിന്റെ ആകൃതി ആദ്യം മെഴുകിൽ ഉണ്ടാക്കിയെടുക്കും. അതിനുമുകളിൽ മണ്ണ്‌ പൊത്തിപ്പിടിപ്പിച്ച്‌ ചുടും. ചുടുമ്പോൾ മെഴുക്‌ ഉരുകിപ്പോകും. അപ്പോഴതിലുണ്ടാകുന്ന ശൂന്യസ്ഥലത്തേക്ക്‌ (മെഴുകുണ്ടായിരുന്ന ‘രൂപ’സ്‌ഥലം) ഉരുക്കിയ ലോഹം ഒഴിക്കും. തണുത്തശേഷം ചുട്ടമണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ ‘രൂപം’ പുറത്തെടുക്കാം. അതിൽ മെഴുകിൽ നിർമ്മിച്ച രൂപം പകർന്നിരിക്കും. CIRE PERDU (Lost wax method) എന്ന ഇതിനെ മലയാളത്തിൽ മെഴുകുരുക്കി രൂപമുണ്ടാക്കുന്ന ലോഹകലാവിദ്യ എന്നുപറയുന്നു. ഇതാണ്‌ വാർക്കുന്നതിൽ ഏറ്റവും പ്രാഥമികവും പ്രധാനവും പ്രചാരവുമുളള വിദ്യ.

കരുപ്പിടിപ്പിക്കാനുളള മെഴുകുണ്ടാക്കുന്നത്‌ഃ തേന്മെഴുക്‌ 1&2 കിലോ+തെളളി അഥവാ കുങ്കല്യം 1 കിലോ+തിരിയുണ്ടാക്കാനുളള മെഴുക്‌ 300ഗ്രാം+ആവണക്കെണ്ണ 200 ഗ്രാം. ആദ്യം തെളളി (കുങ്കല്യം) ഉരുക്കുന്നു. അതിലേയ്‌ക്ക്‌ തേന്മെഴുകും തിരിയുണ്ടാക്കുന്ന മെഴുകും ഇടുന്നു. ഈ മിശ്രിതം വേണ്ടവിധത്തിലുരുകിയാൽ അതിൽ ആവണക്കെണ്ണ ചേർക്കുന്നു. ഒരു പരന്ന പാത്രത്തിൽ ഒഴിച്ചുവച്ചിട്ടുളള തണുത്ത വെളളത്തിലേയ്‌ക്ക്‌ ഈ മിശ്രിതം ഈരിഴത്തോർത്തിലൂടെ അരിച്ചൊഴിക്കുന്നു. വെളളത്തിൽ ഈ മിശ്രിതം പരന്ന്‌ ഒരു ഫലകം പോലെ കിട്ടും. ഈ മെഴുകുഫലകം എങ്ങനെ വേണമെങ്കിലും വളയ്‌ക്കാനും രൂപപ്പെടുത്താനും പറ്റിയ പാളിയായിരിക്കും. ആവശ്യമുളളത്ര പാളികൾ ഇങ്ങനെ ഉണ്ടാക്കിയെടുക്കാം. കുറച്ചു കറുത്ത പൊടി മെഴുകിന്റെ കൂടെ ചേർത്താൽ അതിന്റെ സുതാര്യത കുറച്ചെടുക്കാം. ഈ മെഴുകുപാളികളുപയോഗിച്ച്‌ വേണ്ട രൂപങ്ങൾ നിർമ്മിക്കാം.

മണ്ണുപൊതിയൽഃ മെഴുകിൽ വേണ്ട രൂപം ഉണ്ടാക്കിയശേഷം അതിന്‌ മുകളിൽ മണ്ണു പൊതിയുന്നതാണ്‌ അടുത്തഘട്ടം. മൂന്നു തവണകൾ&പാളികൾ ആയാണ്‌ മണ്ണ്‌ പൊതിയുന്നത്‌. ‘ഒന്നാം മണ്ണ്‌’ വളരെ മിനുസമുളളതും ഏറ്റവും ചെറിയ തരികൾ ഉളളതുമായിരിക്കണം. നേരത്തെ ഇതുപോലുപയോഗിച്ച മണ്ണ്‌ ‘കരുവോട്‌’ എന്നപേരിൽ ചിലയിടത്ത്‌ അറിയുന്നുണ്ട്‌. ഇത്‌ കലാനിർമ്മാതാക്കൾ സൂക്ഷിച്ചുവെക്കാറുണ്ട്‌. ഇതിനുമുൻപ്‌ പലതവണ ചുട്ടെടുത്തതായിരിക്കുമല്ലോ ഇത്‌. അതുകൊണ്ടുതന്നെ ഈ മണ്ണിന്റെ വഴക്കം ഇവർക്ക്‌ പ്രധാനമാണ്‌. ഈ ‘കരുവോട്‌&ഉൾക്കരുവോട്‌’ തികഞ്ഞു എന്നു വരില്ല. അതിനാൽ വേണ്ടയളവുണ്ടാക്കാൻ പുതിയ മണ്ണ്‌ കുറച്ചുകൂടി ചേർക്കേണ്ടിവരും. ‘ഉൾക്കരുവോട്‌’ 60%+പശിമയുളള പുതുമണ്ണ്‌ 15%+ ചാണകം 25% എന്നനിലയ്‌ക്കുചേർത്താണ്‌ വേണ്ടത്ര ‘ഉൾക്കരുവോട്‌’ ഉണ്ടാക്കിയെടുക്കുന്നത്‌. ഈ ‘ഒന്നാംമണ്ണ്‌’ വെളളത്തിൽ കുഴച്ചെടുത്ത്‌ മെഴുകിൽതീർത്ത കരുവിനുമുകളിൽ പൂശും. ‘ഒന്നാംമണ്ണി’ന്‌ വളരെ കുറവു കനമേ പാടുളളൂ. ‘ഒരു നൂലിഴവണ്ണം’എന്ന്‌ പഴമക്കാർ ഇതിന്റെ കനത്തെക്കുറിച്ച്‌ പറയാറുണ്ട്‌. പൂശിയ മണ്ണ്‌ ഉണങ്ങാനനുവദിക്കും. ഉണങ്ങിക്കഴിഞ്ഞാൽ അതിനുമുകളിൽ ‘രണ്ടാംമണ്ണ്‌’ പൊതിയാം.

രണ്ടാംമണ്ണിനെ ചിലയിടത്ത്‌ ‘പരിമണ്ണ്‌’ എന്നു പറയാറുണ്ട്‌. അരിച്ചെടുത്ത മണൽ 80%+കളിമണ്ണ്‌ 20% എന്നതാണ്‌ രണ്ടാം മണ്ണിന്റെ (പരിമണ്ണ്‌) കൂട്ട്‌. നല്ല മുറുക്കം കിട്ടാൻ അതോടൊപ്പം കുറച്ച്‌ ചാക്കുനൂൽക്കഷണങ്ങൾ ചേർത്ത്‌ നന്നായി കുഴയ്‌ക്കും. ഉണങ്ങിക്കഴിഞ്ഞ ‘ഒന്നാംമണ്ണി’ന്റെ പുറത്ത്‌ ‘രണ്ടാംമണ്ണ്‌’ പൊതിയും. ‘രണ്ടാംമണ്ണ്‌ പുളിങ്കുരു കനത്തിൽ (3&4 ഇഞ്ച്‌) പൊതിയാം. പൊട്ടിച്ചെടുത്ത ചെറിയ മൺകലക്കഷണങ്ങൾ ’രണ്ടാം മണ്ണി‘ന്റെ പുറത്തു പിടിപ്പിച്ച്‌ അതിനെ ബലവത്താക്കാം. ഒന്നുകൂടി ബലപ്പെടുത്താൻ വണ്ണംകുറഞ്ഞ കമ്പിയുപയോഗിച്ച്‌ ’രണ്ടാംമണ്ണി‘ന്റെ പുറത്ത്‌ ആവശ്യമുളളപോലെ കെട്ടുകയും ചെയ്യാറുണ്ട്‌. പല നാട്ടിലും നല്ല വെയിലുളള ഒരു ദിവസത്തെ ഉണക്കാണ്‌ രണ്ടാംമണ്ണിനു പറയുന്നത്‌. രണ്ടാംമണ്ണിനു മുകളിൽ അവസാനത്തെ പാളിയായ ’മൂന്നാം മണ്ണ്‌‘ പൊതിയും.

മൂന്നാം മണ്ണിനുവേണ്ടി കലാനിർമ്മാതാവിന്റെ കൈയിൽ (നേരത്തേ ഉപയോഗിച്ചത്‌ സൂക്ഷിച്ചു വച്ചിട്ടുളളത്‌) ഉളള ’കരുവോടി‘നോടൊപ്പം കളിമണ്ണുംചേർത്ത മിശ്രിതമുണ്ടാകും. മേയാനുപയോഗിക്കുന്ന ഓട്‌ പൊടിച്ചെടുത്ത്‌ മണ്ണാക്കിചേർക്കും. രണ്ടാമണ്ണിന്റെ പുറത്തുളള വിളളലുകളടയ്‌ക്കുകയാണ്‌ മൂന്നാംമണ്ണിന്റെ പ്രധാന ധർമ്മം. 1&4 ഇഞ്ചു കനത്തിൽ ഇതു പിടിപ്പിച്ചാൽ മതി. എന്നാൽ ചില കലാനിർമ്മാതാക്കൾക്ക്‌ മറ്റൊരഭിപ്രായമുണ്ട്‌. രണ്ടാം മണ്ണ്‌ 1&2 ഇഞ്ച്‌ കനത്തിലാണെങ്കിൽ മൂന്നാം മണ്ണിന്‌ ഒരിഞ്ചു കനം വേണമെന്നതാണ്‌ ആ നാട്ടറിവ്‌.

ഉൾക്കരുഃ അകം, പുറം, കുഴികൾ എന്നിങ്ങനെയുളള വസ്‌തുക്കൾക്കുണ്ടാകും. ഉദാഹരണം ഉരുളി, ചിലമ്പ്‌, കിണ്ടി മുതലായവ. ഇവയ്‌ക്ക്‌ ഉൾക്കരു ആവശ്യമാണ്‌. ഇതിനുവേണ്ട കരുവോട്‌ (മണ്ണുകൊണ്ടുളള കരു) നേരത്തേ ഉണ്ടാക്കിയപോലെ കലാനിർമ്മാതാക്കളുടെ കൈയിൽ ഇതിനുപയോഗിച്ച ചുട്ടമണ്ണും (കരുവോട്‌) കളിമണ്ണും ചാണകവും കൊണ്ടുതന്നെ ഉണ്ടാക്കിയെടുക്കുന്നു. ഇതിന്റെ പിടുത്തം ചാണകത്തിന്റെ അളവുകൊണ്ടാണ്‌ ക്രമീകരിക്കുന്നതത്രേ. ഒരുകിലോഗ്രാം ’കരുവോടി‘ന്റെ കൂടെ 500 ഗ്രാം കളിമണ്ണ്‌ (ചെമ്മണ്ണ്‌) ചേർക്കുന്നു. ഈ മിശ്രിതത്തിന്റെ അളവിന്റെ 1&4 ഭാഗം ചാണകവും ചേർത്താൽ നല്ല ഉൾക്കരുവിനുളള കരുവോട്‌ ഉണ്ടാക്കാം. ഇത്‌ കരുപ്പിടിപ്പിക്കാൻ കടച്ചിൽ ആവശ്യമുണ്ടെങ്കിൽ താത്‌കാലികമായിപ്പോലും ഉണ്ടാക്കിയെടുക്കാവുന്ന കടച്ചിൽയന്ത്രം തരപ്പെടുത്തും. സ്‌ഥിരമായി വാർക്കുന്ന സ്ഥലത്ത്‌ അവരുടെ പക്കൽ കടച്ചിൽ യന്ത്രമുണ്ടാകും. ഉരുളിപോലുളളവയ്‌ക്ക്‌ അതിന്റെ ആകൃതിയുടെ മദ്ധ്യത്തിലൂടെ ഒരു ലോഹദണ്ഡ്‌ (അച്ചിരുമ്പ്‌) കടത്തിവയ്‌ക്കും. അച്ചിരുമ്പിന്റെ രണ്ടഗ്രവും കടച്ചിൽ യന്ത്രത്തിൽ പിടിപ്പിച്ച്‌ നന്നായി കറക്കത്തക്കവിധത്തിൽ ഒരുക്കും. അങ്ങനെ കറങ്ങുന്ന രൂപം കൈകൊണ്ട്‌ നന്നായി മിനുസപ്പെടുത്തിയും രൂപപ്പെടുത്തിയും ’കരുപ്പിടിപ്പി‘ക്കും.

കൃത്യമായി കരുപ്പിടിപ്പിച്ച ഉൾക്കരുവിന്റെ മുഴുവൻ ഭാഗത്തും കുറ്റമറ്റ രീതിയിൽ മെഴുകുപാളിയുപയോഗിച്ച്‌ പൊതിയും. മെഴുകുപ്രതലം ഉൾക്കരുവിനോട്‌ നന്നായി പിടിച്ചുനിൽക്കാൻ ആവശ്യമെന്നുതോന്നുന്ന സ്ഥലങ്ങളിലെല്ലാം ആപ്പ്‌ ആകൃതിയിലുളള പരന്ന ലോഹയാണികൾ (കരുവാണി ചെമ്പുതകിട്‌ വെട്ടിയെടുത്തുപയോഗിക്കാറുണ്ട്‌) കയറ്റും. ഉൾക്കരുവിൽ ബലമായി പിടിച്ചുനിൽക്കാനുളള നീളം അതിനുണ്ടായിരിക്കണം. മണ്ണിന്റെ ഉൾക്കരു ഉളളിലുളള ഈ മെഴുകുരൂപത്തിനു പുറത്ത്‌ നേരത്തേ പരാമർശിച്ചപോലെ മൂന്നു തവണകൾ&തലങ്ങൾ ആയി ’മണ്ണ്‌‘ പൊതിഞ്ഞുപിടിപ്പിക്കും. അതിനുശേഷം രൂപത്തിന്റെ രണ്ടുഭാഗത്തായി ഓരോ തുളയുണ്ടാക്കിവയ്‌ക്കും. ചുടുമ്പോൾ മെഴുക്‌ ഉരുകിപ്പോകാനും ഉരുക്കിയലോഹം ഒഴിക്കാനും പറ്റുന്ന വിധത്തിലാണ്‌ തുളകൾ നിർമ്മിക്കുന്നത്‌. ’കരു‘ ചൂടാക്കുമ്പോൾ അതിലെ മുഴുവൻ മെഴുകും ഉരുകിപ്പോയെന്ന്‌ ഉറപ്പായശേഷമേ ഉരുക്കിയ ലോഹം ഒഴിക്കാൻ പാടുളളൂ. ’കരു‘വിനു നൽകിയിട്ടുളള രണ്ടുദ്വാരങ്ങളിലൂടെ നോക്കിയാൽ ചുട്ടുപഴുത്ത ഉൾക്കരുകാണാനാകും. ഉൾക്കരുവിന്റെ അകത്തുംപുറത്തും കനൽക്കട്ടയുടെ നിറം കിട്ടുന്നവരെ ചുടണം. അതുറപ്പുവരുത്താൽ ’കരു‘ ഇടയ്‌ക്കിടയ്‌ക്ക്‌ ചൂളയിൽ പരിശോധിക്കണം.

ചൂള വളരെ ലളിതം മുതൽ കുറേ സങ്കീർണ്ണമായ ചൂളകൾ വരെ ലോഹകലാനിർമ്മാതാക്കൾ ഉണ്ടാക്കാറുണ്ട്‌. പ്രാദേശിക വ്യതിയാനങ്ങളും കാണാം. ഏറ്റവും ലളിതമായയൊന്ന്‌ തറയിൽ ഒരു കുഴിയുണ്ടാക്കി ആ കുഴിയുടെ വാവട്ടം തുളകളുളള മൺഫലകം കൊണ്ട്‌ മൂടിയുണ്ടാക്കുന്നതാണ്‌. ചെറിയ വലിപ്പമുളളതും അധികം ഘനമില്ലാത്തതുമായ ’കരു‘ ചുട്ടെടുക്കാൻ എവിടെ വേണമെങ്കിലും ഇത്‌ എളുപ്പത്തിലുണ്ടാക്കിയെടുക്കാം.

മണ്ണിൽ കുഴിയുണ്ടാക്കി അതിന്റെ വാവട്ടം തുളകളുളള മൺഫലകം കൊണ്ടു മൂടിയതിനുശേഷം ആ മൺഫലകത്തിന്റെ അരികിൽനിന്ന്‌ നേരെ മുകളിലേയ്‌ക്ക്‌ ഒരുമുറിപോലെ ഇഷ്‌ടികവച്ച്‌ ഭിത്തി കെട്ടിപ്പൊക്കും. ഒരുഭിത്തി ഒഴിവാക്കി മൂന്നു ഭിത്തികൾ മാത്രമേ കെട്ടുകയുളളൂ. നാലാമത്തെ ഭിത്തിക്കു പകരം എടുത്തുമാറ്റാവുന്ന (തുറക്കാവുന്ന ഒരുവാതിൽ പോലെ) മൺഫലകംവയ്‌ക്കും. ഭിത്തിക്കുമുകളിൽ തുളകളുളള മൺഫലകം കൊണ്ട്‌ മേൽക്കൂരയുണ്ടാക്കും. ’കുഴി‘ വിറകുവെക്കാനുളള അടുപ്പാണ്‌. തീയിൽ (കനലിൽ) മൺഫലകത്തിനുകീഴെ ചട്ടി (കോവ)യിൽ ലോഹക്കഷണങ്ങളിട്ട്‌ ചൂടാക്കി അത്‌ ഉരുക്കിയെടുക്കാം. അടുപ്പിന്റെ വലിപ്പമനുസരിച്ച്‌ ചട്ടികൾവയ്‌ക്കാം. വേണ്ടത്ര ലോഹം അങ്ങനെ ഉരുക്കിയെടുക്കാം. പണ്ടുകാലത്ത്‌ ചട്ടി മണ്ണുകൊണ്ടാണുണ്ടാക്കിയിരുന്നത്‌. ചട്ടി രണ്ടാകൃതിയിലുണ്ടാക്കാറുണ്ട്‌. വാ മുഴുവൻ തുറന്ന ഒരു പാത്രം പോലെയും വാ പകുതി അടച്ച ഒരുപാത്രം പോലെയും. ഉരുക്കിയ ലോഹം മൂശയിലേയ്‌ക്ക്‌ പകർന്നൊഴിക്കാൻ പറ്റുംവിധം കുഴൽ പോലുളള ഒരുഭാഗം (കിണ്ടിയുടെ മുരൽ പോലെ)ചിലതിന്‌ ഉണ്ടാക്കാറുണ്ട്‌. പണ്ട്‌ കറുത്ത കളിമണ്ണ്‌, വായ്‌ക്കോൽ, ചാക്കുനൂല്‌ എന്നിവകൊണ്ട്‌ ചട്ടികൾ ഉണ്ടാക്കിയിരുന്നു. ഇന്ന്‌ ഇത്‌ അങ്ങാടിയിൽ മേടിക്കാൻ കിട്ടും.

കത്തുന്ന തീയിൽത്തന്നെ ചട്ടി വയ്‌ക്കുമ്പോൾ അതിലെ ലോഹം ഉരുകുന്നതോടൊപ്പം തീ, തുളകളുളള മൺഫലകത്തിലൂടെ മുകളിലേയ്‌ക്കുയരും. ആ ഫലകപ്പുറത്ത്‌ ’കരു‘വച്ചാൽ തീനാളംകൊണ്ട്‌ അത്‌ ചുട്ടുകിട്ടും. അതിലെ മെഴുക്‌ ഉരുകി ഇടയ്‌ക്കിടയ്‌ക്ക്‌ മൂശയിലെ മെഴുക്‌ മുഴുവൻ ഉരുകിപ്പോയെന്ന്‌ നോക്കി ഉറപ്പാക്കാം. മൂശയിലെ മുഴുവൻ മെഴുകും ഉരുകിപ്പോയാൽ അത്‌ ചുട്ടുപഴുത്തുകിടക്കുമ്പോൾ കൊടിൽകൊണ്ട്‌ പുറത്തേയ്‌ക്കെടുത്ത്‌ ലോഹമൊഴിക്കാൻ പറ്റുന്നവിധത്തിൽ ഉറപ്പിക്കും. ഉരുക്കി തയ്യാറാക്കിയ ലോഹം കൊടിൽ കൊണ്ട്‌ ചട്ടിയോടെ എടുത്ത്‌ മൂശയിലേയ്‌ക്ക്‌ ഒഴിക്കാം. ഒരു തുളയിലൂടെ ഒഴിച്ച്‌ മറ്റേ തുളയിലൂടെ അത്‌ നന്നായി പുറത്തുവരുമ്പോൾ ലോഹം അതിൽ നിറഞ്ഞതായി കണക്കാക്കാം. അത്‌ നിറഞ്ഞു എന്ന്‌ ഉറപ്പുവരുത്തിയശേഷം അന്തരീക്ഷോഷ്‌മാവിലേയ്‌ക്ക്‌ സാവധാനം തണുത്തുവരാനനുവദിക്കുക. നന്നായി തണുത്തശേഷം പുറത്തു പൂശിയിട്ടുളള മണ്ണ്‌ തല്ലിപ്പൊട്ടിച്ച്‌ ലോഹരൂപം പുറത്തെടുക്കാം. രൂപത്തിൽ രാകലും മിനുക്കലുംചെയ്‌ത്‌ അതിനെ ഭംഗിയാക്കാം. ചിലപ്പോൾ നേർത്ത നൈട്രിക്‌ ആസിഡ്‌ ലായനിയിൽ മുക്കി തിളക്കം കൊടുക്കാറുണ്ട്‌. അതോടെ രൂപനിർമ്മാണം പൂർത്തിയായി.

(പലപ്പോഴായി പല ലോഹകലാനിർമ്മാതാക്കൾ പറഞ്ഞും കാണിച്ചും തന്നിട്ടുളള വിവരം)

Generated from archived content: kaivela_oct5.html Author: vijayakumar_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here