വിത്തും ഫലവും ഃ തത്ത്വചിന്തയിലും ലാവണ്യ ചിന്തയിലും

ഭാരതീയ തത്ത്വചിന്തയുടെ ഏതു ശാഖയിലും സൂക്ഷ്‌മവും സ്ഥൂലവും എന്ന ദ്വന്ദ്വഭാവത്തെ പ്രകാശനം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രൂപകം വിത്തും വൃക്ഷവും ആണ്‌. അതിസൂക്ഷ്‌മ ബിന്ദുവിൽനിന്നും പ്രപഞ്ചമുണ്ടായി എന്ന സങ്കല്‌പം മൂർത്താകൃതിയിൽ കാണാൻ കഴിയുന്നത്‌ ആൽമരത്തിന്റെ ആകൃതിയിലാണെന്ന്‌ ഭാരതീയ ചിന്തകർ കാവ്യാത്‌മകമായി പറയുന്നു. ബിന്ദുസമമായ വിത്തിൽനിന്നും ജനിച്ച്‌ പടർന്നുപന്തലിച്ച്‌ അനേക നൂറ്റാണ്ടുകൾ നിലനില്‌ക്കുന്ന ആൽമരമായിത്തീരുന്നത്‌ സ്ഥൂലമാണ്‌. ഈ സൂക്ഷ്‌മവിത്ത്‌ പക്ഷികളുടെ ഉദരത്തിൽ ചെന്ന്‌ അവ വിസർജിക്കുമ്പോൾ പുറത്തു വരുന്നു എന്ന പ്രക്രിയക്കു വിധേയമാകുമ്പോഴും പരിണാമവിധേയമാകാത്ത സൂക്ഷ്‌മാത്മാവിനെപ്പോലെ നിലകൊളളുന്നു. ആ വിത്ത്‌ വീഴുന്നിടത്തു വളർന്ന്‌ തളിർക്കുന്നു. പാറപ്പുറത്തു വിതച്ചാൽപോലും വളരുന്ന വിത്താണിത്‌. കൂടുതൽ അനുകൂലമായ സാഹചര്യത്തിൽ വിതച്ചാൽ പടർന്നു പന്തലിയ്‌ക്കും. സൂക്ഷ്‌മാത്മാവായ വിത്തിന്‌ ഉചിതസ്ഥലം ലഭിച്ചാൽ ശക്തിയേറിയ സ്ഥൂലഭാവം കാണാം. അജ്ഞാനത്തിൽ പതിയ്‌ക്കുന്നു എങ്കിൽ സ്ഥൂലഭാവം മങ്ങിയേ കാണൂ. ബീജാക്ഷരങ്ങളായ ഹ്രിം, ക്രിം, ക്ലിം, ശ്രിം എന്നിവ മന്ത്രങ്ങളുടെ വിത്താണ്‌. ശാസ്‌ത്രീയവിധിയനുസരിച്ച്‌ ഓരോ മന്ത്രത്തിലും സംയോജിപ്പിച്ച്‌ ഇവ മന്ത്രതന്ത്രങ്ങളിൽ പ്രയോഗിച്ച്‌ ഈശ്വരോപാസന നടത്തുന്നത്‌ ഭാരതത്തിലെ എല്ലാ മതത്തിലുമുണ്ട്‌. തന്ത്രവിധികൾക്കുളള ചിത്രങ്ങളിൽ വിവിധ തരത്തിലുളള ചക്രങ്ങളുണ്ട്‌. ജ്യോമിട്രി രൂപങ്ങളാണ്‌ ഇവയിലുളളത്‌. ബീജാക്ഷരങ്ങളും മൂലമന്ത്രങ്ങളുംകൊണ്ടു നിറഞ്ഞതാണ്‌ ഈ ശാഖ.

കാർഷിക വൃത്തിയിൽ മാത്രമല്ല വിത്തിനു സ്ഥാനമുളളത്‌. പ്രകൃതിയിലെ സ്വാഭാവിക ജൈവവളർച്ചയായും സ്വാർത്ഥത ചേരാത്ത ജീവിതമായ3​‍ുമെല്ലാം വിത്തിനെ ബന്ധപ്പെടുത്താറുണ്ട്‌. പക്ഷികൾ വിതക്കാറുമില്ല, കൊയ്യാറുമില്ല എന്ന ബൈബിൾ വാചകവും ഇതുതന്നെ. മരത്തിലിരുന്ന്‌ രുചിഭേദങ്ങളുളള നാനാവിധം ഫലങ്ങൾ തിന്നുന്ന പക്ഷി ജീവന്‌മുക്തനും ആണ്‌. ദക്ഷിണഭാരതത്തിൽ പലയിടത്തുമുളള ജനവിഭാഗങ്ങളിൽ പലതിലും വസൂരിരോഗം അമ്മ വിതക്കുന്ന വിത്താണ്‌. അനുഷ്‌ഠാനകലയിൽ കാളിയുടെ മുഖത്ത്‌ അതെഴുതണം. അസുരവിത്തും വിത്തുകാളയും വിലക്കപ്പെട്ട കനിയും ഇല്ലാത്ത മിത്തുകളും നാടൻ ചിന്തയും ലോകത്തിലില്ല.

ഭാരതത്തിൽ ക്ഷേത്രങ്ങളുടെ വാസ്‌തുരൂപത്തിൽ മർമ്മസ്ഥാനത്തുളള ഉയർന്ന ഭാഗത്തിന്റെ ഉച്ചിയ്‌ക്ക്‌ ആമലികത്തിന്റെ (നെല്ലിക്ക) ആകൃതി നല്‌കാറുണ്ട്‌. കഠിനാനുഷ്‌ഠാന സപര്യയിലൂടെ കടന്ന്‌ മധുരതരമായ ആനന്ദത്തിൽ എത്തിച്ചേരാവുന്ന ഒന്നാണ്‌ ആദ്ധ്യാത്‌മിക ഭാവം എന്ന സൂചന ഇതിലുണ്ട്‌. ആദ്യത്തെ കയ്‌പുരസത്തിൽ നിന്ന്‌ പിന്നീട്‌ മധുരരസം നെല്ലിക്ക നല്‌കുന്നു. ഈ രസമാറ്റത്തിലടങ്ങിയ തത്ത്വചിന്താമാനം ഉൾക്കൊളളുന്ന ഫലത്തിന്റെ -നെല്ലിക്ക- ആകൃതിയാണ്‌ വാസ്‌തുശില്‌പത്തിന്റെ സൂചക രൂപാകാകൃതി)യാക്കി മാറ്റി വാസ്‌തുകലയിൽ ഉപയോഗിക്കുന്നത്‌.

വിത്ത്‌ ലാവണ്യശാസ്‌ത്രത്തിൽ ഃ ഓരോ ഫലത്തിന്റേയും രുചി അതിന്റെ രസത്തിൽ അടങ്ങിയിരിക്കുന്നു. ഈ രസാനുഭവം ഇന്ദ്രിയപരമാണ്‌. അനുഭൂതീതലത്തിലേക്കുയരുന്ന രസാനുഭവമാണ്‌ കലയിലും കവിതയിലും നാടകത്തിലുമുളളത്‌. കാവ്യാനുഭൂതിയുടെ ഘട്ടങ്ങൾ ‘നാട്യശാസ്‌ത്ര’ത്തിൽ വിത്ത്‌-വൃക്ഷം-ഫലം എന്ന ജൈവിക വളർച്ചയുടേയും പരിണാമത്തിന്റേയും സാദൃശ്യമുപയോഗിച്ചാണ്‌ ഭരതമുനി അവതരിപ്പിക്കുന്നത്‌ ഃ

‘ഹീജം വൃക്ഷത്തിനും വൃക്ഷം പൂവിനും കായ്‌ക്കുമെന്നപോൽ

മൂലം രസങ്ങളഖിലം ഭാവങ്ങൾക്കവയാശ്രയം’

വിത്തിൽനിന്ന്‌ വൃക്ഷവും വൃക്ഷത്തിൽനിന്ന്‌ രസപുഷ്‌ടിയുളള പുഷ്‌പഫലങ്ങളും ഉണ്ടാകുന്നു. ഈ വിധത്തിൽ രസമാണ്‌ ഭാവങ്ങളുടെ മൂലം. കവിയുടേയും കലാകാരന്റേയും രസാനുഭൂതിക്കു നിദാനം അവരുടെ സൃഷ്‌ടിയുടെ മൂലകാരണമായ വിത്താണ്‌. ഈ വിത്തനുഭവം

വെറും വൈയക്തികമായ ഒരനുഭവമല്ല. ഇത്‌ വ്യക്ത്യാപരിയായ ധ്യാനാനുഭവമാണ്‌. കലാകാരനും ആസ്വാദകനും സൂക്ഷ്‌മത്തിൽ ഒരേപോലെയാണ്‌. ആസ്വാദകന്റെ ലാവണ്യാനുഭവമാണ്‌ കാവ്യഫലം. ഇവിടെ കലാകാരനും ആസ്വാദകനും തുല്യപ്രാധാന്യം അർഹിക്കുന്നു. എന്നിലില്ലാത്ത കവിതയും ചിത്രവും ഞാൻ വായിക്കുന്നതെങ്ങനെ? ആസ്വാദിക്കുന്നതെങ്ങനെ? കലാപ്രവർത്തനവും ആസ്വാദനവും ഒരേ വിത്തിൽനിന്നു മുളക്കുന്നതാണ്‌. കലാകാരന്റേതിനു തുല്യമായ സൂക്ഷ്‌മബോധമുളളയാളാണ്‌, സമാനഹൃദയമുളളയാളാണ്‌ ഭാരതീയർക്ക്‌ ആസ്വാദകനും. വിത്ത്‌ പൊട്ടിമുളയ്‌ക്കുന്ന പോലെയാണ്‌ കാവ്യാനുഭവവും കലാനുഭവവും. അതിൽനിന്നു വളർന്നു വരുന്ന സസ്യത്തിന്‌ ധാരാളം ശാഖോപശാഖകളുണ്ടാകും. ആസ്വാദകന്റെ മനസ്സിന്റെയും ബുദ്ധിയുടെയും വളക്കൂറനുസരിച്ച്‌ അത്‌ വളരുകയോ തളരുകയോ ചെയ്യും. കലാസൃഷ്‌ടിപോലെ തന്നെ പ്രധാനമാണ്‌ കലാനിരൂപണവും എന്ന പാശ്ചാത്യരുടെ ലാവണ്യസിദ്ധാന്തവും ഇതു തന്നെയാണ്‌.

പാശ്ചാത്യർക്ക്‌ കലാസൃഷ്‌ടിയും കലാസ്വാദനവും ഒന്നിച്ചു ചേർത്തു സൂചിപ്പിക്കാനുളള ഒരു വാഗ്‌പ്രയോഗം ഇല്ല എന്ന്‌ പ്രഗത്‌ഭ സൗന്ദര്യചിന്തകനും തത്ത്വചിന്തകനുമായ ഡ്യൂയി പറയുന്നു. ഭാരതീയർക്ക്‌ ഈ ആശയം വളരെ എളുപ്പത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞത്‌ വിത്തിന്റെ വളർച്ചയിലെ ആദ്യത്തെ ശാഖാദ്വയം എന്ന പ്രതിഭാസം ഒരു രൂപകമായിയെടുത്തു ചിന്തിച്ചതിനാലാണ്‌. രസനിഷ്‌പത്തി എന്നതിൽ കലാസ്രഷ്‌ടാവും കലാസ്വാദകനും ഒരേപോലെ പ്രാധാന്യമുളളവരാണ്‌. കലാപ്രതിഭ ഉപയോഗിച്ച്‌ കലാഫലം രുചിക്കുമ്പോൾ കലാകാരനും ആസ്വാദകനും തന്മയീഭാവം ഉണ്ടാകുന്നു. കലാകാരനും ആസ്വാദകനും അസംസ്‌കൃതവസ്‌തു അനുഭവങ്ങളാണ്‌. ഈ അനുഭവങ്ങളാണ്‌ മനസ്സിന്റെ കാലാവസ്ഥ. ഇതിന്റെ അനുകൂല-പ്രതികൂല സ്വഭാവം രസത്തിന്റെ വിത്തിനെ വളർത്തുകയോ തളർത്തുകയോ ചെയ്യും. കൃഷിയുടെയും വിത്തിന്റെ പരിണാമഘട്ടങ്ങൾ ഭൗതികലോകത്ത്‌ അനുഭവപ്പെടുന്നതിനു സമാന്തരമായി ലാവണ്യമേഖലയിൽ ഇത്‌ മറ്റൊരു തലത്തിലനുഭവിക്കാം.

ചിത്രകലയിൽ ഃ വിത്തും ഫലവും ചിത്രകലയിൽ വിവിധ കാലഘട്ടത്തിൽ പലതരത്തിൽ വിഷയമാകുന്നുണ്ട്‌. പാശ്ചാത്യകലയിൽ ലിംബാർഗ്‌ സഹോദരന്മാരുടെ (14-15-​‍ാം നൂറ്റാണ്ട്‌) ചിത്രങ്ങളിൽ ഏറ്റവും പ്രധാനം അവർ ഓരോ മാസത്തിനും എഴുതിയ കലണ്ടർ ചിത്രങ്ങളാണ്‌. കർഷകരുടെ ജീവിതരീതിയാണ്‌ മിക്കതിലേയും പ്രതിപാദ്യവിഷയം. ഉഴുന്നതും വിത്തു വിതക്കുന്നതും കൊയ്യുന്നതും വിത്തു വിതക്കുമ്പോൾ അതു കൊത്തിത്തിന്നാൻ വരുന്ന പക്ഷികളെ അമ്പും വില്ലും ഉപയോഗിച്ച്‌ ഓടിക്കുന്ന രൂപത്തിൽ നോക്കുകുത്തിയെ പാടത്തു നിർത്തിയിരിക്കുന്നതിനടുത്തു വന്ന്‌ യഥേഷ്‌ടം ആ ധാന്യമണികൾ പക്ഷിക്കൂട്ടം കൊത്തിയെടുക്കുന്നതുമെല്ലാം ഇവർ ചിത്രത്തിലാക്കിയിട്ടുണ്ട്‌. ഭാരതത്തിലും ബാരാമാസ(പന്ത്രണ്ട്‌ മാസം) എന്ന വിഷയം ചിത്രകാരന്മാർ ഉപയോഗിച്ചിട്ടുണ്ട്‌. അവയിലും കൃഷി, വിത്തുവിതയ്‌ക്കൽ, കൊയ്‌ത്ത്‌ എന്നിവ കാണാം. അദ്ധ്വാനിക്കുന്നവരുടെ ചിഹ്‌നമായി വിതയ്‌ക്കലും കള പറിക്കലും കൊയ്യലും ചിത്രകലയിൽ പാശ്ചാത്യ ലോകത്ത്‌ ധാരാളം ഉപയോഗിച്ചിട്ടുണ്ട്‌. വാൻഗോഗിന്റെയും മിലെയുടെയും ‘വിതയ്‌ക്കുന്നവൻ’ പ്രസിദ്ധി നേടിയ ചിത്രങ്ങളാണ്‌. വിത്തു വിതയ്‌ക്കുന്നപോലെ ‘ഫല’ത്തിന്റെ രൂപവും വർണ്ണവും ചിത്രകലയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

പാശ്ചാത്യലോകത്ത്‌ ചിത്രകലയിൽ Still life എന്ന ഇനത്തിൽ ധാരാളം രചനകൾ ഉണ്ട്‌. ഇന്നും ചിത്രകലാപാഠശാലകളിൽ Still life വരച്ചു പഠിക്കുന്നത്‌ ഒരു അഭ്യാസക്രമമാണ്‌. നിരവധി നിറങ്ങളും ആകൃതികളും ഉളള ഫല-പച്ചക്കറികളാണ്‌ ഈ ഇനത്തിൽ പെടുക. വിവിധ വർണ്ണ-രൂപങ്ങളുളള ഇവ എങ്ങനെ ഒരുക്കണം. എങ്ങനെ പുനഃനിർമ്മിക്കണം എന്നതാണ്‌ ഈ പഠനത്തിന്റെ അടിസ്ഥാനം. പാശ്ചാത്യലോകത്ത്‌ പ്രഭുക്കന്മാരുടെ തീൻമേശക്കു മുകളിലെ അതിസമൃദ്ധിയുടെ പര്യായമായിട്ടാണ്‌ ഈവിധ ചിത്രങ്ങൾ ഒരുകാലത്ത്‌ പ്രസിദ്ധി നേടിയത്‌. ആഹാരത്തിന്റെ രസാനുഭവം അക്ഷരാർത്ഥത്തിൽ ഇവിടെ ദൃശ്യപരമായി ലഭിക്കുന്നു. പ്രഭുത്വത്തിന്റെ സമൃദ്ധി പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടേയും വർണ്ണം, ആകൃതി, അളവ്‌, എണ്ണം, അവ ഒരുക്കുന്ന രീതി എന്നീ അംഗങ്ങളിലൂടെ നിർമ്മിക്കുന്ന സമൃദ്ധിയായി കാണാൻ അന്നത്തെ കലാകാരന്മാർ ശ്രമിച്ചിട്ടുണ്ട്‌. സെസാന്റെ ആപ്പിൾ ചിത്രങ്ങൾ വളരെ പ്രസിദ്ധി നേടിയവയാണ്‌. ആധുനിക കലയിലും ഈ ഇനം നിലനില്‌ക്കുന്നു. പാശ്ചാത്യരുടെ ഈ വിധ ചിത്രങ്ങളിൽ അതിസമൃദ്ധിയുടെ അടയാളമായി പച്ചക്കറികൾ നിരത്തുമ്പോൾ രാജാരവിവർമ്മയുടെ ‘പച്ചക്കറി വില്‌പനക്കാരി’ എന്നതിൽ ഏതാനും ചില പച്ചക്കറികളും ചില പച്ചക്കറിക്കഷണങ്ങളും മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ഒരു സ്‌ത്രീയുടെ ചിത്രം കാണാം. ഇതിൽ പാശ്ചാത്യരുടെ സമൃദ്ധിക്കു വിരുദ്ധമായി ശുഷ്‌കവരുമാനം ലഭിക്കുന്ന ഉല്‌പന്നമായിട്ടാണ്‌ പച്ചക്കറി നിലകൊളളുന്നത്‌. കേരളത്തിൽ കാണാൻ കഴിയുന്നപോലെ ചന്ദ്രക്കലയുടെ ആകൃതിയിൽ മുറിച്ചു വെച്ച മത്തങ്ങയും മറ്റും ഈ ചിത്രത്തിലുണ്ട്‌. പച്ചക്കറി മുറിച്ചുവെച്ച്‌ പൊതുനിരത്തിൽ കച്ചവടം ചെയ്യുന്ന കമ്പോള സമ്പ്രദായം നമുക്കുമാത്രമേ ഉണ്ടാകൂ. രവിവർമ്മയുടെ ഈ ചിത്ത്രം കേരളത്തിന്റെ ഗ്രാമീണ കച്ചവടരീതിയും ഒരു ഗ്രാമവാസിനിയുടെ ശുഷ്‌ക വരുമാന ഉപാധിയും അവളുടേയും നാടിന്റേയും സാമ്പത്തിക നിലയും ഇവിടുത്തെ സംസ്‌കാരത്തിന്റെ അടയാളവും ആണ്‌.

വിത്ത്‌ നാടോടി ഗാനങ്ങളിലും അനുഷ്‌ഠാനങ്ങളിലും ആചാരങ്ങളിലും കൃഷിയിലും ഏതുരാജ്യത്തും ഒരു ഭൗതിക-അഭൗതികതലം പേറുന്നുണ്ട്‌. ഓരോ കാർഷികാഘോഷത്തിലും ഇതുണ്ട്‌. ഇതുമായി ബന്ധപ്പെടാത്ത ഒരാചാരവും ചിന്തയും കലയും കാർഷികസംസ്‌കാരത്തിലുണ്ടാകാൻ നിവൃത്തിയില്ലല്ലോ.

Generated from archived content: aug7_vithu.html Author: vijayakumar_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here