മൊതയ ഃ അരങ്ങേറ്റം

അരങ്ങേറ്റച്ചടങ്ങുകൾ ആദിവാസി സമൂഹങ്ങളിൽ പ്രധാനപ്പെട്ടതാണ്‌. ഗോത്ര വിദ്യാഭ്യാസത്തിന്റെ സങ്കല്പങ്ങൾ ഈ ചടങ്ങിൽ അടങ്ങിയിരിക്കുന്നു. കാട്ടുനായ്‌ക്ക ഗോത്രത്തിൽ തിരണ്ടുകല്ല്യാണം വളരെ പ്രധാനമാണ്‌. തിരളലിലൂടെ ഒരുവൾ ഉർവ്വരയാവുന്നു. പ്രകൃതി അവളുടെ ശരീരത്തിൽ ആഘോഷിച്ചിരിക്കുന്നുവെന്ന അറിയിപ്പാണ്‌ ഈ അരങ്ങേറ്റം. വിവാഹമാകട്ടെ പണിയരിലും അടിയരിലുമെന്നപോലെ ഈ ഗോത്രത്തിലും അപ്രധാനമാണ്‌. പ്രണയവിവാഹങ്ങളാണ്‌ സുലഭം. പരസ്‌പരം ഇഷ്ടപ്പെടുന്ന ഒരു മൂഹൂർത്തത്തിൽ ഒരുമിച്ചു ജീവിക്കാൻ പുറപ്പെടുകയാണ്‌. ഉത്സവ പറമ്പുകളിലൊ മറ്റു ആഘോഷവേളകളിലൊ അത്‌ സംഭവിക്കുന്നു. കുടുംബവും ഗോത്രവും സമ്മതിക്കുന്നു. ഗോത്രമൂപ്പന്‌ ഒരു ചെറിയ പിഴയടയ്‌ക്കണമെന്നു മാത്രം.

തിരണ്ടുകല്ല്യാണം അങ്ങനെയല്ല. അന്തസ്സിന്റെ കൂടി വിളംബരമാണ്‌. അതുകൊണ്ട്‌ ആർഭാഗമാണ്‌. എല്ലാ ഗോത്രസമൂഹങ്ങളിലും ഇത്‌ വലിയ പുകിലാണ്‌. തിരളലിലൂടെ വംശവർദ്ധനവിന്‌ പ്രകൃതി ഉഴിതിടുകയാണല്ലോ. ഉർവ്വരത ഗോത്ര സംസ്‌കൃതിയിൽ ചലനോർജ്ജത്തിന്റെ പ്രഭവകേന്ദ്രം തന്നെയാവുന്നു.

പരിഷ്‌കൃതനെപോലെ ആദിവാസിക്ക്‌ നിരവധി കാലങ്ങളോ സമയഗണിതങ്ങളൊ ഇല്ല. മരംപോലെ അവൻ&അവൾ വളരുന്നു. ശരീരത്തിൽ ജീവിതം നിറഞ്ഞൊഴിയുന്ന ഒരു ഏകകാലമാണത്‌. ഇതിൽ സ്‌ത്രീ ഗോത്രത്തിന്‌ ഒരു പ്രാകൃതിക കാലബോധം നല്‌കുന്നുണ്ട്‌. ജനനം, തിരളൽ, പ്രസവം,മരണം എന്നീ ജൈവവളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ. ഇപ്രകാരം സ്‌ത്രീ ഗോത്രത്തിന്റെ കാലമാപിനി കൂടിയാവുന്നു. ഇതിൽ തിരളൽ കാലസഞ്ചാരത്തിലെ കൃത്യമായ വഴിതിരിവാണ്‌. പുരുഷന്‌ അതില്ല. അയാളിൽ യൗവ്വനത്തിന്റെ രൂപീകരണം ക്രമത്തിലും അവ്യക്തതയിലുമാണല്ലൊ.

വയസ്സറിയിച്ചാൽ കുട്ടി ഹവ്വ (അമ്മ)യോട്‌ പറയും. ഹവ്വ ഗെണ്ട (ഭർത്താവ്‌)നോട്‌. ഗെണ്ട കോളനിയിലെ മുതലി (മൂപ്പൻ)യെ വിവരം ധരിപ്പിക്കും. മുതലി ഉടനെ അവളുടെ മന (വീട്‌) യ്‌ക്കരികിൽ ഗുമ്മൻ (തീണ്ടൽ പുര) പടുക്കുന്നു. മുളകളും പച്ചിലകളും ചേർത്ത്‌ സ്‌തൂപാകൃതിയിൽ തീർത്ത ഒരു പുൽക്കുടിലാണ്‌ ഗുമ്മൻ. ഗുമ്മന്റെ അലകുകൾ കൂട്ടിയിണക്കാൻ കൈവിരി (ഇടംപിരി) നാരുകളൊ വെളളചടച്ചി നാരുകളൊ ഉപയോഗിക്കുന്നു. ഋതുമതി ഗുമ്മനിൽ പാർക്കും. തിരളാത്ത ഒരു എണ്ണ്‌കൂമ്പ (പെൺകുട്ടി) കൂട്ടിന്‌. ഭക്ഷണം അവിടെയെത്തും. അവളെ ആണുങ്ങൾ കണ്ടുകൂടാ. അച്ഛൻപോലും. രാത്രിയിലാണ്‌ കുളി. മൊതയവരെ അവളുടെ ലോകം ഗുമ്മനാണ്‌. പകലുകളിൽ ഗുമ്മന്റെ ഇലപഴുതുകളിലൂടെ മാത്രം ഗോത്രത്തിന്റെ അനക്കങ്ങളും ജീവിതഗന്ധവും അവളറിയുന്നു. സഖിയും തഥൈവ. ഇപ്രകാരം കടുംബം പണം സ്വരൂപിക്കും വരെ, തിരണ്ടുകല്ല്യാണം ഒരുങ്ങുംവരെ അവർ കഴിച്ചുകൂട്ടുന്നു. ചിലപ്പോൾ ഗുമ്മനിൽ മാസങ്ങൾ തീരും. രണ്ടുപകലും ഒരു രാത്രിയും നീളുന്നതാണ്‌ കല്ല്യാണചടങ്ങുകൾ. മറ്റു കോളനികളിലെ നായ്‌ക്കർ കൂട്ടമായി പങ്കെടുക്കും. വിവാഹം ഇപ്പോഴും ഇതരകോളനികൾ തമ്മിലെ പാടുളളൂ. രാവിലെ മുതൽ കല്ല്യാണചടങ്ങുകൾ തുടങ്ങുന്നു. രാവിലെ-പരിഷ്‌കൃതന്റെ സമയബോധമൊ കണിശമോ ആദിവാസിക്കില്ല. പുകമഞ്ഞു ചൂഴ്‌ന്ന വയനാടൻ പ്രഭാതങ്ങളിൽ സൂര്യനുണരുന്നത്‌ വൈകിയാണെന്നുമോർക്കണം.

പെൺകുട്ടികളെ പുറത്തിറക്കും. 3-4 സ്‌ത്രീകൾ ചേർന്ന്‌ പുരുഷൻമാർ കാണാതെ, തുണി മറകൾക്കുളളിലാക്കി അവരെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നു. കുളിമുറി തുണികളിൽ തീർത്ത ഒരു താല്‌ക്കാലിക മറയാണ്‌. അവിടെ മുതലി കുട്ടികളുടെ തലയിൽ ഓരോ പാത്രം വെളളം തൂവ്വുന്നു. പിന്നെ ഋതുമതിയുടെ ഹവ്വ, മുതലിയുടെ ഇന്റ്‌ (ഭാര്യ) മറ്റു ചില സ്‌ത്രീകളും രണ്ടു പാത്രം വീതം ക്രമത്തിൽ അവരുടെ തലയിൽവെളളമൊഴിക്കുന്നു. അവർ മഞ്ഞൾ തേച്ച്‌ കുളിപ്പിക്കുന്നു. ഈ സമയം മുതലിഗുമ്മൻ പൊളിക്കുകയാവും. കൈയ്യാളായി ചിലരും. അതിനുശേഷം മുതലി കുളിക്കുന്നു. പിന്നെ ഗുമ്മനടുത്ത്‌, വൃത്തിയാക്കിയിട്ട പുരുഷൻമാരുടെ കളിസ്ഥലത്തേക്ക്‌ മുതലി പോകുന്നു. അവിടെ ബേദ (കൂമ്പൻമുറം)യിൽ ദക്ഷിണയുണ്ട്‌. എല (വെറ്റില), ഒയ്യെ (പുകയില), അടയ്‌ക്ക, വെളളമുണ്ട്‌, പത്ത്‌ രൂപ എന്നിവ ചേർന്നതാണ്‌ ദക്ഷിണ, മുതലി പുതുമുണ്ട്‌ ധരിക്കുന്നു. സ്‌ത്രീകൾ കുളിച്ച കുട്ടികളെ അടുത്ത മനയിലേക്ക്‌ കൊണ്ടുപോകുന്നു. തുണിമറക്കുളളിൽ ആരുടെയും കണ്ണിൽപ്പെടാതെയാണ്‌ ഈ യാത്രയും. ഇനി കളിയൊരുക്കമാണ്‌. പുരുഷൻമാരുടെ കളിസ്ഥലത്ത്‌, നിലത്തുവെച്ച മുറുക്കാൻ ചന്ദനത്തിരി, കുളൽ (കുഴൽ), മര (ചെണ്ട) എന്നിവയെ മുതലി സമസ്‌കരിക്കുന്നു. പിന്നെ ഗോത്രത്തിലെ മുതിർന്നവർക്ക്‌ ദക്ഷിണ ലഭിച്ച മുറുക്കാൻ പങ്കിടുന്നു. സംഘബോധവും തുല്ല്യതയും വെളിപ്പെടുത്തുന്ന ഒരു ചടങ്ങാണിത്‌. ഈ ചടങ്ങിന്‌ ‘ബിട്ടിയെടുക്ക’യെന്ന്‌ പേർ. മൂന്ന്‌ തരം കളികളാണ്‌ തിരണ്ടു കല്ല്യാണത്തിന്‌ പതിവ്‌. പെണ്ണുങ്ങളുടെ തോട്ടി (കൈകൊട്ടിക്കളി). ആണുങ്ങൾക്ക്‌ കടിയാട്ട (കോൽകളി)യും കൂനട്ട (ചെണ്ടകൊട്ടിക്കളി)യും. കടിയാട്ട ഇപ്പോൾ വിരളമാണ്‌.

പുരുഷന്റെ കൂനട്ടയിൽ മരക്കാരും കുളൽക്കാരും നടുവിൽ. മറ്റുളളവർ വാദ്യസംഘത്തിനു ചുറ്റും നൃത്തം വെക്കുന്നു. ശരീരം കരകാട്ടുരൂപത്തിൽ ചലിപ്പിച്ച്‌ മുമ്പാക്കം പിമ്പാക്കം നീങ്ങുന്നു. ഒരാളുടെ കാലിൽ ചിലങ്കയുണ്ട്‌. വാദ്യം മുറുകുന്നതിനനുസരിച്ച്‌ ഇടക്കിടെ വായ്‌ക്കുരവകൾ തൊടുക്കുന്നു. ചലനവൈവിദ്ധ്യം കുറവെങ്കിലും പ്രസന്നമാണ്‌ ഈ നൃത്തരൂപം. പാദം മുതൽ ശിരസ്സുവരെ ഉറയുകയാണ്‌ അവർ. പൊടിപടലങ്ങളിൽ മുങ്ങി എത്ര മണിക്കൂറുകളാണ്‌ ഈ നൃത്തപ്രകടനം. സംഗീത-നൃത്തങ്ങൾ ഗോത്രസംസ്‌കൃതിയിൽ പ്രാണാംശമാണെന്ന്‌ ഇത്‌ ബോധ്യപ്പെടുത്തുന്നു.

പുരുഷൻമാരുടെ കളിസ്ഥലത്തിന്‌ അരികിലാണ്‌ സ്‌ത്രീകളുടെ കളിസ്ഥലം. വൈകുന്നേരമാണ്‌ സ്‌ത്രീകളുടെ കളി. ആദ്യം സ്‌ത്രീകൾ കളിസ്ഥലത്തിന്‌ നടുവിൽ പായയിൽ വെച്ച മുറുക്കാനും വിളക്കും തൊട്ട്‌ നിറുകയിൽ വെക്കുന്നു. പെണ്ണുങ്ങളുടെ കളി വൃത്തത്തിലും അച്ചടക്കത്തിലുമാണ്‌. അംഗചലനങ്ങൾ ഒരേ രീതിയിലാണ്‌. പതന(പാട്ട്‌) ഒരുപാട്‌ പ്രാവശ്യം ആവർത്തിക്കുന്നു. അന്തരീക്ഷത്തിൽ പുരുഷവാദ്യങ്ങളുടെ ആധിപത്യമുണ്ടെങ്കിലും സ്വന്തം കളിയിലും പാട്ടിലും ഇവർ പൂർണ്ണമായും ആമഗ്നരാണ്‌. പാട്ടിൽ വനജീവിതമാണ്‌ കാണുന്നത്‌. അവിടെ ചിലർ ചോലകളിലെ മത്സ്യരാജ്യങ്ങളിലേക്ക്‌ പുറപ്പെടുന്നു. ചിലർ പെരുമരങ്ങളിലെ തേൻകൂടുകൾ കിളളുന്നു. പക്ഷി-മൃഗാദികളിലൂടെ ഫലമൂലാദികളിലൂടെ ഗോത്രജീവിതത്തിന്റെ പൊരുളുകളും അനുഭവ തരംഗങ്ങളും വെളിച്ചപ്പെടുകയാണ്‌.

രാത്രി മുഴുവനും തുടർന്ന കളി, അടുത്ത ദിവസം ഉച്ചയോടെ തല്‌ക്കാലം നിർത്തുന്നു. സർവ്വാഭരണ വിഭൂഷിതകളായ ഋതുമതിയേയും സഖിയേയും പുറത്തേക്ക്‌ ആനയിക്കുന്ന ഇടവേളയാണ്‌ അത്‌. വാദ്യസംഘത്തിന്റെ അകമ്പടി, ഇരുവശങ്ങളിലും പുറകിലുമായി മൂന്നു സ്‌ത്രീകൾ. അവർ സാവകാശം മുമ്പോട്ടു നീങ്ങുന്നു. ഋതുമതിയുടെ വലതുകൈയ്യിൽ ഒരു കത്തിയമ്പുണ്ട്‌. അത്‌ പ്രതീകാത്മകമാണ്‌. വേട്ടയുടെയും പുരുഷന്റെയും പ്രതീകം. സംഘം ആണുങ്ങളുടെ കളിസ്ഥലത്ത്‌ നില്‌ക്കുന്നു. അവിടെ വെറ്റിലയും അടയ്‌ക്കയും വെച്ച കൂമ്പൻ മുറത്തിനു ചുറ്റും ഋതുമതിയും തോഴിയും മറ്റു സ്‌ത്രീകളും മൂന്നു വലംവക്കുന്നു. തുടർന്ന്‌ അഞ്ചുപേരും പായയിൽ നില്‌ക്കും. അവളുടെ മടിയിൽ വെറ്റിലയും തോഴിയുടെ മടിയിൽ അടയ്‌​‍്‌ക്കയും മുതലി നിക്ഷേപിക്കുന്നു. അവർ കിഴക്കു ദിശയിൽ തിരിഞ്ഞു നിന്നു പ്രാർത്ഥിക്കുന്നു. അവരുടെ മുമ്പിൽ രണ്ടു കിണ്ണങ്ങൾ. ഈ കിണ്ണങ്ങളിലാണ്‌ ദക്ഷിണയിടുക. മുതലി അവയിൽ ആദ്യം ദക്ഷിണയിടുന്നു. കുട്ടികൾ മുതലിയുടെ കാലുകൾ തൊട്ട്‌ മൂന്നു പ്രാവശ്യം നിറുകയിൽ വെക്കുന്നു. മുതലി തലയിൽ കൈവെച്ച്‌ അനുഗ്രഹിക്കുന്നു.

ഈ ചടങ്ങ്‌ തീർന്നാൽ ശേഷിച്ച വെറ്റിലകൾ മുകളിലേക്ക്‌ എറിയും. കൂടിയവർ പെറുക്കും. പിന്നെ കുട്ടികളെ മനയിലേക്ക്‌ നയിക്കുകയായി. ഋതുമതി വലതുകാൽ വെച്ചും തോഴി ഇടതുകാൽവെച്ചും ഗൃഹപ്രവേശം. അപ്പോഴും അമ്പ്‌ ഋതുമതിയുടെ കയ്യിൽ. വയസ്സറിയിച്ചശേഷം അവൾ ആദ്യമായി വീടണയുകയാണ്‌. എല്ലാവരും കാൺകെ കുട്ടികളുടെ മുമ്പിൽവെച്ച്‌ മുതലിയും ഋതുമതിയുടെ അച്ഛനും മുത്തച്ഛനും ചേർന്ന്‌ ദക്ഷിണ തിട്ടപ്പെടുത്തുന്നു. ഈ പണം കുട്ടികൾക്കുളളതാണ്‌. കുട്ടികൾ പെൺക്കളത്തിലേക്ക്‌ തിരിച്ചുവരുന്നു. അമ്പ്‌ കളിക്കളത്തിന്‌ നടുവിൽ തറച്ച്‌, അവർ കളിയിൽ പങ്കുചേരുന്നു. അന്ന്‌ അവർക്ക്‌ ദ്രവാഹാരം മാത്രമായിരുന്നു. അതുകൊണ്ട്‌ തല്‌ക്കാലം നിർത്തി, ഭക്ഷണത്തിന്‌ മനയിലേക്ക്‌ തിരിച്ചു. എല്ലാവർക്കും കല്ല്യാണസദ്യ-കൂവയിലയിൽ.

കളി പിന്നെയും തുടരുന്നു. ഇതിനുശേഷം പരിസരങ്ങളിലെ ചെട്ടികുടുംബങ്ങൾ സന്ദർശിക്കുന്ന ഒരു ചടങ്ങുണ്ട്‌. വാദ്യ സംഘത്തോടൊപ്പമാണ്‌ ഈ യാത്രയും. ചെട്ടിമാർ പഴയജന്മികളാണ്‌. അവരും കുട്ടികൾക്ക്‌ ദക്ഷിണ നല്‌കും. അന്നും രാത്രിമുഴുവൻ കളിയായിരുന്നു. ഇതര ഹൈന്ദവാചാരങ്ങളുടെയും പരിഷ്‌കൃതിയുടെയും കലർപ്പുകൾ ഈ ചടങ്ങുകളിൽ പ്രകടമാണ്‌. എങ്കിലും ഗോത്രസംസ്‌കൃതിയുടെയും സൂക്ഷ്‌മമർമ്മരങ്ങളും രേഖാചിത്രങ്ങളും വായിച്ചെടുക്കാനാവും. സംസ്‌ക്കാരത്തിന്റെ നിലവറകളിലേക്ക്‌ ചരിത്രത്തിന്റെയും ഭൂതകാലത്തിന്റെയും പ്രാന്തരങ്ങളിലേക്ക്‌ കണ്ണുകൂർപ്പിച്ച്‌ ചില പ്രതീകങ്ങളും ചിഹ്‌നങ്ങളും ഇനിയും കെടാതെ നില്‌ക്കുന്നുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: mothaya.html Author: vh_dirar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English