വിത്തിന്റെ കടങ്കഥകൾ

1 അകത്തു തിരി തെറുത്തു

പുറത്തു മുട്ടയിട്ടു.

2 അച്ഛൻ പര പരാ

അമ്മ മിനു മിനു

മകൾ മണി മണി.

3 അടി ചെടി നടുകായ

തല നെൽച്ചെടി.

4 അടി പാറ, നടു വടി

തല തൂപ്പ്‌.

5 അടി മദ്ദളം, ഇല ചുക്കിരി

കായ്‌ കൊക്കിരി.

6 അടിയിൽ വട്ടക്കിണ്ണം

മേലെ പച്ചപ്പന്തൽ.

7 അടിക്കു കൊടുത്താൽ

മുടിക്കു ഫലിക്കും.

8 അങ്ങേലെ ചങ്ങാതി

വിരുന്നു വന്നിരിക്കുന്നു

കായ്‌ക്കാത്തതിന്റെയും പൂക്കാ

ത്തതിന്റേയും ഇല വേണം.

9 അമ്മ കല്ലിലും മുളളിലും

മകൾ കല്യാണപ്പന്തലിൽ.

10 അമ്മ പിരുപിരുത്ത്‌,

മകൾ മധുരക്കട്ട

മകളുടെ മകളൊരു കനകക്കട്ട.

11 ആനക്കൊമ്പിൽ പൊടിയരി.

12 ആനയ്‌ക്കു നില്‌ക്കാൻ നിഴലുണ്ട്‌

ഉപ്പു പൊതിയാനാലയില്ല.

13 ഇടയ്‌ക്കിടയ്‌ക്കു കെട്ടു കെട്ടി

മാനത്തേക്കൊരു വാലുവീശി.

14 ഇട്ടിലിടുക്കിലിളുക്കാശിതെത-

ങ്ങിന്മേലഞ്ഞൂറും മുന്നൂറും-

കൊട്ടത്തേങ്ങ.

15 തോട്ടുവക്കത്ത്‌ ഒരമ്മ പട്ടിട്ടു മൂടി.

16 ഇത്തിരിക്കുഞ്ഞൻ കുട്ട്യേക്കരയിച്ചു.

17 ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.

18 ഇത്തിരിയുളെളാരു കിച്ചാണ്ടി

ഉരുണ്ടുരുണ്ടൊരു കിച്ചാണ്ടി

കുട്ട്യോളെ കരയിക്കുന്ന കിച്ചാണ്ടി.

19 ഇല നുളളിക്കുഴിച്ചിട്ടു

കുഴി നിറയെ മുട്ട.

20 ഇല്ലി കരകര, ഇല്ലി കരകര

ഇല്ലി മേലായിരം പല്ലിമുട്ട.

21 ഉച്ചാണ്ടിക്കൊമ്പിൽ കരിപൂച്ച

കണ്ണും കാട്ടിയിരിക്കുന്നു.

22 ഉണ്ണരി പെണ്ണിന്‌

ഒരിക്കലേ പേറുളളൂ.

23 ഉണ്ടപ്പെട്ടിയിൽ ചന്ദ്രക്കല്ല്‌.

24 ഉരുളൻകാളേ അറക്കാൻ ചെന്നപ്പോ

സൂചിക്കൊമ്പൻ കുത്തികയറ്റി.

25 ഉളളു വെളളി, പുറം പച്ചളളിപ്പാമ്പ്‌

മാനത്തോളം വാല്‌.

26 എല്ലുണ്ട്‌, തൊലിയുണ്ട്‌, രോമമുണ്ട്‌

മനുഷ്യനല്ല മൃഗമല്ല.

27 ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്‌.

28 കണ്ടാൽ കഴമ്പ്‌ കാര്യത്തിൽ തോല്‌.

29 കയ്‌ക്കും പുളിക്കും കടുകടെ

മധുരിക്കും കണ്ണമേലുണ്ണിമാങ്ങ.

30 കൊച്ചിയിൽ വിതച്ചു;

കൊല്ലത്ത്‌ കൊയ്‌തു.

31 തിരിതെരുത്ത്‌

തിരിക്കകത്തു മുട്ടയിട്ടു.

32 നിലം കീറി പൊന്നെടുത്തു.

33 മണ്ണു കിളച്ചു ചീർപ്പെടുത്തു.

ഉത്തരങ്ങൾ

1. കുരുമുളക്‌, 2. ചക്ക, 3. കൈതച്ചക്ക, 4. ചേന, 5. പുളി, 6. ചേന, 7. തെങ്ങ്‌, 8. വെറ്റില, 9. വാഴപ്പഴം, 10. ചക്ക, ചുള, കുരു, 11. വഴുതനങ്ങ, 12. പുളിമരം, 13. മുള, 14. ഈന്തപ്പന, 15. കൈതച്ചക്ക, 16. കുരുമുളക്‌, 17. കുന്നിക്കുരു, 18. കുരുമുളക്‌, 19. കൂർക്ക, 20. നെല്ലിക്ക, 21. ഞാവൽപ്പഴം, 22. വാഴ, 23. കാഞ്ഞിരക്കായ്‌, 24. നാരകം, 25. മുള, 26. തേങ്ങ, 27. അവയ്‌ക്ക, 28. ഉളളി, 29. നെല്ലിക്ക, 30. മത്തങ്ങ, 31. പയർ, 32. മഞ്ഞൾ, 33. ഇഞ്ചി.

Generated from archived content: vith_may16.html Author: velayudhan_panikkassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകണ്യാർകളിയും കതിരുവേലയും
Next articleകതിരും ആചാരങ്ങളും
ജനനംഃ 30 3 1934 വിദ്യാഭ്യാസം ഃ ഏങ്ങണ്ടിയൂരിൽ. 1956ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച്‌ ലൈബ്രറിയിൽ ലൈബ്രേറിയനായി ചേർന്നു. 1991ൽ അവിടെനിന്നുതന്നെ റിട്ടയർ ചെയ്‌തു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്ക്‌ലോർ എന്നീ വിഭാഗങ്ങളിലായി ഇരുപതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മിക്ക കൃതികൾക്കും കേരളസാഹിത്യ അക്കാദമിയിൽനിന്നും കേരളസർക്കാരിൽനിന്നും വിശിഷ്‌ട ഗ്രന്ഥങ്ങൾക്കുളള പാരിതോഷികങ്ങളും പ്രസിദ്ധീകരണ സഹായങ്ങളും ലഭിച്ചിട്ടുണ്ട്‌. കേരള-കാലിക്കറ്റ്‌-മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ, സഞ്ചാരികളും ചരിത്രകാരന്മാരും, കേരളചരിത്രപഠനങ്ങൾ, സംസ്‌കാരത്തിന്റെ പൊൻനാളങ്ങൾ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, അൽ ഇദ്‌രീസയുടെ ഇന്ത്യ എന്നീ പുസ്‌തകങ്ങൾ പാഠപുസ്‌തകങ്ങളായി അംഗീകരിച്ചിരുന്നു. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, ഹിന്ദിയിലും ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ തമിഴിലും വിവർത്തനം ചെയ്‌ത്‌ യുഗപ്രഭാത്‌, കുമുദം എന്നീ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രാചീനകേരളത്തിന്റെ വൈദേശികബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്‌കാരത്തിലും ചെലുത്തിയിട്ടുളള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ ഫെല്ലോഷിപ്പ്‌ നൽകിയിട്ടുണ്ട്‌. ആർക്കിയോളജി സ്‌റ്റേറ്റ്‌ അഡൈസ്വറി ബോർഡിൽ അംഗമായിരുന്നു. ആർക്കൈവ്‌സ്‌ ഡിപ്പാർട്ടുമെന്റിന്റെ റീജിനൽ റിക്കോർഡ്‌സ്‌ സർവേ കമ്മറ്റിയിൽ അംഗമാണ്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ്‌ പ്രസിഡണ്ടായും അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒരു വ്യാഴവട്ടത്തോളമായി ‘താളിയോല’ എന്ന ത്രൈമാസിക നടത്തിവരുന്നു. ഭാര്യ ഃ വി.കെ. ലീല (റിട്ട. അദ്ധ്യാപിക), മക്കൾ ഃ ചിന്ത, ഷാജി, വീണ വിലാസം നളന്ദ ,കുണ്ടലിയൂർ പി.ഒ. തൃശൂർ 680616

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here