നീര്‍മാതളം പൂത്തകാലം

 

 

 

 

 

 

‘ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം കാറ്റില്‍ വന്നെത്തുന്ന എത്രയോ നേര്‍ത്ത ഗാനശകലം പോലെയാണ്… നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍, ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കു കാണാന്‍’- മാധവിക്കുട്ടി(നീര്‍മാതളം പൂത്തകാലം) തന്റെ സ്മരണകളിലൂടെ മലയാളികളുടെ മനസിലേക്ക് നീര്‍മാതളപ്പൂക്കളുടെ സുഗന്ധമെത്തിച്ചു. അവരുടെ മരണാനന്തരം, ആരാധകരും വായനക്കാരുമായ ചിലരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട കഥാകാരിയുടെ സ്മരണയ്ക്കായി മുറ്റത്തോ പറമ്പിലോ നട്ടുപിടിപ്പിക്കുന്നതിന് നീര്‍മാതള തൈകള്‍ തേടി അലഞ്ഞിരുന്നു.

കപ്പാരേസിയേ(Capparaceae) സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നീര്‍മാതളത്തിന്റെ ശാസ്ത്ര നാമം ക്രട്ടേവ മാഗ്ന (Crateca Magna) എന്നാണ്. ഇംഗ്ലീഷില്‍ Three Leaved Caper എന്നറിയപ്പെടുന്നു. വരുണ, പശുഗന്ധാ, അശ്മരീഘ്‌ന, ഭ്രമരപ്രിയ എന്നിവയാണ് സംസ്‌കൃത നാമങ്ങള്‍. ക്രട്ടേവയടുെ രണ്ടു സ്പീഷിസുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. വിഷപ്രയോഗത്തില്‍ പ്രസിദ്ധനും ഗ്രീക്ക് പച്ചിലമരുന്നു വിദഗ്ധനുമായ Kratevsaന്റെ പേരിലാണ് ഈ സസ്യജനുസ് അറിയപ്പെടുന്നത്. മാഗ്ന എന്ന സ്പീഷീസ് നാമത്തിന് വലുത്, മഹത്തരം എന്നിങ്ങനെയാണ് ലാറ്റിന്‍ ഭാഷയില്‍ അര്‍ഥം.

ഇന്തോ- മലേഷ്യ, ചൈന എന്നീ മേഖലകളില്‍ വളരുന്ന ഈ ചെറുവൃക്ഷം കേരളത്തിലെ അര്‍ധനിത്യഹരിത വനങ്ങളിലെ പുഴയോരങ്ങളിലും അരുവോയരങ്ങളിലും കാണപ്പെടുന്നു. അലങ്കാര വൃക്ഷമായും വീട്ടുപറമ്പുകളില്‍ വച്ചുപിടിപ്പിക്കാറുണ്ട്.

പത്തു മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുള്ള നീര്‍മാതളത്തിന് മൂന്നു സഹപത്രങ്ങളുള്ള ഇലകളാണുള്ളത്. ഇലകള്‍ ഏകാന്തര ക്രമത്തിലാണ് വിന്യസിച്ചിട്ടുള്ളത്. അണ്ഡാകാരത്തിലുള്ള സഹപത്രങ്ങളുടെ അഗ്രം കൂര്‍ത്തതാണ്. ശാഖാഗ്രങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. ജനുവരി- ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം. പൂങ്കുലവൃന്ദം നീളം കുറഞ്ഞതും തടിച്ചതുമാണ്. നാലു ബാഹ്യ ദളങ്ങളും നാലു ദളങ്ങളുമുള്ള പൂക്കള്‍ ആദ്യം വെള്ളയോ ക്രീം നിറത്തിലോ, പൂര്‍ണമായി വിരിഞ്ഞു കഴിഞ്ഞാല്‍ ഇളം മഞ്ഞ നിറത്തിലോ ആയിരിക്കും. കേസരങ്ങള്‍ക്ക് ദളങ്ങളേക്കാള്‍ വളരെ കൂടുതല്‍ നീളമുണ്ട്. കേസരങ്ങളുടെ നിറം തവിട്ടുകലര്‍ന്ന ചുവപ്പോ ലോഹിത വര്‍ണമോ ആണ്. ചെറുനാരങ്ങയുടെ വലിപ്പമുള്ള കായ്കളുടെ പുറംതൊലിക്ക് തവിട്ടുകലര്‍ന്ന ചാരനിറമാണ്. കായ്ക്കുള്ളിലെ മാംസളമായ പള്‍പ്പിനുള്ളില്‍ ധാരാളം ചെറിയ വിത്തുകള്‍ ഉണ്ടായിരിക്കും. മെയ്, ജൂലൈ മാസങ്ങളില്‍ കായകള്‍ വിളയുന്നു.

പണ്ടുകാലം മുതല്‍ക്കേ ഉപയോഗിച്ചു വന്നിരുന്ന ഔഷധസസ്യമാണ് നീര്‍മാതളം. ഇലകളും പട്ടയും വേരിന്മേല്‍ തൊലിയുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ‘ ഇല അരച്ച ചാറില്‍ തുണിമുക്കി അടിവയറ്റില്‍ വച്ചാല്‍ മൂത്രം പോകും. കായ്കള്‍ പൊടിച്ചു ഉപ്പും കര്‍പ്പൂരവും പൂച്ചക്കാഷ്ഠവും ചേര്‍ത്ത് കുഴമ്പാക്കി തേച്ചാലും ഇതേ ഗുണമാണ്’- ഹോര്‍ത്തൂക്കസ് മലബാറിക്കസ്..

വാതം, മൂത്രാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, വൃഷണ വീക്കം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ നീര്‍മാതളം ഉപയോഗിക്കുന്നു. വരുണാദി കഷായം, പ്രഭാഞ്ജനം കുഴമ്പ്, ധാന്വന്തരം ഘൃതം, ചന്ദ്രപ്രഭ ഗുളിക എന്നീ ഔഷധങ്ങളിലെ പ്രധാന ചേരുവകളിലൊന്നാണിത്.

‘ ഭ്രമരപ്രിയ’ എന്ന സംസ്‌കൃതനാമം സൂചിപ്പിക്കുന്നതു പോലെ ധാരാളം ഷട്പദങ്ങള്‍ പൂന്തേന്‍ നുകരാനായി നീര്‍മാതളപ്പൂക്കളില്‍ എത്താറുണ്ട്. പീറേഡ(pieridae) ശലഭ കുടുംബത്തില്‍പ്പെടുന്ന ചോക്കലേറ്റ് ആല്‍ബട്രോസ്, ചെഞ്ചിറകന്‍ (great orange tip ), പൊട്ടുവെള്ളാട്ടി (psyche) എന്നിവയുടെ ലാര്‍വ ഭക്ഷണസസ്യം കൂടിയാണിത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നീര്‍മാതള മരങ്ങള്‍ ഉള്ളതിനാല്‍ ചോക്കലേറ്റ് ആല്‍ബട്രോസ് ശലഭങ്ങള്‍ സാധാരണയായി കാണപ്പെടാറുണ്ട്.

ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വരണ്ട ഇലപൊഴിയും വനങ്ങളില്‍ വളരുന്ന മാവലിംഗവും നീര്‍മാതളവുമായി ഏറെ സാദൃശ്യമുള്ളതാണ്. crataeva adansonil ssp odora എന്നാണ് ഈ ചെറുവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇവയുടെ പൂക്കള്‍ക്ക് വെള്ളനിറവും പൂര്‍ണമായി വിരിഞ്ഞു കഴിഞ്ഞാല്‍ ക്രീം നിറവുമാണ്. കേസരങ്ങള്‍ക്ക് നീര്‍മാതളപ്പൂക്കളുടെയത്രയും വലിപ്പമുണ്ടാകില്ല. കായ്കള്‍ക്കും വലിപ്പവും കുറവാണ്. പാകമായ കായ്കള്‍ക്കു ചുവപ്പു നിറമാകും ഉണ്ടാകുക. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ശസ്ത്രക്രിയ വിദഗ്ധനും സസ്യ ശാസ്ത്രജ്ഞനുമായ മൈക്കള്‍ ആഡന്‍സനോടുള്ള ആദര സൂചകമായാണ് ഈ സ്പീഷിസിന് ആഡന്‍സോണൈ എന്ന പേര്‍ നല്‍കിയിരിക്കുന്നത്.

വിത്തുമൂലമാണ് സ്വാഭാവിക പുനരുത്ഭവം നടക്കുന്നത്. എന്നാല്‍ പ്രായമായ നീര്‍മാതള മരങ്ങളുടെ വേരില്‍ നിന്നു പൊട്ടിമുളയ്ക്കുന്ന തൈകളാണ് നട്ടുപിപ്പിക്കുന്നതിന് ഉത്തമം. ഔഷധസസ്യമായും അലങ്കാര വൃക്ഷമായും ഇപ്പോള്‍ നീര്‍മാതളം വ്യാപകമായി നട്ടുപിടിപ്പിക്കുന്നു. അതിനാല്‍ തത്കാലം വംശനാശ ഭീഷണി നേരിടുന്നില്ലെന്നു വേണം കരുതാന്‍. ഒരു പക്ഷെ മലയാളികള്‍ക്ക് മാധാവിക്കുട്ടിയോടുള്ള അടുപ്പവും ആദരവും നീര്‍മാതളത്തോടുള്ള അടുപ്പമായി മാറിക്കഴിഞ്ഞിട്ടുണ്ടായിരിക്കണം.

Generated from archived content: kattarivu1_sep30_13.html Author: vc_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English