ചാറ്റ്‌ഃ കാണിക്കാരുടെ മന്ത്രവാദം

മന്ത്രവാദം നടത്തിയ കുറ്റത്തിന്‌ നിരവധി മനുഷ്യർ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട യൂറോപ്പിലും ആധുനിക പരിഷ്‌കാരത്തിന്റെ ഉച്ചകോടിയിൽ നിൽക്കുന്ന അമേരിക്കയിലും മന്ത്രവാദം ഗവേഷണവിഷയമായിട്ടുണ്ട്‌. നരവംശശാസ്‌ത്രത്തിനും സാമൂഹികശാസ്‌ത്രങ്ങൾക്കും പല നേട്ടങ്ങളും അതുമൂലമുണ്ടായിട്ടുണ്ട്‌. മന്ത്രവാദം നന്മ ചെയ്‌തിട്ടുളള അതേ അളവിൽ തിന്‌മയും ചെയ്‌തിട്ടുണ്ടെന്നാണ്‌ പ്രശസ്‌തനരവംശശാസ്‌ത്രജ്ഞനായ ഫ്രേസറുടെ മതം. ബി.സി.3-​‍ാം ശതകം മുതൽ എ.ഡി. 3-​‍ാം ശതകം വരെയുളള കാലമാണ്‌ ലോകത്ത്‌ മന്ത്രവാദത്തിന്റെ സുവർണ്ണദശയായി അംഗീകരിച്ചിട്ടുളളത്‌. ‘മാനവസംസ്‌കാരചരിത്രത്തിന്റെ ഭൗതികവശത്ത്‌ ഒരു ശിലായുഗം ഉണ്ടായിരുന്നതുപോലെ അതിന്റെ മാനസികവശത്ത്‌ ഒരു മന്ത്രവാദയുഗം ഉണ്ടായിരുന്നു’ എന്നും ‘മന്ത്രവാദികളാണ്‌ ലോകചരിത്രത്തിൽ ആദ്യമായി രാജാക്കൻമാരായത്‌ എന്നും വിശ്വസിക്കുന്നതിന്‌ മതിയായ തെളിവുണ്ട്‌’ എന്നും ഫ്രേസറുടെ കൃതിയെ ആധാരമാക്കി രചിച്ച ‘മന്ത്രവാദവും മതവും’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. മന്ത്രവാദി ആദ്യത്തെ ശാസ്‌ത്രജ്ഞനും വൈദ്യനും കൂടിയായിരുന്നു. നാമെന്തുപറഞ്ഞു പുച്ഛിച്ചാലും മന്ത്രവാദം പ്രാചീനമാനവജീവിതത്തിന്റെ ഭാഗമാണ്‌.

മതവുമായി കെട്ടുപിണഞ്ഞുവളർന്നതാണ്‌ മാന്ത്രിക വിശ്വാസം. എല്ലാമതക്കാർക്കിടയിലുമുണ്ട്‌ മന്ത്രവാദകർമ്മങ്ങൾ. ചതുർവ്വേദങ്ങളിലൊന്നായ അഥർവ്വത്തിൽ ആഭിചാരതന്ത്രങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. നമ്പൂതിരിമുതൽ പറയൻവരെ മന്ത്രവാദത്തിൽ വിശ്വാസമർപ്പിച്ചിട്ടുളള നാടാണ്‌ കേരളം. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ്വവേദ സമ്പ്രദായത്തോടാണ്‌ മലയാളികൾ ആഭിമുഖ്യം കാട്ടിയിട്ടുളളത്‌. ആറ്‌ സന്മന്ത്രവാദികളും ആറ്‌ ദുർമ്മന്ത്രവാദികളും കേരളത്തിലുണ്ടായിരുന്നുവെന്ന്‌ ലോഗൻസായ്‌പ്‌ മലബാർ എന്ന കൃതിയിൽ പറഞ്ഞിരിക്കുന്നു. ചില സമുദായക്കാരുടെ കുലത്തൊഴിലുകളിൽപെട്ടതായിരുന്നു മന്ത്രവാദം. ചുട്ടകോഴിയെ പറപ്പിച്ച മന്ത്രവാദികളുടെ എത്രയോ കഥകൾ നാട്ടിൽ പാട്ടായിരുന്നിട്ടുണ്ട്‌. മണ്ണാൻ, കുറവൻ, പറയൻ, വേലൻ, പുളളുവൻ, കാണിക്കാരൻ തുടങ്ങിയവരാണ്‌ കേരളത്തിലെ മാന്ത്രികപാരമ്പര്യമുളള ജാതിക്കാർ. ഗിരിവർഗ്ഗവിഭാഗത്തിൽ പെട്ട കാണിക്കാർ നടത്തുന്ന മന്ത്രവാദമാണ്‌ ചാറ്റ്‌.

1937-ൽ എൽ.എ.കൃഷ്‌ണൻ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിന്റെ പ്രഥമവാല്യത്തിൽ കാണിക്കാരെക്കുറിച്ച്‌ പറയുന്നു. കാണിക്കാരുടെ പാട്ടുകൾ ശേഖരിച്ച്‌ ഇതിൽ അനുബന്ധമായി കൊടുത്തിട്ടുണ്ട്‌. 1954ൽ Anthropological Survey of Indiaയിലെ ഗവേഷകയായിരുന്ന ശ്രീമതി.കെ.ജ്ഞാനാംബാൾ “Kanikkar of Travancore and their Religion and Magical Practices” എന്ന ഒരു പ്രബന്ധം പുറത്തിറക്കി. കാണിക്കാരുടെ വിശ്വാസാചാരങ്ങളെപ്പറ്റി ഇതിൽ വിസ്‌തരിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ഫീൽഡുപഠനങ്ങൾ നടത്തിയാണ്‌ അവരീകൃതിക്ക്‌ ജന്‌മം നൽകിയത്‌. ബി.മുക്കർജി എന്ന മറ്റൊരു ഗവേഷകൻ ‘Marriage amoung the kanikkars of Travancore’ എന്ന പേരിൽ 1956 ൽ ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എം.കെ.നാഗ്‌ കാണിക്കാരുടെ കുടുംബഘടനയെപ്പറ്റിയും പി.സി.റായി the Manual Ability of the Kanikkars of Travancore എന്നതിനെപ്പറ്റിയും പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്‌. ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ കാണിക്കാരെക്കുറിച്ചു നടത്തിയ പ്രസ്‌തുത പഠനങ്ങൾ ഒഴിവാക്കിയാൽ പിന്നെ ഈ വഴിക്കധികം നടന്നവരില്ല.

കാണിക്കാരുടെ ജീവിതത്തിലെ ശ്രദ്ധേയമായ ഒരംശമാണ്‌ ചാറ്റ്‌. ഉറക്കെപ്പറയുക (ഉദ്‌ഘോഷിക്കുക) എന്നാണ്‌ ചാറ്റുക എന്ന പദത്തിന്റെ കേവലമായ അർത്ഥം. ഭാഷാപണ്ഡിതൻമാരുടെ പക്ഷത്തിൽ, ഇതൊരു പ്രാചീന തമിഴ്‌പദമാണ്‌. ഇന്നു നാം ഉപയോഗിക്കുന്ന അർത്ഥത്തിൽ തന്നെ അത്‌ “തിരുപ്പാവൈ”പോലുളള പഴയ തമിഴ്‌ കൃതികളിൽ ഉപയോഗിച്ചിരുന്നു. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ to call on Gods and sing at astrologers എന്നാണിതിന്റെ അർത്ഥം നൽകിയിട്ടുളളത്‌. മലയരയൻമാർ മന്ത്രവാദാവസരങ്ങളിൽ പാടുന്ന പാട്ടാണ്‌ ചാറ്റെന്ന്‌ സുമംഗലയുടെ ‘പച്ചമലയാള നിഘണ്ടു’വിലും കാണുന്നു.

വടക്കേ ഇന്ത്യയിൽ നിന്ന്‌ വിന്ധ്യന്റെ ദർപ്പമടക്കി തെക്കോട്ടുവന്ന അഗസ്‌ത്യമുനിയാണ്‌ ചാറ്റ്‌ ഏർപ്പെടുത്തിയതെന്നാണ്‌ കഥ. ഒരിക്കൽ കാണിക്കാർ അസ്‌ത്രം പ്രയോഗിക്കുന്നത്‌ അഗസ്‌ത്യൻ നേരിൽ കാണാനിടയായത്രേ. ദ്രോണാചാര്യരുടെ ഗുരുവിന്റെ ഗുരുവും ധനുർവ്വേദപാരംഗതനുമായ അദ്ദേഹം അത്ഭുതസ്തിമിതനായി നിന്നുപോയി. കാണിക്കാരന്റെ അസ്‌ത്രവിദ്യാനൈപുണി അത്രകേമമായിരുന്നു. ഈ നിലതുടർന്നാൽ കാണിക്കാരെ ആർക്കു തോൽപ്പിക്കാനാവും? ബുദ്ധിമാനായ ഋഷി കാണിക്കാരെ സമീപിച്ച്‌ അമ്പുംവില്ലും വാങ്ങി പകരം ഒരോല ഗ്രന്ഥവും ‘കൊക്കര’ എന്ന ഉപകരണവും സമ്മാനിച്ച്‌ ഇങ്ങനെ അനുഗ്രഹിച്ചുപോലും,“ഇനിമേൽ കാട്ടുമരുന്നുകൾ ഉപയോഗിച്ചും, ചാറ്റിപ്പാടി ‘ശുദ്ധി’ വരുത്തിയും രോഗങ്ങൾമാറ്റി കായ്‌കനികൾ ഭക്ഷിച്ച്‌ സന്തോഷത്തോടെ വാഴുവിൻ”. മുനിയെ വണങ്ങി കാണിക്കാർ മടങ്ങി. ചാറ്റ്‌ എന്നത്‌ ഒരു ശുദ്ധികർമ്മം ആകുന്നു.

മന്ത്രവാദം പ്രേതാരാധനയിൽ നിന്നും ഉടലെടുത്തതുകൊണ്ട്‌ മന്ത്രവാദികൾക്ക്‌ ഉപാസനാമൂർത്തികൾ ഉണ്ടായിരിക്കും. കാണിക്കാർക്കാകട്ടെ ഒരു പറ്റം മൂർത്തികളാണുളളത്‌. എങ്ങും എവിടേയും ഏതിലും പേയേയും പിശാചിനേയും ദർശിക്കാൻ അവർക്കുകഴിയും. പാറയിലും മരത്തിലും കുന്നിലും വെളളത്തിലും ആകാശത്തും സൂര്യചന്ദ്രാദികളിലുമെല്ലാം ചൈതന്യം കണ്ടെത്തി ആരാധിച്ചു പോന്നിരുന്ന അവർ പിന്നീട്‌ ഓരോരോ മൂർത്തികളെ ഉപാസിക്കാൻ തുടങ്ങി. തമ്പുരാൻ കുട്ടിയമ്മ (ഭദ്രകാളി), മാടൻ, മറുത, ആയിരവില്ലി, ചാമുണ്ഡി, രക്തേശ്വരി, മല്ലൻ, മന്ത്രമൂർത്തി, യോഗീശ്വരൻ, ചാത്താവ്‌, തിരുവട്ടിപ്പാറ അയ്യൻ, കറുപ്പസ്വാമി, വടശ്ശേരിക്കര ആടുവളളി തമ്പുരാൻ (മാത്തുട്ടിപ്പിളളി), അമ്മുത്തുകാവ്‌ ആടുവളളിതമ്പുരാൻ, കോട്ടൂർ തമ്പുരാൻ, കൊട്ടാരത്തു തമ്പുരാൻ, കണിയാംതമ്പുരാൻ, കാലാട്ടുതമ്പുരാൻ, മുണ്ടണിതമ്പുരാൻ, എല്ലയ്‌ക്കൽ സ്വാമി, പടച്ചതമ്പുരാൻ, പഠിപ്പുമൂർത്തി, യക്ഷി, ബ്രഹ്‌മരക്ഷസ്സ്‌, വടക്കപ്പേ, നാഞ്ചിപ്പേ, അരുവിമൂപ്പത്തിയമ്മ, 150 വലിയ ചാവുകൾ (ആനച്ചാവ്‌, പുലിച്ചാവ്‌, പാമ്പുച്ചാവ്‌ തുടങ്ങിയവ), 150 അയ്യനാർ, 10ചെറിയ ചാവുകൾ, നീലമ്പിമുത്തൻ, മുത്താലമുത്തൻ, ശീതങ്കമുത്തൻ, ഈച്ചമുത്തൻ തുടങ്ങി എത്രയെത്ര പ്രാദേശിക ദൈവങ്ങളെ കാണിക്കാർ ആരാധിക്കുന്നു.

പ്രയോഗങ്ങൾക്ക്‌ ഭേദമുണ്ടെങ്കിലും ചാറ്റെല്ലാം ഒന്നുതന്നെ. തെക്കൻവഴി, പൊന്മുടിവഴി, ഹനുമാൻവഴി, തൊറട്ടുവഴി എന്നിങ്ങനെ നാലുവഴിയാണ്‌ പ്രമുഖമായിട്ടുളളത്‌. തെക്കൻ ദിക്കിൽ പ്രചാരമുളള രീതിക്ക്‌ തെക്കൻ വഴി എന്നു പറയുന്നു. പൊൻമുടിയിലും പരിസരത്തുമുളള രീതിയാണ്‌ പൊന്മുടിവഴി, അനുഷ്‌ഠിക്കാൻ വളരെ പ്രയാസമുളള സമ്പ്രദായങ്ങളാണ്‌ ഹനുമാൻ വഴിയും തൊറട്ടുവഴിയും. രാത്രിയിലാണ്‌ ചാറ്റുക പതിവ്‌. ഒരു മന്ത്രവാദത്തിനാവശ്യമായ ഒരുക്കുപടികൾ ഇതിനും ആവശ്യമുണ്ട്‌. വിളക്ക്‌, നിറനാഴി, കമുകിൻപൂവ്‌, വെറ്റ, പാക്ക്‌, കരിക്ക്‌, തേങ്ങ, അവൽ, പൊരി, പഴം, പന്തം, കുന്തിരിക്കം, പുഴുക്കലരി, മഞ്ഞനീര്‌ (മഞ്ഞൾ അരച്ചുകലക്കിയ വെളളം), കോഴി, കുമ്പളങ്ങ, വാഴത്തട തുടങ്ങിയവയാണ്‌ ഒരു ചാറ്റിന്‌ ഇന്നാവശ്യമുളള ഒരുക്കുപടികൾ.

രാത്രി പത്തുമണിയോടടുപ്പിച്ച്‌ ചാറ്റാനിരിക്കും. ആദ്യം ‘പടുക്കയിടുക’യാണ്‌ ചെയ്യുന്നത്‌. ഗണപതിപ്പടുക്ക എന്നുപറയും. തൂശനിലയിൽ പഴവും അവലും മലരും മറ്റും വെച്ച്‌ നിവേദിക്കുന്നതാണ്‌ പടുക്ക. ഗണപതി പ്രീതിയാണ്‌ ലക്ഷ്യം. ചെമന്ന പട്ടുടുത്ത്‌ ഭസ്‌മക്കുറിപൂശി നിലത്തിരുന്നാണ്‌ സാധാരണയായി പാടുക. പ്രധാനപാട്ടുകാരൻ പ്ലാത്തി(പിലാത്തി) ആണ്‌. മുഖ്യമാന്ത്രികനാണദ്ദേഹം. പിലാത്തിയുടെ മന്ത്രപ്പാട്ട്‌ കേട്ടുപാടാൻ മറ്റുരണ്ടുപേർ കൂടിയുണ്ടാവും. സഹായികളായി വേറെയും ആളുകൾ കാണും. പാട്ടുകാർ ഇടയ്‌ക്കിടെ വിശ്രമിക്കും. താളത്തിനൊത്ത്‌ അംഗചലനങ്ങളോടുകൂടിയായിരിക്കും പാടുക. സ്വയം മറന്നാണ്‌ പാടുന്നതെന്ന്‌ തോന്നും. തികഞ്ഞ ഏകാഗ്രത പാലിക്കുന്നു. ഇതിനിടയിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകുകയില്ല. വിഘ്‌നം കൂടാതെ ഒരൊഴുക്കിൽ പാട്ടങ്ങനെ നീണ്ടുപോകും. ഗാനങ്ങൾ വ്യക്‌തമായി കേൾവിക്കാർക്ക്‌ മനസ്സിലാവുകയില്ല. ആലാപനം ഉറക്കെയാണെങ്കിലും, സന്ദർഭത്തിനനുസരിച്ച്‌ ആരോഹണാവരോഹണങ്ങൾ സൃഷ്‌ടിക്കും. ഗാനങ്ങൾ കേൾക്കാനിമ്പമുളളവതന്നെ. ചില പാട്ടുകൾ ദ്രുതഗതിയിലും ചിലത്‌ സാവധാനത്തിലും പാടുന്നു. പാട്ടുകൾക്കു പിന്നിൽ പ്രത്യേക സംവിധാനമൊന്നുമില്ലെന്നാണ്‌ കാണിക്കാരുടെ പക്ഷം. തോന്നുന്നത്‌ പാടുന്നുവത്രെ.

കൊക്കര (കൊക്കറ) എന്നു പേരുളള ഒരുപകരണം പാട്ടിന്‌ ഉപയോഗിക്കുന്നു. ചാറ്റിനല്ലാതെ മറ്റൊന്നിനും ഈ ഉപകരണം ഉപയോഗിക്കുന്നതായി അറിവില്ല. കേരളത്തിലെ ആദിവാസികൾ ചർമ്മവാദ്യമാണ്‌ ഇതുപോലുളള അനുഷ്‌ഠാനവേളകളിൽ ഉപയോഗിക്കുന്നത്‌. എന്നാൽ കൊക്കര ഒരു ചർമ്മവാദ്യമല്ല. ഇരുമ്പുകൊണ്ടുളള ഒരു സാധനമാണിത്‌ കൊല്ലനാണിത്‌ നിർമ്മിക്കുന്നത്‌. അകം പൊളളയാക്കി ഏതാണ്ട്‌ കൈത്തണ്ടയുടെ വലിപ്പത്തിൽ ഉരുട്ടിയെടുത്ത ഒരിരുമ്പുകഷ്‌ണത്തിൽ അല്‌പം ഇടവിട്ട്‌ ഇരുവശത്തും പല്ലുപോലെ കൊത്തിയുണ്ടാക്കി അതിന്റെ നടുവിൽ ചെറിയ ചങ്ങലയിട്ട്‌ ഒരു ചുളളിക്കമ്പിന്റെ വണ്ണത്തിൽ ഏകദേശം രണ്ടുവിരൽ നീളത്തിൽ ഒരു കമ്പി ഘടിപ്പിക്കുന്നു. ഇടതുകൈയിൽ ഉരുട്ടിയ ഇരുമ്പുകഷ്‌ണം താങ്ങിപ്പിടിച്ച്‌ വലതുകൈകൊണ്ട്‌ ചെറിയ കമ്പി പല്ലുകളിൽ ഉരസികേൾപ്പിക്കുന്ന ശബ്‌ദമാണ്‌ കൊക്കരയുടേത്‌. ചെറിയ കമ്പിക്ക്‌ കാണിക്കാർ ‘പുളളുവലി’ എന്നു പറയുന്നു. വളരെ ദൂരംവരെ കൊക്കരയുടെ ശബ്‌ദം കേൾക്കും. ഇതിന്റെ ശബ്‌ദം കേട്ടാൽ ദുർദേവതകൾ ഓടിയൊളിക്കും. ഓരോ ഇനം ചാറ്റിനും ഓരോ വിധത്തിലാണ്‌ കൊക്കര മീട്ടുന്നത്‌. കൊക്കരയുടെ ശ്രുതിയിൽ നിന്നും ഏതിനം ചാറ്റാണെന്ന്‌ തിരിച്ചറിയാമത്രേ.

ചാറ്റ്‌ പലവിധമുണ്ട്‌. പാട്ടിലും അനുഷ്‌ഠാനങ്ങളിലും ഒരുക്കുപടികളിലുമുളള വ്യത്യാസമാണ്‌ ചാറ്റിനെ വേർതിരിക്കുന്നത്‌. എല്ലാ ചാറ്റിനും കൊക്കര ഉപയോഗിക്കും. കാണിക്കാർ സ്വന്തം ആവശ്യങ്ങൾക്കുമാത്രമല്ല നാട്ടിൽകഴിയുന്ന വിശ്വാസികൾക്കുവേണ്ടിയുംകൂടി ഈ കർമ്മം അനുഷ്‌ഠിക്കുന്നു. കാണിക്കാരന്റെ സേവാമൂർത്തികളുടെ ശക്‌തിപ്രസിദ്ധമായിരുന്നതിനാൽ അവരെ ക്ഷണിച്ചുകൊണ്ടുവന്ന്‌ ഗൃഹരക്ഷയ്‌ക്കും രോഗശമനത്തിനും കൃഷി, കന്നുകാലി എന്നിവയുടെ സുസ്‌ഥിതിക്കും മന്ത്രവാദങ്ങൾ നടത്തിക്കാൻ നാട്ടുകാർ മടിച്ചിരുന്നില്ല. നഗരങ്ങളിലെ പരിഷ്‌കാരികൾ പോലും ചാറ്റ്‌ നടത്തിച്ച്‌ ഗൃഹശുദ്ധി വരുത്തിയിരുന്നു. കോട്ടൂർ വനങ്ങളിൽ പാർക്കുന്ന കാണിക്കാർ തിരുവനന്തപുരം, നാഗർകോവിൽ, തിരുനൽവേലി തുടങ്ങിയ ദിക്കുകളിൽ ചാറ്റാൻ പോയിരുന്നുവെന്നു കേൾക്കുമ്പോൾ, ഈ മന്ത്രാനുഷ്‌ഠാനത്തിന്‌ എത്രത്തോളം പ്രചാരം സിദ്ധിച്ചിരുന്നുവെന്ന്‌ ഊഹിക്കാമല്ലോ. രാജാവിനെപ്പോലും മുട്ടുകുത്തിക്കാൻ പോന്ന മാന്ത്രികബലം കാണിക്കാരനുണ്ടായിരുന്നുവെന്ന്‌ തെളിയിക്കുന്ന ഒരു പാട്ടാണ്‌ കല്ലണപ്പോര്‌. മഹാകവി ഉളളൂർ കേരളസാഹിത്യചരിത്രം ഒന്നാം വാള്യത്തിൽ ഈ കാണിപ്പാട്ടിനെപറ്റി വിസ്‌തരിച്ചിട്ടുണ്ട്‌.

കാണിക്കാർ അവരുപാസിക്കുന്ന ദേവൻമാരേയും ദേവിമാരേയും പാട്ടുപാടി വിളിച്ചു വരുത്തുന്നു. ആർക്കാണോ ചാറ്റു നടത്തുന്നത്‌ അവരുടെ കുടുംബദേവതകളെയും വിളിച്ചുവരുത്തുന്നു. പരദേവതകളെ സംപ്രീതരാക്കാൻ വേണ്ടതുചെയ്യുകയാണ്‌ അടുത്തപടി. ദ്രോഹം ചെയ്യുന്ന മൂർത്തികളെ ആവാഹിക്കുന്നു. പലദിക്കുകളിൽ നിന്നും വിളിച്ചുവരുത്തുന്ന മൂർത്തികളെ തിരിച്ച്‌ അവരുടെ വാസസ്ഥാനങ്ങളിലെത്തിച്ച ശേഷമേ പാട്ട്‌ അവസാനിപ്പിക്കാവൂ. ഒരു രാത്രികൊണ്ടുതന്നെ അത്‌ ശരിയാക്കണം. അല്ലെങ്കിൽ ആപത്തുണ്ടാവുമത്രേ. പാട്ട്‌ വെളുക്കുവോളം നീണ്ടുനിൽക്കും. ഇതിനിടയിൽ കുരുത്തോലകൊണ്ട്‌ മാന്ത്രികക്കളങ്ങൾ ഉണ്ടാക്കുകയും ആ കളങ്ങളിൽ മൂർത്തികളെ കൊണ്ടുവന്നിരുത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന കർമ്മങ്ങൾ നടക്കും. ആർക്കാണോ ബാധതീർക്കേണ്ടത്‌ അവരെ മുന്നിലിരുത്തി ചില ക്രിയകൾ നടത്തും. പന്തം കൊളുത്തി പിണിയാളുടെ തലയ്‌ക്കുഴിയുകയും മന്ത്രം ചൊല്ലുകയും പന്തത്തിൽ തെളളിപ്പൊടി എറിയുകയും ചെയ്യും. ഒടുവിൽ പിലാത്തി ഉറഞ്ഞുതുളളും. മംഗളം വരുന്നതിന്‌ എന്തെല്ലാമാണ്‌ ചെയ്യേണ്ടതെന്ന്‌ അയാൾ അറിയിക്കും. മാറത്ത്‌ പൊതിച്ചതേങ്ങ കൊണ്ടിടിച്ചും വാളെടുത്തു വെട്ടിയും കോഴിയെ കുരുതിചെയ്‌തും ഇഷ്‌ടദേവതയെ പ്രീതിപ്പെടുത്തും. കാക്ക കരയുമ്പോൾ ചാറ്റ്‌ തീരും. ചാറ്റ്‌ കഴിഞ്ഞാൽ ആ വീട്ടിൽ തങ്ങികൂടെന്നാണ്‌ പ്രമാണം. ഉപയോഗമില്ലാത്ത അവശിഷ്‌ടങ്ങൾ നദിയിലൊഴുക്കണമെന്ന്‌ വിധിയുണ്ട്‌.

ബാധയെ കാണിക്കാർ ബന്ധിച്ചുകൊണ്ടുപോകുകയാണ്‌ പതിവ്‌. ഒരു ചെറിയ കലശത്തിൽ ആവാഹിച്ച്‌ തോർത്തുകൊണ്ട്‌ മൂടിക്കെട്ടുന്നു. ബാധചാടിപ്പോകാതിരിക്കാനുളള ഏർപ്പാടാണിത്‌. ഈ ബാധയെ ഭൂമിക്കടിയിൽ നിക്ഷേപിക്കുന്നു. ആ ബാധയ്‌ക്കു പിന്നെ മോചനമില്ലെന്നാണ്‌ വിശ്വാസം. പല ആവശ്യത്തിനും ചാറ്റുനടത്തും. ദുർമൂർത്തികളുടെ ആവാസം ഗൃഹത്തിലുണ്ടായാൽ ഉച്ചാടനാർത്ഥം ചാറ്റും. രോഗങ്ങളും മറ്റാപത്തുകളും ദേവൻമാരുടെ അപ്രീതികൊണ്ടാണ്‌ ഉണ്ടാകുന്നതെന്ന്‌ വിശ്വസിക്കുന്നവർ കാണിക്കാരനെ കൊണ്ട്‌ ചാറ്റിച്ച്‌ അതിൽ നിന്നും മുക്‌തി നേടുന്നു. ദുർമന്ത്രവാദികൾ ശത്രുക്കളെ നശിപ്പിക്കാൻ ബാധകളെ ജപിച്ചയക്കുമ്പോൾ അതിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാറ്റ്‌ നടത്തും. കൃഷിക്കായി പുതുകാട്‌ തെളിക്കുമ്പോഴും കാട്‌ ചുട്ട്‌ ആദ്യമായി വിത്തു വിതയ്‌ക്കുമ്പോഴും കളയെടുക്കുമ്പോഴും വിളവെടുക്കുമ്പോഴും ചാഴി, പുഴു, തുടങ്ങിയ കീടങ്ങളുടെ ബാധയുണ്ടാകുമ്പോഴും മംഗലപരിസമാപ്‌തിക്കായി ഈ മാന്ത്രികാനുഷ്‌ഠാനം നടത്തുന്നു. പലയിനം ചാറ്റുകളുണ്ട്‌. അവയിൽ ചിലതിനെപ്പറ്റി വിവരിക്കാം.

1. വയറ്റുചാറ്റ്‌ (തുടിച്ചാറ്റ്‌)ഃ ഗർഭരക്ഷാർത്ഥം നടത്തുന്ന ചാറ്റിനാണ്‌ ഈ പേർ പറയുന്നത്‌. ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലൊ നടത്തുന്നു. ഗർഭസ്ഥശിശുവിന്‌ വാലായ്‌മവരാതിരിക്കുന്നതിനും ഗർഭം കലക്കാനെത്തുന്ന ഭൂതപ്രേതപിശാചുക്കളെ ആട്ടിയകറ്റുന്നതിനുമുളളതാണ്‌ തുടിച്ചാറ്റ്‌. ഇതിനെ പുലമാറ്റിച്ചാറ്റെന്നും ചിലദിക്കിൽ പറയാറുണ്ട്‌. കാണിഭാഷയിൽ തുടിക്ക്‌ വയർ എന്നും തുടിക്കാരിക്ക്‌ ഗർഭിണിയെന്നും തുടിയാവിന്ത്‌ എന്നതിന്‌ ഗർഭിണിയാകുന്നത്‌ എന്നും അർത്ഥം.

2. പിണിച്ചാറ്റ്‌ഃ പിണി എന്നാൽ പിശാചുബാധയാണ്‌. നടന്നപ്പോൾ എതിരെ വന്നുകൂടിയതോ, കുളിച്ചപ്പോൾ വെളളത്തിൽ വച്ചുകൂടിയതോ, ഒറ്റയ്‌ക്കുപോയപ്പോൾ കാവിൽവച്ചു കൂടിയതോ, സന്ധ്യയ്‌ക്ക്‌ നടയിലിരുന്നപ്പോൾ വന്നു കയറിയതോ രാത്രിയിൽ പുറത്തിറങ്ങിയപ്പോൾ ആകാശത്തുനിന്നും വന്നു കൂടിയതോ ഒക്കെയാവാം ഈ പിണി. ഇതൊരു സാധാരണ ചാറ്റാണ്‌.

3. മനയടക്കിച്ചാറ്റ്‌ (മണ്ണും വിളമടക്കിച്ചാറ്റ്‌)ഃ മണ്ണ്‌, വിത്ത്‌, വിളവ്‌, ആട്‌, മാട്‌, മന(ഗൃഹം) എന്നിവയ്‌ക്കെല്ലാം ഐശ്വര്യം വരാനുദ്ദേശിച്ചു ചെയ്യുന്ന ചാറ്റാണിത്‌.

4. നായാട്ടുചാറ്റ്‌ഃ നായാട്ടിലുണ്ടാകുന്ന വിഘ്‌നങ്ങൾ ഒഴിവാക്കാനാണ്‌ ഇതനുഷ്‌ഠിക്കുന്നത്‌. കൃഷിനാശം വരുത്താനെത്തുന്ന മൃഗങ്ങളെ നായാടുന്നതിന്റെ മുന്നോടിയായി ഈ ചാറ്റ്‌ നടത്തുന്നു. മൃഗങ്ങളിൽ നിന്നുളള പ്രത്യാക്രമണത്തെ ചെറുക്കാനുളള മന്ത്രങ്ങളാണ്‌ ഈ ചാറ്റിലടങ്ങിയിരിക്കുന്നത്‌.

5. മണ്ണഴിച്ചുചാറ്റ്‌ (ഉടലുച്ചുചാറ്റ്‌)ഃ തീ പറങ്കിച്ചാറ്റ്‌ എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്‌. രായിയറുത്തു ചാറ്റ്‌ (രാശിയറുത്തുചാറ്റ്‌) എന്നു ചിലർ ഇതിനെ വിളിക്കുന്നു. മറ്റുചാറ്റുകളെക്കാൾ സമയവും ചെലവും ഇതിന്‌ കൂടും. വിദഗ്‌ധനായ ഒരു പിലാത്തിക്കേ ഇത്‌ നടത്താൻ കഴിയുകയുളളു. സന്ധ്യയ്‌ക്കാരംഭിക്കുന്ന ഇതിന്റെ ചടങ്ങുകൾ പിറ്റേന്ന്‌ ഉച്ചയോളമുണ്ടാവും. പ്രായം ചെന്ന രോഗിയുടെ ഉടലുമാറ്റി, ആരോഗ്യമുളള മറ്റൊരുടൽ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ചാറ്റാണ്‌ ഉടലുടച്ചുച്ചാറ്റ്‌. ഈ മന്ത്രവാദത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. പിലാത്തി മണ്ണുകുഴച്ച്‌ ഒരാൾ രൂപം മെനയുന്നു. മുഖ്യാവയവങ്ങൾ തെളിഞ്ഞുകാണത്തക്ക വിധത്തിലുളള ഒരാൾ രൂപം. ആണിന്‌ ആണിന്റേയും പെണ്ണിന്‌ പെണ്ണിന്റേയും രൂപമാണ്‌ ഉണ്ടാക്കുക. എന്നിട്ട്‌ അതിനെ ഒരു ജഡമാണെന്നു സങ്കൽപ്പിച്ച്‌ വായ്‌ക്കരിയിടുകയും ബലിമുതലായ ഇതര മരണാനന്തരക്രിയകൾ അനുഷ്‌ഠിക്കുകയും ചെയ്‌തശേഷം ഉടച്ച്‌ നശിപ്പിക്കുന്നു. പുതിയ ഒന്ന്‌ അതുപോലെ ഉണ്ടാക്കി ഊതി ഉയിർ നൽകുന്നു. പഴയ രൂപത്തെ പുനർജ്ജനിപ്പിക്കുന്നു.

6. ശത്രുമാരണച്ചാറ്റ്‌ഃ ശത്രുക്കളെ സംഹരിക്കാൻ നടത്തുന്ന ദുർമ്മന്ത്രവാദമാണിത്‌. അറിയാമെങ്കിലും പല കാണിക്കാരും ശത്രുമാരണച്ചാറ്റിന്‌ ഒരുമ്പെടുകയില്ല. എന്തെങ്കിലും പിഴവുപറ്റിയാൽ, ചെയ്യുന്ന ആളിന്‌ ദോഷമുണ്ടാകുമത്രേ. മാത്രമല്ല തങ്ങളുടെ ഉപാസനാമൂർത്തിയുടെ ശക്‌തിക്ഷയിച്ചുപോയെന്നും വരും. ബാധയെ ഉരുവേറ്റി വിട്ടുകഴിഞ്ഞാൽ നിശ്ചിതകാലത്തിനുളളിൽ ശത്രുവിനെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമെന്നാണ്‌ വിശ്വാസം.

7. വാഴവെട്ടിച്ചാറ്റ്‌ഃ പ്രചാരലുബ്ധമായിക്കഴിഞ്ഞ ഒരു ചാറ്റുസമ്പ്രദായമാണിത്‌. ആധുനികരായ കാണിക്കാരിൽ വാഴവെട്ടിച്ചാറ്റ്‌ പരിശീലിച്ചിട്ടുളളവർ വിരലിലെണ്ണാവുന്നവർ മാത്രം. വീട്ടുമുറ്റത്തു നാലുവാഴത്തട കുത്തി നിറുത്തി നാലുവാതിലുണ്ടാക്കും. അതിനകത്ത്‌ അരിമാവും ഉമിക്കരിയും കൊണ്ട്‌ കളമെഴുതി കുരുതിപ്പാത്രം വെച്ച്‌ ഒരു കൈയിൽ വാളും മണിയും പിടിച്ചു ചാറ്റുപാട്ടിനൊത്ത്‌, ‘അനുഗ്രഹം’ കൊണ്ട്‌ വാഴത്തടകൾ വാളുകൾ കൊണ്ട്‌ വെട്ടിയിടുകയും, ‘പൂപ്പട’ വാരുകയും ചെയ്യും. തേങ്ങ എറിഞ്ഞുടയ്‌ക്കുക, കുരുതിപ്പാത്രം കമഴ്‌ത്തുക, പന്തം കത്തിച്ച്‌ തലയിൽ വെയ്‌ക്കുക. ആസുരമായ ഒരു തരം നൃത്തം നടത്തി വാൾ വീശി കക്ഷത്തിലിടുക്കുക തുടങ്ങിയ ചടങ്ങുകളാണ്‌ ഇതിലടങ്ങുന്നത്‌. അനുഷ്‌ഠാനാന്ത്യത്തിൽ കോഴിക്കുരുതിയും കതിനാവെടിയും ഉണ്ടാകും. വെടിപൊട്ടിയില്ലെങ്കിൽ ചടങ്ങിലെന്തോ തടസ്സം വന്നിട്ടുണ്ടെന്ന്‌ ഊഹിക്കുന്നു. അത്‌ പരിഹരിക്കാൻ തേങ്ങയുടയ്‌ക്കുന്നു. രണ്ടുമൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ചാറ്റ്‌ തൃപ്‌തികരമായിഭവിച്ചാൽ, കുടുംബത്തിന്‌ അടുത്ത ഒരു വ്യാഴവട്ടക്കാലം ആപത്തുകളൊന്നും ഉണ്ടാവില്ലത്രേ. പഴയ കാലത്ത്‌ ചില ജന്‌മിമാർ മാത്രം ഇത്തരം ചാറ്റ്‌ നടത്തിയിരുന്നുവെന്ന്‌ കണിക്കാർ പറയുന്നു.

8. കൊടുതിച്ചാറ്റ്‌ഃ കൊടുതിക്ക്‌ കൊടുക്കൽ എന്നാണ്‌ അർത്ഥം. കാണിക്കാർ അവരുടെ ഇഷ്‌ടദേവൻമാർക്കുകൊടുക്കുന്ന അനുഷ്‌ഠാനക്രിയയാണ്‌ കൊടുതി. മലദൈവങ്ങൾക്ക്‌ കൊടുത്തു തൃപ്‌തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. കൊടുതി നടത്തുന്ന കളത്തിന്‌ കൊടുതിക്കളം എന്നു പറയുന്നു. ഓരോ കാണിക്കുടുംബത്തിനും പ്രത്യേകമുളള കൊടുതിക്കളത്തിനു പുറമെ പൊതുകൊടുതിക്കളവുമുണ്ടാവും. കൃഷിസ്ഥലം മാറുന്നതിനനുസരിച്ച്‌ കൊടുതിക്കളവും മാറുകയാണ്‌ പതിവ്‌. തെക്കത്‌ എന്ന പേരിൽ ചിലയിടങ്ങളിൽ ‘ക്ഷേത്രവും’ ഉണ്ട്‌. ക്ഷേത്രം എന്നതിന്‌ ഇവിടെ ആരാധനാസ്ഥലം എന്നേ വിവക്ഷയുളളൂ. പരദേവതയെയാണ്‌ അവിടെ കുടിയിരുത്തിയിട്ടുളളത്‌. ‘കുടുംബത്തെക്കതിൽ’എപ്പോൾ വേണമെങ്കിലും കൊടുതി കൊടുക്കാം. നേർച്ചയെന്ന നിലയ്‌ക്കാവാമത്‌. ഉദാഹരണത്തിന്‌ കാർഷികാഭിവൃദ്ധിയെ ഉദ്ദേശിച്ച്‌ പുത്തിരിക്കൊടുതി കൊടുക്കാറുണ്ട്‌. എന്നാൽ പൊതുവായി നടത്തുന്ന കൊടുതി (ആണ്ടുകൊടുതി) വർഷത്തിലൊരിക്കലേ പതിവുളളു.

രോഗങ്ങൾക്ക്‌ മന്ത്രവാദം പ്രതിവിധിയായിരുന്ന ഒരു കാലത്തെ അവശിഷ്‌ടങ്ങളാണ്‌ ഇപ്പോഴും കണ്ടുവരുന്ന ചാറ്റ്‌. എല്ലാ ‘കാണിപ്പറ്റു’കളിലും (കുടി) ഒരു പോലെയല്ല ചാറ്റ്‌ നടത്തുക. ചാറ്റുപാട്ട്‌ അഭ്യസിക്കുന്നതിന്‌ പ്രാചീനകാലത്ത്‌ പ്രത്യേകസംവിധാനമുണ്ടായിരുന്നുവെന്നു പറയുന്നു. കാട്ടിൽ വിജനമായ നദീതീരം തിരഞ്ഞെടുത്ത്‌ നൊയമ്പുനോറ്റ്‌ (പ്രധാനം ബ്രഹ്‌മചര്യം) തന്നെത്താൻ വെച്ചും കുടിച്ചും വളരെനാൾ കഴിയണം. ഭക്തിപൂർവ്വം എല്ലാദിവസവും നദിയിലിറങ്ങി മുങ്ങണം. അങ്ങനെ മുങ്ങുമ്പോൾ പഠിപ്പുമൂർത്തി (ചാറ്റു പഠിപ്പിക്കുന്ന മൂർത്തിയെന്ന്‌ സങ്കല്പം.) പാതാളത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ഒരത്ഭുതലോകത്തുവച്ച്‌ ചാറ്റു പഠിപ്പിച്ചുവിടുകയുമാണത്രേ ചെയ്യുന്നത്‌. മായപ്പഠിത്തം എന്നാണിതിന്‌ കാണിക്കാർ പറയുന്നത്‌. ബോധപൂർവ്വമായ ഒരു പ്രക്രിയ ഇതെന്നാണ്‌ അവരുടെ പക്ഷം. തോന്നിപ്പാടുകയാണുപോലും ചെയ്യുന്നത്‌. കേട്ടുപകർത്താൻ കഴിയാത്തതിന്റെ കാരണം അതാണ്‌.

ചാറ്റുപാട്ടുകളിൽ ഒരു ചെറിയ വിഭാഗം മാത്രമേ ഇതിനകം സമാഹരിച്ചെടുക്കാൻ കഴിഞ്ഞിട്ടുളളു. വാമൊഴിയിൽ സൂക്ഷിച്ചുപോരുന്നവ ഒട്ടധികമുണ്ട്‌. അർത്ഥമറിഞ്ഞുകൂടാത്ത പദങ്ങൾ ധാരാളമിവയിലുണ്ടാവും. ചങ്ങലപോലെ നീണ്ടുനീണ്ടങ്ങനെ പോകുന്നൊരു ഘടനയാണിവയ്‌ക്കുളളത്‌. നിറുത്തോടുകൂടി പാടാൻ പാട്ടുകാർക്ക്‌ നന്നേ വിഷമമാണ്‌. വല്ലാത്തൊരു ദ്രുതതാളത്തിലാണിവയുടെ മുന്നേറ്റം. കാണിശൈലിയിൽ “ഇറുങ്ങുപൊരിക്കും പോലെ” ചൊല്ലുന്ന ഭാഗങ്ങൾ പാട്ടിലുണ്ട്‌. ടേപ്പിൽ പകർത്തി പഠിക്കാനാണെങ്കിൽ കൊക്കരയുടെ ശബ്‌ദം വാക്കുകളെ വിഴുങ്ങികളയുന്നു. എങ്കിലും കുറെയേറെ ശേഖരിക്കാനും പഠിക്കാനും കഴിയാതിരിക്കില്ല. ഈ പാട്ടുകൾ മറ്റുളളവർക്ക്‌ പറഞ്ഞു കൊടുക്കാൻ പാടില്ലെന്ന വിശ്വാസത്തിന്‌ കാലഹരണം സംഭവിച്ചിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, വിതുര, കല്ലാർ, പറഞ്ഞോട്‌, കോട്ടൂർ, പനയമുട്ടം, പുരവിമല, വാലിപ്പാറ, പാലോട്‌, പേപ്പാറ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ, മടത്തറ തുടങ്ങിയ പ്രദേശങ്ങളിലും അധിവസിക്കുന്ന കാണിക്കാരിൽ ചിലർ ഇപ്പോഴും ചാറ്റിൽ താത്‌പര്യം കാണിക്കുന്നുണ്ട്‌. വെഞ്ഞാറമൂട്‌ തേവരുകോണം മഹാദേവിക്ഷേത്രം, നെടുമങ്ങാട്‌ ആലുംകുഴി ആയിരവില്ലിക്ഷേത്രം, പാലോട്ട്‌ മാന്തുരിത്തിമാടൻ ക്ഷേത്രം, മിതൃമലയ്‌ക്കടുത്ത്‌ മുതുവിള അരുവിപ്പുറം ദേവീക്ഷേത്രം, പാലോട്‌ ചൂണ്ടാമല ആയിരവില്ലി ക്ഷേത്രം, ഉത്തരംകോട്ട്‌ കുരുന്തറക്കോണം, അരുവിമൂപത്തിയമ്മക്ഷേത്രം എന്നിവിടങ്ങളിൽ ഉത്സവവേളകളിൽ ചാറ്റ്‌ പതിവാണ്‌.

Generated from archived content: nadan1_april4.html Author: utharamkottu_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English