സമൂഹത്തിന്റെ അടിസ്‌ഥാനഘടകങ്ങളാണ് ശിശുക്കൾ. അവരുടെ നിഷ്‌കളങ്കത പോലെ കളങ്കമറ്റ ഭക്ഷണമായിരിക്കണം അവർക്ക് ലഭിക്കേണ്ടത്. ശൈശവപ്രായത്തിൽ ലഭിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കും അവരുടെ പിന്നിടുളള ആരോഗ്യം. അതുകൊണ്ടുതന്നെയാണ് പുരാതനസംസ്‌ക്കാരത്തിന്റെ മുഖമുദ്രകളായ നാട്ടറിവാചാര്യൻമാർ കുട്ടികളുടെ ഓരോഘട്ടത്തിലുളള ആഹാരരീതികളെക്കുറിച്ച് പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നത്. പിറന്നുവീഴുന്ന കുട്ടികൾക്ക് മുലപ്പാൽതന്നെയാണ് ഉത്തമ ആഹാരം. മുലപ്പാൽ എത്രനാൾ കുടിക്കുന്നുവോ അത്രത്തോളം അമ്മയും കുട്ടിയും തമ്മിലുളള ബന്ധത്തിന് തീവ്രത ഏറുന്നു. കുഞ്ഞുങ്ങൾക്ക് 28 ന് മുമ്പ് സ്വർണ്ണവും വയമ്പും അരച്ച് നാക്കിലയിൽവച്ച് കൊടുക്കുന്നു. ബുദ്ധിവികാസത്തിന് സ്വർണ്ണവും വയമ്പും അത്യുത്തമമാണ്. സ്വർണ്ണം വിഷത്തെ ചെറുക്കാൻ നല്ലതാണ്. ‘സ്വർണ്ണം സേവിക്കുന്നവർക്ക് താമരയിലയിൽ വെളളം വീഴുന്നതുപോലെ വിഷം ശരീരത്തിൽ ഏൽക്കുകയില്ല.’ ഓജസ്സ്, തേജസ്സ് എന്നിവ വർദ്ധിക്കുന്നതിനായി വയമ്പ്, രുദ്രാക്ഷം, ശംഖുപുഷ്‌പം എന്നിവ അരച്ചുകൊടുക്കാറുണ്ട്.
28-ാം ദിവസം വളരെ പ്രത്യേകതയോടുകൂടി ആഘോഷിച്ചിരുന്നു. അന്നാണ് കുട്ടിയുടെ അരയിൽ ചരട്‌കെട്ടുന്നത്. ചിലസമുദായക്കാർ ചരടിൽ പവിഴമണി, പേരുമണി എന്നിവ കോർത്തിടുന്നു. നാളുകൊണ്ടുളള ദോഷം തീരുന്നതിന് പഞ്ചലോഹം അരയിൽ ധരിക്കുന്നവരുമുണ്ട്. അന്നുതന്നെയാണ് കുട്ടിയുടെ പേരുവിളിയും. വീട്ടിലെ കാരണവരായിരിക്കും പേരുവിളിക്കുക. ചക്കയുടെയും മാങ്ങയുടെയും കാലമാണെങ്കിൽ ചക്കെരിശ്ശേരിയും മാമ്പഴപുളിശ്ശേരിയും ഉറപ്പ്. 56 ആകുമ്പോൾ കുട്ടിക്ക് നല്ല വിശപ്പുണ്ടെങ്കിൽ നേന്ത്രപ്പഴം ചുട്ട് നന്നായിഅരച്ച് കൊടുക്കുന്നു. അല്ലെങ്കിൽ പുല്ലുപൊടി കുറുക്കിക്കൊടുക്കുന്നു. കുട്ടി വണ്ണം വയ്‌ക്കുന്നതിന് സൂചിഗോതമ്പ് വെളളത്തിലിട്ട് കുതർത്തി കല്ലിൻമേൽ വച്ചരച്ച് അതിന്റെനൂറ്, പാലും ചേർത്ത് കുറുക്കി കൊടുക്കുന്നുമുണ്ട്. കൂവപ്പൊടി പാലിൽ കൽക്കണ്ടംചേർത്ത് കുറുക്കികൊടുക്കുകയും ചെയ്യാം.
90 ആകുമ്പോൾ ചോറൂണ് എന്ന ചടങ്ങ് നടത്തുന്നു. കുട്ടിയുടെ അച്‌ഛന്റെ അച്ഛനോ അമ്മയുടെ അച്ഛനോ കുട്ടിയെ മടിയിൽ ഇരുത്തി ആദ്യം ഉപ്പ് പൊടിച്ച് നാക്കിൽ വച്ചുകൊടുക്കുന്നു. പിന്നെ അൽപം പുളി നുണയാൻ കൊടുക്കുന്നു. അതിനുശേഷം പായസം വായിൽവക്കുന്നു. ഇതിനോടനുബന്ധിച്ച് ബന്ധുക്കളെയും അയൽക്കാരെയും വിളിച്ച് ചെറിയ സദ്യനടത്തും. ചോറൂണ് കഴിഞ്ഞതിനുശേഷം പിന്നീട് വിശക്കുമ്പോൾ ഉപ്പുചേർത്ത ചോറ് നന്നായി അരച്ചുകൊടുക്കുന്നു. കുട്ടിയുടെ ആരോഗ്യ സംരക്ഷണത്തിന് പല ഔഷധങ്ങളും കൊടുത്തിരുന്നു. തൊണ്ണൂറുകഴിഞ്ഞ് കുട്ടികൾക്ക് കണ്ണൻകായ തൊലികളഞ്ഞത്, പുല്ല്, മുത്തങ്ങ, കാട്ടുചെത്തി എന്നിവ വെയിലിൽ ഉണക്കി ശീലപ്പൊടിയാക്കി (നന്നായി പൊടിച്ച്) കൽക്കണ്ടം ചേർത്ത് കുറുക്കി കൊടുത്തിരുന്നു. കണ്ണൻകായ വയറിന്റെ ശരിയായ ദഹനത്തിന് നല്ലതാണ്. അതു കൊടുക്കാത്ത കുട്ടികൾക്ക് പിന്നീട് ഉദരരോഗങ്ങൾ ഉണ്ടാകും. ദഹനക്കേടുമൂലം ഉണ്ടാകുന്ന വയറു വേദനയ്‌ക്ക് ജാതിക്ക ചുട്ടുപൊടിച്ച് തേൻചേർത്ത് കൊടുത്തിരുന്നു. കാറ്റുവീഴ്‌ചമൂലം പച്ചരൂപത്തിൽ വയറ്റിൽനിന്നും പോകുന്നതിന് ഉങ്ങിന്റെ തൊലി അരയിൽ കെട്ടിയിരുന്നു. ചില സമുദായക്കാർ പാണത്തിയെ വിളിച്ച് ഊതിക്കുന്നു. ഉപ്പ്, മുളക്, കടുക്, മുടിക്കുണ്ട, എറക്കുറുമ്പ് എന്നിവ ഉഴിഞ്ഞ് അടുപ്പിലിടുന്നു. കുട്ടിയുടെ അഴക് കണ്ട് ആരെങ്കിലും കണ്ണിട്ടിട്ടുണ്ടെങ്കിൽ അത് മാറുമെന്നാണ് ഇതിലെ വിശ്വാസം. പനിവന്നാൽ പനിക്കൂർക്ക, തുളസി, കാട്ടുതൃത്താവിന്റെ വേര്, കണ്ണിവെറ്റില എന്നിവ വാട്ടിപ്പിഴിഞ്ഞ് നീരു കൊടുത്തിരുന്നു. ചുമ മാറാൻ ചെറിയ ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് കൊടുത്തിരുന്നു. ഛർദ്ദിക്ക് പൂത്തുമ്പ കടകുത്തിപ്പിഴിഞ്ഞ് നീരെടുത്ത് ഉപ്പിട്ട് കൊടുത്തിരുന്നു. ചൊറി വരാതിരിക്കാൻ ചേന ഉണക്കിപ്പൊടിച്ച് കൽക്കണ്ടം ചേർത്ത് കുറുക്കി കൊടുത്തിരുന്നു.
കുഞ്ഞിന്റെ ശരിയായ വളർച്ചയ്‌ക്ക് ഭക്ഷണത്തോടൊപ്പം നന്നായി ഉഴിഞ്ഞ് കുളിപ്പിക്കുകയും വേണം. ശരിക്കും കുളിപ്പിക്കാൻ അറിയുന്നവരെക്കൊണ്ട് മാത്രമേ കുട്ടികളെ കുളിപ്പിക്കുകയുളളൂ. കുട്ടികളെ കുളിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം വിദഗ്‌ദ്ധൻമാർ പണ്ടുകാലത്ത് ഉണ്ടായിരുന്നു. ഇതിനുവേണ്ടി വെളിച്ചെണ്ണ വീടുകളിൽത്തന്നെ ഉണ്ടാക്കിയിരുന്നു. കലർപ്പില്ലാതെ നറും തേങ്ങാപ്പാൽ തിളപ്പിച്ച് അതിൽ ഉളളി, തുളസിയില, ചെത്തിപൂവ് എന്നിവയിട്ട് മൂപ്പിച്ച് ആ വെളിച്ചെണ്ണ പുരട്ടുന്നു. നീരിറങ്ങി അസുഖങ്ങൾ വരാതിരിക്കാൻ ഈ വെളിച്ചെണ്ണ നല്ലതാണ്. നിറം കൂടുന്നതിനുവേണ്ടി ഏപ്പുകളിൽ വയമ്പ്, വെളുത്തുളളി, കടുക്ക എന്നിവ അരച്ചുപുരട്ടുന്നു. കൂടാതെ മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ദേഹത്ത് പുരട്ടുന്നു. കണ്ണിന്റെ അഴകിന് പ്രത്യേകം കലർപ്പില്ലാത്ത കൺമഷി ഉണ്ടാക്കിയിരുന്നു. പൂവാംകുരുന്നിലയുടെ നീരെടുത്ത് തിരിശ്ശീലയിൽ മുക്കി വെയിലത്തുണക്കി കത്തിച്ച് അതിന്റെ കരി ചട്ടിയിൽ പിടിച്ചിരുന്നു. ആ കരി ചുരണ്ടിയെടുത്ത് എണ്ണയിൽ ചാലിച്ച് കണ്ണെഴുതുന്നു. കണ്ണിന്റെ ഐശ്വര്യത്തിനും കുളിർമ കിട്ടുന്നതിനും നല്ലതാണ്. സോപ്പിനുപകരം ഇഞ്ച കുഞ്ഞുകുഞ്ഞായി ചീന്തി വെളളത്തിൽമുക്കി അത് പിഴിഞ്ഞ് ദേഹത്ത് തേപ്പിക്കുന്നു. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഓരോ സമൂഹത്തിനും പ്രത്യേക ആചാരങ്ങൾ ഉണ്ടായിരുന്നു. കുട്ടി ജനിച്ചുകഴിഞ്ഞാൽ ഒരു മൂത്ത കാരണവർ വെളളം തളിക്കും. ഈവെളളം തളിക്കുന്ന ആളുടെ സ്വഭാവമായിരിക്കും കുട്ടിക്ക് എന്നാണ് വിശ്വാസം. അതുകൊണ്ട് നല്ല സ്വഭാവമുളള ആളിനെക്കൊണ്ടേ വെളളം തളിപ്പിക്കൂ. ഇതിൽനിന്നും ഉരുത്തിരിഞ്ഞതാണ് ‘നിന്നെ വെളളം തളിച്ചതാരാണ്’ എന്ന ചോദ്യം
.
കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഈ ആചാരങ്ങൾക്കെല്ലാം മങ്ങലേറ്റുകൊണ്ടിരിക്കുന്നു. ആഹാരവിധാനങ്ങളെല്ലാം മാറിയിരിക്കുന്നു. ഇന്നത്തെ ആഹാരം കളങ്കമറ്റ ശിശുക്കളെപ്പോലും കളങ്കപ്പെടുത്തുന്നു. നാട്ടറിവിന്റെ അന്തഃസത്തയെ തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഇനിയും മനുഷ്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. പുത്തൻതലമുറയ്‌ക്ക് നാട്ടുഭക്ഷണത്തോടുളള വീക്ഷണത്തിൽ മാറ്റം വരണം. പഴമനസ്സുകളുമായുളള ഒത്തുചേരലിലൂടെ മാത്രമേ ഇത്തരം രീതികളെ തിരിച്ച് കൊണ്ടുവരാനാവൂ. പുതുമനിറഞ്ഞ പുരാണവിശേഷങ്ങൾ അറിയുവാൻ വളരെയധികം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ചെലവുകുറഞ്ഞ ഗുണമേൻമകൂടിയ ഭക്ഷണക്രമങ്ങളുടെ തിരിച്ചുവരവോടെ നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാൻ കഴിയും.
Generated from archived content: annam_june16_06.html Author: tv_soumya