നമ്മുടെ വീട്ടിലെ, പറമ്പിലെ, കുടുംബത്തിലെ, ശരീരത്തിലെ പ്രകൃതിവിരുദ്ധമായ വസ്തുക്കൾ കണ്ടെത്തി അതിന്റെ പട്ടിക തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വേണമെങ്കിൽ മാത്രം താഴെ പറയുംവിധം തരംതിരിക്കാം.
1. കാലക്രമത്തിൽ ഉപേക്ഷിക്കാവുന്നവ.
2. രണ്ടുവട്ടം ആലോചിച്ച് ഉപേക്ഷിക്കാവുന്നവ.
3. ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തവ.
4. നിലനിൽത്താവുന്നവ.
5. പുതിയതായി ചേർക്കപ്പെടേണ്ടവ.
6. പെട്ടെന്ന് ഉപേക്ഷിക്കാവുന്നവ.
ഇത്തരമൊരു തരംതിരിവ് കാര്യങ്ങൾ മന്ദഗതിയിൽ ആക്കുമെന്നേയുള്ളൂ. ഭൂമി ആവശ്യപ്പെടുന്നത് പെട്ടെന്നുള്ള ഒരു പ്രവർത്തനമാണ്. ഭൂമിയുടെ നില അത്രയ്ക്ക് പരിതാപകരമാണ്. അതാണ് ഭൂമികത്വം. മനുഷ്യത്വം പോലെ ഒന്ന്.
ഉപേക്ഷിക്കേണ്ട വസ്തുക്കളുടെ ഒരു പട്ടിക ഇതോടൊപ്പം ചേർക്കുന്നു. 100ൽ അധികം വസ്തുക്കൾ പട്ടിക ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധിച്ചു വായിച്ചു നോക്കി എന്തു ചെയ്യണമെന്ന് ആലോചിച്ച് ഉത്തരം കണ്ടെത്തുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ആലോചിക്കട്ടെ. ഒരു വിചാരവിപ്ലവം & ഒരു നിശ്ശബ്ദവിപ്ലവം. ലോകത്തെ പിടിച്ചുകുലുക്കാവുന്ന ഒരു തീരുമാനമാണ് കാലം പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും – അതിനുള്ള കരുത്ത് നമുക്കുണ്ടോ എന്നതാണ് പ്രശ്നം – ഇല്ലെങ്കിൽ നമുക്കു വിലപിച്ചുകൊണ്ടിരിക്കാം.
(1) ഫ്രിഡ്ജ് (2) വാഷിങ്ങ് മെഷീൻ (3) മിക്സി (4) ഗ്രൈന്റർ (5) ടി.വി. (6) ചാനലുകൾ (7) വൈദ്യുതി (8) പൈപ്പ് (9) ഇ.സി. (10) വാഷ്ബേസിൻ (11) ഫ്ളഷ് (12) ഹീറ്റർ (13) ഗീസർ (14) ഓവനുകൾ (15) ഡിഷ് ആന്റിന (16) കംപ്യൂട്ടർ (17) ഇന്റർനെറ്റ് (18) ആൾട്ടർനേറ്റീവുള്ള പ്ലാസ്റ്റിക് ഉപകരണങ്ങൾ (19) പേസ്റ്റ് (20) പൗഡർ (21) പെർഫ്യും (22) കോസ്മറ്റിക്കുകൾ (23) ഹെയർ ഡൈ (24) ഹെന്ന (25) പ്ലാസ്റ്റിക് കാരിബാഗുകൾ (26) കട്ടിലുകൾ (27) ഫോം ബെഡുകൾ (28) തലയിണകൾ (29) ഫാനുകൾ (30) കൂളറുകൾ (31) കൊതുകുതിരികൾ (32) ചന്ദനത്തിരികൾ (33) വിവിധതരം എണ്ണകൾ (34) രാസവളങ്ങൾ (35) കരിയില & പ്ലാസ്റ്റിക് കത്തിക്കൽ (36) മുറ്റം കോൺക്രീറ്റ് ചെയ്യൽ (37) പുറത്തേക്കുള്ള നീരൊഴുക്ക് (38) ജനൽ അടച്ചിടുന്ന രീതി (39) കാറ്റിനെയും വെളിച്ചത്തേയും തടയുന്ന സംഗതികൾ (40) വലിയ വീടുകൾ (രമ്യഹർമ്മ്യങ്ങൾ) (41) ആഡംബരങ്ങൾ (42) സൈക്കിൾ ഒഴിച്ചുള്ള വാഹനങ്ങൾ (കാർ, ബൈക്ക്, സ്കൂട്ടർ…..) (43) വില കൂടിയതും പ്രകൃതിവിരുദ്ധവുമായ വസ്ത്രങ്ങൾ (44) മൊബൈൽ ഫോണുകൾ (45) ലാൻഡ് ഫോണുകൾ (46) ഫാസ്റ്റ് ഫുഡുകൾ (47) പഞ്ചനക്ഷത്ര ഹോട്ടലുകൾ (48) പഞ്ചനക്ഷത്ര ഹോസ്പിറ്റലുകൾ (49) ആൾദൈവങ്ങൾ (50) യുക്തിസഹമല്ലാത്ത ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ (51) ജനവിരുദ്ധ രാഷ്ട്രീയവും രാഷ്ട്രീയക്കാരും (52) സൂപ്പർമാർക്കറ്റുകൾ (53) വഴിപാടുകൾ (54) ബഹുദൈവ വിശ്വാസം (55) അന്ധവിശ്വാസങ്ങൾ (56) ജാതി മത വർഗ്ഗ ലിംഗ ദേശരാജ്യ വിചാരങ്ങൾ (57) പുറമെ നിന്നുള്ള ഭക്ഷണം, വെള്ളം (58) വേസ്റ്റുകൾ വലിച്ചെറിയൽ (59) അകത്തെ ബാത്ത്റൂമുകൾ (60) അനാവശ്യ യാത്രകൾ (61) അനാവശ്യ മരുന്നുകൾ (62) ആരോഗ്യ മാസികകൾ (63) വനിത മാസികകൾ (64) പത്രങ്ങൾ (65) ആനുകാലികങ്ങൾ (66) റേഡിയോകൾ (67) ടേപ്പ് റിക്കാർഡുകൾ, വിസിഡി, ഡിവിഡി, എം.പി.3കൾ, ഹോം തിയറ്ററുകൾ (68) സ്വർണ്ണ ആഭരണങ്ങൾ (69) രത്നങ്ങൾ, കല്ലുകൾ (70) വില കൂടിയ ചെരുപ്പുകൾ, ബെൽറ്റുകൾ, കണ്ണടകൾ, ഇന്നറുകൾ (71) പ്രകൃതിവിരുദ്ധമായ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ (72) അനാവശ്യവും അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ വ്യവസായങ്ങൾ, അതിലെ ജോലി…….(73) വിവിധ മലിനീകരണ യന്ത്രങ്ങൾ, വസ്തുക്കൾ, രീതികൾ (74) ബാങ്കുകൾ (75) ഇൻഷ്വറൻസുകൾ (76ാമെഡിക്ലെയിമുകൾ (77) ഷെയറുകൾ (78) കൃത്രിമ ഭക്ഷണങ്ങൾ (79) നോൺവെജ് ഭക്ഷണങ്ങൾ (80) ഹൈടെക് & ജനിറ്റിക് ടെക്നോളജിയും അതുയർത്തുന്ന പ്രശ്നങ്ങളും (81) കസേരകൾ, മേശകൾ, സോഫകൾ, ദിവാനുകൾ, സെറ്റികൾ, അനാവശ്യ അലമാരകൾ, സൂട്ട്കേസുകൾ, ബാഗുകൾ…..(82) പാൽ (83) ചായ, കാപ്പി (84) ലഹരിവസ്തുക്കൾ (85) സ്ക്വാഷുകൾ, ഐസ്ക്രീമുകൾ…….. ബേക്കറി ഉൽപന്നങ്ങൾ (86) മുകള്, മസാലകൾ, അച്ചാറുകൾ (87) പ്രകൃതിവിരുദ്ധ കളിപ്പാട്ടങ്ങൾ (88) പഴകിയ ഭക്ഷണങ്ങൾ (89) പഞ്ചസാര, സാക്രിൻ …. (90) നാരില്ലാത്ത ഭക്ഷണങ്ങൾ (91) സുഗന്ധമില്ലാത്ത പൂവുകൾ (92) വിവിധതരം കൃത്രിമ അലങ്കാരവസ്തുക്കൾ, ചെടികൾ, മത്സ്യങ്ങൾ, ജീവികൾ (93) ആർഭാടങ്ങൾ, ആഘോഷങ്ങൾ, ഇവന്റ് മാനേജ്മെന്റ് സംഭവങ്ങൾ (94) വിവിധ തരം റിയാലിറ്റി ഷോകൾ (95) നശീകരണ പ്രവർത്തനങ്ങൾ (96) ഭയം (97) അസൂയ, വേർതിരിവ്, പരദൂഷണം (98) സ്ത്രീകളോടും പ്രകൃതിയോടും കുട്ടികളോടും വൃദ്ധരോടും മറ്റും കാട്ടുന്ന ക്രൂരതകൾ (99) പ്രകൃതി വിരുദ്ധമായ സമസ്ത സംഗതികളും (100) വിട്ടുപോയ കാര്യങ്ങൾ (101) സ്പോൺസേർഡ് കളികൾ & കലകൾ……
പട്ടിക കണ്ടു പേടിച്ചു പോയോ? പേടിക്കണം. എത്രമാത്രം അനാവശ്യവസ്തുക്കളാണ് നമ്മുടെ വീട്ടിൽ കുമിഞ്ഞുകൂടി കിടക്കുന്നത്? വിപണിയുടെ സമ്മർദ്ദം അത്രയ്ക്കു ശക്തമാണ്. അദ്ധ്വാനിച്ചും കടം മേടിച്ചും കിട്ടുന്ന പണം മുഴുവൻ ചെലവാക്കി പിന്നെ കുറെ ബാധ്യതകളും ഒക്കെയായി ടെൻഷനടിച്ച് ആശുപത്രികളിലും ആരാധനാലയങ്ങളിലും ആശ്രമങ്ങളിലും ജോത്സ്യകേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്കെയായി നമ്മുടെ ജന്മമെടുക്കേണ്ടതുണ്ടോ? മറ്റൊരു ജീവിതം സാധ്യമല്ലേ? തലയ്ക്കു തീപിടിച്ചവനെ(ളെ)പ്പോലെ ആലോചിക്കുക. ഇച്ഛാശക്തിയുള്ള ആർക്കും നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഇവയൊക്കെയും.
വിവേകാനന്ദൻ ചോദിക്കുന്നതും അതുതന്നെയാണ്-
ആർക്കാണ് ധൈര്യം ആർക്കാണു ധൈര്യം
ജഗദംബയോടൊത്തുന്മത്ത നൃത്തചുവട് വച്ചീടുവാൻ-
അവർക്കേ ഈ ലോകം വഴങ്ങു – അവർക്കു മാത്രം.
ഇതിലൊന്നു പോലും ഉപേക്ഷിക്കാൻ തയ്യാറില്ലെങ്കിൽ നിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല. മറ്റുള്ളവരെ വിമർശിച്ച് കാലക്ഷേപം ചെയ്ത് ഐവർമഠത്തിലെ ഒരു പിടി ചാരമായി മാറാം – ജന്മദൗത്യം അതാണെന്നു കരുതി ആശ്വസിക്കാനെ നിവൃത്തിയുള്ളൂ.
ക്ഷമിക്കുക – ഇതിൽക്കൂടുതൽ ഒന്നും എനിക്കു പറയാനില്ല.
വാദത്തിനു വേണ്ടി ഒരു ചോദ്യം ചോദിക്കാം.
എന്നാൽ എന്തുകൊണ്ട് വീടും കുടുംബവും പുരയിടവും മറ്റു ഭൂമിയും ഉപേക്ഷിക്കുന്നില്ല?
ചോദ്യം പ്രസക്തം തന്നെ.
മണ്ണിനെ, വീടിനെ, കുടുംബത്തെ, ശരീരത്തെ, ജൈവികമായി വിമോചിപ്പിച്ചതിനുശേഷം മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ചാലോ ചിക്കാൻ കഴിയൂ. മാത്രമല്ല അതിനുതകുന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സാഹചര്യങ്ങൾ രൂപപ്പെട്ടു വരികയും വേണം – അതിലേക്കുള്ള നാട്ടുവഴികളാണ് ഈ ശുദ്ധീകരണം – പ്രകൃതിപാഠങ്ങൾ ഉയർത്തുന്ന ചിന്തയും മറ്റൊന്നല്ല. ഇതിന്റെയൊക്കെ ഫലമായി ഒരു രാഷ്ട്രീയ സാഹചര്യം വരുമ്പോൾ അന്നത്തെ ഭരണകൂടത്തിന് പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. അല്ലെങ്കിൽ ജനത സ്വമേധയാ അതു നിർവ്വഹിച്ചു കൊള്ളും.
അതിനായി നമുക്ക് ഇന്നേ സജ്ജരാകാം.
റാന്തൽവെട്ടം
താളം തകരേം മുമ്മാസം
ചാക്കേം മാങ്ങേം മുമ്മാസം
ചേനേം കൂർക്കേം മുമ്മാസം
അങ്ങനെ ഇങ്ങനെ മുമ്മാസം
ഒരു വർഷത്തെ അടുക്കള വിചാരമാണ് ഈ പാട്ടിലുള്ളത്. എത്ര മഹത്തരം. എത്ര ഉദാത്തം.
നാട്ടുകളി
കടംകഥ പറഞ്ഞു കടം വച്ചു കളിക്കുക.
Generated from archived content: prakruthi8.html Author: tr_premkumar