പ്രകൃതി പാഠങ്ങൾ

പ്രകൃതിക്ക്‌ ഒരു നിയമമുണ്ട്‌. ആ നിയമം ശാശ്വതവുമാണ്‌. ഒരിക്കലും തെറ്റാത്ത നിയമം. ഈ നിയമങ്ങൾക്കകത്താണ്‌ പ്രപഞ്ചത്തിലെ സമസ്‌ത ചരാചരങ്ങളും. അതിനാണ്‌ സംതുലനം&ജൈവതാളം എന്നു പറയുന്നത്‌. സംതുലനാവസ്‌ഥ തകരുമ്പോഴാണ്‌ പ്രകൃതി അതിന്റെ സംഹാരരൂപങ്ങൾ പ്രകടമാക്കാൻ തുടങ്ങുന്നത്‌. കാറ്റ്‌ കൊടുങ്കാറ്റാകുന്നു, മഴ പേമാരിയാകുന്നു; തീ കാട്ടുതീ പോലെ മാരകമാകുന്നു; ചൂട്‌ കൊടുംചൂടാകുന്നു; മഞ്ഞ്‌ അതിശൈത്യമാകുന്നു; തിരമാല സുനാമിയാകുന്നു; ഭൂചലനങ്ങൾ ഭൂകമ്പങ്ങളാകുന്നു. ആഗോളതാപനം മൂലം കാലാവസ്‌ഥ വ്യതിയാനങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഒരു മഹാപ്രളയത്തിലേക്കോ മഹാവരൾച്ചയിലേക്കോ കാര്യങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു. പകച്ചു നിന്നിട്ടു കാര്യമില്ല. നിന്നിടത്തു നിന്ന്‌ ഒരന്വേഷണം കൂടിയേ തീരു. അല്ലെങ്കിൽ വരുംതലമുറയും ചരിത്രവും നമുക്കു മാപ്പു തരില്ല. ചിലപ്പോൾ നമ്മെ കല്ലെറിഞ്ഞുകൊന്നെന്നു വരും.

അതുകൊണ്ട്‌ കാതലായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉത്തരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതനുസരിച്ച്‌ ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ഇതാണ്‌ പ്രധാനം. ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിനിയമങ്ങൾ ലംഘിക്കുന്നവർ ആരാണ്‌.

പ്രകൃതിനിയമങ്ങൾക്കു വിരുദ്ധമായ നിയമങ്ങളും ജീവിതക്രമങ്ങളും ഭൂമിയിൽ സൃഷ്‌ടിച്ചത്‌ ആരാണ്‌?

ഉത്തരം വ്യക്തമാണ്‌.

മനുഷ്യൻ.

ഒരുപാട്‌ വിശേഷണങ്ങൾ സ്വയം പേറി നില്‌ക്കുന്ന അല്‌പൻ.

അവരുടെ ഇരകളായ വളർത്തുമൃഗങ്ങൾ.

മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും വേണ്ടിയാണ്‌ നൂറുകണക്കിന്‌ ഭരണഘടനകളും ഭരണകൂടങ്ങളും കോടതികളും പോലീസും പട്ടാളവും ഈ മണ്ണിൽ കൃത്രിമമായി കെട്ടിപ്പൊക്കിയിരിക്കുന്നത്‌. ഭയമാണ്‌ അടിസ്‌ഥാന വികാരം.

600 കോടി ജനങ്ങൾ 600 കോടി ഭൂഖണ്ഡങ്ങളായി കഴിയുന്ന ഒരിടമായി ഭൂമി മാറിയിരിക്കുന്നു.

ഒരു കാര്യം ഉറപ്പിച്ചോളൂ.

പ്രകൃതിവിരുദ്ധമായ എല്ലാം ഇന്നല്ലെങ്കിൽ നാളെ തകരുക തന്നെ ചെയ്യും. ലോകത്തിലെ എല്ലാ ബാങ്കുകളും തകരും. എല്ലാ ഭരണകൂടങ്ങളും തകരും. ഒരു ദിവസം സമസ്‌ത സ്‌ഥാവരജംഗമ സ്വത്തുക്കളും കടലെടുക്കും. മനുഷ്യവർഗ്ഗത്തിന്‌ ഒന്നോടെ വംശനാശം സംഭവിക്കും.

ഇതാരുടെയും ആത്മവിശ്വാസം തകർക്കാൻ വേണ്ടി പറയുന്നതല്ല.

പൊള്ളുന്ന ഒരു സത്യം പറഞ്ഞുവെന്നേയുള്ളൂ.

ഇതിന്‌ ഒരൊറ്റ പരിഹാരമേയുള്ളൂ.

പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ നമ്മുടെ ജീവിതം ക്രമപ്പെടുത്തുക മാത്രമാണ്‌ ഒരേ ഒരു വഴി.

അല്ലെങ്കിൽ നമ്മുടെ കുട്ടികൾ നമ്മുടെ മുഖത്ത്‌ കാർക്കിച്ചു തുപ്പും. എ.ടി.എം. കാർഡ്‌ മടക്കി തരും.

പോളിസികൾ തിരിച്ചേല്‌പിക്കും. ഷെയറുകൾ ഉപേക്ഷിക്കും. അങ്ങനെ ഒന്നൊന്നായി അവർ മടക്കി തരാൻ തുടങ്ങും.

നമ്മൾ എന്തു ചെയ്യും-

ആലോചിക്കുക.

തീരുമാനത്തിന്‌ ഒട്ടും സമയമില്ല.

ഇപ്പോൾ ഈ നിമിഷം മുതൽ നമ്മുടെ തെറ്റുകൾ തിരുത്താൻ തുടങ്ങുക. ഒരു പുതിയ ജീവിതക്രമം കണ്ടെത്തുക.

നമ്മുടെ കുട്ടികൾക്കുവേണ്ടത്‌ ഇത്രമാത്രം.

നല്ല സ്വപ്‌നങ്ങൾ, നല്ല ഭൂമി, വായു, വെള്ളം, ആകാശം, നല്ല കുറെ കരുതലുകൾ, നല്ല ഭക്ഷണം, ഒരു ചെറിയ വീട്‌, മരങ്ങൾ, കാട്‌, പുഴ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, മലകൾ, പുഴകൾ, പർവ്വതങ്ങൾ, സൂര്യൻ, ചന്ദ്രൻ…..

അനന്തതയുടെ ഒരു വിരൽസ്‌പർശം നമ്മളിലേക്കു പകുരന്നതിനാണ്‌ നമ്മുടെ കലാരൂപങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

ഗണിതത്തിന്റെ മഹാഗോപുരങ്ങളാണ്‌ ഓരോ കലയിലും ഒളിപ്പിച്ചുവച്ചരിക്കുന്നത്‌.

നമ്മുടെ ഏറ്റവും വലിയ സർവ്വകലാശാല പ്രകൃതിയാണ്‌.

ഒരു മഹാപുസ്‌തകം. അനന്തമായ പേജുകൾ ഉള്ള ഒരു മഹാപുസ്‌തകം.

ഈ മഹാപുസ്‌തകം വായിച്ചു പഠിക്കാനാണ്‌ നമ്മുടെ അധ്യാപകർ മെനക്കെടേണ്ടത്‌.

ആ അറിവാണ്‌ കുട്ടികളക്കു പകരേണ്ടത്‌!

അതനുസരിച്ച്‌ ജീവിക്കാനാണ്‌ നമ്മുടെ രക്ഷകർത്താക്കൾ ശ്രമിക്കേണ്ടത്‌.

അല്ലെങ്കിൽ

ഈ ഭൂമിയിലെ ഒരു ദൈവത്തിനും നമ്മെ രക്ഷിക്കാനാവില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ.

ആലോചിക്കാൻ നേരമില്ല. വേഗം. എത്രയും വേഗം.

ഒരു തീരുമാനമെടുക്കുക.

ഒരുപാട്‌ കാര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരും.

ഉപേക്ഷിക്കേണ്ട വസ്‌തുക്കളുടെ കണക്കുകൾ അടിയന്തിരമായി എടുക്കുക. കണ്ണുമടച്ചങ്ങ്‌ ഉപേക്ഷിക്കുക.

അത്രമാത്രം.

എത്രമാത്രം ഉപേക്ഷിക്കുന്നുവോ അത്രമാത്രം നമ്മുടെ ആകാശങ്ങൾ വികസിക്കാൻ തുടങ്ങും.

അതൊരു ശുഭസൂചനയാണ്‌.

പരസ്‌പരം തൊടുമ്പോൾ വിദ്യുത്‌പ്രവാഹം ഉണ്ടാകണം.

ഒരു ഊർജ്ജം മറ്റൊരു ഊർജ്ജത്തെ തൊട്ടപോലെ അനുഭവപ്പെടണം.

ഇതാണ്‌ പ്രകൃതിയുടെ വിസ്‌മയം

പ്രകൃതിനിയമങ്ങൾക്കുള്ളിൽ നിന്നുംകൊണ്ട്‌ എങ്ങനെ ജീവിക്കാമെന്നതിനുവേണ്ടി മൂഴിക്കുളം ശാല അതിന്റെ ചാലക്കുടിപ്പുഴത്തീരത്തുള്ള ജൈവ കാമ്പസിൽ ഒരു ജീവിത പരീക്ഷണശാല ആരംഭിച്ചിട്ടുണ്ട്‌. കുടുംബസമേതം വന്ന്‌ ജീവിതം എന്താണെന്ന്‌ അനുഭവച്ചറിഞ്ഞ്‌ ജീവിതം തന്നെ സന്ദേശമാക്കി ദണ്ഡി രജിസ്‌റ്ററിൽ ഒപ്പുവച്ച്‌ തിരിച്ചു പോവുക. ഒരു കാര്യം കൂടി.

ഇത്തരം ചിന്തകളെ കൊണ്ട്‌ തലയ്‌ക്കു തീ പിടിച്ച്‌ അകമേ നിശ്ശബ്‌ദരായി ജീവിക്കുന്ന മനുഷ്യരെ മൂഴിക്കുളം ശാല സ്വാഗതം ചെയ്യുന്നു. അവരെ മൂഴിക്കുളം ശാലയ്‌ക്ക്‌ ആവശ്യമുണ്ട്‌.

മറ്റൊന്നിനുമല്ല.

ഒരു മരമാകാൻ, ഒരു മണ്ണിരയാകാൻ,

ഒരു ചിതൽ ആകാൻ, ഒരു പൂമരമാകാൻ,

ഒരു തവളയാകാൻ, ഒരു പല്ലിയാകാൻ,

ഒരു കാക്കയാകാൻ എന്തിന്‌ മണ്ണിലെ

കോടികോടി സൂക്ഷ്‌മജീവികളാകാൻ

സമ്മതമെങ്കിൽ

മൂഴിക്കുളം ശാലയിലേക്കു വരൂ.

നമുക്കത്ഭുതങ്ങൾ ഉണ്ടാക്കാം.

റാന്തൽവെട്ടം

പറഞ്ഞു നോക്കുക വെറുതെ നിങ്ങൾ-

ക്കെത്ര കിളിയുടെ പാട്ടറിയാം?

എത്ര മരത്തിൻ തണലറിയാം.

എത്ര പുഴയുടെ കുളിരറിയാം.

എത്ര പഴത്തിൻ രുചിയറിയാം.

എത്ര പൂവിൻ മണമറിയാം.

അറിഞ്ഞിടുമ്പോളറിയാം നമ്മൾ-

ക്കറിയാനൊത്തിരി ബാക്കി,

ഒത്തിരിയൊത്തിരി ബാക്കി-

ശരിയല്ലേ? ഒന്നും നോക്കേണ്ട. മണ്ണിലേക്കിറങ്ങൂ.

മണ്ണ്‌ വരമാണ്‌. രോഗ കാരണമല്ല. ചുറ്റും നോക്കുക.

നിരീക്ഷിക്കുക. മെല്ലെ കുശലം ചോദിക്കാൻ തുടങ്ങുക.

ബാക്കിയെല്ലാം താനെ ശരിയായി കൊള്ളും.

വെറുതെ നിന്നു കൊടുത്താൽ മതി-

നാട്ടുകളി

കള്ളനും പോലീസും കളിക്കാം.

ആലോചിക്കുക. ആരാണ്‌ കള്ളൻ? ആരാണ്‌ പോലീസ്‌. എപ്പോഴും മാറികൊണ്ടിരിക്കുന്ന ഒരു കളി. എത്ര ധ്വനിസാന്ദ്രം. അല്ലേ?

Generated from archived content: prakruthi7.html Author: tr_premkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രകൃതി – ഒരു സർവ്വകലാശാല
Next articleനമുക്ക്‌ ചെയ്യാവുന്ന വളരെ ചെറിയ കാര്യങ്ങൾ
മൂഴിക്കുളത്ത്‌ താമസം, വയസ്‌ 52, അച്‌ഛൻ ടി.എൻ. രാമപൊതുവാൾ, അമ്മ സരസ്വതി പിഷാരസ്യാർ. മൂഴിക്കുളം ശാലയുടെ സജീവപ്രവർത്തകനാണ്‌. ചാലക്കുടിപ്പുഴ തീരത്ത്‌ മൂഴിക്കുളം ശാലയുടെ ജൈവകാമ്പസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. എല്ലാവർഷവും പതിവായി മലയാളം കലണ്ടർ പുറത്തിറക്കുന്നുണ്ട്‌. ഭാര്യ - സുധാമണി എ.എൻ, മക്കൾ - വിനീത്‌, വിവേക്‌. മേൽവിലാസംഃ ഹരിത, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ, പിൻ - 683 579, എറണാകുളം ജില്ല. Address: Phone: 0484- 2470379, 9447021246.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English