പ്രകൃതി – ഒരു സർവ്വകലാശാല

ഭൂമിയിലെ ഏറ്റവും മികച്ചതും വലുതും ആയ സർവ്വകലാശാലയാണ്‌ പ്രകൃതി. വൈസ്‌ ചാൻസലർ ഇല്ലാത്ത ഏക സർവ്വകലാശാല. ഫീസും ഡൊണേഷനും കാപ്പിറ്റേഷൻ ഫീസും ഒന്നുമില്ലാത്ത ഒരു പാഠശാല. ഒരു തുറന്ന പുസ്‌തകം. മഹാപുസ്‌തകം. പ്രകൃതിപുസ്‌തകത്തിലെ ഓരോ അക്ഷരവും പ്രകൃതിയിലെ ഓരോ ചരാചരങ്ങളാണ്‌. സാമ്പ്രദായിക അദ്ധ്യാപകരോ ചിട്ടവട്ടങ്ങളോ ഒന്നും ഇല്ലാത്ത ഒരു സ്വാഭാവിക പഠനകേന്ദ്രം. നമുക്കതിനെ പ്രകൃതിസ്‌കൂൾ എന്നു വിളിക്കാം. നമ്മുടെ ഓരോ സ്‌ക്കൂളും പ്രകൃതിസ്‌ക്കൂൾ പോലെ ആകണം.

ഇവിടെ പ്രവേശനപരീക്ഷയോ, റാങ്കോ, ഗ്രേഡോ ഒന്നും ഉണ്ടാകില്ല.

ചെയ്യേണ്ടത്‌ ഇത്രമാത്രം.

വെറുതെ നിരീക്ഷിക്കുക. അതിന്റെ ഭാഗമാകുക.

അത്രമാത്രം.

നിശ്ശബ്‌ദം, ധ്യാനത്തോടെ നിരീക്ഷിച്ചാൽ കേൾക്കാത്ത ശബ്‌ദങ്ങൾ, കാണാത്ത കാഴ്‌ചകൾ, ഒക്കെ അനുഭവപ്പെടാൻ തുടങ്ങും. ചെറുതും വലുതുമായ ഓരോന്നും എങ്ങനെ ജീവിക്കുന്നു, വളരുന്നു, നശിക്കുന്നു, പിറവിയെടുക്കുന്നു, അതിജീവിക്കുന്നു എന്നു മനസ്സിലാക്കുക. സമസ്‌ത ചരാചരങ്ങളുടെയും ധർമ്മമെന്തെന്ന്‌ കണ്ടുപിടിക്കുക. കണ്ടുപഠിക്കുക. ഒന്നും ഒന്നിനോട്‌ സമാനമല്ല. വൈവിധ്യമാണ്‌ പ്രധാനം. ഓരോന്നും ഓരോ തരത്തിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെടും. ജൈവവൈവിധ്യത്തിന്റെ ആഘോഷം തന്നെയാണ്‌ പ്രകൃതിയിൽ നിത്യവും നടക്കുന്നത്‌.

മണ്ണിൽ കുടികൊള്ളുന്ന കോടിക്കണക്കിന്‌ സൂക്ഷ്‌മജീവികൾ അഹോരാത്രം പണിയെടുക്കുന്നു. ഈ പ്രപഞ്ച വിസ്‌മയങ്ങൾ അറിയാൻ തുടങ്ങുന്നതിലൂടെ നാം കരുണയുള്ളവരായി തീരുന്നു. കരുതലുകൾ ഉള്ളവരായി മാറുന്നു. സൂര്യനും ചന്ദ്രനും ഭൂമിയിൽ മറ്റു കോടിക്കണക്കിന്‌ നക്ഷത്രങ്ങളും അടങ്ങുന്ന പ്രപഞ്ചത്തിന്റെ ഈ സൂക്ഷ്‌മരൂപമാണ്‌ നമ്മുടെ ശരീരമെന്ന്‌ അറിയുന്നതോടുകൂടി നാം എളിമയുള്ളവരായി തീരുന്നു. ഈ വന്യമുഹൂർത്തത്തിലാണ്‌ മഹത്തായ ഉപനിഷത്‌ വാക്യം ഉരുവം കൊണ്ടിട്ടുള്ളത്‌-

അഹം ബ്രഹ്‌മാസ്‌മി

തത്ത്വമസി

ഏതൊരു ഉപനിഷത്തിന്റെയും ഫലശ്രുതി അഭിയാണ്‌.

അഭയം ഭയമില്ലാത്ത അവസ്‌ഥ. അതാണ്‌ ഉപനിഷത്തുക്കൾ വിഭാവനം ചെയ്യുന്നത്‌.

ആത്യന്തികമായ ഉപനിഷത്ത്‌ സന്ദേശം

യാതൊന്നു അറിയുമ്പോഴാണോ അറിയേണ്ടതായിട്ടൊന്നുമില്ലെന്നറിയുന്നത്‌, ആ പരമമായ അറിവാണ്‌ ഓരോ ഉപനിഷത്തിലും സന്നിവേശിപ്പിച്ചിരിക്കുന്നത്‌-

ഇത്രയും സൂക്ഷ്‌മമായ പ്രപഞ്ച ഗണിതത്തേയാണ്‌ നാം മനുഷ്യർ തെറ്റിച്ചിരിക്കുന്നത്‌.

മനുഷ്യനൊഴിച്ച്‌ സമസ്‌ത ചരാചരങ്ങളും പ്രകൃതിനിയങ്ങൾക്കനുസരിച്ച്‌ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. പ്രകൃതിനിയമങ്ങൾക്കുള്ളിലാണ്‌ അവരുടെ വാസം. കൃത്രിമ നിയമങ്ങൾ അവർ സൃഷ്‌ടിച്ചിട്ടില്ല. നമ്മളോ?

പ്രകൃതിവിരുദ്ധവും ജൈവവിരുദ്ധവുമായ ഒരുപാട്‌ നിയമങ്ങൾക്കുഉള്ളിലാണ്‌ നമ്മുടെ വാസം.

രണ്ടും പരസ്‌പരം ഇണങ്ങി പോകുന്നതല്ല.

അതു തന്നെയാണ്‌ കാതലായ പ്രശ്‌നവും.

രണ്ടും ഒന്നാകുക. അതാണ്‌ സത്യം.

അദ്വൈതം.

ഇതിനായി നമുക്കു ചെയ്യാവുന്നത്‌ ഇത്രമാത്രം.

ഭൂമിയുടെ വർത്തമാനങ്ങൾക്കായി ചെവിയോർക്കുക.

പ്രപഞ്ചവിസ്‌മയങ്ങൾ കണ്ടു വികാരധീനനാകുക.

നമ്മെക്കാൾ ആദരവ്‌ അർഹിക്കുന്ന കാക്കകളെ, മണ്ണിരകളെ, ചിതലുകളെ, പല്ലിയെ, പാറ്റയെ, ഈച്ചയെ, തേനീച്ചകളെ, തവളകളെ, ഉറുമ്പുകളെ….. നമുക്ക്‌ നെഞ്ചേറ്റാം. ബഹുമാനിക്കാം. തൊട്ടു നിറുകയിൽ വയ്‌ക്കാം.

അവയ്‌ക്കു മുന്നിൽ നമസ്‌ക്കരിക്കാം.

ഇവരുടെ സംഭാവനകൾ എത്ര മഹത്തരവും വിശുദ്ധവും ആണെന്നറിയുക.

സൂര്യന്റെ ഉദയം മുതൽ അസ്‌തമയം വരെ നമ്മുടെ ഭൂമിയിൽ, പ്രകൃതിയിൽ, എത്ര ഉത്സാഹത്തോടെയാണ്‌ ഇവർ ജോലിയിൽ മുഴുകിയിരിക്കുന്നത്‌ – ആർക്കുവേണ്ടി –

പൂർവ്വ നിശ്ചിതമായ ഒരു കർമ്മം പോലെ അവർ അങ്ങനെ അനുഷ്‌ഠിച്ചുകൊണ്ടേയിരിക്കുന്നു.

അതുകൊണ്ട്‌ ഇവർക്കു മുമ്പിൽ നാം സാംഷ്‌ടാംഗം നമസ്‌ക്കരിച്ചേ മതിയാകൂ –

റാന്തൽവെട്ടം

ഈശാവാസ്യത്തിലെ ഒരു മഹാമന്ത്രം നോക്കുക.

ഓം പൂർണ്ണമദഃപൂർണ്ണമിദം

പൂർണ്ണാത്‌ പൂർണ്ണമുദച്യതേ

പൂർണ്ണസ്യ പൂർണ്ണമാദായ

പൂർണ്ണമേവാവസിഷ്യതേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പൂർണ്ണത്തിൽ നിന്നു പൂർണ്ണമെടുത്താലും ശേഷിക്കുന്നത്‌ പൂർണ്ണമായിരിക്കും.

നാട്ടുകളി

തലപ്പന്തുകളി

ക്രിക്കറ്റുകളിയുടെ ഒരു പ്രാചീന രൂപം. ഒരോലയും ഓലപ്പന്തും ഉപയോഗിച്ചുള്ള കളി. രണ്ടു ടീമുകൾ. കാച്ചും സ്‌റ്റമ്പും ഒക്കെയുള്ള കളി. നിയമങ്ങൾ ചോദിച്ചറിയുക.

കൂട്ടുകാരോടൊത്തു കളി ആരംഭിക്കുക.

പണ്ടത്തെ കളികളൊന്നും അപകടകാരികളല്ലായിരുന്നു.

പ്രകൃതിയോട്‌ ചേർന്നു നില്‌ക്കുന്ന കളികൾ.

പ്രകൃതിയിലെ വസ്‌തുക്കൾ ഉപയോഗിച്ചുള്ള കളികൾ.

പ്രകൃതിയിൽ ലയിച്ചു ചേരുന്ന വസ്‌തുക്കളാണ്‌ എല്ലാം.

ഒന്നും പ്രകൃതിവിരുദ്ധമായിരുന്നില്ല.

എല്ലാം ഡിഗ്രേഡബിൾ-

Generated from archived content: prakruthi6.html Author: tr_premkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമനുഷ്യൻ
Next articleപ്രകൃതി പാഠങ്ങൾ
മൂഴിക്കുളത്ത്‌ താമസം, വയസ്‌ 52, അച്‌ഛൻ ടി.എൻ. രാമപൊതുവാൾ, അമ്മ സരസ്വതി പിഷാരസ്യാർ. മൂഴിക്കുളം ശാലയുടെ സജീവപ്രവർത്തകനാണ്‌. ചാലക്കുടിപ്പുഴ തീരത്ത്‌ മൂഴിക്കുളം ശാലയുടെ ജൈവകാമ്പസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. എല്ലാവർഷവും പതിവായി മലയാളം കലണ്ടർ പുറത്തിറക്കുന്നുണ്ട്‌. ഭാര്യ - സുധാമണി എ.എൻ, മക്കൾ - വിനീത്‌, വിവേക്‌. മേൽവിലാസംഃ ഹരിത, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ, പിൻ - 683 579, എറണാകുളം ജില്ല. Address: Phone: 0484- 2470379, 9447021246.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here