കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ അറിയുന്നതിന്,
എന്തെന്നാൽ നമ്മളാകുന്നു ഈ ഭൂമിയിലെ, ഒരർത്ഥത്തിൽ ഏറ്റവും വലിയ അനാവശ്യവസ്‌തു. നമ്മളും നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്ന ഓരോ കാര്യങ്ങളും തീർത്തും അനാവശ്യ വസ്‌തുക്കളാകുന്നു. ശരിക്കും പറയേണ്ടത് ഇങ്ങനെയല്ല. ഭൂമിക്കു ഭാരങ്ങളാകുന്നു. ഭൂമിയുടെ കൊലയാളികൾ. നാഴികക്ക് നാല്‌പതുവട്ടം സമാധാനപ്രാവുകളെ ആകാശത്തേക്ക് (ആരുടെ ആകാശം, എന്ത് ആകാശം), പറപ്പിച്ചുവിട്ടാൽ നമ്മൾ ബുദ്ധരാവില്ല. ആരാച്ചാർ മാത്രം. കൊലയാളികൾ മാത്രം. ആജീവനാന്തം ജയിലിൽ കിടക്കേണ്ടവർ. സൂര്യവെളിച്ചം കാണാൻ അവകാശമില്ലാത്തവർ.
ഓർക്കുക. ഇതാണ് നമ്മൾ. ഇതുതന്നെയാണ് നാളെയും നമ്മൾ. നമ്മുടെ കുട്ടികൾ …. ഇങ്ങനെ മതിയോ?
പണ്ട് – നമ്മുടെ പൂർവ്വികർ ആകാശത്തേക്കു നോക്കി ഉരുവിട്ട മന്ത്രങ്ങൾ – പ്രഭാഷകർക്കു മാത്രമായി.
ലോകാഃ സമസ്‌താഃ സുഖിനോഃ ഭവതുഃ
നമ്മൾ ഒന്നും പഠിക്കുന്നില്ല. ഒന്നും ഓർക്കുന്നില്ല.
പ്രകൃതിയിലെ ജീവചക്രത്തിലെ ഒരു കണ്ണി മാത്രമാണ് നമ്മൾ. കണ്ണി മുറിച്ച് നമ്മൾ പുറത്തായി. എല്ലാറ്റിനേയും നിയന്ത്രിക്കാൻ ശ്രമിച്ചു. വിശാലമെന്നു നാം കരുതിയ, സങ്കുചിത ലോകത്തേക്കു നമ്മൾ വളർന്നു (തളർന്നു) കയറി (ഇറങ്ങി).
പൊക്കിൾക്കൊടി & നാഭി ബന്ധം അറുത്തു മുറിച്ചു മാറ്റി. വിശ്വപൗരനായി ചമഞ്ഞു.
അങ്ങനെ
ഒരു വഹയ്‌ക്കും കൊള്ളരുതാത്തവർ ആയി.
നമ്മൾ കേമന്മാരാണ് ഇവിടെ. എവിടെ? ആർക്ക് എന്തിന്?
ഈ ഭൂമിയിൽ നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്ന മറ്റൊരു വ്യവസ്‌ഥയിൽ. പ്രകൃതിവിരുദ്ധമായ ഒരു ചട്ടക്കൂട്ടിൽ, മത്സരങ്ങളുടെ ലോകത്തിൽ, അധികാരങ്ങളുടെ ലോകത്തിൽ, ദുർബലരായ വർഗ്ഗങ്ങൾക്കിടയിൽ, നാം കേമന്മാരും ബുദ്ധിജീവികളും ആണ്.
സോപ്പുകുമിള പോലെ എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒന്ന്. സ്വാഭാവികമല്ലാത്തതുകൊണ്ടാണ് നമുക്ക് ഇവയെ സംരക്ഷിക്കേണ്ടി വരുന്നത്. പട്ടാളവും യുദ്ധസാമഗ്രികളും പോലീസും ഒക്കെ വേണ്ടിവരുന്നത്. തീവ്രവാദികൾ പെരുകുന്നത് എന്തുകൊണ്ട്? ആരാണ് തീവ്രവാദി. ആരാണ് ദേശസ്‌നേഹി, ആരാണ് മിതവാദി. എല്ലാം ആപേക്ഷികം മാത്രം.
പ്രകൃതി നിയമപ്രകാരം മനുഷ്യരെല്ലാം തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും മാത്രമാണ്.
പ്രകൃതിക്കു മറ്റു നിയമങ്ങൾ ബാധകമല്ല.
ദേഹത്തിൽ അടിഞ്ഞുകൂടിയ പാഴ്‌വസ്‌തുക്കളെ, ഉപദ്രവകാരികളെ കുടഞ്ഞു കളയുക. നമ്മൾ ചെയ്യുന്നതു പോലെ ഒന്ന്. ചുമവരുന്ന പോലെ, പനി വരുന്ന പോലെ, കുരു വരുന്ന പോലെ ഒരു പ്രക്രിയ. തികച്ചും. സ്വാഭാവികമായ ഒന്ന്.
പ്രകൃതി അനന്തമായതുകൊണ്ട് പ്രകൃതിശക്തികളും അനന്തമായിരിക്കും.
കാറ്റ് കൊടുങ്കാറ്റാകും
തിരമാല – സുനാമിയാകും
അഗ്നി – കാട്ടുതീയാകും
ജലം – മഹാമാരിയാകും & പ്രളയമാകും.
ചൂട് – കൊടുംചൂടാകും
തണുപ്പ് – അതിശൈത്യമാകും
പ്രകൃതിയുടെ ഒരു ശുദ്ധീകരണ തന്ത്രം. ഒരു വിമലീകരണ പ്രക്രിയ.
മഹാകാരുണ്യം പഠിക്കുന്നതിനുള്ള പ്രകൃതിവഴികൾ.
റാന്തൽവെട്ടം
തൂമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണി തലയ്‌ക്കൊരാലു മുളച്ചു
ആലിന്റെ കൊന്തിലൊരുണ്ണി പിറന്നു
ഉണ്ണിക്ക് കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.
ഈ പൂപ്പാട്ടിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾക്ക് ആരോടാണ് നാം നന്ദി പറയേണ്ടത് – നമ്മുടെ പ്രാചീന മനുഷ്യരോട് നാം വല്ലാതെ കടപ്പെട്ടിരിക്കുന്നു.
നാട്ടുകളി
വട്ടംകൂടി അകന്നിരുന്നു കളിക്കേണ്ട ഒരു കളി
വൈരാജ വൈ-
അരിപ്പചട്ടി ഇരിപ്പചട്ടി ആങ്ങള പെങ്ങള
പന്ത്രണ്ടാലിന്മേൽ കേറിയിറങ്ങി വരുമ്പോളെന്തുണ്ട്
മുറുക്കുണ്ട്.
മുറുക്കാശീലെ കിടന്നവളേ, മുന്നാഴി എണ്ണ കുടിച്ചവളേ
കയ്യോ കാലോ
രണ്ടാലൊന്നു തട്ടിയുരുട്ടി മലർത്തിക്കൊ
ഓരോരുത്തരായി കളിയിൽ നിന്നും ഒഴിവാകുന്നു. ശേഷിക്കുന്നയാൾ തോറ്റു. നീട്ടിപ്പിടിച്ച കൈയ്യിൽ ജയിച്ച എല്ലാവർക്കും തല്ലാനുള്ള അവസരം ഉണ്ട്. അടി കൊള്ളാതാകുന്നതുവരെ-
ചോദിച്ചറിഞ്ഞു കളി ആരംഭിക്കുക.
Generated from archived content: prakruthi5.html Author: tr_premkumar