അടുക്കളയെ നിയന്ത്രിക്കുന്നത് ഏത് ഉപകരണമാണ്. ഫ്രിഡ്‌ജ്, രോഗപ്പെട്ടി, മോർച്ചറി, പ്രേതഭൂമി.
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് – ഒരു വിപ്ലവമായിരുന്നു. വി.ടിക്കു നന്ദി. ഇന്ന് അടുക്കളയിൽ നിന്ന് ആശുപത്രിയിലേക്ക്. നമുക്കിത്രയധികം ആശുപത്രികൾ വേണ്ടതുണ്ടോ? രോഗം വിലകൊടുത്തു വാങ്ങുന്ന ഒരു ജനതയുണ്ടെങ്കിൽ നമുക്കു ചുറ്റും ഇതല്ല ഇതിനുമപ്പുറം പഞ്ചനക്ഷത്രസ്വഭാവത്തോടുകൂടിയ ആശുപത്രികൾ പെറ്റുപെരുകുക തന്നെ ചെയ്യും.
ഒരു കാര്യം ഓർക്കുക. ആരോഗ്യമാസികകൾ, മറ്റു മാധ്യമങ്ങൾ ആരോഗ്യകാര്യങ്ങൾ ഇത്രയും ആവേശത്തോടെ ചർച്ച ചെയ്യുന്നത് വെറുതെയല്ല. അവ ആശുപത്രികളിലേക്കുള്ള ക്ഷണകത്തുകളാണ്. നമ്മുടെ ആരോഗ്യമാസികകളെ, വനിതാമാസികകളെ പടിയടച്ച് പിണ്ഡം വയ്‌ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. എങ്കിൽ മാത്രമേ വീടും കുടുംബവും മനുഷ്യരും രക്ഷപ്പെടു.
അമ്മി, അരകല്ല്, ഉരൽ, തിരികല്ല്, കൊട്ടത്തളം, അടുപ്പ്, കിണർ, ചിരവ, മുറം, ചൂൽ, കൊത്തി, തൂമ്പ, മൺവെട്ടി, അരിവാൾ, കോടാലി, കോരുകൊട്ട എന്നിവ ഒരു കാലത്ത് നമ്മുടെ വീടിന്റെ അടിസ്‌ഥാന വസ്‌തുക്കളായിരുന്നു. ആരോഗ്യമന്ത്രങ്ങളായിരുന്നു. ശരീരത്തെ കണ്ടും കൊണ്ടുള്ള ഒരു പൊതു ആരോഗ്യവഴി. എല്ലാം ഉപഭോഗസംസ്‌ക്കാര കൊടുങ്കാറ്റിൽ തൂർന്നു പോയില്ലേ? ആഗോള വിപണിയെ നിയന്ത്രിക്കുന്ന വിശ്വപൗരന്മാരായില്ലേ?
അങ്ങനെ നമ്മുടെ കുളവും കാവും കിണറും അറ്റു പോയി. തവളകൾ പടി കടന്നു പോയി. മരച്ചില്ലകളിൽ നിന്നും കിളികൾ കൂടുവിട്ടുപോയി. ചെമ്പരത്തിയിലും മുരിക്കിലും പൂപ്പരത്തിയിലും ഇലവിലും പറ്റുപോലെ പൊതിഞ്ഞിരുന്ന ചൊറിയാൻ പുഴുക്കളും അപ്രത്യക്ഷരായി. ആറുമാസ ചെടികളും ചിത്രശലഭങ്ങളും ഒപ്പം ഇല്ലാതെയായി. ദശപുഷ്‌പങ്ങൾ കരിഞ്ഞു. കൂവളം വെട്ടി. നാരകം കുറ്റിയറ്റു. കുരുപ്പയും ഞാഞ്ഞൂളും മറ്റനേകം പുഴുക്കളും ഒന്നടങ്കം മണ്ണിൽ അന്തർദ്ധാനം ചെയ്‌തു. കാക്കയെ കാണ്മാനില്ല. പിതൃക്കളെ കൈയ്യൊഴിഞ്ഞു. എത്ര ഉച്ചത്തിൽ കൈ കൊട്ടിയാലും കാക്കകൾ വരാതെയായി. എന്തിന്? നമുക്ക് ഐവർമഠമുണ്ടല്ലോ! എല്ലാം കണ്ടറിഞ്ഞു ചെയ്‌തു തരുന്നവർ.
പുളിങ്കുരു, പുന്നക്കായ, അടയ്‌ക്കാമണിയൻ, മഞ്ചാടിക്കുരു, കുന്നിക്കുരു, കശുവണ്ടിവക്കൻ, മാങ്ങായണ്ടിവക്കൻ, മഞ്ഞൾ, വെള്ളയ്‌ക്ക, മഷിത്തണ്ട്, ഈച്ചപ്പൂവ്, കാക്കപ്പൂവ്, തുമ്പപ്പൂവ്, മുത്തങ്ങ, കൂവ, ശീമക്കൊന്ന, വെള്ളിലം, ആത്തചക്ക, പഞ്ചാരമാവുകൾ, വരിക്കപ്ലാവുകൾ, പനീർ കൂർക്കല, കണ്ണൂനീർത്തുള്ളി അങ്ങനെ എന്തെല്ലാം നമ്മുടെ പടി കടന്നുപോയി.
തത്തമ്മ, പൂത്താംകീരി, മരംകൊത്തി, വിഷുപക്ഷി, അടയ്‌ക്കാക്കിളി, തവള, ഞവുണിക്ക, തേവിക്കിടാവ്, കുട്ടപാമ്പ്, ചേര, ഓലംഞ്ഞാത്തിക്കിളി, കുരുവി, കുയിൽ, കാക്ക, ഉപ്പൻ, മൂങ്ങ, മാടപ്പിറാവ്, നാരായണക്കിളി, പൊന്മ, കൊക്ക്, കുളക്കോഴി, കോഴി, താറാവ്, മുയൽ, ആട്, പശു, പശുകിടാവ്, പോത്ത്, എരുമ, കാള പൂച്ച, പട്ടി, പാറ്റ, പല്ലി, പഴുതാര, ചീവീട്, മണ്ണട്ട, ചിതൽ, ഉറുമ്പ്, കട്ടുറുമ്പ്, ചോണനുറുമ്പ്, നീറ്, കാലൻ കോഴി, വാവൽ, ആമ, ചാണകപ്പുഴു, കൊറ്റി, നീർക്കോലി, തേരട്ട, പച്ചിലപാമ്പ്, മൂർഖൻ, അണലി, ശംഖുവരയൻ, ചേനത്തണ്ടൻ, മരപ്പട്ടി, ഓന്ത്, അണ്ണാൻ, എണ്ണപ്പുഴു, ഈയൽ….. ആലോചിച്ചാൽ നമുക്കത്ഭുതം തോന്നും. ഇവയൊക്കെ നമ്മുടെ കൂടപ്പിറപ്പുകൾ ആയിരുന്നു. എന്തൊക്കെയാണ് നമുക്ക് നഷ്‌ടപ്പെട്ടത്. ഈ പട്ടിക ഇനിയും നമുക്ക് നീട്ടാൻ കഴിയും. ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്.
മുത്തശ്ശനേയും മുത്തശ്ശിയേയും ഉൾപ്പെടുത്താൻ മറക്കരുത്.
അച്ഛനേയും അമ്മയേയും വിട്ടുപോകരുത്-
അവർക്കുവേണ്ടിയല്ലേ നമ്മൾ സ്വർഗ്ഗരാജ്യം പണിതുവച്ചിരിക്കുന്നത്-
വൃദ്ധസദനങ്ങൾ. എത്ര മനോഹരമായ പദം.
വൃദ്ധസദനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഹോം നേഴ്‌സുകൾ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ എന്തു ചെയ്യുമായിരുന്നു.
ഹൊ! ദൈവമേ, ഓർക്കാൻ കൂടി വയ്യ.
വാർദ്ധക്യം ഒരു പാപമായി, ഡൈയ്യും ഹെന്നയും അടിച്ച് യുവത്വം കാത്തുസൂക്ഷിക്കുന്നവർ, ഫേഷ്യൽ ചെയ്‌ത് മുഖത്തിന്റെ ചുളിവ് നികത്തിയവർ, കൃത്രിമപ്പല്ല് വച്ച് ഭംഗികൂട്ടിയവർ, മുസ്‌ലി പവ്വറും വയാഗ്രയും കഴിച്ച് ഊർജ്ജസ്വലരായവർ….. യുവത്വത്തിന്റെ ആഘോഷം യയാതിയുടെ പിൻഗാമികൾ.
അന്നു മുതൽ സ്‌ത്രീകളുടെ ജീവിതം സുരക്ഷിതമല്ലാതായി. വാണിഭങ്ങളും പീഡനങ്ങളും നിത്യസംഭവങ്ങളായി. പൂരം പോലെയുള്ള ഒരാഘോഷമായി മാറി.
എവിടെ സ്‌ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദൈവത്തിന്റെ ഇരിപ്പിടമാകുന്നു. ഇത് വെറുമൊരു കെട്ടുകഥയല്ല.
ബന്ധങ്ങളുടെ വിശുദ്ധി ഒരു പാഴ്‌വാക്കായി.
എല്ലാ വികാരവും കാമത്തിന്റെ വിവിധ രൂപങ്ങൾ മാത്രമായി മാറി.
ഹൃദയശോഭയുള്ള മനുഷ്യരുടെ എണ്ണം വിരളമായി.
സുഗന്ധം പരത്തുന്ന സൗഹൃദങ്ങൾ ഒട്ടുമേയില്ല. വില കൂടിയ പലതരം പെർഫ്യൂമുകളുടെ സുഗന്ധം ആവോളമുണ്ടുതാനും. കടന്നുപോകുന്ന വഴികളിൽ വൈവിധ്യമുള്ള സുഗന്ധങ്ങൾ വാരിവിതറി മറ്റുള്ളവരെ വിസ്‌മയിപ്പിക്കുക. അതാണ് ഇന്നുള്ളത്. അതു മാത്രം.
റാന്തർവെട്ടം
കഥ കഥ നായരെ
കസ്‌തു നായരെ
കാഞ്ഞിരങ്ങാട്ടമ്പലത്തി-
തേങ്ങ മൂത്തിളനീരായി.
പാട്ടിലെ വൈരുദ്ധ്യം എത്ര മനോഹരം, ആലോചാമൃതം. ഓരോ വരിയിലും ഒളിപ്പിച്ചുവച്ചിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങൾ.
നാട്ടുകളി
കുട്ടീം കോലും കളി.
സൂചനഃ മുളകൊണ്ടുള്ള ഒരു വടിയും ഒരു ചെറുവടിയും ഉപയോഗിച്ചുള്ള കളി.
കാക്കുക, നാഴി, ഐറ്റി, ഒറ്റ, ഇരട്ട, ആറേങ്ക്, ഇട്ടോടി, വില്ലീസ്………
ഓർത്തെടുക്കുക. കളി ആരംഭിക്കുക. ഇതും കൂട്ടയ്‌മയുടെ കളി തന്നെ.
Generated from archived content: prakruthi4.html Author: tr_premkumar