വീട്‌ – (ഭാഗം-2)

മരണം പോലും പ്രകൃതിവിരുദ്ധമാക്കിയിരിക്കുന്നു. സൗകര്യങ്ങൾക്കു വേണ്ടി, തെറ്റായ വിശ്വാസങ്ങൾക്കുവേണ്ടി.

പണ്ട്‌ നമ്മൾ ആറടി മണ്ണിന്റെ ജന്‌മിയും മണ്ണിലേക്കു പോകേണ്ടവനു(ളു) മായിരുന്നു.

ഇന്നോ വെറും ചാരമായി മാറേണ്ടവൻ-

ദീർഘനേരം നീണ്ടുനില്‌ക്കുന്ന കൊടിയ ചൂടിൽ മണ്ണും സൂക്ഷ്‌മജീവികളും ചത്ത്‌ ഭൂമിയുടെ ഘടന തന്നെ മാറുന്നു.

കട ചെത്തിയ വാഴ വച്ച്‌ ഭൂമിയെ പരിഹസിക്കുന്നു.

മണ്ണിനെ വീണ്ടും ഉർവ്വരമാക്കാനുള്ള ഒരു കായകല്‌പ ചികിത്സയായിരുന്നു വാഴനടലും തെങ്ങുവയ്‌ക്കലും.

ആചാരത്തിന്റെ മറവിൽ ഇപ്പോൾ കടയില്ലാതാക്കി മാറ്റിയിരിക്കുന്നു.

അതെ മണ്ണ്‌ നമുക്ക്‌ ഒരു നികൃഷ്‌ട വസ്‌തുവായിരിക്കുന്നു.

ഒരു ചരക്കു മാത്രം. അതുതന്നെ പെണ്ണിന്റെ ഗതിയും.

മണ്ണ്‌, പെണ്ണ്‌, പ്രകൃതിയുടെ പര്യായപദങ്ങൾ ആണ്‌.

മൂന്നും അപകടത്തിലാണ്‌.

നാളെ എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌?

ജന്തുക്കളെ പോലെ, വൃക്ഷങ്ങളെ പോലെ, ചീഞ്ഞളിഞ്ഞ്‌ ക്ലേദമായി മാറേണ്ടതാണ്‌ മനുഷ്യശരീരവും. മണ്ണിന്റെ ജൈവികതയെ നിലനിർത്തുന്നത്‌ ക്ലേദമാണ്‌. ജീവിതചക്രത്തിന്റെ നൈരന്ത്യര്യത്തിൽ ഇടപെടാൻ നമുക്ക്‌ അവകാശമില്ല. ചക്രങ്ങൾ ചക്രങ്ങളായി തന്നെ നിലനില്‌ക്കണം.

പറഞ്ഞു വരുന്നത്‌.

നമ്മൾ മഹത്തായ ഒരു കാര്യവും ചെയ്യേണ്ടതില്ല. വെറുതെ ഈ പ്രകൃതിയെ നിരീക്ഷിക്കുക. വസ്‌തുതകൾ മനസ്സിലാക്കുക. ജൈവതാളം കണ്ടെത്താൻ ശ്രമിക്കുക. മണ്ണിനെ തൊട്ടു നിറുകയിൽ വയ്‌ക്കുക. മണ്ണിരയെ കാണുമ്പോൾ നമസ്‌ക്കരിക്കുക. യുക്തിയോടെ കാര്യങ്ങൾ നോക്കി കാണാൻ ശ്രമിക്കുക. യുക്തിസഹമല്ലാത്ത എല്ലാറ്റിനേയും ഉപേക്ഷിക്കുക. മനുഷ്യനാവാനുള്ള എളുപ്പവഴി ഇതു മാത്രമാണ്‌; ബുദ്ധനാവാനും.

നമ്മൾ വേലി (മതിൽ) കെട്ടി തിരിച്ച ഈ ഭൂമി നമുക്ക്‌ ആരാണ്‌ തന്നത്‌? പൂർവ്വികർ. പൂർവികർക്ക്‌ ആരാണ്‌ നല്‌കിയത്‌? ചോദ്യത്തിനൊടുവിൽ കിട്ടുന്ന ഉത്തരമെന്താണ്‌? കയ്യടക്കിയതാണ്‌. ആരും തന്നതല്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അത്രതന്നെ! അതുകൊണ്ട്‌ നമുക്ക്‌ കുറെക്കൂടി വിനയമുള്ളവരാകാം. കാരണം നമ്മുടെ ഭൂമി ഭൂമിയില്ലാത്തവനു കൂടി അവകാശപ്പെട്ടതാണ്‌.

റാന്തൽവെട്ടം

ഉപനിഷത്തുക്കളിൽ നിർബന്ധിച്ചിരിക്കുന്ന ശാന്തിപാഠങ്ങൾ വിസ്‌മയാവങ്ങളാണ്‌. ആചാര്യനും ശിഷ്യനും ഒരുമിച്ച്‌ ചെയ്യുന്ന പ്രാർത്ഥനാമന്ത്രങ്ങൾ ഈ പ്രപഞ്ചത്തിന്റെ പാരസ്‌പര്യം – വിരിഞ്ഞു നില്‌ക്കുന്നു.

ഓം സഹനാവവതു സഹ നൗ ഭൂനക്‌തു

സഹ വീര്യം കരവവാവഹൈ.

തേജസ്വിനാവധീതമസ്‌തു മാ

വിദ്വിഷാവ ഹൈ

ഒരുമിച്ച്‌ ഞങ്ങൾ രണ്ടു പേരെയും രക്ഷിക്കട്ടെ,

ഒരുമിച്ച്‌ ഞങ്ങൾ രണ്ടു പേരെയും പോഷിപ്പിക്കട്ടെ,

ഒരുമിച്ച്‌ വീര്യം ചെയ്യുമാറാകട്ടെ. ഞങ്ങൾ

അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ!

നാട്ടുകളി – 2

കളം വരച്ചുള്ള ഒരുപാട്‌ പേർ പങ്കെടുക്കുന്ന ഒരു തരം കളി. കിളിത്തട്ടും കിളിയും പ്രധാനം.

സൂചന –

ചപ്പ്‌, ഉപ്പ്‌, മഞ്ഞക്കളം കാക്കുക.

അങ്ങനെ അങ്ങനെ ആലോചിച്ച്‌ കിളി കളി ആരംഭിക്കുക. കൂട്ടായ്‌മയുടെ കളി.

Generated from archived content: prakruthi3.html Author: tr_premkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവീട്‌ – (ഭാഗം-1)
Next articleഅടുക്കള
മൂഴിക്കുളത്ത്‌ താമസം, വയസ്‌ 52, അച്‌ഛൻ ടി.എൻ. രാമപൊതുവാൾ, അമ്മ സരസ്വതി പിഷാരസ്യാർ. മൂഴിക്കുളം ശാലയുടെ സജീവപ്രവർത്തകനാണ്‌. ചാലക്കുടിപ്പുഴ തീരത്ത്‌ മൂഴിക്കുളം ശാലയുടെ ജൈവകാമ്പസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. എല്ലാവർഷവും പതിവായി മലയാളം കലണ്ടർ പുറത്തിറക്കുന്നുണ്ട്‌. ഭാര്യ - സുധാമണി എ.എൻ, മക്കൾ - വിനീത്‌, വിവേക്‌. മേൽവിലാസംഃ ഹരിത, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ, പിൻ - 683 579, എറണാകുളം ജില്ല. Address: Phone: 0484- 2470379, 9447021246.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here