നാം താമസിക്കുന്ന വീട് നമ്മുടേതാണോ?
ആധാരം നമ്മുടെ പേരിലാകാം. കരമടയ്‌ക്കുന്നുണ്ടാകാം. കൈവശാവകാശരേഖയുണ്ടാകാം. കെട്ടിടനികുതിയും ഭൂമിനികുതിയും കൃത്യമായി അടയ്‌ക്കുന്നുണ്ടാകും.
എങ്കിലും വീട് നമ്മുടെ അല്ലാതാകുന്നു.
വിപണിയിലെ ഒരു സൂപ്പർമാർക്കറ്റ് മാത്രമാകുന്നു നമ്മുടെ വീട്.
നമ്മുടെ അടുക്കളയെ, പൂമുഖത്തെ, കിടപ്പറയെ, കുളിമുറിയെ, കക്കൂസിനെ, നമ്മുടെ ശരീരത്തെ, നമ്മുടെ വിചാരങ്ങളെ,സംസ്‌ക്കാരത്തെ, ആരോഗ്യത്തെ, വിദ്യാഭ്യാസത്തെ ഒക്കെ നിയന്ത്രിക്കുന്നത് വിപണിയും അതിന്റെ അവാന്തര വിഭാഗങ്ങളുമാണ്.
ഇപ്പോൾ നമുക്ക് നെഞ്ചത്ത് കൈ വെച്ച് എങ്ങനെ പറയാനാകും. ഈ വീട് നമ്മുടേതാണ്.
ലോകത്തെ പുറത്താക്കി മതിൽകെട്ടി അതിരുകൾ കാത്തു സൂക്ഷിക്കുന്ന അതിർത്തിരക്ഷാസേനയിലെ ഒരംഗം മാത്രം. അല്ലെങ്കിൽ ഒരു കാവൽ നായ.
മേൽവിലാസം പൂർണ്ണം.
ശക്തരായ മനുഷ്യരൊഴിച്ച് മറ്റെല്ലാ ജീവികളേയും ഒഴിവാക്കി ഇല്ലാതാക്കി, കൊന്നൊടുക്കി, ജൈവികത നഷ്‌ടപ്പെടുത്തിയ ഈ ഭൂമിക്കു മേൽ നമുക്കെന്തവകാശം.
അതെ ആ പഴയ ചോദ്യം തന്നെ ബാക്കി.
ഭൂമിയുടെ അവകാശികൾ ആര്?
മണ്ണിരയോ, തുമ്പിയോ, ചിത്രശലഭങ്ങളോ, പട്ടിയോ, പൂച്ചയോ, കാക്കയോ, എലിയോ, പശുവോ എന്തിന് കുഴിയാന പോലുമോ ഇല്ലാത്ത വീട് എങ്ങനെയാണ് ഒരു വീടാകുക. കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കോടിക്കണക്കിന് സൂക്ഷ്‌മജീവികളെ കൊന്നൊടുക്കി ആത്‌മീയതയുടെ കാപട്യവുമായി നമുക്കെത്ര നാൾ ജീവിക്കാൻ കഴിയും. മനുഷ്യനില്ലെങ്കിൽ ഭൂമിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഭൂമിയിലെ ഏറ്റവും അനാവശ്യമായ വസ്‌തു മനുഷ്യനാകുന്നു. ഭൂമിക്ക് നമ്മൾ എന്താണ് നല്‌കുന്നത്? നശീകരണവും ചൂഷണവും അല്ലാതെ. നമ്മളില്ലെങ്കിൽ ഈ ഭൂമി കുറെക്കൂടി പച്ചപിടിച്ചേനെ.
സത്യം
നമ്മൾ വെറുക്കുന്ന, ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ജന്തുക്കളും പക്ഷികളും വൃക്ഷങ്ങളും സൂക്ഷ്‌ജീവികളും നീരൊഴുക്കും ഇല്ലാതായാൽ ഭൂമി ഊഷരമാകും. മരിച്ചുപോകും.
അതെ, മനുഷ്യൻ തികച്ചുമൊരു അനാവശ്യ വസ്‌തുവാകുന്നു. നമുക്കിപ്പോൾ തോന്നുന്ന ഒരു കാര്യമുണ്ടല്ലോ-
അപരൻ അനാവശ്യമാകുന്നു. അതിനെക്കാൾ എത്രയോ ഭീകരമാണ് നാം പൊന്നുപോലെ അലങ്കരിച്ചു കൊണ്ടു നടക്കുന്ന ഈ ശരീരം ഒരു അനാവശ്യവസ്‌തുവാണെന്ന് തിരിച്ചറിയുമ്പോൾ, നമുക്കുണ്ടാകുന്ന ആത്‌മസംഘർഷം.
അവന്റെ വീമ്പും കേമത്തരവും ധാടിയും മോടിയും വെറും നോക്കുകുത്തികൾ മാത്രം.
ആലോചിച്ചു നോക്കിയിട്ടുണ്ടോ?
നമ്മൾ ഇത്രയും ധൃതിയിൽ അണിഞ്ഞൊരുങ്ങി ലക്ഷങ്ങളുടെ വിലവിവരപ്പട്ടികയും പ്രദർശിപ്പിച്ച് ആൾക്കൂട്ടത്തിൽ (എന്തൊരു നാശം!) ഒരുവനായി&ഒരുവളായി നടന്നുപോകുന്നത് എവിടേക്കാണ്? കൊമ്പുകൾക്കിടയിൽ പന്തവുമായി നിശ്ശബ്‌ദം റോഡിലൂടെ അറവുശാലയിലേക്ക് കൂട്ടത്തോടെ നടന്നുപോയിരുന്ന കാളകളുടെ ചിത്രം ഓർക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഓർക്കണം. നാല്‌ക്കാലികളുടെ ഘോഷയാത്ര നമ്മൾ നിയമംമൂലം നിരോധിച്ചു. പകരം ഇരുകാലികളുടെ ഘോഷയാത്ര ആ സ്‌ഥാനം കൈയ്യടക്കി. കഷ്‌ടം! മനുഷ്യൻ എത്ര മനോഹരമായ പദം!
നാം നാളെയുടെ നാണക്കേട്. ആരാണ് ഇതു പറഞ്ഞത്?
തോറ്റ ജനതയുടെ നാടെന്ന് വിലപിച്ച് ആത്‌മഹത്യയിൽ അഭയം തേടിയത് ആരാണ്?
തലയ്‌ക്കു തീപിടിച്ചവർ.
അവരെയാണ് കാലം ആവശ്യപ്പെടുന്നത്.
തലയ്‌ക്കു തീ പിടിച്ചവർ.
Generated from archived content: prakruthi2.html Author: tr_premkumar