പ്രകൃതി സ്‌കൂൾ
ഒരു സ്വാഭാവിക പഠനകേന്ദ്രം. പ്രകൃതിപാഠങ്ങൾ, നാട്ടറിവുകൾ, ശാരീരശാസ്‌ത്രം, യുക്തിചിന്ത, ടെലസ്‌കോപ്പ്, കൈവേലകൾ, സർഗ്ഗാത്മക വിഷയങ്ങൾ എന്നിവ പ്രായോഗികമായി പഠിക്കാനുള്ള ഒരിടമാണ് പ്രകൃതി സ്‌കൂൾ. ഞായറാഴ്‌ചകളിൽ മാത്രം പ്രവർത്തിക്കുന്നു. യാത്രകൾ, സന്ദർശനങ്ങൾ എന്നിവയും പ്രകൃതിസ്‌കൂളിൽ ഉണ്ടാകും.
കൃത്യമായ സിലബസോ പരീക്ഷയോ മാർക്കിടലോ ഹാജരോഫീസോ ഒന്നുമില്ലാത്ത ഒരിടം. ഒരു കൈപ്പുസ്‌തകം മാത്രം.
പൗർണ്ണമിക്കൂട്ടങ്ങൾ
നിലാവുള്ള രാത്രികളെ സർഗ്ഗാത്മകമാക്കും ഒരു കൂട്ടായ്‌മ. പ്രകൃതി പാഠങ്ങൾ ഏറ്റവും മികച്ചത്. ആകാശം, നക്ഷത്രം, ചന്ദ്രൻ, നിലാവ്, സാഹിത്യം, സംഗീതം, നാട്ടറിവുകൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രകൃതിയിലേക്കുള്ള ഒരു നടപ്പാതയാണ് പൗർണ്ണമിക്കൂട്ടം.
ഉർവ്വരതാനുഷ്‌ഠാനങ്ങൾ
ഓരോ അനുഷ്‌ഠാനങ്ങളും ഉർവ്വരതയെ, കൃഷിയെ ആശ്രയിച്ചുള്ളതാണ്. അതിനെ ഒക്കെ പൊലിപ്പിച്ചെടുക്കുകയാണ് നമ്മുടെ ധർമ്മം. ഞാറ്റുവേലകൾ, സംക്രാന്തികൾ, അമാവാസികൾ, പൗർണ്ണമികൾ, നാട്ടറിവുകൾ, ഋതുക്കൾ, പുഴ, കാട്, സമുദ്രങ്ങൾ, മലകൾ, കുളങ്ങൾ, കാവുകൾ, കളങ്ങൾ, നിറയും പൂത്തരിയും, തിരുവാതിര, ഓണം, വിഷു, ഇല്ലംനിറ, കളമെഴുത്തും പാട്ടും, തിറ, തെയ്യം, കളിയാട്ടം തുടങ്ങിയ ഓരോ അനുഷ്‌ഠാനത്തേയും അഗ്നിപോലെ ജ്വലിപ്പിച്ചെടുക്കണം.
പ്രതിരോധങ്ങൾ& അതിജീവനങ്ങൾ& ഉപ്പിന്റെ രാഷ്‌ട്രീയം
പ്രകൃതിപാഠങ്ങൾ, ഉപേക്ഷിക്കൽ, നിസ്സഹകരണം, ബഹിഷ്‌ക്കരണം മുതലായവ അതിജീവിനമന്ത്രങ്ങളാണ്. അതിന്റെ പ്രത്യയശാസ്‌ത്രമാണ് ഉപ്പിന്റെ രാഷ്‌ട്രീയം.
ഉപ്പിന്റെ രാഷ്‌ട്രീയം
ഓരേ ഒരു തീരുമാനം കൊണ്ട് നമുക്ക് സാമ്രാജ്യത്വ താത്‌പര്യങ്ങൾക്കും അവരുടെ പ്രിയ ഭരണകൂടങ്ങൾക്കും എതിർനില്‌ക്കാം.
നാം നമ്മുടെ അടുക്കളയിൽ നിന്ന്, വീട്ടിൽ നിന്ന്, എന്തിന് നമ്മിൽ നിന്നും ആരംഭിക്കുന്നു-
ഒരു നിശ്ശബ്‌ദ വിപ്ലവം.
നമുക്ക് ഇന്നു സോപ്പിൽ നിന്ന്, ടൂത്ത്‌പേസ്‌റ്റിൽ നിന്ന്, കോളയിൽ നിന്ന് ആരംഭിക്കാം.
സ്വദേശി ഉത്‌പന്നങ്ങൾ മാത്രം വാങ്ങാം; ഉപയോഗിക്കാം.
അതൊരു വികാരമായി നമ്മിൽ കത്തിജ്വലിക്കട്ടെ!
ഇന്നലെ വരെ എന്തുമായിക്കോട്ടെ. ഇന്നു മുതൽ അതു പറ്റില്ല; നാളെ ഒട്ടുമേ പറ്റില്ല.
ഒരു ജനതയുടെ ഇച്ഛാശക്തിക്കുമുന്നിൽ ആർക്കാണ് പിടിച്ചുനില്‌ക്കാൻ കഴിയുക.
ഇതാകട്ടെ ദണ്ഡിയുടെ പാഠം.
ക്വിറ്റ് ഇന്ത്യയുടെ പാഠം.
ഉപ്പിന്റെ, സോപ്പിന്റെ, ഉമിക്കരിയുടെ, കരിക്കിന്റെ, സംഭാരത്തിന്റെ രാഷ്‌ട്രീയം.
സ്‌നേഹത്തോടെ ശാല ഒരു വിത്ത് തരുന്നു.
നിത്യപ്രതിരോധത്തിന്റെ ഒരു തൈ!
നിത്യവഴുതന.
തൊടിയിൽ വളരട്ടെ!
പ്രകൃതി സൗഹൃദ വീട്
അഞ്ചു സെന്റിലൊരു ലാറി, ബേക്കർ മോഡൽ നാലുകെട്ട്, കാറ്റ്, വെളിച്ചം ഉള്ള ചെലവ് കുറഞ്ഞ ഒരു വീട്. അന്തരീക്ഷമർദ്ദത്തിനു സമാനം. കർണ്ണം തുളച്ച വീട്. 1089 ച. അടി. വലിപ്പമുള്ള വീട്. മൂന്നു കിടപ്പുമുറികൾ. വലുപ്പം 10*10 മൂന്നു ബാത്‌റൂമുകൾ (സാധാരണം). പൈപ്പ്, ഫ്‌ളഷ് ഒന്നുമില്ല. ഇലക്‌ട്രിസിറ്റി വയറിംഗ് ഒന്നുമില്ല. പുകയില്ലാത്ത അടുപ്പ്, കൊട്ടത്തളം എന്നിവ ഉണ്ടാകും. സിങ്ക് ഉണ്ടാകില്ല. വാഷ്‌ബേസിൻ ഉണ്ടാവില്ല. ഫാൻ ഉണ്ടാവില്ല. റാന്തൽ, മേശവിളക്ക്, തൂക്കുവിളക്ക്, നിലവിളക്ക് എന്നിവയാണ് മുഖ്യം. അകവും പുറവും തേച്ചിട്ടുണ്ടാവില്ല. മരം വളരെ കുറവ്. വീടിനു മാത്രം ഏകദേശം 5 ലക്ഷം രൂപ വരും. ചുറ്റും നാട്ടുമരങ്ങൾ വച്ചുപിടിപ്പിക്കണം. കൂട്ടത്തിൽ നക്ഷത്രമരങ്ങളും. അടുക്കള കിണറുണ്ടാകും. ആകാശം കണ്ടുറങ്ങാം.
കിഴക്കിനി, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, പൂമുഖം എന്നിവയും ഉണ്ടാകും.
റാന്തൽവെട്ടം
നക്ഷത്രമരത്തിന്റെ ശ്ലോകം. 27 നക്ഷത്രങ്ങൾക്ക് 27 മരം. മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ രഹസ്യം.
അശ്വതി മുതലായ് കൊൾക
കാഞ്ഞിരം നെല്ലിയും
ക്രമാൽ അത്തി ഞാവൽ
കരിങ്ങാലി പിന്നെ
കരിമരം, മുള, അരയാൽ
നാഗവും പേരാൽ
പ്ലാശു മിത്തിയു മമ്പഴം
നൽക്കൂവളം നീർമരുത് വയ്യങ്കത
വെരണിയും (ഇലഞ്ഞി)
വെട്ടിയും വയിനും പഞ്ഞി
പ്ലാവെരിക്കു പനച്ചിയും (വഹ്നി)
കാമ്പും നല്ല
തേൻമാവും കരിമ്പന ഇരിപ്പയും
ഇവ നക്ഷ്‌ത്രങ്ങൾ
നല്ലത് നട്ടുളവർത്തിയാൽ.
ഈ 27 മരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രമിക്കുക. ഹരിതാഭമാകട്ടെ നമ്മുടെ ഭൂമി.
നാട്ടു കളി
മരങ്ങൾ നട്ട മനുഷ്യൻ എന്ന ചെറുപുസ്‌തകം വട്ടം കൂടിയിരുന്നു വായിക്കുക. ജീൻഗിയാനോ എഴുതിയ വിശ്വപ്രസിദ്ധ പുസ്‌തകം.
ഈ കൊച്ചു പുസ്‌തകം നിങ്ങളെ പിടിച്ചുകുലുക്കുക തന്നെ ചെയ്യും.
കുലുങ്ങിയില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യനല്ല.
ഒരു മൃഗം മാത്രം.
വാലു മുളച്ചുവോ എന്ന് തപ്പി നോക്കാവുന്നതാണ്.
Generated from archived content: prakruthi15.html Author: tr_premkumar