സ്‌ത്രീ പ്രകൃതിയാണ് സൃഷ്‌ടിയുടെ ഉടവിടമാണ്, പുതുതലമുറയെ സൃഷ്‌ടിക്കുന്നത് സ്‌ത്രീയാണ്. അവളുടെ മുല കുടിച്ചാണ് ഓരോ കുഞ്ഞും കരുത്തു നേടുന്നത്. ഉർവ്വരതയുടെ പ്രതീകമാണു സ്‌ത്രീ. അവൾ അമ്മയാണ്, മകളാണ്, ഭാര്യയാണ്, കാമുകിയാണ്, അനിയത്തിയാണ്, ചേച്ചിയാണ്, ചേട്ടത്തിയമ്മയാണ്, അമ്മൂമ്മയാണ് – ഒരു സ്‌ത്രീയുടെ ഭിന്ന ഭാവങ്ങൾ, പ്രകൃതിയും ഇതുപോലെതന്നെയാണ്.
അതുകൊണ്ടാണ് സ്‌ത്രീയെ ആദരിക്കുന്നത് –
സ്‌ത്രീശരീരംപോലെ ഇത്ര മനോഹരമായ ഒരു സൃഷ്‌ടി മറ്റൊന്നില്ല.
പ്രപഞ്ചത്തിന്റെ പൂർണ്ണതയാണ് സ്‌ത്രീ.
സ്‌ത്രീ ഒരു ചരക്കല്ല. മണ്ണുപോലെ ഉപഭോഗവസ്‌തുവുമല്ല.
വിപണിയുടെ ഉത്‌പന്നമല്ല. സ്‌ത്രീശരീരം ഒരു ഉപഭോഗവസ്‌തുവല്ല. ഇതെല്ലാം പ്രകൃതിക്കപ്പുറത്തുള്ള കൃത്രിമനിയമങ്ങൾക്കകത്താണ് സംഭവിക്കുന്നത്.
പ്രകൃതിനിയമത്തിൽ സ്‌ത്രീയും പ്രകൃതിയും മണ്ണും നദിയും എല്ലാം ഒന്നുതന്നെ. എല്ലാം മൂല്യമുള്ളവ. ആദരവ് അർഹിക്കുന്നവ.
വൃദ്ധജനതയും ആദരവ് അർഹിക്കുന്നു.
വാർദ്ധക്യം ഒരു രോഗമല്ല. വാർദ്ധക്യത്തെ മറിക്കടക്കാൻ ശ്രമിക്കാത്തതാണ് പ്രശ്‌നം.
ബ്രഹ്‌മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്‌ഥം, സന്യാസം.
ഈ നാല് വ്യവസ്‌ഥകളിലൂടെ കടന്നുപോകേണ്ട മനുഷ്യർ ഗാർഹസ്ഥ്യം കഴിയുമ്പോഴേക്കും അവശരാകുന്നു. പരാശ്രയ ജീവികളായി മാറുന്നു. മാനസികമായി തളരുന്നു.
ഇങ്ങനെ സംഭവിക്കാൻ പാടില്ല
ഗാർഹസ്ഥ്യത്തിൽ നിന്നും വാനപ്രസ്‌ഥത്തിലേക്കും വാനപ്രസ്‌ഥത്തിൽ സന്യാസത്തിലേക്കും പ്രവേശിക്കണം.
ഒരു കാര്യം ശ്രദ്ധിക്കണം.
ഇതൊന്നും ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ല.
ജീവിതചക്രത്തിന്റെ പൂർണ്ണതയാണ് ഉദ്ദേശിക്കുന്നത്.
ഋതുചക്രം പോലെ ഒന്ന്.
ഇത് മനസ്സിലാക്കുന്ന വൃദ്ധജനതയെ സമൂഹം ആദരിക്കുക തന്നെ ചെയ്യും.
ജീവിതത്തിന്റെ പിൻമടക്കമല്ല. തിരിച്ചുപോക്കല്ല വാർദ്ധക്യം.
വാർദ്ധക്യത്തെയും നമുക്കാഘോഷമാക്കി മാറ്റണം-
സമൂഹത്തിന്റെ ചാലകശക്തി അവരാകണം-
ഗുരുസ്‌ഥാനീയർ-
പഴയതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കണം.
പുതു കണ്ടെത്തലുകൾ നടത്തണം.
നമ്മുടെ തത്ത്വചിന്തയെ മുന്നോട്ടു നയിക്കണം.
കൂടുതൽ സർഗ്ഗാത്മകമാക്കണം.
അതോടൊപ്പം വാർദ്ധക്യത്തിന്റെ പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടക്കണം – മരങ്ങൾ നട്ട മനുഷ്യനിലെ എൽസിയാഡ് ബോഫിയറെ പോലെ. ആശ നട്ട് ആനന്ദം വളർത്തിയ മനുഷ്യൻ. ജീൻ ഗിയാനോക്ക് നന്ദി.
കുട്ടികൾ
പ്രകൃതി പാഠങ്ങൾ ഉൾകൊണ്ട് വളരട്ടെ. നമ്മുടെ പൈതൃകം അവരെ തുടക്കം മുതൽ പഠിപ്പിക്കട്ടെ. മുലപ്പാൽ കുടിക്കട്ടെ. കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, യക്ഷിക്കഥകൾ, അത്ഭുതകഥകൾ, പുരാണകഥകൾ, എല്ലാം പഠിക്കട്ടെ – ആകാശം കാണട്ടെ. ലോകം കാണട്ടെ. പ്രകൃതി നിരീക്ഷണം നടത്തട്ടെ. ടെലസ്‌കോപ്പിലൂടെ പ്രപഞ്ചവിസ്‌മയങ്ങൾ കാണട്ടെ – പുസ്‌തകം വായിക്കട്ടെ. യുക്തസഹമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും പ്രാപ്‌തരാകട്ടെ! സ്വാശ്രയശീലം വളരട്ടെ!
പ്രകൃതി നിയമങ്ങൾക്കുള്ളിൽ ഒരു ജീവിതക്രമം കണ്ടെത്തി അതനുസരിച്ച് ജീവിക്കട്ടെ. ലോകം മുഴുവൻ പ്രചരിപ്പിക്കട്ടെ.
കുട്ടികൾ നാളെയുടെ ഊർജ്ജകാണ്ഡങ്ങളാണ്.
പ്രകൃതിപാഠങ്ങൾ കണ്ടറിയുന്നതിനായി തത്‌ക്കാലം വിദ്യാഭ്യാസത്തിനു സമാന്തരമായി ഒരു പ്രകൃതിസ്‌കൂൾ എല്ലായിടത്തും നടത്തേണ്ടതുണ്ട്. സ്‌കൂൾ തലത്തിലും സഹകരിച്ച് ചെയ്യായുന്നതാണ്.
പ്രകൃതിപാഠങ്ങൾ, ശരീരശാസ്‌ത്രം, ടെലസ്‌കോപ്പ്, കൈവേലകൾ തുടങ്ങിയ വിഷയങ്ങൾ ലളിതമായി പ്രയോഗികമായി പഠിപ്പിച്ചു കൊടുക്കുന്ന ഒരു സ്വാഭാവിക പഠനകേന്ദ്രമാണ്.
പ്രകൃതി സ്‌കൂൾ, ഗുരുകുലകേന്ദ്രം.
വെളിച്ചമാണ് ദൈവം എന്ന് അവരെ പഠിപ്പിക്കുക.
തലയ്‌ക്കു തീപിടിച്ചവരെ പോലെ അവരെ വളർത്തുക.
അതാണ് ലോകത്തിന് അഭികാമ്യം.
അദ്ധ്യാപകർ
കുട്ടികളുടെ യഥാർത്ഥത്തിലുള്ള കണ്ണും കാതും മനസ്സും തുറക്കുന്ന താക്കോലുകളാകണം നമ്മുടെ അദ്ധ്യാപകർ; ഗുരുക്കന്മാർ; പാഠപുസ്‌തകത്തിനപ്പുറമുള്ള ആകാശങ്ങൾ തുറന്നിടുന്നവരാണ് യഥാർത്ഥ അദ്ധ്യാപകർ.
ഗുരുശിഷ്യ സംവാദത്തിന് ഉപനിഷത്തുക്കൾ ഉദാഹരണം.
എന്നും ആരോഗ്യകരമായ ചർച്ചകൾ, സംവാദങ്ങൾ എന്നിവ കൊണ്ട് നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകമാകണം. അവർ മാതൃഭാഷയിൽ പഠിക്കട്ടെ. ലോകഭാഷയും പഠിക്കട്ടെ. സംസ്‌കൃതവും പഠിക്കണം. സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ തിരിച്ചറിവ് ലഭിച്ച അദ്ധ്യാപകർക്ക് അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയും.
അദ്ധ്യാപനം ഒരു തൊഴിലല്ല. പ്രപഞ്ചബോധം നല്‌കലാണ് അദ്ധ്യാപനം.
സമാന്തരമായി പ്രകൃതിസ്‌കൂളും നടക്കട്ടെ!
രക്ഷിതാക്കൾ
പ്രകൃതി പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതിനിയമങ്ങൾക്കുള്ളിൽ ജീവിക്കാൻ പ്രാപ്‌തരാക്കുന്നവരാണ് യഥാർത്ഥ രക്ഷിതാക്കൾ. എല്ലാം, അവർക്കു പറഞ്ഞുകൊടുക്കുക. കഥയും കവിതയും എല്ലാം. അവർ തുറന്ന മനസ്സോടെ ജീവിക്കട്ടെ.
മറ്റൊന്നും അവർക്ക് നൽകാതിരിക്കുക.
അവർ നമ്മുടെ കുട്ടികൾ മാത്രമല്ല. ലോകത്തിന്റെയും കുട്ടികളാണ്. യുക്തിസഹമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും പ്രാപ്‌തരാക്കുക.
ഓരോ രക്ഷിതാക്കളും പ്രകൃതിസ്‌കൂളിന്റെ ഭാഗമാകുക.
അരുതുകൾ പറയാതിരിക്കുക. സ്വയം ശുദ്ധീകരിക്കട്ടെ.
Generated from archived content: prakruthi14.html Author: tr_premkumar