നമുക്കോ സമൂഹത്തിനോ രാഷ്‌ട്രത്തിനോ പ്രകൃതിക്കോ യാതൊരു പ്രയോജനമില്ലാത്ത ജോലിയാണെങ്കിൽ, അദ്ധ്വാനത്തിനനുസരിച്ച് വേതനം ലഭിക്കുന്നില്ലെങ്കിൽ, ജനതയെ ചൂഷണം ചെയ്യുന്ന ജോലിയാണെങ്കിൽ, ആവാസവ്യവസ്‌ഥയെ തകർക്കുന്ന ജോലിയാണെങ്കിൽ, പ്രകൃതിവിരുദ്ധമായ ജോലിയാണെങ്കിൽ, ആ ജോലി പൊതുനന്മയ്‌ക്കുവേണ്ടി ഉപേക്ഷിക്ക വേണം – ഒരു കുടുംബത്തിൽ ഒന്നിലധികം അംഗങ്ങൾ ജോലിക്കു പോകുന്നുണ്ടെങ്കിൽ, അതിന്റെ പേരിൽ കുടുംബം അനാഥമാകുന്നുണ്ടെങ്കിൽ, ജോലി ഉപേക്ഷിച്ച് മറ്റു ഉചിതമായ ജോലികളിൽ പ്രവേശിക്കുകയോ സ്വയം കണ്ടെത്തുകയോ കൃഷിയുടെ ലോകത്തിലേക്കു മാറുകയോ, പ്രകൃതിസ്‌കൂളിലെ അദ്ധ്യാപകനായി മാറുകയോ ചെയ്യണം. ഇത്രയും ആധിപിടിച്ച് കാശും ചെലവാക്കി തുച്ഛമായ കൂലിക്ക് സ്വകാര്യസ്‌ഥാപനങ്ങളിൽ പോയി ജോലി നോക്കേണ്ടതുണ്ടോ? നമ്മുടെ കഴിവനുസരിച്ച് ഒരു ജോലി നമ്മൾ ഉണ്ടാക്കിയെടുക്കുകയല്ലേ വേണ്ടത്? ആലോചിച്ചു നോക്കുക.
ജോലി ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ വെറുതെ ഇരിക്കുക എന്നല്ല അർത്ഥമാക്കേണ്ടത് – ഉചിതമായ, അർഹമായ, പ്രകൃതിക്കനുസൃതമായ, സമസ്‌ത ചരാചരങ്ങൾക്കും ഗുണകരമായ ജോലി ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത് – കേൾക്കുമ്പോൾ പ്രയാസം തോന്നും. സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ടാകും.
പ്രത്യേകം ഓർക്കേണ്ട ഒരു സംഗതി ഇതാണ് –
നമ്മൾ ഏതു ലോകത്തിൽ നിന്നു സംസാരിക്കുന്നു? പ്രകൃതിയുടെ സ്വാഭാവിക ലോകത്തിൽ നിന്നാണോ? മനുഷ്യൻ ഉണ്ടാക്കിയ കൃത്രിമ ലോകത്തിൽ നിന്നാണോ? അതനുസരിച്ച് ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടെത്തലുകളും മാറിക്കൊണ്ടിരിക്കും.
പ്രകൃതി നിയമത്തിൽ നിന്നു കൊണ്ട് സംസാരിക്കുന്നവർ അതനുസരിച്ച് ജീവിക്കട്ടെ – മറ്റുള്ളവർ അവരുടെ ലോകത്തിലും ജീവിക്കട്ടെ –
ഒരു കാര്യം. നമുക്ക് ആരേയും കുറ്റപ്പെടുത്താൻ അർഹതയില്ല സ്വയം നശിക്കുക തന്നെ അഭികാമ്യം.
എന്നെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന ഘട്ടത്തിൽ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങുക തന്നെ ചെയ്യും.
അതാണ് പ്രകൃതിനിയമത്തിന്റെ ശക്തി.
ഏറ്റവും ബുദ്ധിപരമായ തീരുമാനം ഒന്നു മാത്രം.
പ്രകൃതിനിയമത്തിന്റെ ഉള്ളിൽ നിന്ന് ഒരു ജീവിതം കെട്ടിപ്പൊക്കുക. ഒരു മരം വളരുന്ന പോലെ, അത്രയ്‌ക്കും സ്വാഭാവികമായി.
ശാന്തിയും സമാധാനാവും സന്തോഷവും എല്ലാം വില കൊടുക്കാതെ താനെ കൈവരും.
അതാണ് പ്രകൃതിയുടെ വിസ്‌മയങ്ങൾ.
പ്രകൃതി ജീവിതത്തിൽ നമുക്കു സ്വീകരിക്കാവുന്ന ഒരു ഭക്ഷണക്രമം അഥവാ ഒരു ജീവിതരീതി
ഒരു സമ്യക്കായ ജീവിതം എന്തായിരിക്കണം; എങ്ങനെ ആയിരിക്കണം – അത് ഈ ലോകക്രമത്തെ എങ്ങനെ മാറ്റി മറിക്കും – ജീവിച്ചു കാണിച്ചു കൊടുത്തു വേണം പ്രകൃതി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ – ജീവിതമാകണം സന്ദേശം, പ്രസംഗമല്ല.
പ്രഭാതം
രാവിലെ 5 മണിക്ക് ഉണരുക. ഭൂമിതൊട്ടു നിറുകയിൽ വയ്‌ക്കുക നിലവിളക്ക് കത്തിക്കാം; കത്തിക്കാതിരിക്കാം. ഉമിക്കരികൊണ്ട് (ഉപ്പും കുരുമുളകും ചേർത്തുണ്ടാക്കിയത്) പല്ലു തേക്കാം. പച്ച ഈർക്കലി കൊണ്ടു നാക്കു വടിക്കാം. മൺകൂജയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. പായ വിരിച്ച് ചമ്രം പടിഞ്ഞിരുന്ന് അല്‌പനേരം പതിവായി ധ്യാനിക്കണം. കണ്ണടച്ച് ഓരോ വസ്‌തുവിനേയും ഊർജ്ജരൂപത്തിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ധ്യാനമാണ് പരിശീലിക്കേണ്ടത് – ഏറ്റവും ഒടുവിൽ പ്രപഞ്ചം നിറയെ ഊർജ്ജത്തിരകൾ കൊണ്ട് നിറയും. ആ ഒരു അനുഭവത്തിലേക്കാണ്; കാഴ്‌ചയിലേക്കാണ് ധ്യാനം എത്തിച്ചേരേണ്ടത്. സമസ്‌ത ചരാചരങ്ങളും ഭൂഖണ്ഡങ്ങളും അതിർത്തികളും ഇല്ലാതാകുന്ന ഒരു അനുഭവം പ്രപഞ്ചത്തിൽ നാം അനന്തതയെ സ്‌പർശിച്ച നിറവിലായിരിക്കും.
അനന്തതയുടെ വിരൽസ്‌പർശത്തിൽ നമ്മുടെ നിറുകയിൽ പതിവായി പൂ വിടരാൻ തുടങ്ങും.
ധ്യാനത്തിനു ശേഷം കത്തുകൾ അയക്കുന്ന ശീലമുണ്ടെങ്കിൽ മഷിപ്പേന കൊണ്ട് കാർഡ് എഴുതി (25 പൈസ) അയക്കാം….. അങ്ങനെ എന്തും. ശേഷം മല്ലിക്കാപ്പി ചക്കര ചേർത്തു കഴിക്കുന്നു.
തുടർന്ന് കൃഷിപ്പണിയിൽ ഏർപ്പെടുന്നു. ചെടികൾ നനക്കുക, കേടുകൾ നീക്കം ചെയ്യുക. ജൈവവളം, കീടനാശിനി എന്നിവ വേണമെങ്കിൽ പ്രയോഗിക്കുക. കട കിളച്ചു കൊടുക്കുക. ഓരോ ചെടിയുടെയും കട കിളച്ച് തടം കോരി ചകിരി, തേങ്ങമടൽ, കരിയില, അടുക്കള വേസ്‌റ്റ്, മറ്റു ബയോവേസ്‌റ്റുകൾ എന്നിവ കൊണ്ട് നിറച്ച് മണ്ണിനു പുതയിടണം. ഓരോ പുതയ്‌ക്കടിയിലും ഒരാഴ്‌ചയ്‌ക്കുള്ളിൽ അസംഖ്യം സൂക്ഷ്‌മജീവികൾ പിറവിയെടുത്തിരിക്കുന്നത് നമുക്കു കാണാൻ കഴിയും. പ്രകൃതിയുടെ മാന്ത്രികവിദ്യ. ഒരു ഘട്ടം കഴിയുമ്പോൾ നമ്മുടെ മണ്ണും കാട്ടിലെ മണ്ണുപോലെ അത്രയ്‌ക്ക് ജൈവികമാകും; തീർച്ച.
ജംഗ്‌ഷനുകളിൽ നിന്നുമുള്ള പച്ചക്കറി വേസ്‌റ്റുകൾ മുതലായവ ശേഖരിച്ച് നമ്മുടെ പുരയിടത്തിൽ നിക്ഷേപിച്ച് മണ്ണിന്റെ ഘടനയെ സംരക്ഷിക്കാവുന്നതാണ്. മാലിന്യപ്രശ്‌നവും ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.
പശുവിനെ വളർത്തുന്നതും നല്ലതാണ് – അതിന്റെ ചാണകം, ഗോമൂത്രം, വൈക്കോൽ വേസ്‌റ്റ്. പുല്ലിന്റെ വേസ്‌റ്റ് എന്നിവയും കൃഷിക്ക് ഉപയോഗിക്കാം. പാൽ ഉറച്ച് തൈരും തൈരു കലക്കി മോരും വെണ്ണയും വെണ്ണ ഉരുക്കി നറുനെയ്യും ഉണ്ടാക്കാൻ കഴിയും. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം പച്ചക്കറികൾക്കു തളിക്കാവുന്നതാണ്. പഞ്ചഗവ്യം നല്ലൊരു ജൈവ കീടനാശിനിയാണ്.
പച്ചക്കറികൾ അന്നന്നു തന്നെ പറിച്ചെടുക്കണം. അതനുസരിച്ച് കറികൾ തീരുമാനിക്കാം-
ചീര, വെണ്ട, വഴുതന, പച്ചമുളക്, കാന്താരി, മത്തൻ, കുമ്പളം, വെള്ളരി, മുരിങ്ങക്കായ, ഇരുമ്പൻപുളി, അകത്തി ചീര, ചക്ക, മാങ്ങ, നാരങ്ങ, പടവലം, കുക്കുമ്പർ, തക്കാളി, ചേമ്പ്, ചേന, കൂർക്ക, കാച്ചിൽ പയർ, അമര, തഴുതാമ, മുരിങ്ങ, ഇല, പൂവ്, പടവലം, പേരയ്‌ക്ക, നെല്ലിക്ക, പപ്പായ, കായ, പഴം, മാതളനാരങ്ങ, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ആത്തച്ചക്ക തുടങ്ങി എന്തുമാവാം; പച്ചക്കറിത്തോട്ടത്തിൽ. ശരീരം വിയർക്കുന്നതു വരെ കുടുംബസമേതം ജോലി ചെയ്യുക. അതുതന്നെയാണ് യോഗ – പിന്നെ യോഗയും ക്ലാസും ഫീസും ഒന്നും വേണ്ട. കൃഷിപ്പണി നിത്യ യോഗക്കു തുല്യമാണ് – ഭൂജലനിരപ്പ് ഉയരും. കിണറുകളിൽ വെള്ളം സമൃദ്ധമാകും. പുഴ സമ്പന്നമാകും. പ്രകൃതി തളിർക്കും. പൂവിടും, ഫലങ്ങൾ തരും, കിളികൾ മടങ്ങി വരും. വീട്ടിൽ നിന്നും തൊടിയിൽ നിന്നും മടങ്ങിപ്പോയ സമസ്‌ത സൂക്ഷ്‌മ ജീവികളും അല്ലാത്തവയും സന്തോഷത്തോടെ ആരും വിളിക്കാതെ തന്നെ മടങ്ങി വരും. പിന്നെ അവർ പണിയെടുത്തോളും. നാം വെറുതെ നിന്നുകൊടുത്താൽ മതി – അതു കണ്ടിരിക്കുക തന്നെ ഏറ്റവും ആനന്ദകരം.
കഞ്ഞി
രാവിലെ കഞ്ഞിയാണ് ഏറ്റവും നന്ന്. വിവിധതരം കഞ്ഞികൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. പ്ലാവില കുമ്പിൾ കുത്തി മൺകോപ്പയിൽ കഞ്ഞി കുടിക്കണം. അതാണ് അതിന്റെ ഒരു രീതി. ഇഞ്ചിച്ചമ്മന്തി, ചുട്ടപപ്പടം, കണ്ണിമാങ്ങ. ആരും കഞ്ഞി കുടിച്ചു പോകും.
1. അരിയും പയറും തേങ്ങപ്പാലും (തേങ്ങ ചിരവിയതും) ഒഴിച്ചുള്ള കഞ്ഞി.
2. അരിയും വിവിധതരം പച്ചക്കറികളും ഒരുമിച്ചുള്ള കഞ്ഞി.
3. അരി മാത്രം ഉപയോഗിച്ചുള്ള കഞ്ഞി.
4. അരിയും തേങ്ങയും ഇട്ട കഞ്ഞി.
5. അരിയും തേങ്ങപ്പാലും ഇട്ട കഞ്ഞി.
6. അരിയും മുളപ്പിച്ച ധാന്യങ്ങളും ഇട്ട കഞ്ഞി.
7. നെയ്യ് ഒഴിച്ചുള്ള കഞ്ഞി
8. മരുന്നു കഞ്ഞി
9. ദശപുഷ്‌പ കഞ്ഞി
10. പത്തില കഞ്ഞി.
ഇങ്ങനെ കഞ്ഞികൾ പലതരം മാറി മാറി കഴിക്കാവുന്നതാണ്.
ദാഹജലം
തിളപ്പിച്ചാറിയ വെള്ളം മൺകൂജയിൽ നിറച്ചു വച്ച് ആവശ്യത്തിനു കുടിക്കണം.
മോര്, ജീരകം, കരിങ്ങാലി, മലര്, നറുനീണ്ടി, മല്ലി, ചുക്ക് തുളസി, തേൻ, പഴച്ചാറുകൾ, ജാതിയില, ഏകനായകം, പതിമുഖം തുടങ്ങിയവ ചേർത്ത വെള്ളം ദാഹത്തിനും തണുപ്പിനും വേണ്ടി കുടിക്കാവുന്നതാണ്.
മൺകുടത്തിലെ തണുത്ത വെള്ളം ആയാലും മതി.
പഴവർഗ്ഗങ്ങൾ, പൊട്ടു വെള്ളരി, കുക്കുമ്പർ, തണ്ണീർമത്തൻ, തേൻ ചേർത്ത സർബത്ത്, സൂപ്പുകൾ, പഴനീരുകൾ തുടങ്ങിയവയും ആവാം.
Generated from archived content: prakruthi10.html Author: tr_premkumar
Click this button or press Ctrl+G to toggle between Malayalam and English