കാര്യങ്ങളൊന്നും ശരിയല്ലെന്ന് നമുക്കറിയാം. എല്ലാത്തിനും നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. നമ്മുടെ പങ്കിനെക്കുറിച്ച് നാം ആലോചിക്കാറേയില്ല. നമുക്കെന്താണ് പറ്റിയത്. വെറുതെ ആലോചിട്ടു കാര്യമില്ല. തലയ്‌ക്കു തീ പിടിച്ചപോലെ ഉഴറി നടന്ന് ആലോചിക്കണം. അതാണ് ശരിയായ ആത്മപരിശോധന. കാണെ കാണെ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരും. നെറുകയിൽ പൂ വിടരാൻ തുടങ്ങും. ആന്തരികമായ പൂക്കാലം. സ്വയം ഒരു പൂമരമായി മാറിയ അനുഭവം. ശരീരത്തിലെ ഓരോ രോമകൂപങ്ങളിൽ നിന്നും സുഗന്ധം അലയടിക്കാൻ തുടങ്ങും. ഹൃദയത്തിൽ നിന്നും ഒരു നദി ഉറവ പൊട്ടി ഒഴുകാൻ തുടങ്ങും. പരിസരമാകെ ഒന്നല്ല എണ്ണമറ്റ പൂമരങ്ങൾ.
റാന്തൽവെട്ടം
അത്ഭുതങ്ങളുടെ ആകാശജാലകങ്ങൾ തുറക്കുന്ന ഒരു നാടൻ വാമൊഴിപ്പാട്ടിന്റെ റാന്തൽവെട്ടത്തിൽ വട്ടം കൂടി ചമ്രം പടിഞ്ഞിരുന്നു വിസ്‌മയങ്ങൾ ഒന്നൊന്നായി മെനഞ്ഞെടുക്കാം. അതെ, ഓല മെടയും പോലെ വിസ്‌തൃതമാക്കാം. ആദിമ ചോദനയുടെ കാന്തികസ്‌പർശത്തിൽ ലയിച്ചിരിക്കാം.
ഉണ്ണിയുറുമ്പിന്റെ കാതുകുത്തി
തെങ്ങു മുറിച്ചു കുരടുമിട്ടു
എടവട്ടം തിങ്ങി രണ്ടീച്ച ചത്തു
ഗോപുരം തിങ്ങി രണ്ടാന ചത്തു
കോഴിക്കോട്ടങ്ങാടീക്കപ്പലോടി
കൊച്ചീലഴിമുഖം തീ പിടിച്ചു
നൂറ്റുകുടത്തിൽ പത്താന വീണു
പ്രാചീന മനുഷ്യർക്കു നന്ദി. നമുക്കായി ഓരോ ചെറിയ കാര്യങ്ങളിലും കഥകളിലും പാട്ടുകളിലും സങ്കല്‌പങ്ങളിലും വിശ്വാസങ്ങളിലും അനുഷ്‌ഠാനങ്ങളിലും കളികളിലും കലകളിലും ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങൾക്കും വിശ്വദർശനങ്ങൾക്കും നന്ദി.
നാട്ടുകളി
ഓർമ്മയിൽ നിന്നും ഒരു കളിയുടെ നിയമങ്ങളും രീതികളും കണ്ടെടുക്കാൻ ഒരു ശ്രമം നടത്തുക. അറിയില്ലെങ്കിൽ കൂട്ടായി ആലോചിച്ചെടുക്കുക. കളിക്കാൻ തുടങ്ങുക.
അടയ്‌ക്കാമണിയൻ&പുളിങ്കുരു&മഞ്ചാടിക്കുരു&കുന്നിക്കുരുകൊണ്ടുള്ള കളി.
സൂചന
രണ്ടു വരികളിലായി ചെറിക കുഴികൾ കുത്തി കളിക്കുന്ന രീതി. ഒറ്റ, ഇരട്ട, മുച്ച, വാരി……..
Generated from archived content: prakruthi1.html Author: tr_premkumar