മൗലിദുകൾ

മൗലിദ്‌ (നാടൻഭാഷയിൽ മൗലുദ്‌) എല്ലാ മുസ്ലീംവീടുകളിലും നടക്കുന്ന ഒരു ചടങ്ങാണ്‌. ശ്രാദ്ധ മൂട്ടുന്നതുപോലെ മരിച്ചവരുടെ ഓർമ്മപുതുക്കുന്ന ചടങ്ങ്‌. ആണ്ട്‌ കഴിക്കൽ എന്നും പറയും. അന്ന്‌ വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടായിരിക്കും.

ഇസ്ലാമിന്റെ മുമ്പുളള കാലം അറേബ്യയിൽ ജാഹിലിയ്യാ കാലഘട്ടം (അന്ധകാരയുഗം) എന്നറിയപ്പെട്ടിരുന്നു. ഗോത്രമഹിമ ഉയർത്തിക്കാണിക്കുന്നതിനു വേണ്ടി ഓരോ ഗോത്രത്തിലും കവികളെ പ്രോൽസാഹിപ്പിച്ചിരുന്നു. തുടർന്ന്‌ ഇസ്ലാമിന്റെ ആവിർഭാവകാലത്തും ഇസ്ലാംമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ധാരാളം കവികൾ ജീവിച്ചു. പ്രവാചകന്റെ അനുചരൻമാരിൽ തന്നെ പല നിമിഷകവികൾ ഉണ്ടായിരുന്നതായി കരുതുന്നു. ഇസ്ലാമിന്റെ പ്രചരണത്തിന്‌ ഇവരുടെ കവിതകൾ ഉപയോഗിച്ചിരുന്നു. പ്രവാചകൻ മെക്കയിൽനിന്ന്‌ മദീനയിലേയ്‌ക്ക്‌ ഹിജ്‌റ പോയപ്പോൾ അവിടെ അദ്ദേഹം സ്വീകരിക്കപ്പെട്ടത്‌ ‘ത്വലഅൽബദ്‌റുഅലൈനാ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ്‌ (മദീനയുടെ കവാടത്തിൽ പെൺകൊടിമാർ ദഫ്‌മുട്ടി പാടിക്കൊണ്ട്‌ നബിയെ സ്വാഗതംചെയ്‌തു). പ്രവാചകനാൽ ഭ്രഷ്‌ടുകല്പിക്കപ്പെട്ടിരുന്ന കഅബുബിൻസുഹൈർ (റ) വേഷപ്രച്ഛന്നനായി നബി (സ ഃ അ) യുടെ മുമ്പിൽ ഹാജരായി അദ്ദേഹത്തെ പുകഴ്‌ത്തിക്കൊണ്ട്‌

‘ബാനത്‌ സു ആദു ഫഇന്നൽ ഖൽബ മത്‌ബൂല്ല

മുസയ്യമുൻ ഇത്‌റുഹാ ലം യഫിദ മഖ്‌ബൂലു….’

ഇന്നർരസൂല ലനൂറുൻ യുസ്‌ത ളാഉ ബിഹീ

മുഹന്നുദുൻ മിൻ സുയുഫില്ലാഹി മസ്‌ലൂലു‘ എന്ന ഗാനം പാടി.

കഅ​‍്‌ബ്‌ ആണെന്നറിഞ്ഞിട്ടും നബി (സ) വളരെ സന്തോഷിക്കുകയും ഒരു ഷാൾ സമ്മാനമായി നൽകുകയും ചെയ്‌തു. ഈ സംഭവം മദ്‌ഹ്‌ (പുകഴ്‌ത്തൽ) പാടുന്നതിനും പറയുന്നതിനും തെളിവായി (അംഗീകാരമായി) പലരും സ്വീകരിക്കുന്നു. പ്രവാചകനെയും പ്രമുഖ സഹാബികളെയും പുകഴ്‌ത്തിക്കൊണ്ടുളള കവിതകളും സഹാബികൾ തന്നെ ദൈവത്തോട്‌ പ്രാർത്‌ഥിക്കുന്നതും സമൂഹത്തെ ഉദ്‌ബോധനം ചെയ്യുന്നതും അവർക്ക്‌ വീര്യം നൽകുന്നതുമായ ഖസീദകളും ബൈതുകളുമുണ്ട്‌. ഈ രചന അഭംഗുരം തുടർന്നു. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലാണ്‌ ഇമാം ബുസീറി (റ) പ്രസിദ്ധമായ ’ബുർദ‘ ബയ്‌ത്‌ രചിച്ചത്‌.

’അമിൻ തദക്കുറി ജീറാനിം ബിദീസലമീ

മസജ്‌ത ദംഅൻ ജറാ മിൻ മുഖ്‌ലതിൻ ബിദമീ…‘ എന്നു തുടങ്ങുന്നതാണ്‌ ബുർദ. പ്രവാചകനെ മദ്‌ഹ്‌ ചെയ്‌തുകൊണ്ട്‌ അദ്ദേഹം പാടിയതാണ്‌.

’മുഹമ്മദുൻ അശ്‌റഫുൽ അഅ​‍്‌റാബി വൽ അജമീ

മുഹമ്മദുൻ ഖൈറുമൻ യംഷീ അലാ വദമീ…‘ എന്നു തുടങ്ങുന്ന ഗാനം (ബുസീറി ഹിജ്‌റ 695-ൽ അലക്‌സാണ്ട്രിയയിൽ മരണപ്പെട്ടു).

ഇങ്ങനെ പ്രോജ്വലപണ്‌ഡിതൻമാരുടെയും സൂഫിവര്യൻമാരുടെയും ഖസീദകൾ (ഗാനങ്ങൾ) പിൽക്കാലത്ത്‌ സൈനുദ്ദീൻ മഖ്‌ദൂം (റ) പോലുളള പണ്‌ഡിതൻമാർ (അവരുടേതായ ഗാനങ്ങളും കൂട്ടിച്ചേർത്ത്‌) കലാസാഹിത്യ വൈഭവങ്ങളോടെ അനുയോജ്യമായ ഗദ്യവും ചേർത്ത്‌ (ചരിത്ര സംഭവങ്ങളും ഖുർആൻ, ഹദീസ്‌ വാക്യങ്ങളും) ക്രോഡീകരിച്ചതാണ്‌ മൗലീദുകൾ. മൻഖൂസ്‌ മൗലീദ്‌, ശർറഫൽ അനാം മൗലിദ്‌, ബദർ മൗലിദ്‌ എന്നിവ സുപ്രസിദ്ധ മൗലിദുകളാണ്‌ പ്രതിപാദിച്ചിട്ടുളളത്‌. ’മൗലിദ്‌‘ എന്ന വാക്കിന്‌ ജനനം, ജൻമദിനം എന്നൊക്കെയാണ്‌ എർത്‌ഥം. ആ അർത്‌ഥത്തിലാണ്‌ ഇവയ്‌ക്ക്‌ മൗലിദ്‌ എന്ന പേർ കൈവന്നത്‌ (ജനനത്തെ പ്രതിപാദിക്കുന്നതുകൊണ്ട്‌). ബദർ മൗലിദിൽ ബദ്‌റ്‌ യുദ്ധത്തിൽ പങ്കെടുത്തവരുടെയും അതിലെ രക്തസാക്ഷികളുടെയും പോരിഷകൾ വർണ്ണിക്കുന്നു.

നമ്മുടെ നാട്ടിൽ ചില വീടുകളിൽ മരണാടിയന്തിരത്തിനും മറ്റും മൻഖൂസ്‌ മൗലിദും, നബിദിനത്തിന്‌ ശർറഫൽ അനാം മൗലിദും, ബദർദിനത്തിൽ (റമദാൻ പതിനേഴ്‌) ബദ്‌ർ മൗലിദും പാരായണം ചെയ്‌ത്‌ ’തവസ്സുൽ ഇസ്‌തിശാസ‘ ചെയ്യാറുണ്ട്‌. (തവസ്സുൽ = ഇടതേടി അപേക്ഷിക്കുക, മഹാൻമാരെ ഇടനിലക്കാരാക്കി അവർ മുഖേന ദൈവത്തോട്‌ പ്രാർത്‌ഥിക്കുക. ഇസ്‌തിശാസ = സഹായം തേടുക, ഈ ചൊല്ലപ്പെട്ടതുകൊണ്ട്‌ അല്ലെങ്കിൽ അതിൽ പ്രതിപാദിക്കപ്പെട്ട മഹാൻമാരുടെ ഹഖ്‌ കൊണ്ട്‌). മൗലിദുകൾ ഇബാദത്‌ (ആരാധന) അല്ലെന്ന്‌ പണ്‌ഡിതൻമാർ ഒരുപോലെ സമ്മതിക്കുന്നുണ്ടെങ്കിലും സാധാരണക്കാർ പലരും ഇതൊരു ഇബാദതോ, സദ്‌കർമ്മമോ ആയി വിശ്വസിക്കുന്നു.

Generated from archived content: pattu1_july1_05.html Author: t_muhammedkuttymaster

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English