മുടിയേറ്റു കളം

ചിത്രകലയിലെ ഒരു അത്‌ഭുതസൃഷ്‌ടിയെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്‌ കളമെഴുത്ത്‌. കളമെഴുത്തിൽ സാധാരണയായി അഞ്ചുകൂട്ടം പൊടികളാണ്‌ ഉപയോഗിക്കുന്നത്‌. വെളള (അരിപ്പൊടി), കരി (ഉമിക്കരി), മഞ്ഞ (മഞ്ഞൾപ്പൊടി) പച്ച (വാകയുടെ ഇല പൊടിക്കുന്നത്‌), ചുവപ്പ്‌ (മഞ്ഞപ്പൊടിയും ചുണ്ണാമ്പും) ഈ അഞ്ചുകൂട്ടം പൊടികൾ മാത്രമേ കളമെഴുത്തിന്‌ ഉപയോഗിക്കാൻ നിയമമുളളു. ഈ പൊടി കൂട്ടിക്കലർത്തി മറ്റു നിറങ്ങൾ ഉണ്ടാക്കുന്നരീതിയും നിലവിലുണ്ട്‌. എന്നാൽ മറ്റു പല നിറങ്ങൾക്കും കൂടുതൽ ഭംഗി കിട്ടുന്നതിനുവേണ്ടി കുങ്കുമങ്ങൾ ഉപയോഗിച്ചുകാണുന്നു. കുങ്കുമങ്ങൾ ഉപയോഗിച്ച്‌ കളമെഴുതുന്നത്‌ കളത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം അതിലെ മൂല്യങ്ങൾക്ക്‌ കുറവു സംഭവിക്കുന്നുമുണ്ട്‌.

രാസപ്രവർത്തനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന പൊടികളാണ്‌ കുങ്കുമങ്ങൾ. ഈ കുങ്കുമങ്ങൾ പ്രകൃതിദത്തമല്ലാത്തതുതന്നെ ഏറ്റവും പ്രധാനകാരണം. മറ്റ്‌ അഞ്ചുകൂട്ടം പൊടികളും പ്രകൃതിദത്തം തന്നെ. ഈ അഞ്ചുകൂട്ടം പൊടികളും ചേരുമ്പോൾ ഉണ്ടാകുന്ന മിശ്രിതം ത്വക്‌രോഗങ്ങൾക്ക്‌ പറ്റിയ മരുന്നായിമാറുന്നു. പല രൂപത്തിലുളള കളങ്ങളാണ്‌ ഇന്നു കണ്ടുവരുത്‌. ഭദ്രകാളിയുടെ സ്വരൂപമെഴുതിയിട്ടുളള കളം, അയ്യപ്പൻകളം, യക്ഷി, ഗന്ധർവ്വൻ, വേട്ടയ്‌ക്കൊരുമകൻ തുടങ്ങിയ എല്ലാ കളത്തിന്റെയും പിന്നിൽ ഒരു കലാരൂപത്തിന്റെ ഉളളടക്കം കാണാം. ഈ കലാരൂപങ്ങൾ എല്ലാംതന്നെ ഒരു ഫ്ലാഷ്‌ബാക്ക്‌ ആണ്‌.

ഉദാഹരണത്തിന്‌ മുടിയേറ്റ്‌ എന്ന കലാരൂപം നമുക്കെടുക്കാം. ദാരികവധം കഴിഞ്ഞുവരുന്ന ഘോരരൂപിണിയായ ഭദ്രകാളിയുടെ രൂപമാണ്‌ ഭദ്രകാളികാവുകളിൽ കളമെഴുത്തിനുപയോഗിക്കുന്നത്‌. ദാരികവധം കഴിഞ്ഞാൽമാത്രമാണ്‌ ഈ രൂപം ഉണ്ടാകുന്നത്‌. മുടിയേറ്റ്‌ അവതരിപ്പിക്കുന്ന ദിവസം കളമെഴുത്തുപാട്ട്‌ നടന്നിരിക്കും. കളമെഴുത്തുവേണമെന്നു നിർബന്ധമുണ്ട്‌. അത്‌ എന്തിനുവേണ്ടിയാണെന്ന്‌ നാം ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല. ഇന്ന്‌ സിനിമാലോകത്തു കാണുന്നതുപോലെ പ്രധാനഭാഗം ആദ്യം കാണിച്ച്‌ അത്‌ ഉണ്ടാവാൻ ഇടയായ സാഹചര്യം എങ്ങനെയെന്നു പറയുന്നു. അതുതന്നെയാണ്‌ മുടിയേറ്റും കളമെഴുത്തും തമ്മിലുളള ബന്ധവും. അതിലുപരി കാളിവേഷം കെട്ടുന്നയാൾ മുഖത്തുതേയ്‌ക്കുന്നതിനു മുമ്പായിട്ടോ അരങ്ങത്തേയ്‌ക്കു പോകുന്നതിനു മുമ്പായിട്ടോ ആണ്‌ കളം മായ്‌ക്കുന്നത്‌. കാളിവേഷം കെട്ടുന്നയാൾ ഇങ്ങനെ ചെയ്യാൻ കാരണം അനുഷ്‌ഠാനപരങ്ങളായ ഒരുപാടുകാര്യങ്ങൾ ഉളളതാണ്‌.

മുടിയേറ്റിലെ കഥാപാത്രങ്ങളിലേയ്‌ക്ക്‌ ഇറങ്ങിച്ചെല്ലുകയാണെങ്കിൽ മുഖത്തുതേപ്പിന്റെ പ്രത്യേകതകൾ നമുക്ക്‌ കാണാം. ഇന്ന്‌ കഥകളിയിൽ കാണുന്നപോലെ മിനുക്ക്‌, കരി, കത്തി മുതലായ വേഷങ്ങളാണ്‌ മുടിയേറ്റിലുംകാണുന്നത്‌. അനുഷ്‌ഠാനകലകളിൽ പരിഷ്‌കാരങ്ങൾ എത്താതെ അതിന്റെ തനിമ നിലനിർത്തുന്നു. അവയുടെ പരിഷ്‌കൃതരൂപമാവാം കഥകളി.

Generated from archived content: kalam1_dec29_07.html Author: suresh_keezhillam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here