വരൂ, നമുക്കൊരു ഇല്ലം കാണാം

നമ്പൂതിരിഗൃഹങ്ങളാണ്‌ ഇല്ലം, മന എന്നീ വാക്കുകൾകൊണ്ട്‌ വ്യവഹരിയ്‌ക്കപ്പെടാറുളളത്‌. നമ്പൂതിരിമാർ ഇല്ലം എന്നും മറ്റുളളവർ മന എന്നും പറയുന്നതാണ്‌ പതിവ്‌. നമ്പൂതിരിഗൃഹങ്ങൾ നാലുകെട്ടായിട്ടാണ്‌ സാമാന്യേ കാണാറുളളത്‌. നടമുറ്റം, ചുറ്റും നാലിറയങ്ങൾ, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റി, കൂടാതെ അടുക്കള, മേലടുക്കള, കെട്ട്‌, തൊട്ടിയറ, പേറ്റുമുറി, രണ്ടോ മൂന്നോ കിടപ്പുമുറികൾ, പൂമുഖം, പുറത്തളം, മച്ച്‌ ഇവയാണ്‌ ഒരു നാലുകെട്ടിലടങ്ങുക. പ്രഭുഗ്രഹങ്ങളാണെങ്കിൽ മിക്കവാറും എട്ടുകെട്ടായിരിക്കും. രണ്ടു നടുമുറ്റങ്ങളും പതിനാറ്‌ ഇറയങ്ങളും, അപൂർവമായി മുപ്പത്തിരണ്ടുകെട്ടും ഉണ്ട്‌. ഇല്ലം തെക്കോട്ടോ പടിഞ്ഞാട്ടോ മുഖമായിട്ടായിരിയ്‌ക്കും. തെക്കും പടിഞ്ഞാറും ഭാഗങ്ങൾ പുരുഷന്മാരും വടക്കും കിഴക്കും ഭാഗങ്ങൾ സ്‌ത്രീകളും പെരുമാറുന്ന ഇടങ്ങളാണെന്നു പറയാം.

പൂമുഖം ഃ പൂമുഖം തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ആയിരിയ്‌ക്കും. അകത്തേയ്‌ക്കു പോകാനുളള വഴിയൊഴിച്ച്‌ ബാക്കിഭാഗം പൂമുഖത്തറയാണ്‌. അറ്റത്ത്‌ മരപ്പടികൾ വെച്ചുപിടിപ്പിച്ച വിശാലമായ തറ. പുരുഷന്മാർ അവിടെയാണ്‌ സമയം കഴിയ്‌ക്കുക.

പുറത്തളം ഃ പൂമുഖത്തുനിന്ന്‌ കടക്കുന്ന മുറിയാണ്‌ പുറത്തളം. പൂമുഖം തെക്കുവശത്തായാലും പുറത്തളം മിക്കവാറും പടിഞ്ഞാറുനിന്ന്‌ കടക്കാനുളളതായിരിയ്‌ക്കും. പുറത്തളത്തിനുപകരം നാടശാല എന്നു പേരിട്ടു വിളിയ്‌ക്കുന്ന തളവും ചിലേടങ്ങളിൽ കാണാം.

നാലുകെട്ട്‌ ഃ മുകളിൽ തുറന്ന ആകാശം കാണാവുന്ന നടുമുറ്റം. നടുമുറ്റത്ത്‌ തറകെട്ടി വളർത്തി പടർത്തിയ മുല്ല. ചുറ്റും ഇറയങ്ങൾ. ഇറയങ്ങൾക്കപ്പുറത്ത്‌ തെക്കിനിയും വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിയും. അതിൽ വടക്കിനിയ്‌ക്കാണ്‌ പ്രാധാന്യം. നാലുപുറത്തേയ്‌ക്കും വാതിലുകളുണ്ടാവും. ശ്രാദ്ധം, ചോറൂണ്‌, ഉപനയനം, മറ്റു വിശുദ്ധ കർമ്മങ്ങൾ ഇവയെല്ലാം അവിടെയാണ്‌ നടത്തുക. വടക്കിനി തട്ടിട്ട്‌ മുകൾ നിലപണിയാറില്ല. തെക്കിനി പൂമുഖം പോലെ ഉയർന്ന തറയായിട്ടാണ്‌ പതിവ്‌. അടച്ചുറപ്പിൽ മുറിയാക്കി തിരിച്ചും കണ്ടിട്ടുണ്ട്‌. തെക്കിനിയ്‌ക്ക്‌ തെക്കോട്ട്‌ വാതിലുണ്ടാവും. മൃതശരീരം ശുദ്ധികർമ്മങ്ങൾക്കായി തെക്കിനിയിലാണ്‌ കിടത്തുക പതിവ്‌. നേരെ സംസ്‌കാരത്തിന്‌ കൊണ്ടുപോകാനാണ്‌ തെക്കോട്ടുളള വാതിൽ. തെക്കിനിപോലെ പടിഞ്ഞാറ്റിയും തറയായി കാണാറുണ്ട്‌. തറയല്ലെങ്കിൽ ചെറിയ മുറികളായി തിരിച്ചിരിയ്‌ക്കും. ആ മുറികൾക്ക്‌ മച്ച്‌ എന്നു പറയുന്നു. വിശേഷാൽ പൂജകൾ നടത്താനും കലവറയായി ഉപയോഗിയ്‌ക്കാനും പാത്രങ്ങൾ സൂക്ഷിയ്‌ക്കാനുമാണ്‌ മച്ചുകൾ. കിഴക്കിനി കുടുംബപരദേവതയുടെ ശ്രീകോവിലായിരിയ്‌ക്കും ചിലേടത്ത്‌. ഊണുമുറിയായി ഉപയോഗിക്കുന്ന ഇല്ലങ്ങളുമുണ്ട്‌.

ശ്രീലകം ഃ കുടുംബപരദേവതയെ പൂജിയ്‌ക്കുന്ന ശ്രീകോവിലിനു പുറമെ അടുക്കളയുടെ അടുത്ത്‌ സ്‌ത്രീകൾക്ക്‌ മാത്രമായി ഒരു ശ്രീലകമുണ്ടായിരിയ്‌ക്കും. സാളഗ്രാമം, ചെറിയ ലോഹബിംബങ്ങൾ എന്നിവ ഒരു തട്ടിൽവെച്ച്‌ ചോറ്‌, കാരോലപ്പം, ഇലയട, മലർ, പായസം എന്നിവയിൽ ചിലത്‌ സ്‌ത്രീകൾ നിവേദിയ്‌ക്കും. അതിനുളളിൽ നമസ്‌കരിയ്‌ക്കാനുളള സ്ഥലസൗകര്യവുമുണ്ടാവും.

മേലടുക്കള ഃ വടക്കിനിയിൽനിന്ന്‌ കിഴക്കോട്ടിറങ്ങിയാൽ മേലടുക്കളയായി. അടുക്കളയുടെ തൊട്ടുമുറിയാണിത്‌. ഈ മുറിയ്‌ക്ക്‌ മിക്കവാറും ഊണുമുറിയായിത്തന്നെയാണ്‌ ഉപയോഗം.

അടുക്കള ഃ അടുക്കള വലുതായിരിയ്‌ക്കും. ചിലേടത്ത്‌ അടുത്തടുത്തായി രണ്ടും മൂന്നും അടുക്കളകളുണ്ടാവും. കാലത്തെ പാചകത്തിനും വൈകുന്നേരത്തെ പാചകത്തിനും കാപ്പി പലഹാരങ്ങളുണ്ടാക്കാനും ശ്രാദ്ധത്തിന്‌ വിഭവങ്ങളൊരുക്കാനും വേറവേറെ അടുക്കളകളുളള ഗൃഹങ്ങളുണ്ട്‌. ഈ അടുക്കളകളിൽ സ്‌ത്രീകളാണ്‌ പാചകം നടത്താറുളളത്‌.

കെട്ട്‌ ഃ ഊണുമുറിയെയാണ്‌ കെട്ട്‌ എന്നു വിശേഷിപ്പിക്കുന്നത്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കെട്ടുകളുളള ഗൃഹങ്ങളുണ്ട്‌. കെട്ട്‌ നല്ല നീളവും വീതിയുമുളള അതിവിശാലമായ മുറിയായിരിയ്‌ക്കും.

തൊട്ടിയറ ഃ വടക്കിനിയിൽനിന്ന്‌ പടിഞ്ഞാട്ടിറങ്ങിയാൽ ഒരിടനാഴിയ്‌ക്കുശേഷമുളള മുറിയാണ്‌ തൊട്ടിയറ അല്ലെങ്കിൽ വടക്കെ അറ. സ്‌ത്രീകൾ വിശേഷാവസരങ്ങളിൽ ഈ മുറിയിലിരിയ്‌ക്കുന്നു. പെട്ടികൾ സൂക്ഷിയ്‌ക്കാനും ചിലേടത്ത്‌ തൊട്ടിയറ ഉപയോഗിയ്‌ക്കാറുണ്ട്‌. ബന്ധുക്കളായ പുരുഷന്മാരെ കാണുന്നതും ഈ മുറിയിൽ വെച്ചാണ്‌.

പേറ്റുമുറി ഃ ഗൃഹത്തിന്റെ വടക്കെ അറ്റത്തായിരിയ്‌ക്കും പ്രസവിച്ചു കിടക്കാനുളള മുറി. രജസ്വലകളും ഈ മുറിയിലാണ്‌ മൂന്നുനാൾ കഴിച്ചുകൂട്ടുക. പ്രസവിച്ച സ്‌ത്രീയ്‌ക്ക്‌ ചൂടുവെളളമൊഴിച്ചു കുളിയ്‌ക്കാൻ ഒരു കുളിമുറിയും ഇതോടുതൊട്ടുണ്ടാവും. ഈ മുറി ചെറുതല്ലെങ്കിലും ഇരുളടഞ്ഞതായിരിയ്‌ക്കും. പേറ്റുമുറിയ്‌ക്കടുത്തുതന്നെ ദാസിമാർക്കുളള മുറിയും ഉണ്ടാവും. അതിലും കാറ്റും വെളിച്ചവും കടക്കുകയില്ല.

അഴിയകം അല്ലെങ്കിൽ വടക്കെ ഇറയം ഃ അഴികളിട്ട്‌ അടച്ചുറപ്പാക്കിയ വരാന്തയിൽ ഇരിയ്‌ക്കാൻ മരപ്പടികളുണ്ടായിരിയ്‌ക്കും. സ്‌ത്രീകൾ ഇവിടെയാണ്‌ ഒഴിവുസമയം കഴിച്ചുകൂട്ടുക.

കിടപ്പുമുറികൾ ഃ നാലുകെട്ടിനിടയിൽ പലഭാഗത്തായി മൂന്നുനാലുകോണികൾ കാണാം. കുത്തനെയുളള ആ കോണികൾ കയറിചെന്നാൽ കിടപ്പറകളിലെത്തുന്നു. ദമ്പതിമാർക്ക്‌ കിടക്കാൻ സൗകര്യമുളള മുറികൾ മൂന്നിലധികം ഉണ്ടായിരിയ്‌ക്കുകയില്ല. തെക്കിനിയോ പടിഞ്ഞാറ്റിയോ തട്ടിട്ട്‌ മുകൾ നില ഉണ്ടാക്കിയിട്ടുളളതിലിയാരിയ്‌ക്കും അവ. പേറ്റുമുറിയും മറ്റും ഉയർത്തിയ വടക്കേതിന്റെ മുകള്‌, കെട്ടുയർത്തിയ കെട്ടിന്റെ മുകള്‌ എന്നിവ വിധവകൾക്കും കുട്ടികൾക്കും അതിഥികൾക്കും കിടക്കാനുളള ഹാളുകളാണ്‌. ഒരു മുറിയ്‌ക്കും തട്ടുയരമോ കാറ്റോട്ടത്തിനുളള സൗകര്യമോ ഇല്ല. എല്ലാ മുറികൾക്കും മറയ്‌ക്കാത്ത ഓവുതിണ്ണ ഉണ്ടായിരിയ്‌ക്കും.

കുളപ്പുരയും മറപ്പുരയും ഃ ഗൃഹത്തിന്റെ വടക്കോ കിഴക്കോ ആയിരിക്കും കുളം. മഴനനയാതെ ഗൃഹത്തിനകത്തുനിന്നു തന്നെ കുളത്തിലേയ്‌ക്കിറങ്ങാനുളള സൗകര്യം ചിലേടത്തുണ്ടാവും. വസ്‌ത്രങ്ങൾ ശുദ്ധം മാറാതെ ഉണക്കാനുളള മുറികളും ചില കുളപ്പുരകളിൽ കാണാം. പുരുഷന്മാരുടെ കുളപ്പുര വേറെയുണ്ടാവും. പാത്രങ്ങൾ തേയ്‌ക്കാനുളള കുളം ചില ഗൃഹങ്ങളിലുണ്ട്‌. മൂന്നോ നാലോ കുളങ്ങളും കുളപ്പുരകളുമില്ലാത്ത പ്രഭുഗൃഹങ്ങൾ കാണുകയില്ല. കുളങ്ങളിൽനിന്ന്‌ ഏറെ ദൂരെയല്ല കുഴിയ്‌ക്കൽ എന്നു വിളിയ്‌ക്കുന്ന മറപ്പുരകളുടെ സ്ഥാനം. അവയ്‌ക്ക്‌ വാതിലുണ്ടാവാറില്ല. മൂന്നോ നാലോ കക്കൂസ്സുകൾ നിരന്നു നിൽക്കുന്നതിന്റെ ഇടയിലായി ചെറിയ അരമതിലുകൾ മാത്രമേ ഉണ്ടാവൂ. ഇന്നത്തെപോലെ വിസർജ്ജനം, ശൗചം, കുളി, വസ്‌ത്രധാരണം, ഉറക്കം എന്നിവയ്‌ക്കെല്ലാം സ്വകാര്യത അനിവാര്യമാണെന്ന്‌ പണ്ടുളളവർ കരുതിയിരുന്നില്ലെന്നുവേണം അനുമാനിക്കാൻ.

എട്ടുകെട്ടും മറ്റും ഃ എട്ടുകെട്ടാണെങ്കിൽ തെക്കുവടക്കായോ കിഴക്കുപടിഞ്ഞാറായോ രണ്ടു നടുമുറ്റങ്ങളുണ്ടാവും. തെക്കിനി മുതലായ മുറികൾ നാലുകെട്ടിലുളളതുപോലെത്തന്നെയേ ഉണ്ടാവൂ. എണ്ണക്കൂടുതലില്ല. മറ്റു മുറികളുടെ സൗകര്യത്തിനും മാറ്റമില്ല.

ഊട്ടുപുര, പത്തായപ്പുര മുതലായവ ഃ പ്രഭുഗൃഹങ്ങളിൽ വിശാലമായ ഊട്ടുപുരയുണ്ടാവും. അവിടെ പുരുഷന്മാരായിരിയ്‌ക്കും പാചകക്കാർ. വരുന്നവർക്കെല്ലാം ജാതിമതഭേദമെന്യേ അവർ വെച്ചുവിളമ്പും. കുടുംബാംഗങ്ങളും മാന്യാതിഥികളും പ്രധാനികളായ ആശ്രിതന്മാരും മാത്രമേ നാലുകെട്ടിൽ ഉണ്ണുകയുളളു. മറ്റുളളവരുടെയെല്ലാം ഊണ്‌ ഊട്ടുപുരയിലാണ്‌. വിഭവങ്ങൾക്കൊന്നും ഏറ്റക്കുറച്ചിലുണ്ടാവുകയില്ല. ചോറും ഒരു കൂട്ടാനും മെഴുക്കുപുരട്ടിയും മോരും ഉപ്പിലിട്ടതും-രണ്ടിടത്തും ഒരേ ഭക്ഷണരീതി തന്നെ. ഗൃഹത്തിന്റെ പ്രഭുത്വമനുസരിച്ചിരിയ്‌ക്കും പത്തായപ്പുരകളുടെ എണ്ണവും വലിപ്പവും. പടിപ്പുര മാളിക കൂടാതെ നാലോ അഞ്ചോ പത്തായപുരകളുളള പ്രഭുഗൃഹങ്ങളുണ്ടായിരുന്നു. താഴത്തെ നിലയിൽ നെല്ലു നിറയ്‌ക്കാനുളള പത്തായങ്ങൾ. മുകൾ നിലയിൽ കാറ്റും വെളിച്ചവുമുളള വിശാലങ്ങളായ നല്ല മുറികൾ. കുടുംബാംഗങ്ങളും മാന്യാതിഥികളും അവിടെയാണ്‌ ഉറങ്ങുക. അന്തർജ്ജനങ്ങൾക്ക്‌ പത്തായപ്പുരയിൽ പ്രവേശനമില്ല. കാര്യസ്ഥന്മാർക്കിരിയ്‌ക്കാനും ഇല്ലം വക കണക്കുകൾ തയ്യാറാക്കാനും ഒരു പത്തായപ്പുരയുളളതിന്‌ കച്ചേരി എന്നു പറയുന്നു. ഒരു പത്തായപ്പുരയെങ്കിലും ഇല്ലാത്ത നാലുകെട്ട്‌ ഉണ്ടായിരുന്നില്ല. ഇതൊക്കെ പഴംകഥ. ഇന്നെവിടെ നാലുകെട്ടും എട്ടുകെട്ടും പത്തായപ്പുരയും മറ്റും? മിക്ക ഇല്ലങ്ങളും പൊളിച്ചു കഴിഞ്ഞു. പൊളിയ്‌ക്കാത്തവ ജീർണ്ണാവസ്ഥയിലാണുതാനും. അര നൂറ്റാണ്ടിനുമുമ്പുളള ഇല്ലങ്ങളിലേയ്‌ക്ക്‌ ഞാൻ ഒന്നെത്തിനോക്കിയെന്നുമാത്രം.

Generated from archived content: natt_april4.html Author: sumangala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here