കളിമൺപാത്രങ്ങൾ നിർമ്മാണവും വിപണനവും

അതിപുരാതനമായ കൈത്തൊഴിൽ മേഖലയായിട്ടറിയപ്പെടുന്നതാണ്‌ മൺപാത്രനിർമ്മാണം. ആദിമമനുഷ്യൻ ‘തീ’യുടെ ഉപയോഗം മനസ്സിലാക്കിയതിനുശേഷം ഉണ്ടായ സംസ്‌കാരിക മുന്നേറ്റത്തിന്റെ സംഭാവനയായി ഇതിനെ കണക്കാക്കാം ധാന്യസംഭണത്തിനും ഭക്ഷണം ചുട്ടെടുക്കുന്നതിനും വേവിച്ചെടുക്കുന്നതിനും യോജിച്ച മൺപാത്രങ്ങൾ, കളിമൺശില്പങ്ങൾ എന്നിവ ബി.സി.5000 ത്തിനോടടുത്ത കാലഘട്ടത്തിൽ (ഉദ്ദേശം 7000 വർഷങ്ങൾക്കുമുൻപ്‌) സിന്ധുനദീതടസംസ്‌കാരത്തിന്റെ ശേഷിപ്പുകളിൽ കാണപ്പെട്ടിട്ടുണ്ട്‌. മൺപാത്രനിർമ്മാണരംഗവുമായി പ്രവർത്തിക്കുന്നവർ കുറഞ്ഞുവരുന്നു എന്നത്‌ പ്രകടമായി കാണാവുന്ന അവസ്‌ഥയാണ്‌ ഇന്നുളളത്‌. ആധുനികരീതിയിലുളള പാചകസമ്പ്രദായങ്ങൾ മൺപാത്രനിർമ്മാണത്തൊഴിലിനെ സാരമായി ബാധിച്ചിട്ടുണ്ട്‌. എന്നിരുന്നാലും മൺപാത്രത്തിന്റെ പ്രയോജന മഹിമ മറ്റേതിനേക്കാളും പുറകിലല്ലെന്ന്‌ ഏതൊരാൾക്കും സമ്മതിക്കാതെ വയ്യ.

വളരെയേറെ ശ്രദ്ധയും സഹനശക്‌തിയും വൈദഗ്‌ദ്ധ്യവും ആവശ്യമായിട്ടുളള ഒരു കൈവേലയാണിത്‌. പരമ്പരാഗതരീതിയിൽ തുടർന്നുവരുന്നതിനാൽ താവഴികളിലായി ഇതിന്റെ സാങ്കേതികജ്‌ഞ്ഞാനം പകർന്നുവന്നു. കരപ്രദേശങ്ങളോടു ചേർന്നുളള നെൽപ്പാടങ്ങളിൽ ഇതിനാവശ്യമായ കളിമണ്ണ്‌ കണ്ടുവരുന്നു. മണ്ണ്‌ ശേഖരിക്കലാണ്‌ ആദ്യഘട്ടം. അത്‌ പണിപ്പുരയിലെത്തിച്ചുകഴിഞ്ഞാൽ ആവശ്യമായ കളിമണ്ണിൽ അരിച്ചെടുത്ത പൂഴിമണൽ ചേർത്ത്‌ കുഴയ്‌ക്കുന്നു. കുഴച്ച്‌ പാകപ്പെടുത്തിയ മണ്ണിലെ കല്ലും കരടുകളും നീക്കംചെയ്യലാണ്‌ അടുത്തത്‌. അതിനായി കുഴച്ചുവച്ച മണ്ണിനെ ഒരുഭാഗത്തുനിന്നും ഈർക്കിൽകൊണ്ട്‌ അരിഞ്ഞുമാറ്റുന്നു. ഇങ്ങനെ അരിയുമ്പോൾ ശ്രദ്ധയിൽപെടുന്ന കല്ല്‌ കരട്‌ തുടങ്ങിയവ കൈകൊണ്ട്‌ നീക്കംചെയ്യുന്നു. ഇത്‌ രണ്ടുമൂന്നാവർത്തി ചെയ്യേണ്ടതായിവരും.

മൺപാത്രനിർമ്മാണത്തിന്‌ വൈദഗ്‌ദ്ധ്യമുളള ആളുകളെക്കൂടാതെ കുഴച്ചെടുത്ത മണ്ണ്‌ രൂപപ്പെടുത്തിയെടുക്കുന്നതിനുളള വലിയൊരു ചക്രം, അത്‌ പ്രവർത്തിപ്പിക്കുന്നതിനുളള ദണ്ഡ്‌, വിവിധ വലിപ്പത്തിലുളള കരിങ്കൽ കുഴകൾ, അടിച്ചുരൂപപ്പെടുത്തുന്നതിനുളള പലക, പണിതീർത്ത പാത്രങ്ങൾ, ചുട്ടെടുക്കുന്നതിനുളള ചൂള എന്നിവകൂടി ആവശ്യമായിട്ടുണ്ട്‌. ചെറിയകലങ്ങൾ, ചട്ടികൾ, കൂജകൾ എന്നിവ പണിയുന്നതിനായിട്ടാണ്‌ ചക്രം ഉപയോഗിക്കുന്നത്‌. കുഴച്ചെടുത്ത മണ്ണ്‌ ആവശ്യത്തിനെടുത്ത്‌ ചക്രത്തിനുമദ്ധ്യത്തിലുളള പലകയിൽ വയ്‌ക്കുന്നു. ചക്രം ദണ്ഡുപയോഗിച്ച്‌ വേഗതയിൽ തിരിക്കുന്നു. ചക്രത്തിനൊപ്പം തിരിഞ്ഞുകൊണ്ടിരിക്കുന്ന മണ്ണുരുളയിൽ വിരലുകൾ അമർത്തി, ആവശ്യമുളള ആകൃതിയിലും വലിപ്പത്തിലും പാത്രങ്ങൾ നിർമ്മിച്ചെടുക്കുന്നു.

കുടങ്ങൾ, കുഴുതാളികൾ, വലിയ കലങ്ങൾ എന്നിവ കുറച്ചുകൂടി വ്യത്യാസമുളള പണിയാണ്‌. ഇതിനായി ഒരുപലകയിൽ വെണ്ണീർ തൂവി അതിൻമേൽ കുഴച്ച മണ്ണുരുള (ആവശ്യമനുസരിച്ച്‌) വെച്ച്‌ കൽക്കുഴകൊണ്ട്‌ ഇടിച്ചുപരത്തി കുടത്തിന്റെ ആകൃതിയിലുളള അർദ്ധഗോളാകൃതിയിൽ ഉണ്ടാക്കിയിട്ടുളള ‘അച്ചി’ൽ വെച്ച്‌ അടിച്ച്‌ ആകൃതിവരുത്തി അച്ചിൽനിന്ന്‌ വേർപെടുത്തിയെടുക്കുന്നു. മണ്ണ്‌ വലിയുമ്പോൾ ഇത്തരം രണ്ട്‌ അർദ്ധഗോളങ്ങൾ ചേർത്തുവച്ച്‌ മണ്ണുകൊണ്ടുതന്നെ യോജിപ്പിക്കുന്നു. ആവശ്യമായ സ്‌ഥലത്ത്‌ ആവശ്യമായ വലിപ്പത്തിൽ തുരന്നെടുത്ത്‌ ‘വക്ക്‌’ (വായ്‌ഭാഗം) രൂപപ്പെടുത്തുന്നു. ഇതാണ്‌ കുടത്തിന്റെ നിർമ്മാണരീതി. കുടത്തിന്റെ ഭാഗങ്ങൾ യോജിപ്പിച്ചു ചേർത്ത സ്‌ഥലത്ത്‌ പ്രത്യേകം പലക ഉപയോഗിച്ച്‌ ഡിസൈൻ ചെയ്‌തതുപോലെ ഭംഗിവരുത്താറുണ്ട്‌. ഭംഗിക്കും ഉറപ്പിനും വേണ്ടിയായിരിക്കണം ഇങ്ങനെ ചെയ്യുന്നത്‌ എന്നു കരുതാം. കൽക്കുഴ ഒരു കൈയിൽ പിടിച്ച്‌ കുടത്തിന്റെ ഉൾഭാഗത്തുനിന്നും താങ്ങുനൽകിയാണ്‌ പലകകൊണ്ട്‌ മേൽഭാഗത്ത്‌ അടിച്ച്‌ ഭാഗങ്ങൾ യോജിപ്പിക്കുന്നത്‌.

പണിതീർത്തപാത്രങ്ങൾ തണലിൽ ഉണക്കിയെടുക്കുന്നു. ഒരുതവണ ചൂളവയ്‌ക്കുന്നതിന്‌ ആവശ്യമായ പാത്രങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ ഓരോ അടുക്കുകളായി ചൂളയിൽ പാത്രങ്ങൾ അടുക്കുന്നു. ഓരോ അടുക്കുകൾക്കിടയിലും ചകിരിയും വൈക്കോലും ഇടകലർത്തി വിരിക്കുന്നു. ഏഴ്‌ അടുക്കുകൾവരെ ഒരു ചൂളയിൽ അടുക്കാറുണ്ട്‌. അടുക്കിക്കഴിഞ്ഞാൽ കളിമണ്ണും വൈക്കോലും കൂടി കുഴച്ച്‌ ചൂളയടുക്കിന്റെ മുകൾഭാഗം മുഴുവൻ വായുകടക്കാത്തവിധം പൊതിയുന്നു.

വിറകുചൂളയിൽ നിയന്ത്രിതമായ രീതിയിൽ തീ കൊടുക്കുന്നു. ഇരുപത്തിനാലു മണിക്കൂർ നേരം തുടർച്ചയായി ഇപ്രകാരം ചെയ്‌തുകൊണ്ടിരിക്കണം. ഈ സമയത്ത്‌ ചൂളയുടെ മണ്ണുപൊതിഞ്ഞ മേൽഭാഗം ചുട്ടുപഴുത്ത്‌ പ്രകാശിക്കാൻ തുടങ്ങും. ആ സമയത്ത്‌ പൊതിഞ്ഞ മണ്ണിൽ അങ്ങിങ്ങായി ദ്വാരങ്ങൾ ഇട്ടുകൊടുക്കും. പിന്നീട്‌ തീ കത്തിക്കേണ്ടതില്ല. മൂന്നുദിവസം കൊണ്ടേ ചൂളയിലെ ചൂട്‌ ആറുകയുളളു. ആ സമയത്ത്‌ പൊതിച്ചിൽ നീക്കി പാത്രങ്ങൾ പുറത്തെടുക്കുന്നു. ചൂളയിൽനിന്നുതന്നെ ചില പാത്രങ്ങൾക്ക്‌ കേടുപാടുകൾ സംഭവിക്കാറുണ്ട്‌. അത്തരം പാത്രങ്ങൾ തിരിച്ചറിയുന്നത്‌ വിരൽകൊണ്ട്‌ കൊട്ടിനോക്കിയാണ്‌. കൊട്ടുമ്പോൾ മുഴങ്ങുന്ന ശബ്‌ദം വരുന്നതാണെങ്കിൽ വില്‌പനയ്‌ക്കായി തെരഞ്ഞെടുക്കാം. കരിപിടിച്ചതും ശരിയായി വേകാത്തതും ചിന്നലോ പൊട്ടലോ ഉളളതും മാറ്റുന്നു. പാത്രങ്ങളുടെ നിർമ്മാണം കഴിഞ്ഞ്‌ ചൂളവച്ച്‌ പുറത്തെടുത്താലും നിർമ്മാതാവിന്റെ ഉത്തരവാദിത്തം തീരുന്നില്ല. അവ തട്ടാതെ മുട്ടാതെ പൊട്ടാതെ ഉപഭോക്താവിലെത്തിക്കുംവരെ ഒരുപക്ഷേ പെറ്റമ്മയ്‌ക്ക്‌ മക്കളോടുളളതിനേക്കാളുമേറെ ജാഗ്രതയോടെ അവയെ പരിപാലിക്കുന്നു.

ഓണം, വിഷു തുടങ്ങിയ വിശേഷ അവസരങ്ങളിൽ തലച്ചുമടായി ചുമന്ന്‌ ഗ്രാമങ്ങളിലെ വീടുകൾതോറും കയറി വില്പനനടത്തും. “പുത്തൻകലം കണ്ടപെണ്ണുങ്ങളെപ്പോലെ” എന്ന്‌ കേരളത്തിൽ ഒരു ചൊല്ലുതന്നെ പ്രചാരത്തിലുണ്ട്‌. അത്‌ വളരെ വാസ്‌തവമാണുതാനും. വലിയകൊട്ടകളിൽ പാത്രങ്ങൾ നിറച്ച്‌ ഗ്രാമങ്ങളുടെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നയാളെ ദൃഷ്‌ടിയിൽപ്പെടുന്ന വീടുകളിലെല്ലാം വിളിച്ചുകയറ്റും. പിന്നെ സ്‌ത്രീകളുടെ രംഗപ്രവേശമായി. ഏതുപാത്രമെടുത്താലും അതിനടുത്തതാണ്‌ കൂടുതൽ നല്ലതെന്ന്‌ അവർക്കുതോന്നും. ഓരോപാത്രവും മാറിമാറി എടുത്തുനോക്കിയും കൊട്ടിനോക്കി ശബ്‌ദം പരിശോധിച്ചും വീട്ടിലെയോ അടുത്തവീടുകളിലേയോ സ്‌ത്രീകൾ ചുറ്റിലുണ്ടെങ്കിൽ അവരോട്‌ അഭിപ്രായങ്ങൾ ചോദിച്ചും ഏറെക്കുറെ ഉദ്വേഗം ശമിക്കുമ്പോൾ ആവശ്യമായ പാത്രങ്ങൾ എത്രയെന്നുവച്ചാൽ വിലകൊടുത്ത്‌ അവ വാങ്ങിക്കുന്നു. വിശേഷാവസരങ്ങളിലല്ലാതെ മറ്റുസമയങ്ങളിൽ നിർമ്മിക്കുന്ന പാത്രങ്ങൾ അടുത്തുളള മാർക്കറ്റുകളിലോ മൺപാത്രവിപണന സൊസൈറ്റികൾ വഴിയോ വിറ്റഴിക്കുന്നു.

പറഞ്ഞുതന്നത്‌ഃ ചെട്ടിയാർ വീട്ടിൽ അമ്മിണി കുട്ടപ്പൻ, വെങ്കിടങ്ങ്‌.

Generated from archived content: kaivela_march15.html Author: suguthan_vengitangu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English