പണിയർ – വയനാടൻ പണിയരുടെ ഭക്ഷണവും ജീവിതവും വളരെ ദുഷ്‌കരമാണെന്നാണ് പൊതുവേ പറയാറ്. പക്ഷെ, ഭക്ഷണവ്യവസ്‌ഥ ശ്രദ്ധിച്ചാൽ ശരീരാരോഗ്യത്തിന് യോജിച്ചതും പ്രകൃതിക്കനുയോജ്യമായതുമായ ഭക്ഷണവ്യവസ്‌ഥ അവർ പിന്തുടർന്നിരുന്നുവെന്നുകാണാം. ഇലക്കറികളും മാംസഭക്ഷണവും കിഴങ്ങുവർഗ്ഗത്തിൽ പെട്ടതും കൂണുവർഗ്ഗത്തിലുളളവയുമായ ഭക്ഷണവ്യവസ്‌ഥ വയനാടൻ പ്രകൃതിതന്നെ യഥേഷ്‌ടം നൽകിയിരുന്നു. അവർ പണ്ടുതന്നെ ഉപയോഗിച്ചുവന്നിരുന്ന പല ഇലക്കറികളുടേയും ഗുണങ്ങൾ അടുത്തകാലത്തായാണ് തിരിച്ചറിയപ്പെട്ടത്. തിന, ചാമ, മുത്താറി, തുടങ്ങിയവയിൽ ചാമകൊണ്ടും തിനകൊണ്ടും കഞ്ഞിയുണ്ടാക്കി കഴിക്കുന്നു. മുത്താറിയരച്ചു വിരകി മുത്താറിപ്പുട്ടുണ്ടാക്കുന്നു. നെൽകൃഷി കൂടുതലായ കാലം ‘വല്ലി’ വൈകുന്നേരം കൂലിയായി കിട്ടുമ്പോൾ അത് പുരയ്‌ക്കൽ കൊണ്ടുവരുന്നു. രാത്രിക്കുതന്നെ കുത്തി പൊടിപോലും കളയില്ലെന്നാണ് പറയുക. കഴുകുക പോലും ചെയ്യാതെ നേരത്തേ തന്നെ അടുപ്പത്തുവച്ചിരിക്കുന്ന തിളയ്‌ക്കുന്ന വെളളത്തിലേക്കിടുന്നു. കഞ്ഞിയുണ്ടാക്കൽ ഈ രീതിയിലായിരിക്കും. ഭക്ഷണത്തിൽ ഞണ്ട് സ്‌ഥിരമായിരുന്നു. ചുടുകനലിൽ ചുട്ടെടുത്ത് കഴിക്കുന്നു. ഞണ്ട് ചുട്ടെടുത്ത് ചീനിമുളകും ചേർത്ത് ചമ്മന്തിയുണ്ടാക്കും. കരിന്താളുതണ്ടും ഞണ്ടും കൂട്ടിയും കറിയുണ്ടാക്കാറുണ്ട്. ഇഞ്ചിപ്പുളിയും ഉപ്പും മുളകും ചേർത്ത് ഞണ്ടുകറി. ചോറും ഞണ്ടുകറിയും പിൽക്കാലത്തെ പ്രധാനഭക്ഷണമായി. ഞണ്ട് നടുവേദനയ്‌ക്കും ശരീര വേദനയ്‌ക്കും നല്ലതാണെന്നാണ് അവരുടെ അനുഭവം. കഞ്ഞിയുണ്ടാക്കാൻ തുടങ്ങിയതു മുതൽ പണിയെടുക്കുന്നിടത്തായാലും പുരയ്‌ക്കലായാലും കഞ്ഞിയും പച്ചചീനിമുളകും കൂട്ടി അവർ ഭക്ഷണം കഴിക്കും.
പണിയർ ചപ്പുകൊണ്ടുളള പുഴുക്കും ഉപ്പേരിയും ധാരാളമായി ഉണ്ടാക്കിയിരുന്നു. മത്തച്ചപ്പ്, തകരച്ചപ്പ്, ചാവച്ചപ്പ് തുടങ്ങിയവ ഇതിൽ ചിലതാണ്. ചാവച്ചപ്പ് മറ്റുളളവർ ഉപയോഗിക്കാത്തതും സ്വാദേറിയതുമാണ്. പണിയർ തോടിന്റേയും പുഴയുടേയും കരയിലുളള ചാവച്ചപ്പ് പറിച്ചുകൊണ്ടുവരുന്നു. അത് വെയിലത്തൊന്നുവാടണം. എന്നിട്ടുവേണം കറിവയ്‌ക്കാനെന്നാണ് നിയമം. തകരച്ചപ്പ് ഉപ്പേരിക്കും പുഴുക്കിനുമായി സ്‌ഥിരമായി ഉപയോഗിക്കാറുളളതാണ്. മറ്റുളളവർ തകര നികൃഷ്‌ടമായി കരുതിയിരുന്നു. ഈ അടുത്തകാലത്താണ് തകരയുടെ ഔഷധഗുണം വ്യക്തമാവുന്നത്. കാടുകളിൽ വളരുന്ന കാട്ടുചീരയും കറിവയ്‌ക്കാൻ സ്‌ഥിരമായി ശേഖരിച്ചിരുന്നു. മത്തൻ കാടുകളിലും വീട്ടുതോട്ടങ്ങളിലും ധാരാളമായി പടർന്നിരുന്നതുകൊണ്ട് മത്തനും മത്തൻചപ്പും കിട്ടാൻ പ്രയാസമില്ല. മത്തൻ, തകര, ചാവ ഇവയുടെ ഇലയും താൾവർഗ്ഗത്തിൽപ്പെട്ട കരിന്താള്, കൊല്ലിത്താള് (കൊല്ലികളിലും തോടിന്റെയും വയലിന്റെയും വക്കത്ത് ഇഷ്‌ടംപോലെയുണ്ടാകും), മക്കളെത്തൊക്കിചേമ്പും, ചേമ്പിൻതണ്ടും (പാളികൂട്ടി വയ്‌ക്കണം, ചൊറിയാതിരിക്കാൻ) ഉപ്പേരിക്കും കറിയ്‌ക്കും പുഴുക്കിനുമായി ഉപയോഗിച്ചു. കായലിന്റെ കളളി (മുളച്ചുവരുന്നകൂമ്പ്) വളരെ സ്വാദിഷ്‌ഠമാണ്. അത് നുറുക്കി കറിയും ഉപ്പേരിയുമുണ്ടാക്കുന്നു. വയനാട്ടിൽ കായൽക്കാടുകളായിരുന്നു പ്രധാനം. അതുകൊണ്ടുതന്നെ പണിയർ സ്‌ഥിരമായി ഉപയോഗിച്ചിരുന്ന ഭക്ഷണമായിരുന്നു കായൽക്കളളി. അരി, മുത്താറി തുടങ്ങിയ ഭക്ഷണപദാർത്‌ഥങ്ങൾക്കായിരുന്നു പഞ്ഞമുണ്ടായിരുന്നത് . മുത്താറിപ്പിട്ട് ഉണ്ടാക്കിയിരുന്നു. വല്ലി കിട്ടിയിരുന്നതുകൊണ്ട് കഞ്ഞിയും, നെല്ല്‌കുത്തി അവിലും ഉണ്ടാക്കിയിരുന്നു. കറുത്തനെല്ലും, ചാമയും മുത്താറിയും സ്‌ഥിരമായല്ലെങ്കിലും പണിയർ കൃഷിചെയ്‌തിട്ടുണ്ട്. ഭക്ഷണത്തിന് കിഴങ്ങുകളെ കൂടുതലായി ആശ്രയിച്ചു.
നാറക്കിഴങ്ങ്, നൂറക്കിഴങ്ങ്, കാവത്ത്, കാച്ചിൽ ഇവയിൽ നൂറക്കിഴങ്ങും നാറയുമാണ് പ്രധാനം. നാരുളള നാറക്കിഴങ്ങ് വളരെ നീളമുളളതാണ്. മണ്ണിനടിയിൽ ആഴത്തിൽ ചെന്നിരിക്കും. നാറക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് മുളങ്കുഴലിൽ സൂക്ഷിച്ചുവയ്‌ക്കും. പഞ്ഞകാലത്ത് വെളളത്തിലിട്ട് തിളപ്പിച്ച് കഞ്ഞിയുണ്ടാക്കുന്നു. പച്ചച്ചക്ക വെട്ടി വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കുന്നു. ഇത് മഴക്കാലത്ത് പുഴുങ്ങിക്കഴിക്കുന്നു. ചക്കക്കുരു ധാരാളമായി ശേഖരിച്ച് ഉണക്കി സൂക്ഷിക്കാറുണ്ട്. ഇത് കറിക്ക് അരച്ചുചേർക്കാറുണ്ട്. ക്ഷാമകാലത്ത് ധാരാളമായി ശേഖരിച്ചുവച്ചിരിക്കുന്ന ചക്കക്കുരു ചുട്ടുതിന്നു കഴിക്കുകയെന്ന ചൊല്ലുതന്നെയുണ്ട്. പഞ്ഞകാലത്തെ പട്ടിണിയിലും മഴയിലും ചക്കക്കുരു ചുട്ടത് തൊലികളഞ്ഞ് കഴിക്കുക പതിവാണ്. പുഴ മൽസ്യങ്ങൾ ഉണക്കി സൂക്ഷിക്കാറുണ്ട്. പൊതുവേ പുഴമൽസ്യവും മാംസവും വിദഗ്‌ദ്ധമായുണക്കി കൊല്ലത്തോടുകൊല്ലം ഉപയോഗിച്ചിരുന്നത് കുറിച്യരാണ്. കുറുമരും പേരുകേട്ട മീൻപിടുത്തക്കാരാണ്. മറ്റുളളവർ അധികമായുപയോഗിക്കാത്ത വളരെച്ചെറിയ പരൽമീനുകളേയും പണിയർ കറിവയ്‌ക്കാറുണ്ട്. പരലും വാളയും മറ്റും ഉണക്കി സൂക്ഷിക്കാറുണ്ട്. മൽസ്യത്തെ വെറുംകൈകൊണ്ട് പിടിക്കുന്നതിൽ ഇവർക്ക് പ്രത്യേക വൈദഗ്‌ദ്ധ്യമുണ്ട്. വലയിൽ കുടുങ്ങാൻ വിഷമമുളള കടു, കയ്‌ച്ചിൽ ഇവയെ കൈയുപയോഗിച്ചുതന്നെ പിടിക്കേണ്ടിവരുന്നു. കടുവിനെ പിടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കൈക്ക് കുത്തുകൊളളും. പണിച്ചികളാണ് കൂടയുപയോഗിച്ച് മീൻപിടിക്കുന്നത്. പണിയരും പണിച്ചികളും വിദഗ്‌ദ്ധമായുണ്ടാക്കുന്ന ‘കൂട’ മീനുകൾക്ക് രക്ഷപ്പെടാൻ കഴിയാത്തവിധത്തിലാണ്. സ്വന്തമായി മെടഞ്ഞ വലയുപയോഗിക്കാറുണ്ട്. മൽസ്യബന്ധനത്തിന് പ്രത്യേകകഴിവവർക്കുണ്ട്. ചൂണ്ടലുപയോഗിച്ചും വലയുപയോഗിച്ചും ഇവർ സമർത്‌ഥമായി മീൻ പിടിക്കുന്നു. വെളളം കയറുകയും കുറയുകയും ചെയ്യുന്ന സമയങ്ങളിലാണ് മൽസ്യങ്ങളുടെ താവളം മനസ്സിലാക്കി കൈകൊണ്ട് തപ്പി മൽസ്യങ്ങളെ പിടിക്കുന്നത്. കാട്ടിൽനിന്ന് കിഴങ്ങുവർഗ്ഗങ്ങൾ പ്രത്യേകം ശേഖരിക്കുന്നു. (കപിലക്കിഴങ്ങ്, നൂറക്കിഴങ്ങ്, നാറക്കിഴങ്ങ്, കണ്ടിക്കിഴങ്ങ് തുടങ്ങിയവ ധാരാളമായി ശേഖരിക്കാറുണ്ട്. കണ്ടിക്കിഴങ്ങും നാറക്കിഴങ്ങും മണ്ണിനടിയിലാഴത്തിൽ വളർന്നിരിക്കും. അതു കുഴിച്ചെടുക്കേണ്ടിവരും. കണ്ടിക്കിഴങ്ങ് സാധാരണ കണ്ടികളിൽ കാണുന്നതാണ്.)
മറ്റുളളവർ അധികമായുപയോഗിക്കാത്ത മരക്കുമിളിൽ വിഷമില്ലാത്ത ഇനങ്ങളും ഇവർക്കറിയാം. അവ കറിവയ്‌ക്കാൻ തെരഞ്ഞെടുക്കുന്നു. കുരങ്ങിനെ വേട്ടയാടി ഭക്ഷണമാക്കുകയും അതിന്റെ തോൽ മുഖ്യവാദ്യമായ തുടിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. മണ്ണിൽ കുഴിച്ചിടുന്ന വായമാത്രം കാണുന്ന പാനിയിലാണ് പെട്ടെന്നു കേടുവരാതിരിക്കാനുളളവയും മറ്റും സൂക്ഷിക്കുന്നത്. പണിയർ പണിയെടുക്കുന്നവരായിരുന്നു. കാട്ടിൽനിന്ന് ഇവരെ വലവച്ചു പിടിക്കുകയായിരുന്നുവെന്നു സൂചിപ്പിക്കുന്ന കഥ ഇവരുടെ പാട്ടിലുണ്ട്. ഇടത്തരം നായൻമാർക്കും മറ്റും ഉല്പാദിപ്പിച്ചിരുന്ന നെല്ല് വർഷം തികയ്‌ക്കാൻ മതിയായിരുന്നില്ല. രണ്ടുനേരം മുത്താറിയും ഒരുനേരം മത്തനോ കായോ കണ്ടിക്കിഴങ്ങോ കൂട്ടിയുളള പുഴുക്കുമായിരുന്നു ഭക്ഷണം. വയലുകൾ കുറവായിരുന്നു. മുത്താറിയും കാട്ടുനെല്ലും ആവശ്യത്തിനുല്പാദനം നടത്തുക വയനാടൻ കാലാവസ്‌ഥയിൽ വിഷമമായിരുന്നു. മുത്താറിക്കുളള ക്ഷാമവും തോടുപോകാത്ത മുത്താറിയുടെ അരുചിയും പ്രശ്‌നമായിരുന്നു. ഇടത്തരം നായർഭവനങ്ങളിലേയ്‌ക്ക് ഉണ്ടാക്കിയിരുന്ന കാപ്പി മുഴുവൻവിൽക്കും. കുറിച്യരിലും ഇതാണവസ്‌ഥ. കുരുവിന്റെ തോലാണ് കുടിയ്‌ക്കാനെടുക്കുക. പണിയർ തോലും സൂക്ഷിക്കുക കുറവാണ്. ആവശ്യത്തിന് കാപ്പിയില പറിച്ച് വെളളത്തിലിട്ട് തിളപ്പിക്കുകയാണ് പതിവ്. പണിയർ നാളയെക്കുറിച്ച് ചിന്തിക്കുന്ന സ്വഭാവക്കാരല്ല. വിളവെടുപ്പിന്റെ സമയങ്ങളിൽ കുണ്ടലും വെതയടിയും ഒക്കിപ്പൊലിയും ഒക്കെയായി നെല്ലു ലഭിക്കുമ്പോൾ ദൈവത്തിനെ കാണലുണ്ട്. അതിന് മറ്റു പുരയ്‌ക്കലുളളവരും വരുന്നു. രണ്ടുമൂന്നുദിവസം രാപ്പകൽ തുടികൊട്ടും കുഴൽവിളിയും കൂളിയുറയലും മറ്റുമായിരിക്കും. മറ്റു പുരയ്‌ക്കൽനിന്നു വരുന്നവർക്കെല്ലാംകൂടി ഒന്നിച്ചു ചോറുവയ്‌ക്കുന്നു. രണ്ടുമൂന്നു ദിവസം സദ്യയായിരിക്കും. ഇങ്ങനെ കിട്ടിയ നെല്ലുമുഴവൻ തീരുകയാണ് പതിവ്. മകരത്തിൽ മാരിയമ്മയുടെ ഉൽസവത്തിനും ദൈവത്തെ കാണലുണ്ട്. അതിന് മുത്താറിറൊട്ടിയുണ്ടാക്കാറുണ്ട്. ദൈവത്തെ കാണലിന് അവിലും മലരും കൂടി നിവേദിക്കുന്നു. പണിയെടുക്കുന്ന ഭവനങ്ങളിലേയ്‌ക്കും സ്വന്തം ആവശ്യങ്ങൾക്കുമായി അവിലുകുത്താറുണ്ട്. വെളളത്തിലിട്ടു പൊതിർത്തി വറുക്കുന്നു. ചോന്ന നിറമാവുമ്പോഴാണ് കുത്തുക. നാലുംകൂട്ടി ഇടയ്‌ക്കിടെയുളള മുറുക്കൽ പണിയർക്ക് ഒഴിവാക്കാൻവയ്യാത്ത ശീലമാണ്. പണി പെട്ടെന്ന് തീരാൻ നടത്തുന്ന കംബളത്തിന് സ്‌ഥലമുടമകൾ പണിയർക്ക് സദ്യനൽകും. കംബളത്തിന് പണിയർ പാടുന്ന…..
‘കംബളച്ചോറുക്കും കുംബളക്കറീക്കും കുത്തലു കൂലിക്കും താളിനതടൈ
നമ്മെ പാപ്പാൻ താരാൻ തോഞ്ചീ……’ എന്ന പാട്ട് കംബളച്ചോറിനേയും കുമ്പളക്കറിയേയും നെല്ലുകുത്തു കൂലിയേയും താളുതടക്കറിയെയും കുറിച്ചുളളതാണ്. ഭക്ഷണതെക്കുറിച്ച് പണിയരുടെ രണ്ടുപാട്ടുകൾ
ബാളക്കായ് തിന്നാ മക്കാ….. ബായ് മലന്തു ചത്തേ മക്കാ…..
മൂക്രിപ്പാകം തിന്നാ മക്കാ…. മൂക്കടഞ്ഞു ചത്തേ മക്കാ……
കാരക്കായ് തിന്നാ മക്കാ….. കണ്ണടഞ്ഞു ചത്തേ മക്കാ……
നന്ന നാന നന്നേ നന്ന…. നനന നാന നന്നേ നന്ന……
ഞാവുൽപ്പാകം തിന്നേ മക്കാ…. നെഞ്ചടഞ്ഞു ചത്തേ മക്കാ…..
മക്കളെയെ വേണ്ടേനിക്കീ… മറുക്‌നെയെ കൂട്ടിത്താരേ……..
ഞണ്ടുപാട്ട് –
ബൽബലിയ മ്മുളീസെ ചെർ ചെറിയ ഞണ്ടൂ….
ചെർ ചെറിയ മ്മുളീസെ ബൽ ബലിയ ഞണ്ടൂ
കാറലക്കൊളളിസെ കൂടുകെട്ടി കടലാഞ്ഞണ്ടൂ. ടാടടെ കൂമ്മാ കൂമ്മ
ബൽ ബലിയ പുയേലു ചെർചെറിയ മിനു
ചെർ ചെറിയ പുയേലു ബൽ ബലിയ മിനു
കാറലക്കൊളളീസെ കൂടുകെട്ടീ കറാലട്ടം ടാടടെ കൂമ്മൈ കൂമ്മൈ
കുറിച്യരുടെ ഭക്ഷണം- കുറിച്യർ പേരുകേട്ട വേട്ടക്കാരാണ്. വേട്ടയാടിയാണ് അടുത്തകാലംവരെയും ഭക്ഷണശേഖരം നടത്തിയിരുന്നത്. കുറിച്യരുടെ ഭക്ഷണങ്ങളിൽ മുത്താറിപ്പിട്ട് ഉണ്ടാക്കുന്നതും ഭക്ഷിക്കുന്നതും പ്രത്യേകരീതിയിലാണ്. കോളനിയായിട്ടാണ് താമസമെന്നതുകൊണ്ട് ഭക്ഷണം ഏവർക്കുമെത്തിക്കേണ്ടിവരുന്നു. ആദ്യകാലത്തെ പ്രധാനഭക്ഷണം മുത്താറിപ്പിട്ടായിരുന്നു. മുത്താറിപ്പിട്ട് വിളമ്പുന്നതിന് പ്രത്യേകതയുണ്ട്. ഭക്ഷണത്തിന് ഏവരും അണിനിരന്നിരിക്കുന്നു. ഏവർക്കും ഇലവച്ച് ആദ്യം ഒരട്ടി വിളമ്പുന്നു. എല്ലാവർക്കും തികഞ്ഞതിനുശേഷം ആദ്യത്തേതിനു മുകളിൽ ചെറിയ മറ്റൊരട്ടി മുത്താറിപ്പിട്ട് വിളമ്പുന്നു. അതിനാൽ ‘കുറിച്യർ മുത്താറിപ്പിട്ടു വിളമ്പുന്നതുപോലെ’ എന്നൊരു പറച്ചിൽ തന്നെയുണ്ട്. മുത്താറിക്കല്ലിലാണ് മുത്താറി പൊടിക്കാറ്. കല്ലിനുമേൽ മുകളിൽ പിടിയും നടുക്കുദ്വാരവുമുളള വൃത്താകൃതിയായ മറ്റൊരു കല്ല് ഉണ്ടായിരിക്കും. നടുക്കുളള കല്ലിലുളള ദ്വാരത്തിൽകൂടി പൊടിക്കേണ്ടതായ മുത്താറി ഇട്ട് മുകളിലത്തെ കല്ലിലുളള പിടി കുറേശ്ശെ പൊക്കിത്തിരിക്കുകയാണ് ചെയ്യുക. ആവശ്യത്തിനുവേണ്ടത് അപ്പപ്പോൾത്തന്നെ പൊടിച്ചെടുക്കുന്നു. മുത്താറിപ്പിട്ട് ഉണ്ടാക്കുന്നത് മുത്താറിപ്പൊടിയിൽ ആവശ്യത്തിനു വെളളവും ഉപ്പും ചേർത്ത് അടുപ്പത്തുവച്ച് കായലിന്റെ ചട്ടുക ഉപയോഗിച്ച് വിരകിയെടുത്താണ്. (ഹലുവ പോലെയാക്കിയെടുക്കുകയാണ് ചെയ്യുക).
കുറിച്യർ കൂട്ടമായി നായാടുക അടുത്തകാലംവരെ സാധാരണമായിരുന്നു. മുയൽ, കാട്ടുപന്നി, മുളളൻപന്നി, കൊച്ച, മെരു തുടങ്ങിയവയെ നായാടിയും കെണിവച്ചും പിടിയ്‌ക്കുകയാണ് പതിവ്. അമ്പുംവില്ലും തന്നെ ഭക്ഷ്യശേഖരത്തിനുളള പ്രധാന ആയുധം. കത്തി, അമ്പ്. മൊട്ടമ്പ് തുടങ്ങിയവയാണ് എയ്യാൻ ഉപയോഗിക്കുക. കൊച്ചയേയും മെരുവിനേയും വെളഞ്ഞിക്കോല്‌വച്ചു പിടിക്കുന്നു. മുയലിനെയും മുളളൻപന്നിയെയും പിടിക്കാനുപയോഗിക്കുന്ന ലഘുവായ കെണി ശ്രദ്ധേയമാണ്. മുയലിന്റെ സഞ്ചാരസ്‌ഥലം മനസ്സിലാക്കിയ ‘പിട്ടൻമാർ’ അളവുനോക്കി മരങ്ങളോട് ചേർന്ന് ഉയരം കുറഞ്ഞ കമ്പ് അടിക്കുന്നു. മുയലിനും മുളളൻപന്നിക്കും നൂണ്ട് കടക്കുന്ന പതിവുണ്ട്. ചെവി പിന്നിലേയ്‌ക്കാക്കി നൂണ്ടുപോകുകയാണ് മുയലിന്റെ രീതി. സഞ്ചാരമാർഗ്ഗത്തിൽ കെണിവച്ചിരിക്കുന്ന കമ്പിനടിയിലൂടെ ചെവി പിന്നോട്ടാക്കി നൂളുന്നു. കഴുത്തുമാത്രം കടക്കാനുളള വീതിയേ കമ്പ് നാട്ടിയതിനുണ്ടായിരിക്കുകയുളളൂ. ഉടൽ കടക്കുകയില്ല. കഴുത്തുകടന്നുകഴിയുമ്പോൾ ഉടൽമുറുകുന്നു. അപ്പോൾ ചെവി മുന്നോട്ടാക്കുന്നു. ചെവി മുന്നൊട്ടായിരിക്കുന്നതുകൊണ്ട് പിറകിലോട്ടു വലിയുമ്പോൾ നീണ്ടിരിക്കുന്ന ചെവികുടുങ്ങുന്നു. ഇങ്ങനെ കെണിയിൽ മുയൽ കുടുങ്ങുന്നു. ജീവിതചര്യയുടെ ഒരുഭാഗം തന്നെയായിരുന്നു നായാട്ട് ഭക്ഷണം തേടൽ. തുലാംപത്ത് നായാട്ട് പ്രസിദ്ധമാണ്. അത് പുത്തൻകതിരുമായി ബന്ധപ്പെട്ടതാണ്. പുത്തരിയുടെ ചോറും അന്ന് നായാടിക്കിട്ടുന്ന ഇറച്ചിയും അന്നുണ്ടാവും. കൂട്ടമായിട്ടാണ് നായാടാൻ പോകാറ്. നായ്‌ക്കളും അമ്പുംവില്ലുമെടുത്ത കുറിച്യരുടെ കൂട്ടത്തിലുണ്ടായിരിക്കും. മുയലിനെ കുറ്റിക്കാടിളക്കി മൊട്ടമ്പെയ്‌തു കൊല്ലുകയാണ് പതിവ്. ആണുങ്ങൾ ഒന്നിച്ചിരുന്നും പെണ്ണുങ്ങൾ ഒന്നിച്ചിരുന്നുമാണ് സാധാരണ ഭക്ഷണംകഴിക്കാറ്. കന്നുകാലി വളർത്തലുണ്ടായിരുന്നെങ്കിലും കന്നുകാലിയിറച്ചി ഭക്ഷണത്തിനുപയോഗിക്കില്ല. കുടുമ വളർത്തിയിരുന്ന ഇവർക്ക് ആഢ്യത്തമുണ്ട്. പണിയർ, കുറുമർ, അടിയാൻമാർ തുടങ്ങിയ മറ്റുജാതിക്കാർക്ക് ഇവർ അയിത്തം കല്പിച്ചിരുന്നു.
തുലാം 10ന് നായാടിക്കിട്ടുന്ന ഇറച്ചി അടുത്ത തുലാം 10 വരെ ഉപ്പും മുളകും ചേർത്തുണക്കി പുകയത്തുവച്ച് സൂക്ഷിക്കാറുണ്ട്. മുത്താറിറൊട്ടിയും മുത്താറി ദോശയുമുണ്ടാക്കിയിരുന്നു. മുത്താറി അരച്ച് പരത്തി കനലിൽകാണിച്ച് വേവിച്ചാണ് മുത്താറി റൊട്ടിയുണ്ടാക്കുക. ആദ്യകാലംതൊട്ടേ കൃഷിയിലേർപ്പെട്ടു. കാടുവെട്ടി കൃഷിയിറക്കിയിരുന്നതുകൊണ്ട് തിന, മുത്താറി, കറുത്തനെല്ല് എന്നിവ ഉൽപാദിപ്പിച്ചു. മുത്താറിയാണ് കൂടുതൽ ഉപയോഗിച്ചത്. അതിൽത്തന്നെ മുത്താറിപ്പിട്ടാണ് കുറിച്യർക്ക് പ്രധാനം. ചാമയും തിനയും ഉപ്പുമാവിനും കഞ്ഞിയ്‌ക്കും റൊട്ടിയ്‌ക്കുമെടുത്തു. കുറിച്യർക്ക് നെല്ലുവരുന്നതിനും ആദ്യത്തെ ഒക്കലിനും ഒക്കിത്തീരുമ്പോഴും വെളളനാട്ടിയെന്ന ആദ്യനാട്ടിക്കും അപ്പം, പലഹാരം തുടങ്ങിയവ ഉണ്ടാക്കി അടുത്ത കുടുംബക്കാരെ വിളിച്ച് നൽകുക പതിവുണ്ട്. ഇല്ലായ്‌മ കാലങ്ങളിൽ ചവച്ചീങ്ങ പുഴുങ്ങിയും കാട്ടുപേരയ്‌ക്ക വേവിച്ചും കാട്ടുപുളിയൻമാങ്ങ അവിയിൽവേവിച്ചും കഴിക്കും. വീട്ടുക്കിഴങ്ങ്, കാവത്ത്, നാറ, നീണ്ടി തുടങ്ങിയവ ഉപയോഗിച്ചു. തോട്ടത്തിലുണ്ടാവുന്ന കറുത്ത നെല്ല് നട്ടുണ്ടാക്കുന്ന വെളളരി, മത്തച്ചപ്പ്, കൊല്ലിച്ചേമ്പ്, കാട്ടുചീര, നെല്ലുകുത്തിയുണ്ടാക്കുന്ന അവിൽ തുടങ്ങിയവ പ്രധാന ഭക്ഷണങ്ങളിൽ പെടുന്നു. ഉച്ചാലുച്ചയ്‌ക്ക് വെളളരി നട്ടാൽ വിഷുച്ചയ്‌ക്ക് വെളളരി പറിയ്‌ക്കാമെന്നാണ് കണക്ക്. കുറിച്യർക്ക് വെളളറിക്കണ്ടി പ്രധാനമാണ്. പുഴ മൽസ്യങ്ങളേയും ഉണക്കി സൂക്ഷിച്ചിരുന്നു. പുഴ മൽസ്യങ്ങളിൽ വാള, ചെറുമീൻ, ചെറിയ ഇനം പരലുകൾ എന്നിവയെല്ലാം ഉപ്പും ചേർത്തുണക്കി പുകകൊളളിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നു. വെളളം പൊങ്ങുന്ന സമയത്ത് വേണ്ടതിലേറെ മൽസ്യം ശേഖരിച്ച് ഇങ്ങനെ ഉണക്കിസൂക്ഷിക്കുകയാണ് പതിവ്. നായാടിക്കിട്ടുന്ന മുയൽ, മുളളൻപന്നി, കാട്ടുപന്നി തുടങ്ങിയവയുടെ ഇറച്ചി ഇങ്ങനെ ഉണക്കി ഭദ്രമായി പുകയത്ത് സൂക്ഷിക്കും. ആവശ്യത്തിന് ചൂടുവെളളത്തിലിട്ട് കറകളഞ്ഞശേഷമാണ് ഉപയോഗിക്കുക.
നായർ ഭക്ഷണം – വയനാട്ടിൽ നായർസമുദായത്തിന്റെ ആദ്യകാല ഭക്ഷണം മുത്താറികൊണ്ടുളളതായിരുന്നു. മുത്താറിപ്പിട്ടു വിരകുകയോ മുത്താറിറൊട്ടിയുണ്ടാക്കുകയൊ ആണ് ചെയ്യാറ്. രാവിലെയും രാത്രിയും മുത്താറിപ്പിട്ടോ റൊട്ടിയോ ആയിരിക്കും. ഇടത്തരക്കാർ കാപ്പിക്ക് മധുരമിടുക പതിവില്ല. കാപ്പിക്കുരു വിൽക്കേണ്ടിവരും. തോലാണ് കുടിക്കാനെടുക്കുക. സമ്പന്ന ദരിദ്രാവസ്‌ഥയ്‌ക്കനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്. ആദ്യകാലത്ത് ചാമ, തിന, മുത്താറി, കടുക് തുടങ്ങിയവയാണ് ഉൽപാദിപ്പിക്കപ്പെട്ടത്. ഇവയുടെ ലഭ്യതയ്‌ക്കനുസരണമായ ഭക്ഷണരീതിയാണ്. മുത്താറി മുത്താറിക്കല്ലിൽ പൊടിച്ചോ, അരച്ചോ വെളളവും ഉപ്പും കൂട്ടിക്കുഴച്ച് ഇലയിൽ പരത്തി അടുപ്പിലെ തിളങ്ങുന്ന കനലിൽ ചുട്ടെടുത്താണ് മുത്താറിറൊട്ടിയുണ്ടാക്കാറ്. സമ്പന്നർ മുത്താറിറൊട്ടി വെണ്ണ കൂട്ടിത്തിന്നാറുണ്ട്. ഇതിന് മത്തന്റെ പുഴുക്കും മറ്റും കറിയായി ഉപയോഗിക്കാറുണ്ട്. ‘ചാമച്ചോറും ചാമക്കഞ്ഞീം പഴയകാല’ത്തെന്ന് വൃദ്ധരായവർ പറയുന്നു. ചാമയും തിനയും കൂട്ടി ഉപ്പുമാവുണ്ടാക്കാറുണ്ട്. അരിഭക്ഷണം ഇക്കാലങ്ങളിൽ കുറവായിരുന്നു. കറുത്ത നെല്ല്, കയ്‌മ, ജീരകശാല തുടങ്ങിയ നെല്ലിനങ്ങൾ തോട്ടത്തിലുണ്ടായിരുന്നു. കഞ്ഞിയും പുഴുക്കുമായിരിക്കും മിക്കപ്പോഴും. മത്തൻ, പൂതൻ, കണ്ടിക്കിഴങ്ങ്, ചേന, വെളളരി, ചേമ്പ്, ചേമ്പിൻതണ്ട്, കൂർക്കൽ, വാഴക്കായ്, കറമൂസ് ഇവയുപയോഗിച്ചുളള പുഴുക്കും കറികളുമുണ്ടാക്കിയിരുന്നു. രാവിലത്തെ ഭക്ഷണത്തിന് കഞ്ഞിയും കായുപ്പേരിയും അല്ലെങ്കിൽ കറമൂസ് ഉപ്പേരിയും, ചുണ്ടയ്‌ക്ക വറുത്തതും, മുത്താറിപ്പിട്ടിന്റെ സ്‌ഥാനത്ത് കൂടുതലായി ഉണ്ടാക്കി. വെളളരി മോരുപാർന്ന് മഞ്ഞളും ഉപ്പുംചേർത്ത് മോരുകറിയായും സാധാരണ കറിയായും ഉണ്ടാക്കാറുണ്ട്. ചേമ്പും ചേനയും പുഴുങ്ങുകയാണ് ചെയ്യുക. മത്തനുംചേമ്പും കൂടിയും പുഴുങ്ങാറുണ്ട്. കറമൂസും വലിയകഷണമാക്കി ഈ പുഴുക്കിൽ ചേർക്കും. കറമൂസ് ഉപ്പേരിയുണ്ടാക്കുക ചെറിയ കഷണമാക്കിയാണ്. കറമൂസ് മഞ്ഞൾ ചേർത്ത് ഉപ്പിട്ട് വേവിച്ച് വറ്റിച്ചെടുത്ത് എണ്ണ ചേർക്കുകയാണ് ചെയ്യുക. കായുപ്പേരിയും ഇങ്ങനെതന്നെ ഉണ്ടാക്കുന്നു. രാവിലത്തെ ഭക്ഷണത്തിന് ‘കത്തലടക്കുക’ എന്നാണ് പറയുന്നത്. മകരം കുംഭം മാസങ്ങളിൽ വെളളരി നടുന്നു. ഓരോ വീട്ടുകാർക്കും സ്വന്തമായി വെളളരിക്കണ്ടിയുണ്ടാകും. വെളളരിക്കണ്ടിയിൽ നട്ടുവളർത്തുന്ന വെളളരി, കക്കരിക്ക, മത്തൻ, പൂതൻ, ചോളം, പയർ, കയ്‌പക്ക, പടവലങ്ങ, ചീര എന്നിവയ്‌ക്കനുസരിച്ചാണ് പിന്നത്തെ കൊല്ലത്തെ കറികളുണ്ടാക്കുക. വെളളരിയും പൂതനും മത്തനും മൂപ്പെത്തിയാൽ വെയിലുകൊളളിച്ചു സൂക്ഷിക്കുന്നു. പൂതനും മത്തനും വെളളരിയുമായിരിക്കും കറികളിൽ മാറിമാറിയുണ്ടാക്കുക. ഇടത്തരം നായൻമാർക്കും മറ്റുംനെല്ല് വർഷം മുഴുവനും ഭക്ഷണത്തിന് തികഞ്ഞിരുന്നില്ല. നെല്ല് കടംവാങ്ങുകയോ പുഴുക്കുണ്ടാക്കുകയോ ചെയ്‌താണ് ബാക്കി കാലം കഴിക്കുന്നത്. പച്ചപ്പൂളയും ഉണക്കപ്പൂളയും ചേമ്പുമായിരിക്കും പുഴുക്കിന്.
കണ്ണോപ്പം ഃ കുംഭാരൻമാരോട് പ്രത്യേകം പറഞ്ഞ് കൊണ്ടുവരുവിക്കുന്ന മൂടിയുളള മൺചട്ടിയിലാണ് ഇതുണ്ടാക്കുന്നത്. അരി ഇടിച്ച് നേർത്തപൊടിയാക്കി ഉപ്പു ചേർത്ത് നേർക്കനെ കലക്കിയൊഴിക്കുന്നു. വേവുമ്പോൾ കണ്ണായിവരും. അതിനാൽ കണ്ണോപ്പം എന്നു പേരുവന്നു. കണ്ണോപ്പം, ഓട്ടട തുടങ്ങിയവ പഴയകാലത്തെ സ്വാദിഷ്‌ഠമായ നായർഭക്ഷണയിനങ്ങളിൽ പെടുന്നു. തേങ്ങാപ്പാൽ വെല്ലം ഇട്ട് അടുപ്പത്തുവച്ച് തിളപ്പിച്ചെടുക്കുന്ന ചക്കരപ്പാൽ കൂട്ടിക്കഴിക്കുന്നു.
ഓട്ടട ഃ അരി ഇടിച്ച് പൊടിവറുത്ത് കുഴച്ച് ഇലയിൽ പരത്തി, തേങ്ങയും വെല്ലവും ഇട്ട് ഇലയിൽ അമർത്തുന്നു. രണ്ടുഭാഗത്തും ഇലയുളളതുകൊണ്ട് തിരിച്ചുംമറിച്ചും വേവിക്കാം.
റൊട്ടി ഃ അതിഥിസൽക്കാരത്തിന് മുഖ്യമായിരുന്നു. റൊട്ടിയും തേങ്ങയുമാണ് കഴിക്കുക. വറുത്തപൊടി ഉപ്പുംകൂട്ടി കുഴച്ചുപരത്തി ചട്ടിയിൽ ഇട്ടുവേവിച്ച് കനലിൽ ലേശം പൊന്തിച്ചുപിടിച്ച് ഊതി പൊളളപ്പിക്കുന്നു. പകുതി ചട്ടിയിലും പകുതി ചുടുകനലിലും ഊതി പൊളളിപ്പിച്ചെടുക്കുന്ന റൊട്ടി സാധാരണഭക്ഷണത്തിനും അതിഥിസൽക്കാരത്തിനും പ്രധാനമായിരുന്നു. റൊട്ടി വെണ്ണ കൂട്ടിയും തിന്നാറുണ്ടായിരുന്നു.
പത്തൽ ഃ വയനാടൻ നായൻമാരുടെ അന്നും ഇന്നും അതിഥിസൽക്കാരപ്രസിദ്ധവും സാംസ്‌ക്കാരിക പ്രൗഢിയുമുളള ഭക്ഷണമാണ് പത്തൽ. പത്തലുണ്ടാക്കാൻ കുഴയ്‌ക്കൽ ക്ഷണത്തിൽ കഴിയും. വിരുന്നുകാർക്ക് ആദരവുനൽകാനുദ്ദേശിച്ചിട്ടുളള ഭക്ഷണപദാർത്‌ഥമാണിത്. ചിരകിയിട്ട പച്ചതേങ്ങയോ, പഴക്കംചെന്ന കണ്ണിമാങ്ങയോ കൂട്ടിയാണ് പത്തൽ കഴിക്കാറ്. കാപ്പിയുമുണ്ടായിരിക്കും. വയനാട്ടിലെ സമ്പന്നനും ദരിദ്രനും ഇടത്തരക്കാരുമായ നായർഭവനങ്ങളിൽ തങ്ങളുടെ പെട്ടെന്നുളള ആതിഥ്യമര്യാദക്ക് കാലങ്ങളായി ഉപയോഗിക്കുന്ന ഭക്ഷണപദാർത്‌ഥം. നല്ലതുപോലെ വറുത്ത അരിപ്പൊടിയിൽ തേങ്ങ, കറിവേപ്പില ഇവ അരച്ചത് ചേർത്തി നല്ല ചൂടുളള വെളളത്തിൽ കുഴച്ച് പരത്തി തിളയ്‌ക്കുന്ന വെളിച്ചെണ്ണയിലിട്ട് പൊളളിപ്പിക്കുന്നു.
ഞേറലട ഃ അതിഥിസൽക്കാരത്തിന് വിശേഷമായതാണ്. ഞേറലടയ്‌ക്ക് ഞേറൽമരത്തിന്റെ പച്ചയില വേണം. വറുത്തുപൊടിച്ച അരികുഴച്ചു ഞേറലിലയിൽ പരത്തി വെല്ലം, തേങ്ങ തുടങ്ങിയവ ഇട്ട് മടക്കി അരികുയോജിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. ഇല പൊളിച്ചെടുക്കുന്ന ‘അടയ്‌ക്ക് ’ ഞേറലിന്റെ വശ്യസുഗന്ധവും സ്വാദും കലരുന്നു.
സേവക ഃ അരിയിടിച്ച് പൊടിവെരകി ചൂട് ആറുന്നതിനുമുമ്പ് ഉരുട്ടിയെടുത്ത് നല്ലവെളളം അടുപ്പത്തുവച്ച് തിളപ്പിച്ച് ഉരുട്ടിയെടുത്ത മാവ് അതിലിട്ട് വേവിച്ചതിനുശേഷമെടുത്ത് ഊറ്റി സേവകനാഴിയിലിട്ട് അമർത്തുക. പഴയകാലത്ത് മരത്തിന്റെ വലിയ അച്ചായിരിക്കും. അടിയിൽ വാഴപ്പോളവച്ച് ആവശ്യത്തിന് നീളത്തിൽ ഉണ്ടാക്കുന്നു. ഇപ്പോൾ നൂൽപ്പുട്ട് ആയി.
കൊഴുക്കട്ട ഃ അരിപ്പൊടി വിരകി കുഴച്ച് ഉരുട്ടി വെളളത്തിലിട്ട് വേവിച്ച് വെന്തതിനുശേഷം വെളളം ഊറ്റി മുറിച്ചു കഷണങ്ങളാക്കി കടുകും ഉളളിയും വറവിട്ട് വയ്‌ക്കുക. വെളളം ഉപ്പിട്ട് ഉളളി, മുളക്, കടുക് എന്നിവ വറുത്തിട്ട് കുടിക്കാനെടുക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന കൊഴുക്കട്ടയ്‌ക്ക് നല്ല മയമുണ്ടായിരിക്കും, സ്വാദും.
ചക്കപ്പിട്ട് ഃ ചക്കയുടെ കാലത്ത് ചക്കയുടെ നീര് പിഴിഞ്ഞ് ആവശ്യത്തിനുമാത്രം അരിപ്പൊടികലർത്തി തേങ്ങ മുറിച്ചിട്ട് മധുരത്തിന് വെല്ലപ്പാവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നു. തണുത്തതിനുശേഷം മുറിച്ച് കഷണങ്ങളാക്കിയെടുക്കുന്നു. വയനാട്ടിൽ വരിക്കച്ചക്കയുടേയും പഴംചക്കയുടേയും കാലങ്ങളിൽ ഉണ്ടാക്കുന്ന സ്വാദിഷ്‌ഠമായ ഭക്ഷണപദാർത്‌ഥമാണിത്.
മത്തൻപ്രഥമൻ ഃ പഴുത്ത പൊടിയുളള മത്തൻ തോലുചെത്തി വേവിച്ച് വെല്ലവും തേങ്ങാപ്പാലും ചേർത്തി തിളപ്പിച്ചെടുക്കുന്നതാണ് മത്തൻപ്രഥമൻ.
പനമ്പിട്ട് ഃ ചീന്താത്ത മൂത്തപന വെട്ടുമ്പോൾ ഉളളിലെ ചോറ് ഇടിച്ചുകലക്കി അരിച്ച് ഊറാൻ വച്ച് ഊറിക്കഴിയുമ്പോൾ തെളിഞ്ഞ വെളളം ഊറ്റി ഊറിയത് വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കുന്നു. പൊടി എടുത്ത് നന്നായി കലക്കി വെല്ലവും തേങ്ങയും ഇട്ട് വിരകി നല്ലതുപോലെ ഉറച്ചുവരുമ്പം വലിയൊരു ഇലവെട്ടി അതിൽ കോരിയിട്ട് വേറൊരു ഇല അതിന്റെ മുകളിൽ വച്ച് മുകളിൽ ഭാരം വയ്‌ക്കുക. നല്ലതുപോലെ തണുക്കുമ്പോൾ അലുവ മുറിച്ചെടുക്കുംപോലെ മുറിച്ച്‌കഴിക്കാം.
ചെറുപയർപ്രഥമൻ ഃ കല്യാണസന്ദർഭങ്ങളിൽ ചെറുപയർ പ്രഥമനായിരുന്നു മുൻതൂക്കം. ചെറുപയർ വറുത്ത് പരിപ്പാക്കി, വൃത്തിയാക്കിയെടുത്ത് അടുപ്പത്ത് വെളളത്തിൽവച്ച് വേവിച്ച് വെല്ലപ്പാവ് ചേർത്തി വരട്ടി തേങ്ങാപ്പാലൊഴിച്ച് മുന്തിരിങ്ങ ചേർത്തെടുക്കുന്നു.
മത്തൻ വടക് ഃ മൂത്തമത്തൻ മുറിച്ചു വേവിച്ച് അരിവറുത്ത് പൊടിച്ച് മല്ലി, മുളക്, ജീരകം, കറിവേപ്പില, വെളുത്തുളളി, ചെറിയുളളി ഇവ അരച്ച് അരിപ്പൊടിയും മത്തനും കൂട്ടിക്കുഴച്ച് ഉരുട്ടിവേവിച്ചെടുക്കുന്നു. പിന്നെ ചെറുതായി ഉരുട്ടി വെയിലത്തുവച്ച് മൂന്നുദിവസം ഉണക്കി ആവശ്യത്തിന് വറുത്തോ ചുട്ടോ എടുക്കുന്നു.
ചുണ്ടയ്‌ക്ക ഃ വലിയ കുറുക്കൻ ചുണ്ടയ്‌ക്കയെന്ന ഇനം വേവിച്ച് മല്ലി, മുളക്, ജീരകം, കറിവേപ്പില, വെളുത്തുളളി, ചെറിയഉളളി തുടങ്ങിയ ചേർപ്പ് ചേർത്ത് ഉരുട്ടിയെടുക്കുന്നു. പൂതൻവടുകും, കറമൂസ്‌വടുകും ഇതുപോലെതന്നെ ചേർപ്പ് ചേർത്ത് ഉപയോഗിക്കുന്നു.
അങ്കിവടുക് ഃ മുത്താറി അരച്ച് ഊറ്റി വെളളം ഊറുമ്പോൾ തെളിഞ്ഞവെളളം കളഞ്ഞ് നൂറെടുത്ത് ഉപ്പ്, മുളക്, ജീരകം ഇവയിട്ട് വെരകി ഇലയിൽ പരത്തി ചെറുതായി കത്തികൊണ്ട് മുറിച്ച് ഉണക്കിയെടുക്കുന്നു.
ചോറുവടക് ഃ ചോറിൽ പച്ചമുളക്, ജീരകം, ഉപ്പ്, കറിവേപ്പില തുടങ്ങിയ ചേർപ്പു ചേർത്ത് ഉരുട്ടി വെയിലത്തുവച്ചുണക്കുന്നു.
ചക്കപ്പപ്പടം ഃ ചക്ക വയനാട്ടിൽ ധാരാളമായുണ്ട്. അതുകൊണ്ടുതന്നെ ചക്കപ്പപ്പടം ഏവരും ഉണ്ടാക്കുന്നു. നല്ല മൂത്തചക്ക വേവിച്ച് അരയ്‌ക്കുകയോ ഇടിക്കുകയോ ചെയ്‌ത് ഉപ്പ്, എളള്, മുളക് ഇവകൂട്ടി ഇലയിൽ പരത്തി വെയിലത്ത് ഉണക്കുന്നു. ഉണങ്ങിവരുമ്പോൾ ഇലയിൽനിന്നും പൊളിച്ചെടുക്കുന്നു.
പൂളപ്പപ്പടം ഃ നല്ല പൂള (കപ്പ) ചെത്തി ഉണക്കിപ്പൊടിച്ച് വെളളത്തിൽ കുഴങ്ങനെ കലക്കി ഉപ്പും മുളകുമിട്ട് വിരകി ഇലയിൽ പരത്തി ഉണക്കിയെടുക്കുന്നു.
ഉലുവക്കഞ്ഞി ഃ കർക്കിടകത്തിൽ ആരോഗ്യം നന്നാവാൻ രാവിലെ വെറുംവയറ്റിൽ ഉലുവക്കഞ്ഞി കഴിക്കാറുണ്ട്. നടുവേദനയ്‌ക്കും നല്ലതാണ്. തലേദിവസംതന്നെ ഉലുവ വെളളത്തിലിട്ട് കുതിർത്തി ഉണങ്ങലരിയും ഉലുവയുംകൂടി അടുപ്പത്തുവയ്‌ക്കുന്നു. വെന്തുകഴിഞ്ഞാൽ വെല്ലമോ ചക്കരയോ ചേർക്കുന്നു. തേങ്ങ ചിരകിയിടുകയോ തേങ്ങാപ്പാലോഴിക്കുകയോ ചെയ്‌ത് വെളളുളളിയും ജീരകവും കൂട്ടി നെയ്യിൽ വറുക്കുന്നു.
Generated from archived content: annam_feb19_07.html Author: sudheer_babu