അനുഗ്രഹദായിനിയായി വാണരുളുന്ന ലോകനാർ കാവിലമ്മ, ലോകത്തിനു സുപരിചിതയാണ്. ‘കാവുകൾ’ എന്നു കേൾക്കുമ്പോൾ ഭഗവതികാവുകളെക്കുറിച്ചാവും ചിന്തയുണരുക. ശിവനോ വിഷ്‌ണുവിനോ കാവ് ഇല്ല. സൂക്ഷ്‌മാപഗ്രഥനം ചെയ്യുമ്പോൾ കാവ് എന്നത് ദേവീ ക്ഷേത്രത്തെയല്ല ബുദ്ധവിഹാരത്തെയാണ് കുറിച്ചിരുന്നത്.
‘പുത്തൻകാവ്’ എന്നതു ബുദ്ധഗ്രാമമെന്നതിന്റെ തദ്‌ഭവരൂപമാണ്. ‘ഗ്രാമ’മെന്നതു പാലിപ്രാകൃതങ്ങളിൽ ‘ഗാ ഓ’ എന്നാകും. ഹിന്ദുസ്ഥാനി പദമായ ‘ഗാവ്’ അതിന്റെ രൂപമാണ്. കാവ് എന്നരൂപം ‘ഗാ ഓ’ എന്നതിൽ നിന്നുണ്ടായതാണ്. ‘ഗ്രാമ’ത്തിനു ‘സംഘം’എന്നാണർത്ഥം. ബൗദ്ധമായ ആദർശമാണ് ‘സംഘം ശരണ’മെന്നത്. ആളുകൾ ഒരുമയായി ജീവിക്കുന്ന ലോകമാണല്ലോ സംഘസംസ്‌കാരം. ‘സംഘ’മെന്ന ആദർശം, പര്യായമായ ‘ഗ്രാമ’ത്തിലൂടെ ആവിഷ്‌കൃതമാകുകയാണ്. ബൗദ്ധവികാരസൂചകമായി ‘ഗ്രാമ’ ശബ്‌ദം കടന്നുവന്നു.
അവലോകിതേശ്വരനെന്ന ബോധിസത്വന് ലോകനാഥനെന്നു പേരുണ്ട്. അതു പാലി-പ്രകൃതങ്ങളിൽ ‘ലോകണാഓ’ എന്നാകുന്നു. അതാണ് ലോകനായർ എന്നാകുന്നത്. പൂജകമായ പ്രത്യയം ചേർന്ന് ‘ലോകനായർ’ എന്നാകും. അതിന്റെ വികാരമാണ് ‘ലോകനാർ’. ബുദ്ധന്റെ രൂപാന്തരമാണല്ലോ ബോധിസത്വൻ. അങ്ങനെ വരുമ്പോൾ ‘പുത്തൻ കാവ്’ എന്നതിനു സദൃശമാണ്, ‘ലോകനാർകാവ്’ എന്നു വരുന്നു. ബൗദ്ധമായ വിഹാരത്തെയാണ് ഇതുകൊണ്ടർത്ഥമാക്കുന്നത് എന്നു സ്പഷ്‌ടമാകുന്നു.
ലോകനാർകാവ് എന്നതു പണ്ടുകാലത്ത് വിഹാരമായിരുന്നുവോ? അതായിരിക്കാൻ ന്യായമില്ലതന്നെ. ഇന്നു ക്ഷേത്രത്തിനടുത്ത് വിഷ്‌ണുക്ഷേത്രം നമുക്കുകാണാം. പഴക്കമേറിയതാണ് അതെന്നു കാണുന്നു. ബുദ്ധവിഹാരങ്ങളാണ് ഹൈന്ദവീകരണത്തോടെ വിഷ്‌ണുക്ഷേത്രങ്ങളായി പരിണമിക്കുന്നത്. ജൈനക്കോട്ടങ്ങളാണ്, ശിവക്ഷേത്രങ്ങൾ. പണ്ടത്തെ ‘ലോകനാ’രുടെ വിഹാരമാണ്, അടുത്തുളള വിഷ്‌ണുക്ഷേത്രമായത് എന്നു ശങ്കിക്കുന്നതിൽ തെറ്റില്ല.
എങ്ങനെയാവാം ഇന്നത്തെ ഭഗവതിക്ഷേത്രത്തിന്റെ രൂപത്തിൽ ലോകനാരുടെ കാവ് ഉയർന്നത്? ‘ചിലപ്പതികാര’ത്തിൽ പ്രതികാരരൂപിണിയായ കണ്ണകി തന്റെ മുലപറിച്ചെടുത്ത്, മധുരാ നഗരം വെണ്ണീറാക്കി, ‘ചെങ്കുന്റ്’ എന്നയിടത്തുവച്ച് സ്വർഗപ്രവേശം വരിച്ചതായി കാണുന്നു. ‘മംഗളാദേവി’ എന്നറിയപ്പെടുന്നത്, കണ്ണകിയുടെ ദേഹവിയോഗം സംഭവിച്ച രൂപമാണ്. അതിൽനിന്നും അവിടെയെവിടെയോ ആണ് ദേവിയുടെ സ്വർഗാരോഹണം നടന്ന ‘ചെങ്കുന്റ്’ന്നു വ്യക്തമാണല്ലോ.
ദേവിയുടെ തിരുമരണം ഗ്രഹിച്ച ഒരു ചെങ്കുട്ടുവൻ, സപരിവാരം ആ പുണ്യസങ്കേതത്തിലെത്തി, ദേവിയെ ഒരു വിഗ്രഹത്തിലേക്കാവാഹിച്ച്, വഞ്ചിമുതൂരിലേക്കു കൊണ്ടു വരുന്നു. ഹിമാലയത്തിൽച്ചെന്ന് വിഷ്‌ണുശില കൊണ്ടുവന്നിട്ടാണ് ദേവിയെ ആവാഹിക്കുന്നത്. “വഞ്ചി”യിലെ കണ്ണകി പ്രതിഷ്‌ഠാപനം ദർശിക്കാൻ, അനുരാധപുര(ലങ്ക)ത്തു നിന്നുപോലും വന്നിരുന്നത്രേ! ‘ചെങ്കുന്റ്’ എന്നയിടത്തുവച്ചായിരുന്നുവല്ലോ ദേവിയുടെ ‘ദിവംഗതി’. ചേരരാജ്യത്തെ ‘ലോകമല്ലേശ്വരം’ എന്നിടത്താണ് കണ്ണകി പ്രതിഷ്‌ഠ നടത്തിയത്. ആ സ്ഥലം കൊടുങ്ങല്ലൂരിനടുത്താണ്. ഇന്ന് എവിടെയെന്നറിയില്ല. ‘ചെങ്കുന്റ്’ എന്നതിന്റെ രൂപഭേദമാണ് അതെന്ന് ശ്രീ ഇന്ദുചൂഡൻ സമർത്ഥിക്കുന്നുണ്ട്. ‘ചെം’ എന്നതു ‘ലോഹ’മാകുന്നു. കുന്റ് ‘മല’യും. ‘ഈശ്വര’ശബ്‌ദം ദേവീ സങ്കേതത്തെക്കുറിക്കുന്നു. ‘ലോഹമല്ലേശ്വര’മെന്നത് എങ്ങനെയോ ‘ലോകമല്ലേശ്വര’മെന്നായിമാറി.
കണ്ണകി ജൈനമായ മൂർത്തിയാണ്. തന്മൂലമാണ് ‘കോട്ടവി’യായത്. കോട്ടം ജൈനവിഹാരമാണ്. മാവ് ഇഷ്‌ടവൃക്ഷമായ തിരുമാവുണ്ണി, കണ്ണകിയുടെ അവതാരമാണ്. ലോകമല്ലേശ്വരത്തമ്മയ്‌ക്കും ലോകനാർകാവിലമ്മയ്‌ക്കും സഹോദരബന്ധം പറയുന്നുണ്ട്. പദാദിയിലെ രൂപസാദൃശ്യം മൂലം ഭ്രമമൂലകമായി വന്നതാവാം! ജൈനമായ ദേവതാരൂപത്തിനു ബൗദ്ധമായ സംബന്ധം അസംഗതമാണല്ലോ. നൂറ്റാണ്ടുകൾക്ക് മുമ്പ് വ്യാപാരികൾ ദേശാന്തരഗമനം ചെയ്‌ത മുറയ്‌ക്ക് സുപ്രസിദ്ധമായ കണ്ണകിപ്രതിഷ്‌ഠ, അതത് കേന്ദ്രങ്ങളിൽ സ്ഥാപിച്ച്, ആ ദേവിക്ക് കൊടുങ്ങല്ലൂരമ്മയുമായി ബന്ധമുണ്ടെന്നു പറഞ്ഞ്, വിപുലീകരിക്കുന്നതാണ്.
കണ്ണകിവിഗ്രഹസ്ഥാപനം നടന്ന ലോകമല്ലേശ്വരം കടലെടുത്തതായി കേൾക്കുന്നു. അതിന്റെ പുനർജ്ജന്മമാണോ വടകരയിലേത് എന്നറിയില്ല. എന്തായാലും അവിടെ സ്ഥാപിതമായ ദേവീസങ്കേതം, അവലോകികേശ്വരന്റേ വിഹാരവും ക്രമേണ വിഷ്ണുക്ഷേത്രവുമായ ‘ലോകനാ’രുടെ ‘കാവി’ന്റെ പേരിൽ അറിയപ്പെടുകയാണുണ്ടായത് എന്നു തീർച്ച. കണ്ണകിയുടെ ചരിത്രം, ദൈവികതയാർന്ന്, വലിയ ഐതിഹ്യമായി വളർന്ന് ജനഹൃദയങ്ങളിൽ ആർദ്രവികാരമുണർത്തി സ്ഥാനം പിടിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനമാണ്, മറ്റു പലവാണിജ്യകേന്ദ്രങ്ങളിലും വ്യാപാരികളാൽ സ്ഥാപിതമായ, ‘അമ്മ’യോടു ബന്ധമുളള ക്ഷേത്രങ്ങൾ.
പറയെടുക്കുമ്പോൾ മാവിലയും കുരുത്തോലയും തൂക്കിയിടാറുണ്ടല്ലോ. ജൈനമൂർത്തിയായ ‘പത്തിനി’ (പത്നി)യോടുളള ജനാദരം, ആദർശം ‘ഹൈന്ദവീകൃത’മായപ്പോഴും നിലനിന്നു. മാവ്, കണ്ണകി (തിരുമാവുണ്ണി)യുടെ ലാഞ്ചനവൃക്ഷമാണല്ലോ. മഞ്ഞയായ കുരുത്തോല, അവൈദികമത സൂചകമാണ്. ജൈനദേവതമാർക്ക് ചുറ്റും പാമ്പുകൾ കാണപ്പെടുന്നു. കുരുത്തോലയുടെ അറ്റത്തു തൂങ്ങികിടക്കുന്ന മാവില, പാമ്പിന്റെ പ്രതീതിയുണർത്തുന്നു. ജൈനക്കോട്ടങ്ങൾ, ‘സർപ്പാഭരണ’നായ ശിവന്റെ സങ്കേതമാകുന്നതിന്റെ പൊരുൾ വ്യക്തമാണല്ലോ.
Generated from archived content: oct7_pattu.html Author: sudarshanan_k_pillai