മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ ഓരോ പരിണാമഘട്ടങ്ങളിലും മനുഷ്യൻ ഭയന്നിരുന്നത് പ്രകൃതിയെയാണ്. അഗ്‌നി, കാറ്റ്, ഇടി, മിന്നൽ, മഴ, വരൾച്ച തുടങ്ങിയ പ്രകൃതിരൂപങ്ങളെ അവൻ ഭയക്കുകയും അതിനെ പ്രകൃതി ശക്തികളായി ആരാധിക്കുകയും ചെയ്‌തു. കാലക്രമത്തിൽ പ്രകൃതിയെ അവൻ മാറിനിന്ന് നിരീക്ഷിക്കുകയും ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തു. ഈ അവസരത്തിൽ പോലും അവന്റെ അബോധമനസ്സിൽ പ്രകൃതിയുടെ അംശമാണ് താൻ എന്ന ബോധം പ്രബലമായിരുന്നു. പ്രകൃത്യാരാധനയുടെ ഭാഗമാണ് പ്രേതാരാധനയും. മരിച്ചവർ മറ്റ് പ്രകൃതി പ്രത്യക്ഷങ്ങളിലൂടെ അതിജീവിക്കുന്നു എന്ന വിശ്വാസമാണ് പ്രേതസങ്കൽപ്പങ്ങൾക്കു പിറകിൽ. പ്രേതങ്ങളെ ആരാധിക്കുവാനുളള അവന്റെ വാസനയും പ്രേതങ്ങളെ ഒഴിപ്പിക്കുവാനുളള മന്ത്രവാദങ്ങളും പ്രേതാരാധനയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ആവാഹന ഉച്ചാടന മന്ത്രവാദങ്ങളും ഓരോ പ്രാകൃത ജനതയിലും സജീവമാണ്.
ആദിവാസി ഗോത്രത്തിൽ തന്നെ മന്ത്രവാദങ്ങളും മന്ത്രവാദപാട്ടുകളും നിലനിന്നിരുന്നുവെന്ന് കാണാം. തൊഴിലിന്റെ അടിസ്‌ഥാനത്തിൽ ജാതിവ്യവസ്‌ഥ രൂപപ്പെട്ടപ്പോഴും ഓരോ ജാതിയിലും മന്ത്രവാദവും അനുബന്ധ ആചാരങ്ങളും പുലർത്തിപ്പോന്നു. പ്രാകൃത ലോകം മുതൽ ആധുനിക ജീവിതം വരെ മന്ത്രവാദത്തിന്റെ രൂപങ്ങൾ കൂട്ടായ്‌മകളിൽ സവിശേഷ ധർമ്മം നിർവ്വഹിച്ച് ഇന്നും നിലനിൽക്കുന്നു.
തൊഴിൽ, ആചാരം, വിശ്വാസം, ജീവിതരീതികൾ, ആരാധനാക്രമങ്ങൾ എന്നിവ ഒരു സമൂഹത്തിലെ സാംസ്‌കാരിക മേഖലയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. കേരളത്തിന്റെ തെക്കേ അറ്റത്തെ നാടാർ ജനത ജീവിതരീതികളിലും സംസ്‌കാരത്തിലും വ്യത്യസ്‌തത പുലർത്തി സവിശേഷമായ ഒരു ഗണമായി നിലനിന്നുപോരുന്നു. നാടാർ സമുദായത്തിൽ പരമ്പരാഗതമായി ചില കുടുംബങ്ങൾ നാട്ടുവൈദ്യം, ജ്യോതിഷം, മന്ത്രവാദം എന്നിവ അനുവർത്തിച്ചുവരുന്നു. ഇവരുടെ മന്ത്രവാദത്തിന്റെ അറിവ് നാട്ടുവൈദ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഇവരുടെ അറിവും പ്രാഗൽഭ്യവും ഇതര സമുദായങ്ങളും ഉൾക്കൊളളുന്നതിന്റെ ഫലമായി ഒരു സമൂഹത്തിന്റെ തന്നെ നാട്ടറിവായി നാടാർ വൈദ്യവും ജ്യോതിഷവും മന്ത്രവാദവും വളരുന്നു. മരുന്നുകൾക്ക് അതീതമായി ഒരു വ്യക്തിയെ സുഖപ്പെടുത്തുന്നതിനും അവനിലെ മനഃശക്‌തിയെ വീണ്ടെടുക്കുന്നതിനും അഭീഷ്‌ടസിദ്ധികൾക്കും മന്ത്രവാദം ഉപയോഗപ്പെടുത്തുന്നു. മന്ത്രവാദത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കളമെഴുത്ത്. ഓരോ മന്ത്രവാദത്തിനുമായി പ്രത്യേകം കളങ്ങൾ ഉണ്ട്. ശുദ്ധകർമ്മങ്ങളും ക്ഷുദ്രകർമ്മങ്ങളും അനുഷ്‌ഠിക്കുന്നവരെ വേർതിരിച്ച് അറിയുന്നത് ആരാധനാമൂർത്തികളിലൂടെയാണ്. ശിവപൂജ നടത്തുന്ന മാന്ത്രികൻ ഒരിക്കലും ദുഷ്‌കർമ്മങ്ങളോ പ്രവർത്തനങ്ങളോ അനുഷ്‌ഠിക്കാറില്ല. ഭദ്രകാളി, യക്ഷി, മാടൻ തുടങ്ങിയ ദേവതകൾക്ക് പൂജനടത്തുന്ന മാന്ത്രികരാണ് ക്ഷുദ്രകർമ്മങ്ങൾ അനുഷ്‌ഠിക്കാറ്. വിരുദ്ധമായ ഈ രണ്ടുതരം മന്ത്രവാദത്തേയും മന്ത്രവാദികളെയും ഒരുസമൂഹം നിലനിർത്തുന്നത് ഈ രണ്ട് സാമൂഹികമായ ആവശ്യങ്ങളും ആ കൂട്ടായ്‌മയ്‌ക്ക് അനിവാര്യമായതുകൊണ്ടാണ്. പരമ്പരാഗതമായി ഹൈന്ദവാരാധന പിൻതുടർന്നുവന്ന നാടാർ സമൂഹം ക്രൈസ്‌തവവിശ്വാസത്തിലേയ്‌ക്ക് പങ്കുചേർന്നുവെങ്കിലും ഇന്നും ഹൈന്ദവ ആചാരങ്ങളും ചടങ്ങുകളും അനുവർത്തിക്കുന്നുണ്ട്. രണ്ടു സംസ്‌കാരവും ഉൾക്കൊളളാൻ ശ്രമിച്ചതിന്റെ ഫലമാവാം ഇന്ന് ചില കുടുംബങ്ങൾ മാത്രം മന്ത്രവാദം അനുവർത്തിച്ചു പോരുന്നത്. ഇംഗ്ലീഷ് മരുന്നിന്റെ പ്രാധാന്യവും നാട്ടുവൈദ്യത്തെ അപ്രായോഗികമാക്കി. ഉപജീവനം എന്നതിലുപരി ഇത് തന്റെ കർമ്മമാണെന്ന വിശ്വാസമാണ് ഇന്നും ഒരു ന്യൂനപക്ഷത്തെ മന്ത്രവാദത്തിൽ നിലനിർത്തുന്നത്.
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന കളങ്ങളെ പലതായി വർഗ്ഗീകരിക്കാം. ആദ്യവിഭജനം വരയ്‌ക്കുന്ന പ്രതലത്തെ അടിസ്‌ഥാനമാക്കിയാണ്. ഇതിൽ കളങ്ങളെ രണ്ടായി തരംതിരിക്കുന്നു. 1. ചെമ്പുതകിട്, പനയോല എന്നിവയിൽ വരയ്‌ക്കാവുന്ന കളം. 2. മന്ത്രവാദത്തിന് ഹോമാഗ്‌നിയ്‌ക്കു സമീപം ഒരുക്കുന്ന കളം. രണ്ടാമത്തെ വിഭജനം കർമ്മത്തെ അടിസ്‌ഥാനമാക്കിയാണ്. ഇതിൽ ക്ഷുദ്രകർമ്മങ്ങൾക്കുളള കളങ്ങളെന്നും ശുദ്ധകർമ്മങ്ങൾക്കുളള കളങ്ങളെന്നും രണ്ടായി തിരിക്കുന്നു. മൂന്നാമത്തെ വിഭജനം വരയ്‌ക്കുന്ന ആകൃതിയെ അടിസ്‌ഥാനമാക്കിയാണ്. ഇതിനെ ചക്രയന്ത്രമെന്നും യന്ത്രമെന്നും രണ്ടായി തരംതിരിക്കുന്നു. ശരഭ യന്ത്രം, കാളി ഉട്ടു, നരസിംഹയന്ത്രം, ശ്രീ നാരായണൻ, കാർത്തവീര്യാർജ്ജുനയന്ത്രം തുടങ്ങിയ കളങ്ങൾ ഇതിൽ പ്രമുഖമാണ്.
ശരഭ യന്ത്രം ഃ- ആരാധനാ മൂർത്തിയായി കണക്കാക്കുന്ന ഭദ്രകാളിയുടെ കളമാണ് ശരഭയന്ത്രം. പ്രേതത്തെ ഒഴിപ്പിക്കാനായിട്ടാണ് ഈ കളം. ആത്‌മഹത്യചെയ്‌തവരും അപമൃത്യു പൂകിയവരുമാണ് പ്രേതങ്ങളായി അലയുന്നത്. ഇവരെയാണ് ഒഴിപ്പിക്കുന്നത്. കന്യകകളായ സ്‌ത്രീകളിലും ഗർഭിണികളായ സ്‌ത്രീകളിലും അപൂർവ്വം ചില പുരുഷൻമാരിലുമാണ് ഗതികിട്ടാതലയുന്ന ഈ പ്രേതാത്‌മാക്കൾ പ്രവേശിക്കുന്നത്. ഹോമാഗ്‌നിക്കു മുൻവശത്ത് കളത്തിനായി ഒരുക്കിയിരിക്കുന്ന സ്‌ഥലത്ത് മന്ത്രാക്ഷരംകൊണ്ട് കളമെഴുത്താരംഭിക്കുന്നു. മന്ത്രാക്ഷരങ്ങൾ എഴുതുകയും ചെയ്യുന്നു. മാന്ത്രികനായിരിക്കും കളത്തിന് ആരംഭം കുറിക്കുന്നത്. സഹകാർമ്മികർ അത് മുഴുമിക്കുന്നു. വീടിന്റെ സ്‌ഥാനവും ദിക്കും പരിഗണിച്ചാണ് കളം വരയ്‌ക്കാനുളള സ്‌ഥാനം നിർണ്ണയിക്കുന്നത്. വൃത്തിയും ശുദ്ധിയും പ്രധാനഘടകങ്ങളാണ്. ഒരിക്കലും കളം പൂർത്തിയായിട്ടല്ല ചായങ്ങൾ നിറയ്‌ക്കുന്നത്. സഹകാർമ്മികർ മാന്ത്രികനെപ്പോലെ തന്നെ വ്രതം നോക്കിയിരിക്കണം. നക്ഷത്രത്തിനുളളിലും രണ്ടാമത്തെ വൃത്താകൃതിയ്‌ക്കുളളിലും ചെമപ്പ്, മഞ്ഞ, വെളള നിറങ്ങൾ ഉപയോഗിക്കുന്നു. മറ്റുളളവയിൽ പച്ചയുംകറുപ്പും ഇടകലർത്തി ഉപയോഗിക്കുന്നു. കൂടാതെ മഞ്ഞയും ചെമപ്പും ഉപയോഗിക്കാറുണ്ട്. കളം തന്നെ വ്യക്തികളിൽ ആന്തരികമായ മാനസിക ചലനങ്ങൾ സൃഷ്‌ടിക്കുന്ന തരത്തിലായിരിക്കും. ഭദ്രാകാളി ക്ഷേത്രങ്ങളുടെ അങ്കണത്തിലും ശരഭയന്ത്രം വരച്ചുവരുന്നു. ഇവിടെ വാത്തിയെന്ന ഒരു പ്രത്യേക ജനതയാണ് ഈ കളം വരയ്‌ക്കുന്നത്.
കാളി ഇട്ടുഃ- ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനും ദേവിയെ കുടിയിരുത്തുന്നതിനും പ്രേതാത്‌മാക്കളെ ആവാഹിക്കുന്നതിനും കാളി ഉട്ടു വരയ്‌ക്കുന്നു. ഏഴു വൃത്താകൃതിയും അതിനുളളിലൊരു സുദർശന ചക്രവും. വൃത്താകൃതിയ്‌ക്കുളളിൽ പഞ്ചാക്ഷരി മന്ത്രം കൊണ്ട് നിറയ്‌ക്കുന്നു. ദേവപ്രീതിയാണ് അടിസ്‌ഥാനമെങ്കിലും പ്രേതബാധകളെയും മറ്റും ഒഴിപ്പിക്കുന്നതിന് കാളി ഉട്ടു ഉപയോഗിക്കുന്നു. മന്ത്രാക്ഷരത്താൽ ആരംഭിക്കുന്ന കാളി ഉട്ടിൽ പഞ്ചവർണ്ണപ്പൊടിയിൽ ചെമപ്പിന് പ്രഥമ സ്‌ഥാനം നൽകുന്നു. പഞ്ചവർണ്ണപ്പൊടിയുടെ വർണ്ണശബളിതയും മന്ത്രാക്ഷരത്തിന്റെ പിൻബലവും മന്ത്രധ്വനിയും ദേവിയെ കളത്തിൽ കുടിയിരുത്തുന്നതിന് സഹായകമാവുന്നു. ദേവിയുടെ പിൻബലത്താൽ പ്രേതത്തെ ആവാഹിക്കുവാനും മാന്ത്രികന് കഴിയുന്നു. ചില അവസരങ്ങളിൽ കന്യാശാവിനെ കുടിയിരുത്തുന്നതിനും കാളി ഉട്ടു ഉപയോഗിക്കുന്നു. വാത്തിയെന്ന വിഭാഗമാണ് ക്ഷേത്രത്തിൽ ഈ കളം വരയ്‌ക്കുന്നത്. ക്ഷേത്രസംസ്‌കാരത്തിൽ നിന്നാണ് മന്ത്രവാദക്കളത്തിലേയ്‌ക്ക് കാളി ഉട്ടു മാറിയതെന്നാണ് ചിലരുടെ വിശ്വാസം. അതല്ല എന്ന് വാദിക്കുന്നവരും ഉണ്ട്.
നരസിംഹയന്ത്രംഃ- ശത്രുസംഹാരമൂർത്തിയായിട്ടാണ് നരസിംഹയന്ത്രത്തെ കണക്കാക്കുന്നത്. ഇത് രണ്ടുവിധത്തിലുണ്ട്. ഒന്ന് ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിനായി ചെമ്പുതകിടിൽ നരസിംഹമന്ത്രം ഉപയോഗിച്ച് എഴുതി മന്ത്രധ്വനിയിലൂടെയും നാല്‌പത്തിയൊന്ന് ദിവസത്തെ പൂജാദികർമ്മങ്ങളിലൂടെയും ഏലസ്സാക്കി മാറ്റുന്നു. ഏത് ശുദ്ധകർമ്മത്തിലാണ് നിലകൊളളുന്നത്. എന്നാൽ നരസിംഹയന്ത്രവും മന്ത്രവും ക്ഷുദ്രകർമ്മത്തിനും ഉപയോഗിക്കാറുണ്ട്. ശത്രുക്കളെ സംഹരിക്കുന്നതിനായി ഹോമാഗ്‌നിയ്‌ക്കു സമീപം കളംവരച്ച് അതിൽ നരസിംഹമന്ത്രം ജപിച്ച് ശത്രുവിനെ കളത്തിൽ ആവാഹിച്ച് അപമൃത്യുവിന് ഇരയാക്കുന്നു. ആറ് ത്രികോണങ്ങളിലും മന്ത്രാക്ഷരങ്ങൾ അടക്കം ചെയ്‌തിരിക്കുന്നു. ഈ കളങ്ങൾക്ക് പഞ്ചവർണ്ണപ്പൊടികൾ തന്നെ. ത്രികോണത്തിന്റെ അളവിനായി മടചീളിയാണ് കളത്തിൽ ഉപയോഗിക്കുന്നത്. ഇവിടെ സഹകാർമ്മികന്റെയോ ശിഷ്യഗണങ്ങളുടെയോ ആവശ്യം വരുന്നില്ല. മാന്ത്രികൻ ഒറ്റയ്‌ക്കാണ് കർമ്മങ്ങൾ അനുഷ്‌ഠിക്കുക.
ശ്രീ നാരായണൻഃ- ശ്രീ നാരായണമന്ത്രവും കളവും അഭീഷ്‌ടസിദ്ധികൾക്കും ശത്രുസംഹാരത്തിനുമായി നിലകൊളളുന്നു. വരയ്‌ക്കാൻ തെരഞ്ഞെടുക്കുന്ന ചാണകംമെഴുകിയ കളത്തിനെ പൂജിച്ച് മന്ത്രാക്ഷരമെഴുതി മന്ത്രധ്വനി ഉരുവിട്ടതിനുശേഷം മാത്രമേ ത്രികോണങ്ങളിലൂടെ മനുഷ്യരൂപം വരയ്‌ക്കുകയുളളു. ഓരോവരയും ഓരോ ചുറ്റും മന്ത്രാക്ഷരത്താൽ നിബദ്ധമാണ്. അഭീഷ്‌ടസിദ്ധിക്കാണ് എങ്കിൽ പഞ്ചവർണ്ണപ്പൊടികളിൽ വെളളയ്‌ക്കും പച്ചയ്‌ക്കുമായിരിക്കും പ്രമുഖ സ്‌ഥാനം. പനയോലയിലോ തകിടിലോ ആണ് ശത്രുസംഹാരത്തിനായി ശ്രീനാരായണയന്ത്രം വരയ്‌ക്കുന്നത്. പ്രത്യേകമായ പൂജാവിധികൾക്കുശേഷം നാരായം ഉപയോഗിച്ച് ഓലയിലോ തകിടിലോ മദ്ധ്യത്തിൽ വിളളലുകൾ സൃഷ്‌ടിക്കുന്നു. ഇതിലൂടെ ശത്രുസംഹാരം നടത്തുന്നു എന്നാണ് അവരുടെ വിശ്വാസം.
കാർത്തവീര്യാർജ്ജുനയന്ത്രംഃ- അഭീഷ്‌ടസിദ്ധികൾക്കും കുടുംബത്തിന്റെ നൻമയ്‌ക്കായും ഈ യന്ത്രം ഉപയോഗിക്കുന്നു. വ്യക്തികൾക്കു മാത്രമായും ചില അവസരങ്ങളിൽ ഈ കളം പ്രയോജനപ്പെടുത്തുന്നു. കുടുംബത്തിന്റെ ആവശ്യത്തിനാണെങ്കിൽ ആ കുടുംബത്തിന്റെ തലവന് അല്ലെങ്കിൽ കാരണവർക്കായിരിക്കും ഇതിന്റെ നേതൃത്വം. മനുഷ്യകോലത്തിന്റെ രൂപത്തിലുളള ഈ യന്ത്രത്തിൽ താന്ത്രിക വിധികൾ നിലകൊളളുന്നു. മാന്ത്രികനൊപ്പം അഭീഷ്‌ടസിദ്ധി ആഗ്രഹിക്കുന്നവരും വ്രതശുദ്ധികൾ നോക്കും. ചാണകം മെഴുകിയ കളത്തിൽ ഓംകാര മന്ത്രം എഴുതി അതിനു പുറത്താണ് കാർത്തവീര്യാർജ്ജുനയന്ത്രം വരയ്‌ക്കുന്നത്. അനുയോജ്യമായ പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിക്കുന്നു. കളത്തിനെ വലം വച്ചുമാത്രമേ വ്യക്തികൾ നിലകൊളളുകയുളളൂ. ഒരിക്കലും കളം മുറിച്ചു കടക്കുകയില്ല. ഇത് ശുദ്ധകർമ്മത്തിനാണ് നിലകൊളളുന്നത് ധർമ്മം അനുഷ്‌ഠിച്ചശേഷം ചടങ്ങുകൾക്ക് അവസാനം ശുദ്ധമായ തുണികൊണ്ട് കളം മായ്‌ക്കുന്നു. കളത്തിലെ അവശിഷ്‌ടങ്ങൾ ഒന്നുകിൽ അഗ്‌നിയിലിടുന്നു അല്ലെങ്കിൽ ഭൂമിക്കടിയിലോ പുഴയിലോ നിക്ഷേപിക്കുകയോ ചെയ്യുന്നു. കാളി ഉട്ടുപോലുളള കളങ്ങൾ മാന്ത്രികൻ തന്നെയാണ് മായ്‌ക്കുക. മന്ത്രവാദക്കളത്തിലെ നിറങ്ങൾ ഇവിടുത്തെ ജനതയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിറസങ്കൽപ്പത്തിൽ തമിഴ് ജനതയുടെ സംസ്‌കാരമാണ് പ്രകടമായി കാണുന്നത്. തമിഴ് സംസ്‌കാരത്തിന്റെ അതിപ്രസരമുളള പ്രദേശം കൂടിയാണ് തെക്കേയറ്റം. ഇവിടത്തെ ആചാരങ്ങളിലും ചടങ്ങുകളിലും അതിന്റെ അംശം കടന്നുവരുന്നു. മന്ത്രവാദക്കളത്തിലെ ചായങ്ങൾ പഞ്ചവർണ്ണങ്ങളാണ്. മഞ്ചാടി ഇല ഉണക്കിപ്പൊടിച്ച പച്ച. അരിമാവ് അല്ലെങ്കിൽ വെളളക്കല്ല് പൊടിച്ചെടുക്കുന്ന വെളള, മഞ്ഞൽപ്പൊടിയും നീറ്റുകക്കയും ഇടകലർത്തിയ കുങ്കുമനിറം അല്ലെങ്കിൽ ചെമപ്പ്, ചിരട്ടക്കരി പൊടിച്ചെടുക്കുന്ന കറുപ്പ് എന്നിവയാണ് പഞ്ചവർണ്ണങ്ങൾ.
പഞ്ചവർണ്ണങ്ങളിൽ പ്രബലസ്‌ഥാനത്ത് നിൽക്കുന്നത് ചെമപ്പും മഞ്ഞയുമാണ്. മന്ത്രവാദക്കളത്തിന് അത്ഭുതപരിവേഷം സൃഷ്‌ടിക്കുന്നതും ഈ നിറങ്ങളാണ്. തലമുറയായി ജനതയുടെ മനസ്സിൽ രൂഢമൂലമായിത്തീർന്ന നിറങ്ങളാണിവ. തമിഴ് ആചാരങ്ങളിൽ ചെമപ്പിനും മഞ്ഞയ്‌ക്കുമാണ് പ്രഥമസ്‌ഥാനം. തമിഴരുടെ വിവാഹകർമ്മങ്ങളിലും ആചാരങ്ങളിലും ഉൽസവങ്ങളിലും കടുംനിറങ്ങളായ മഞ്ഞയ്‌ക്കും ചെമപ്പിനുമാണ് പ്രാബല്യം. അവിടത്തെ ആചാരരീതികളെ തെക്കേയറ്റത്തുകാർ സ്വീകരിച്ചതുകൊണ്ടാവാം ക്രൈസ്തവനവീകരണങ്ങളും വിദ്യാഭ്യാസപുരോഗതികളും സംഭവിച്ചുവെങ്കിലും മഞ്ഞയോടും ചെമപ്പിനോടുമുളള ആധമർണ്ണ്യം കൈവെടിയാത്തത്. കൂടാതെ പല പരിഷ്‌കാരങ്ങളും ക്ഷേത്രങ്ങളിലും മന്ത്രവാദങ്ങളിലും അനുവർത്തിച്ചുവെങ്കിലും പഞ്ചവർണ്ണപ്പൊടിയുടെ കാര്യത്തിൽമാത്രം റെഡിമെയ്‌ഡ് കളർ സംസ്‌കാരത്തിലേയ്‌ക്ക് ഇതുവരെ എത്തിയിട്ടില്ല.
പറഞ്ഞുതന്നത്‌ഃ- 1. ശ്രീ. വർഗ്ഗീസ് വൈദ്യർ (62) കുളത്തൂർ, ഉച്ചക്കട പി.ഒ. 2. ശ്രീ. ചെല്ലപ്പൻ (55) വിരാലി, ഉച്ചക്കട പി.ഒ.
Generated from archived content: kalam_aug26_05.html Author: simi_v
Click this button or press Ctrl+G to toggle between Malayalam and English