കർക്കടകം കേരളീയഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കഷ്‌ടതകൾ നിറഞ്ഞ ഒരു മാസമാണ്. തിരിമുറിയാത്ത മഴ, ജോലിയില്ലാത്ത ജനങ്ങൾ. അതോടെ ഓരോ വീട്ടിലും പട്ടിണി പതുക്കെ തലയുയർത്തുന്നു. കൂടെ രോഗങ്ങളും. അതുകൊണ്ടുതന്നെയാണ് ‘കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്ന ചൊല്ലുളളതും. വർഷത്തിൽ ഇത്രയും വിഷമംപിടിച്ച കാലത്തു ജനങ്ങൾ ഈശ്വരാരാധനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സ്വഭാവികമാണല്ലോ. അതോടൊപ്പം തങ്ങളുടെ കഷ്‌ടപ്പാടുകൾക്ക് പരിഹാരമുണ്ടാക്കിത്തരാൻ പല വഴികളിൽക്കൂടിയും ഈശ്വരനോടു പ്രാർത്‌ഥിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് കലിയൻ ദിനാഘോഷം. കർക്കടകം പടിക്കലെത്തുമ്പോൾ മിഥുനമാസത്തിലെ അവസാനദിവസമാണ് ഈ ചടങ്ങു നടത്തപ്പെടുന്നത്. ഒരു ക്ഷുദ്രമൂർത്തിയായിട്ടാണ് കലിയനെ സങ്കല്പിക്കുന്നതെങ്കിലും ജനങ്ങളുടെ ഐശ്വര്യങ്ങൾക്ക് ആവശ്യമായതെല്ലാം കലിയൻ നല്‌കുമെന്നാണ് വിശ്വാസം. ഇതിനുവേണ്ടി എല്ലാവരും കൂടി കലിയനോട് അപേക്ഷിക്കുകയാണ്. ഈ ദിവസം കാലത്തുമുതൽക്കുതന്നെ കലിയനു കൊടുക്കാനുളള ഒരുക്കങ്ങൾ തുടങ്ങും. ഓരോ വീട്ടിലുമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നതിനുമുമ്പ് ഒരു ഭാഗം പ്രത്യേകമായി ഒരു ചിരട്ടിയിലോ മറ്റോ എടുത്തുവെക്കുന്നു. വൈകുന്നേരമാകുന്നതോടെ പരിപാടികൾ ആരംഭിക്കുകയായി. ഇതിൽ നല്ലൊരുപങ്കുവഹിക്കുന്നതു കുട്ടികളാണ്. അവർ കൂവ, ഈർക്കിൾ, പ്ലാവില, വാഴത്തട്ട മുതലാവയകൊണ്ടു കൃഷിപ്പണിയായുധങ്ങളുടെയും മറ്റും മാതൃകകളുണ്ടാക്കുന്നു. കൂവയും ഈർക്കിലും ഉപയോഗിച്ചു പടന്ന, കൈക്കോട്ട്, കരി, നുകം തുടങ്ങിയവയുണ്ടാക്കും. പ്ലാവിലമടക്കി ഈർക്കിൽ കൊണ്ടു കുത്തിയിട്ട് അറ്റം കീറിയാൽ പശു, കാള മുതലായവയായി. ചെറിയ ഇലകൊണ്ടു പശുക്കുട്ടികളും. വാഴത്തട്ടയും ഈർക്കിലുമുപയോഗിച്ച് ആല, ഏണി, കോണി എന്നിവയുണ്ടാക്കും. ഇങ്ങനെ ഉണ്ടാക്കിയതെല്ലാം ഒരു നാക്കിലയിൽ എടുത്തു വെക്കുന്നു. സന്ധ്യയാകുന്നതോടെ കലിയനെ വിളിക്കുന്ന ശബ്‌ദംകൊണ്ടു നാടെങ്ങും മുഖരിതമാകും. വീടുകളിലും ഇടവഴികളിലും പാടങ്ങളിലും എന്നുവേണ്ട സർവ്വത്ര കലിയനെ വിളി തന്നെ.
“കലിയ, കലിയ കൂയ്….” കഴിയുന്നത്ര ശബ്‌ദത്തിൽ പുരുഷന്‌മാരും കുട്ടികളും ഒന്നിച്ചു വിളി കൂട്ടുന്നു.
“വിത്തും പത്തായോം മൂരീം വല്ലീം
കൊണ്ടിട്ടീച്ചുപോട് കലിയാ കൂയ്….”
“ചക്കേം മാങ്ങേം കൊണ്ടിട്ടീച്ചുപോട് കലിയാ കൂയ്…”
“ആളേം അടിയാരേയും കൊണ്ടിട്ടീച്ചുപോട് കലിയാ കൂയ്…”
അങ്ങനെ കൃഷിയുമായി ബന്ധപ്പെട്ടതെല്ലാം എത്തിച്ചുതരാൻ കലിയനോടപേക്ഷിക്കുന്നു. ചുരുക്കത്തിൽ കൃഷിയുടെ പുരോഗതിയും തദ്വാരാസമ്പൽസമൃദ്ധിയും ഉദ്ദേശിച്ചുകൊണ്ടുളള ഒരു ആരാധനാസമ്പ്രദായമാണ് ഈ ചടങ്ങ്. സന്ധ്യക്കു വിളക്കുവെക്കുമ്പോൾ “കലിയന്നുകൊടുക്കാനുളള ഒരുക്കങ്ങൾ തുടങ്ങുകയായി. വീട്ടിലെ ഒരു പുരുഷൻ താറുടുത്തു കിണ്ടിയിൽ വെളളം, കൊടുവാൾ, കത്തിച്ച ചൂട്ട് എന്നിവയെടുത്തു നടക്കുന്നു. പിന്നാലെ ഒരു നാന്നിലയിൽ ആദ്യം ഉണ്ടാക്കിവെച്ച ഉപകരണങ്ങളുമെടുത്തു മറ്റൊരാൾ. കാലത്തുമുതൽ വീട്ടിലുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചിരട്ടയിൽ എടുത്തുവെച്ചതും ഒരു ചിരട്ടയിൽ കൂട്ടിവെച്ച കുരുതിയും ാതിലുണ്ടാകും. അവർ പുര പ്രദക്ഷിണംവെച്ച് ഉമ്മറത്തുളള വിളക്കിനടുത്തെത്തുമ്പോൾ ഒരു സ്‌ത്രീതിരി കത്തിച്ച് ഒരു നാക്കിലയിലിടും. അങ്ങനെ മൂന്നുപ്രാവിശ്യം വീടുപ്രദക്ഷിണം വെക്കുന്നു. ആ സമയത്തെല്ലാം കലിയനെ വിളിക്കുന്നത് ആവുന്നത്ര ഉച്ചത്തിൽ മുഴങ്ങികൊണ്ടിരിക്കും. പിന്നീട് ഈ സാധനങ്ങളെല്ലാം പുരയുടെ തെക്കുഭാഗത്തുളള ഒരു പിലാവിന്റെ ചുവട്ടിൽ കൊണ്ടുപോയി നിക്ഷേപിക്കുന്നു. കത്തിച്ച ചൂട്ടും അവിടെ കുത്തിവെക്കും. അതിനുശേഷം അവൻ തിരിച്ചുപോരുന്നു. അപ്പോൾ ഒരു കൂവച്ചെടി പറിച്ചെടുത്തു മൂന്നുതവണ കലിയനെ വിളിച്ചശേഷം പുരപ്പുറത്തേക്കെറിയും. അതോടു കൂടി കലിയനു കൊടുക്കൽ അവസാനിച്ചു. ഈ ആഘോഷം പിന്നീടുളള ഭക്ഷണകാര്യത്തിലും ഉണ്ടാകും. ചക്കയുടെ കാലം കഴിഞ്ഞിരിക്കുമെങ്കിലും കലിയനുവേണ്ടി കൊയ്യാതെ കരുതിവെച്ചിരിക്കുന്ന ഒരു ചക്കയെങ്കിലും ഓരോ പറമ്പിലുമുണ്ടാകും. അങ്ങനെ ചക്കപ്പുഴുക്കും ചോറും മറ്റുവിഭവങ്ങളും വയറുനിറയെ കഴിക്കുന്നു. പായസത്തിനും ഇതിൽ വലിയ പ്രാധാന്യമുണ്ട്.
മിഥുനമാസം ാവസാനദിവസം കലിയൻ ആഘോഷിക്കുന്നുണ്ടെങ്കിൽ കർക്കിടകമാസാവസാനം കലിച്ചിയാഘോഷമാണ് നടക്കുന്നത്. ഇതും ഐശ്വര്യദേവതയെ സങ്കല്പിച്ചുകൊണ്ടുളള ഒരാരാധനതന്നെ. കലിച്ചിക്കുവേണ്ടി മാസാദ്യം മുതല്‌ക്കേ പൂജ തുടങ്ങുന്നുണ്ട്. വീട്ടിലെ ഒരു സ്‌ത്രീ പ്രഭാതത്തിൽ നിത്യകർമ്മങ്ങളെല്ലാം കഴിച്ചശേഷം വാഴയിലയിൽ തുളസിപ്പൂവും ഭസ്‌മവുമെടുത്തു കിണ്ടിയിൽ വെളളത്തോടൊപ്പം ഒരു പലകമേൽ വെച്ച ദീപം തെളിയിച്ചുപൂജിക്കുന്നു. ഇതിനു ”ചീപോതി (ശ്രീഭഗവതി)ക്കുവെക്കുക“ നന്നു പറയും. പിന്നീട് അതെടുത്ത് ഇറയിൽ തിരുകിവെക്കും. മാസാവസാനദിവസം ഇതെല്ലാം ഒരു പൊട്ടക്കലത്തിലിട്ട് മുറിഞ്ഞുപോയ കൈയില്, കരിക്കാട് ചേർന്ന ചോറ്, പഴയചൂല് എന്നിവയോടൊപ്പം ഒരു പഴയ മുറത്തിൽവെച്ചു യാതൊന്നും സംസാരിക്കാതെ ആൾ സഞ്ചാരമില്ലാത്ത ഒരു മുക്കൂട്ടുവഴിയിൽ കൊണ്ടുപോയീടുന്നു. അതിനുശേഷം കുളിച്ചുവന്ന് ഉണങ്ങലരി കൊണ്ടു കഞ്ഞിയുാക്കി അകത്തിവെച്ചു നിവേദിക്കും. ”മൂദേവിയെ ദൂരെയകറ്റി ലക്ഷ്‌മിദേവിയെ അകത്തേക്കു സ്വീകരിക്കുക“ എന്നതാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.
രാത്രിസമയത്തു മുന്നൂറ്റൻ, ഭഗവതിയുടെ വേഷം കെട്ടുവന്നു പാട്ടുപാടാറുമുണ്ട്. ഇതിന് ”ചീപോതിപാടുക“ എന്നാണ് പറയുക.
ഇത്തരം ചടങ്ങുകളെല്ലാം ഇപ്പോൾ വളരെയേറെ ചുരുങ്ങി വരികയാണ്.
Generated from archived content: natt_kaliyanum.html Author: siji_n