വടക്കൻപാട്ടുകളും കളരിയും

കേരളത്തിലെ കളരികൾക്ക്‌ വളരെ പ്രാചീനമായ ഒരു ചരിത്രമാണുളളത്‌. പരശുരാമൻ നാടിന്റെ രക്ഷയ്‌ക്കുവേണ്ടി ‘അടവിൽ ജനങ്ങളെ’ പരിശീലിപ്പിക്കുന്നതിനു കേരളം മുഴുവൻ കളരികൾ സ്ഥാപിച്ചു എന്ന വിശ്വാസത്തെപ്പറ്റി പി. ഗോവിന്ദപ്പിളള തന്റെ മലയാള ഭാഷാചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. ഇക്കാര്യം തന്നെ ഒരു വടക്കൻ പാട്ടിൽ സൂചിപ്പിക്കുകയും ചെയ്യുന്നുഃ

‘ഭൂമി ഇളക്കവും മാറാഞ്ഞിട്ടെ

നൂറ്റെട്ടുപ്രതിഷ്‌ഠയും ഉണ്ടാക്കുന്നു

അതുകൊണ്ട്‌ ഇളക്കവും മാറാഞ്ഞിട്ടെ

കനകം പൊടിച്ചു വിതറിയന്നെ

എന്നിട്ടും ഭൂമി ഒറച്ചില്ലല്ലൊ

ഭൂമി കുഴിച്ചുകനകംവെച്ചു

എന്നിട്ടും ഇളക്കവും മാറാഞ്ഞിട്ടെ

നാല്പത്തു രണ്ടു കളരിതീർത്തു….

ഭദ്രകാളിയെന്ന ഭഗവതിയെ

മിഥുനക്കോടിമേൽക്കൂടിയും വെച്ചു

അങ്ങനെയുളെളാരു ഭരദേവതയെ

കളരികളൊക്കെയും കുടിയും വെച്ചു

ഭൂമിയെളക്കവും മാറിയല്ലോ’

ഇതിന്റെ സത്യാവസ്ഥ എന്തുതന്നെയായാലും കളരിയുടെ പഴമയിലേക്കാണ്‌ ഇതുവിരൽ ചൂണ്ടുന്നത്‌. ഒരു കാലത്ത്‌ കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും കളരികളുണ്ടായിരുന്നു. എന്നാൽ ഇന്ന്‌ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം കാണുന്ന അവയുടെ അവശിഷ്‌ടങ്ങൾ ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം തീരെ നശിച്ചുകഴിഞ്ഞിരിക്കുന്നു. കളരിപ്പറമ്പ്‌, കളരിക്കണ്ടി, കളരിക്കൽ, കളരിയുളളതിൽ തുടങ്ങിയ പേരുകളുളള പറമ്പുകൾ ഗ്രാമങ്ങളിൽ ഇന്നും കാണാം. ഇതിൽനിന്ന്‌ അക്കാലത്തു ഗ്രാമങ്ങളിൽ കളരികൾക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാകുന്നുണ്ടല്ലോ.

കളരികളുടെ ചരിത്രം വളരെ പ്രാചീനമാണെങ്കിലും അതിന്‌ ഏറ്റവുമധികം പ്രാധാന്യം സിദ്ധിച്ചതു വടക്കൻപാട്ടുകളുടെ കാലത്താണ്‌. അന്നത്തെ സാമൂഹിക വ്യവസ്ഥ ഇതിനു വളരെയേറെ സഹായകമായിരുന്നു. അക്കാലത്തു ഭരണാധികാരികളായി രാജാക്കൻമാരും തമ്പുരാക്കൻമാരും മറ്റുമുണ്ടായിരുന്നെങ്കിലും ശരിയായ നീതിന്യായ വ്യവസ്ഥകളോ ശിക്ഷാക്രമങ്ങളോ നിലവിലുണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അത്‌ കാര്യമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നതുമില്ല. ചുരുക്കത്തിൽ കൈയൂക്കുളളവൻ കാര്യക്കാരൻ എന്നതായിരുന്നു അന്നത്തെ നില. അങ്ങനെയുളള ഒരു വ്യവസ്ഥിതിയിൽ തങ്ങളുടെ ശരീരം സ്വത്ത്‌ തുടങ്ങിയവ കാത്തുസൂക്ഷിക്കേണ്ട ചുമതല ഓരോരുത്തനുമുണ്ടായിരുന്നു.

അന്ന്‌ ഓരോ പുരുഷനും തന്റേയും തറവാടിന്റെയും അഭിമാനം സംരക്ഷിക്കുന്നതിൽ സദാജാഗരൂകനായിരുന്നു. അഭിമാനത്തിനു വേണ്ടി എതിരാളിയോടു നേരിട്ട്‌, വേണ്ടിവന്നാൽ മരിക്കുന്നതുപോലും വീരോചിതമായിട്ടാണ്‌ പരിഗണിക്കപ്പെട്ടുവന്നിരുന്നത്‌. അപമാനിതരായി ജീവിക്കുന്നത്‌ അവർ ഒരിക്കലും സഹിച്ചിരുന്നില്ല. ഈ നിലയിൽ ഓരോരുത്തരും ആയോധനമുറകൾ സ്വായത്തമാക്കേണ്ടത്‌ അന്നത്തെ ചുറ്റുപാടിൽ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഈ ലക്ഷ്യത്തിനുവേണ്ടി ഗ്രാമങ്ങളിലെങ്ങും കളരികൾ സ്ഥാപിക്കുകയും ആയുധപരിശീലനം നടത്തുകയും ചെയ്‌തു വന്നു. കൂടാതെ ദേഹരക്ഷയ്‌ക്കും ആരോഗ്യസംരക്ഷണത്തിന്നും ഈ കളരികൾ സഹായകമായിരുന്നു. അന്നത്തെ ജനങ്ങൾക്ക്‌ കളരിയുമായി അഭേദ്യമായ ഒരു ബന്ധമാണുണ്ടായിരുന്നത്‌. ഈ വസ്‌തുത വടക്കൻ പാട്ടുകളിൽ വ്യക്‌തമായി വിവരിക്കുന്നുണ്ട്‌. ആയുധപരിശീലനത്തിനായി നിർമ്മിച്ചിട്ടുളള കളരികൾക്കു പ്രത്യേകമായ അളവുകളുണ്ടായിരുന്നു. നാല്പത്തിരണ്ടടി നീളം, പതിനഞ്ചടി വീതി, ആറടി ആഴം എന്നിങ്ങനെയായിരുന്നു പൊതുവെ കളരികളുടെ അളവ്‌. അതിന്‌ ഓലകൊണ്ടുളള ഒരു മേല്പുരയും ഉണ്ടായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ അളവുകളോടുകൂടിയ കളരികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കളരിയുടെ കിഴക്കു ഭാഗത്തു കൂടി വലതുകാൽ മുന്നിൽ വെച്ചു നിലം തൊട്ടു വന്ദിച്ചതിനു ശേഷമാണ്‌ അകത്തു പ്രവേശിക്കേണ്ടത്‌. അവിടെ തെക്കു പടിഞ്ഞാറെ മൂലയിൽ കളരിഭഗവതിയെ സങ്കല്പിച്ചിരിക്കും. ഇത്‌ ‘പൂത്തറ’ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. അതിനുപുറമേ മറ്റു ദേവൻമാരെയും ഇവിടെ സങ്കല്പിച്ചിരുന്നു. ഈ ദേവൻമാർക്കെല്ലാം ഭയഭക്തിപൂർവ്വം പൂജാദികൾ നടത്തുന്നതു പതിവായിരുന്നു. കളരി ദേവതമാരെ വന്ദിച്ചതിനുശേഷമേ പരിശീലനങ്ങൾ ആരംഭിച്ചിരുന്നുളളൂ. ഈ നിലയിൽ കളരിയെ ഒരു ആയുധ പരിശീലന കേന്ദ്രമെന്നതിനു പുറമേ ആരാധനാലയമെന്നനിലയിലും പരിഗണിച്ചുവന്നു.

ഒരു കുട്ടിക്ക്‌ ഏഴു വയസ്സ്‌ പ്രായമായാൽ കളരിയിൽ ചേർക്കേണ്ടതു നിർബന്ധമായിരുന്നു. അപ്പോൾ ആശാന്‌ പങ്ങ, മുണ്ട്‌, വെറ്റില, അടയ്‌ക്ക എന്നിവ ദക്ഷിണയായി കൊടുക്കണം. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളെയും കളരിയിൽ ചേർത്തിരുന്നു. അക്ഷരാഭ്യാസത്തേക്കാൾ പ്രാധാന്യം പയറ്റു പഠിക്കുന്നതിനാണ്‌ നല്‌കിയത്‌. ചില ആശാൻമാരുടെ കീഴിൽ ഒന്നിലധികം കളരികളുണ്ടായിരുന്നു. കളരിയിൽ പ്രവേശിച്ച കുട്ടിയുടെ ശരീരത്തിൽ ആശാൻ(ഗുരുക്കൾ) എണ്ണ പുരട്ടി ഉഴിച്ചിൽ നടത്തും. അങ്ങനെ കുറെ ദിവസം കഴിയുന്നതോടെ അവന്റെ ശരീരം ഇഷ്‌ടാനുസരണം ചലിപ്പിക്കാൻ കഴിയുന്നു. ഇതിന്റെ പലമായി ‘മെയ്യൊതുക്കം’ സ്വാധീനമാകും. അങ്ങനെ ‘മെയ്യ്‌ കണ്ണാക്കി’യാൽ ആയുധപരിശീലനം തുടങ്ങുകയായി. ആദ്യമായി മരം കൊണ്ടുളള കെട്ടുകാരി, ചെറുവടി, ഒറ്റ എന്നിവകൊണ്ട്‌ പരിശീലനം നടത്തുന്നു. അഞ്ചോ ആറോ അടിനീളത്തിൽ മൂന്നിഞ്ചോളം വണ്ണമുളള ഒരു വടിയാണ്‌ കെട്ടുകാരി. ഇതാണ്‌ ആദ്യമായി പ്രയോഗിക്കുന്ന ആയുധം. ഇതുകൊണ്ട്‌ അടിക്കുകയും തടുക്കുകയും ചെയ്യും. അതിനുശേഷം ഉപയോഗിക്കുന്ന ‘ചെറുവടി’ നീളം കുറഞ്ഞ ഒരു വടിയാണ്‌. അതുകൊണ്ട്‌ ശക്‌തിയോടെ അടിക്കാനും തടുക്കാനും പരിശീലിക്കുന്നു. പിന്നീടാണ്‌ ഒറ്റ പ്രായോഗിക്കുന്നത്‌. ഏകദേശം ഇരുപത്‌ ഇഞ്ച്‌ നീളമുളളതും അല്പം വളവോടുകൂടിയതുമായ ഒരായുധമാണിത്‌. ഒരാൾ ഇതുകൊണ്ടും മറ്റൊരാൾ ചെറുവടികൊണ്ടും നേരിട്ടു പയറ്റുന്നു. ഇതോടുകൂടി ചുവടുറപ്പുകഴിയും. ഒടുവിലാണ്‌ കഠാര, വാൾ, ഉറുമി, കുന്തം മുതലായവയെടുത്തു പരിശീലിക്കുന്നത്‌. ഇവയെല്ലാം പ്രയോഗിക്കണമെങ്കിൽ അതിന്നനുയോജ്യമായ നല്ല പരിശീലനം ലഭിക്കേണ്ടതുണ്ട്‌. അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ നേരിട്ടേക്കും. വാളും പരിചയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പാറിക്കൊണ്ടിരിക്കുന്ന തീപ്പൊരികളും ഉഗ്രമായ ശബ്‌ദഘോഷങ്ങളും യോദ്ധാക്കളുടെ രൗദ്രഭാവങ്ങളും മറ്റും ഉത്‌കണ്‌ഠാജനകവും വികാരനിർഭരവുമായിരിക്കും. ഇത്തരത്തിലുളള പയറ്റ്‌ നടക്കുമ്പോൾ യോദ്ധാക്കളുടെ ശരീരത്തിന്റെ ദ്രുതചലനങ്ങളും മനസ്സിന്റെ ഏകാഗ്രതയും സൂക്ഷ്‌മദൃഷ്‌ടിയും കൈവേഗതയും അത്ഭുതകരമാം വണ്ണം ഒത്തിണങ്ങേണ്ടതുണ്ട്‌. പയറ്റുമുറകൾ പരിശീലിക്കുമ്പോഴെല്ലാം ആശാൻ ശിഷ്യന്‌ ഓരോ ചുവടും വെക്കേണ്ടതെങ്ങനെയെന്നു നിർദ്ദേശം നൽകികൊണ്ടിരിക്കും. ഇതിന്‌ ‘വായ്‌ത്താരി’ എന്നു പറയുന്നു. ഇതിനനുസരിച്ചായിരിക്കും ശിഷ്യന്റെ ചലനങ്ങൾ. ഉദാഹരണത്തിന്‌ അഭ്യാസം തുടങ്ങുന്നതിനുമുമ്പുളള വന്ദനത്തിന്റെ വായ്‌ത്താരിനോക്കുകഃ

“വലിഞ്ഞമർന്ന്‌ വലത്തുനടന്ന്‌ കളരിതൊട്ട്‌ കൈ നേരെ കൂപ്പിത്തൊഴുത്‌ വലത്തുകാൽ തൂക്കിയെടുത്ത്‌ വലത്തുകൊണ്ട്‌ നീക്കിച്ചവുട്ടി ഇടതുകാൽ തൂക്കിയെടുത്ത്‌ ഇടത്തുകൊണ്ട്‌ നീക്കിച്ചവുട്ടി വലത്തതിൽ പന്തിയിട്ടിരുന്ന്‌ മുട്ടുതൊട്ട്‌ മുയിപ്പുതൊട്ട്‌ കൈനേരെ കൂപ്പിത്തൊഴുത്‌ തൊട്ടുവന്ദിച്ചമർന്ന്‌ കൈ നേരെ കൂപ്പിത്തൊഴുത്‌ വലതുകാൽ തൂക്കിയെടുത്ത്‌ വലതുകൊണ്ട്‌ നീക്കിച്ചവുട്ടി ഇടതുകാൽ തൂക്കിയെടുത്ത്‌ ഇടതുകൊണ്ട്‌ നീക്കിച്ചവുട്ടി വലത്തതിൽ തൊട്ടുവന്ദിച്ച്‌ വലവറതിരിഞ്ഞ്‌ ഇടത്തുകൊണ്ട്‌ നീക്കിച്ചവുട്ടി വലത്തതിൽ തൊട്ടുവന്ദിച്ച്‌ വലവറതിരിഞ്ഞ്‌ ഇടതുകൊണ്ട്‌ നീക്കിച്ചവുട്ടി വലന്തതിലമർന്ന്‌ തൊഴുതു”

കളരിയിൽ പഠനം നടക്കുമ്പോൾ അരയിൽ കച്ചകെട്ടാറുണ്ടായിരുന്നു. നാലോ അഞ്ചോ ഇഞ്ച്‌ വീതിയും പതിനെട്ടടിയോളം നീളവുമുളള ഒരു ശീലയായിരുന്നു കച്ച. പ്രധാനമായും അരയുടെ ഉറപ്പിനുവേണ്ടിയാണ്‌ ഇതു കെട്ടിയിരുന്നത്‌. യോദ്ധാക്കൾ പടയ്‌ക്കുപോകുമ്പോഴും കച്ചകെട്ടാറുണ്ടായിരുന്നുഃ

“കുഴലിൽ തെറുത്തൊരു കച്ചയത്‌

പന്തുപോലെയങ്ങ്‌ ചുരുട്ടിയത്‌

ആകാശംചൂണ്ടിയെറിയുന്നുണ്ട്‌

പകിരിതിരിഞ്ഞങ്ങുകെട്ടികച്ച

വടക്കൻ ഞെറിവെച്ചും ഞാത്തുവെച്ചും

തെക്കൻഞ്ഞെറിവച്ചും കൂന്തൻവെച്ചും

ആനമുഖം വെച്ചുകെട്ടികച്ച

കുതിരമുഖംവെച്ചഴകുനീട്ടി

പതിനെട്ടുഞ്ഞെറിവച്ചുകെട്ടികച്ച

അങ്കവാലങ്ങു ഉഴിഞ്ഞുകെട്ടി”

പയറ്റുമുറകൾ പൂർണ്ണമായി പരിശീലിക്കുന്നതിനു പതിനെട്ടടവുകൾ പഠിക്കേണ്ടതുണ്ടായിരുന്നു. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്ങ്‌മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ഞ്‌ജയം, സൗഭദ്രം, പടലം, പുരഞ്ഞ്‌ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്‌ത്രം, അനുത്തമം എന്നിവയായിരുന്നു ഈ അടവുകൾ. ഇവയ്‌ക്കു പുറമെ പൂഴിക്കടകനടി, തച്ചോളി ഓതിരംവെട്ട്‌ മുതലായ അപൂർവ്വപ്രയോഗങ്ങളെപ്പറ്റിയും വടക്കൻപാട്ടുകളിൽ പ്രതിപാദിക്കുന്നുണ്ട്‌.

കളരിയിലെ പരിശീലനം ചുരുങ്ങിയത്‌ അഞ്ചുവർഷമെങ്കിലും നടത്തിയിരുന്നു. അതിനുശേഷം ചിലർ പഠനം തുടർന്നുനടത്തും. ഒരു കളരിയിലെ പഠനം പൂർത്തിയാക്കാൻ ആവശ്യമെന്നു തോന്നുന്ന പക്ഷം ഉയർന്ന കളരികളിൽപോയി പഠിപ്പ്‌ തുടരാം. അവിടെയും അഭ്യസനം കഴിഞ്ഞാൽ കൂടുതൽ പരിശീലിക്കുന്നതിനു തുളുനാട്ടിൽ പോയി പഠിക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ മറ്റുളളവരാകട്ടെ ഒരു വിധം പഠിപ്പൊക്കെ കഴിഞ്ഞാൽ ജീവിതത്തിന്റെ മറ്റുതുറകളിലേക്കു പ്രവേശിക്കുകയാണ്‌ ചെയ്‌തിരുന്നത്‌. പഠനം തുടരാൻ ആഗ്രഹിക്കുന്നവർ പൂർത്തിയാക്കിയശേഷം കളരികൾ സ്ഥാപിച്ചു കുട്ടികളെ പരിശീലിക്കുകയും ചെയ്‌തുവന്നു.

കളരി ആശാൻമാർക്കു ലഭിച്ചിരുന്ന പ്രധാനവരുമാനം കുട്ടികളിൽ നിന്നുളള ദക്ഷിണയായിരുന്നു. കൂടാതെ ചില പ്രത്യേക സന്ദർഭങ്ങളിൽ നാടുവാഴി, ദേശവാഴി തുടങ്ങിയവരിൽ നിന്നു പലവിധപാരിതോഷികങ്ങളും അവർക്കു ലഭിച്ചിരുന്നു. പൂത്തൂരം വീട്ടുകാരുടെ വരുമാനത്തെപ്പറ്റി ഇങ്ങനെ പറയുന്നുഃ

‘തൊടുവോർകളരിയിൽ പയറ്റുംകാലം

തുടങ്ങുമ്പോളായിരം കിട്ടുമല്ലോ

നിർത്തുമ്പോളായിരത്തൊന്നുകിട്ടും

കറുത്തേനാർ നാടുവാണതമ്പുരാനെ

ഉടവാളുപിടിക്കുന്ന കളരിയാണെ

മണ്ഡലം താലി പിറന്നിടുമ്പോൾ

മണ്ഡലം താലി പയറ്റുണ്ടല്ലോ

ശിഷ്യർക്കളൊക്കെത്തികയുമെന്നാൽ

ഏറിയവെളളരികിട്ടും നൊക്കെ

അതുകൊണ്ടുവീടു പുലർന്നുപോകും

ഏറിയസമ്മാനം കിട്ടും നോക്കെ

വിലയേറിയ പട്ടും മുണ്ടും കിട്ടും

കളരിയിൽ പൂജ കഴിഞ്ഞിടുമ്പോൾ

കണ്ടതിലൊക്കെപ്പുറപ്പാടുണ്ടെ….

കളരിയിൽ പൂജകഴിക്കുനേരം

നാടുവാഴിദേശവാഴി എത്തുമല്ലേ

നാട്ടുകാരെക്കെ ഒരുമിച്ചിടെ

നേർച്ചകൾ കിട്ടുന്നതു ചൊല്ലിക്കൂടാ

കൊടിയും കൊടിക്കൂറക്കറ്റമില്ല

കാണാൻവരുന്നവർക്കറ്റമില്ല’

ശാസ്‌ത്രീയമായി അഭ്യാസമുറകൾ പഠിച്ചുറച്ച ഒരു യോദ്ധാവ്‌ എന്നതിനു പുറമേ, കളരി ആശാൻ നല്ലൊരു ചികിത്സാവിദഗ്‌ധനും കൂടിയായിരിക്കും. ശരീരത്തിലെ ഓരോ ഭാഗത്തെപ്പറ്റിയും അദ്ദേഹത്തിന്‌ വ്യക്തമായ അറിവുണ്ടായിരുന്നു. പയറ്റു നടക്കുമ്പോൾ ചിലസന്ദർഭങ്ങളിൽ ഉളുക്ക്‌, ചതവ്‌, അസ്ഥിഭംഗം തുടങ്ങിയ അപകടങ്ങൾ സംഭവിച്ചുവെന്നുവരാം. അപ്പോൾ അതെല്ലാം സുഖപ്പെടുത്തത്തക്ക പരിശീലനവും ഔഷധപരിജ്‌ഞ്ഞാനവും ആശാനുണ്ടായിരുന്നു. അങ്ങനെ കളരി ഒരു ചികിത്സാകേന്ദ്രവും കൂടിയായിരുന്നെന്നു പറയാം.

കളരികൾക്ക്‌ ചിലർ പ്രത്യേകമായ ചില രക്ഷാസംവിധാനങ്ങളൊക്കെ ഏർപ്പെടുത്തിയിരുന്നു. ചതിയനായ ചന്തു എതിരാളികളിൽ നിന്നും ഒഴിഞ്ഞുമാറാൻ തന്റെ കളരിയിൽ ചെയ്‌തിരുന്ന ഒരുക്കങ്ങളെപ്പറ്റി ഒരു പാട്ടിൽ ഇങ്ങനെ വിവരിക്കുന്നു.

“നാല്പത്തു ഈരടിനീളമുണ്ടെ

മാറ്റാന്റെ വരവുകരുതീടല്ലൊ

കരുതി തീർപ്പിച്ച കളരിയല്ലൊ

കരിങ്കല്ലുകൊണ്ടങ്ങുകെട്ടിഉയർത്തി

പുളിങ്കാതൽകൊണ്ടുളളവാതിലാണെ

അന്താഴംതളളി അഴി എറിഞ്ഞിട്ടുണ്ടെ

അരിമതാഴോടിട്ട പൂട്ടിട്ടുണ്ടെ

പതിനാറാൾക്കു ഉയരമുണ്ട്‌

ഏഴാൾക്കു താഴ്‌ചയുളള കിടങ്ങുകളും

മതിലുകൾക്കേഴിന്നും വാതിലുണ്ടെ

എല്ലാകളരിക്കും വാതിലൊന്നെ

ചന്തൂന്റെ കളരിക്കു വാതിൽ രണ്ടെ

നേർവാതിൽ ഒന്ന്‌ പൊഴിവാതിൽഒന്ന്‌”

ആയുധപ്രയോഗങ്ങളിൽ പേരും പെരുമയുമാർജ്ജിച്ച എത്രയോ ധീരരായ പടനായകൻമാരെപ്പറ്റി വടക്കൻ പാട്ടുകളിൽ ഹൃദയസ്പൃക്കായ രീതിയിൽ വിവരിക്കുന്നുണ്ട്‌. ആരോമൽ ചേകവർ, ആരോമലുണ്ണി, ഉണ്ണിയാർച്ച, തച്ചോളിഒതേനൻ, തച്ചോളി ചന്തു തുടങ്ങിയ വീരയോദ്ധാക്കളെപ്പറ്റിയുളള രോമാഞ്ചമണിയിക്കുന്ന കഥകൾ ഈ പാട്ടുകളിൽ ധാരാളം കാണാം. അവരിൽ ആരോമൽച്ചേകവരുടെ അത്ഭുതകരമായ ഒരു പ്രകടനത്തെപ്പറ്റി വിവരിക്കുന്നത്‌ ശ്രദ്ധേയമാണ്‌.

“പീഠം വലിച്ചങ്ങുവെച്ചുചേകോൻ

പാവാടതന്നെ വിരിക്കുന്നുണ്ട്‌

പാവാടമുകളിൽ തളികവെച്ചു

തളികനിറയോളം വെളളരിയും

വെളളരിമീതെ ഒരു നാളികേരം

നാളികേരത്തിന്മേൽ ചെമ്പഴുക്ക

പഴുക്കമുകളിലൊരു കോഴിമുട്ട

കോഴിമുട്ടമേൽ തൂശിനാട്ടി

തൂശിമുനമേൽ ചുരികനാട്ടി

ചുരികമുനമേൽ മറിഞ്ഞുനിന്നെ

നൃത്തങ്ങളേഴും കുറിച്ചവനും”.

ഇതുപോലെത്തന്നെ എതിരാളികൾ തമ്മിൽ ഏറ്റുമുട്ടുന്ന രംഗങ്ങളും ഉദ്വേഗജനകങ്ങളാണ്‌. തച്ചോളിചന്തുവും കണ്ടർമേനോനും തമ്മിലുളള സംഘട്ടനം ഇതിന്‌ ഉദാഹരിക്കാവുന്നതാണ്‌ഃ

“സരസ്വതി അങ്കം പിടിച്ചവരും

ഗണപതിഅങ്കവും താരിതാഴ്‌ത്തി

കോൽത്താരി അങ്കം പിടിച്ചവരും

അഞ്ഞൂറും മുന്നൂറും നീട്ടുനീട്ടി

വാൾത്താരിഅങ്കം പിടിച്ചവരും

അഞ്ചൂറും മുന്നൂറും വെട്ടുവെട്ടി

പതിനെട്ടടവങ്ങുവെട്ട്യവരും

പുലിയങ്കത്താരായും നേരിട്ടല്ലോ

ചുരികമുനയീന്നു തീ പറന്നു

അങ്കം പറന്നങ്ങു വെട്ടുന്നേരം

വാടിമയങ്ങുന്നു കണ്ടർമേനോൻ

ആ തക്കം കണ്ടുടൻ കുഞ്ഞിച്ചന്തു

ഈറ്റപ്പുലിപോലെ എതിർക്കുന്നുണ്ട്‌

പോത്തും കലയും ചെറുക്കും വണ്ണം

മാനത്തുവലിയിടിവെട്ടുംപോലെ

ബാലിസുഗ്രീവൻമാർ യുദ്ധംപോലെ

ആളെ വിവരിച്ചറിഞ്ഞുകൂടാ

ആ തക്കം കണ്ടുടൻ ചന്തുതാനും

പൂഴിപ്പോരങ്കം പിടിച്ചുചന്തു

പരിചക്കൊപ്പരയിൽ മണ്ണുകോരി

കണ്ടർമേനോന്റെ മുഖത്തെറിഞ്ഞു

കണ്ണിലുംമൂക്കിലും മണ്ണുപോയി

ആ തക്കം കണ്ടുടൻ ചന്തുതാനും

പകിരിതിരിഞ്ഞങ്ങുവെട്ടിചന്തു

തച്ചോളിഓതിരം വെട്ടുവെട്ടി

ഒമ്പതുമുറിയായി വീണുമേനോൻ”.

പരസ്പരം ഏറ്റുമുട്ടിക്കഴിഞ്ഞാൽ ഒന്നുങ്കിൽ വിജയം അല്ലെങ്കിൽ മരണം എന്നതായിരുന്നു അന്നത്തെ പടയാളികളുടെ ലക്ഷ്യം.

ഒരു കാലത്ത്‌ ആയുധാഭ്യാസത്തിലും ആരോഗ്യസമ്പാദത്തിലും സുപ്രധാനമായ പങ്കുവഹിച്ച്‌ ഗ്രാമങ്ങളിൽ തലയുയർത്തിനിന്നിരുന്ന കളരികൾ കാലാന്തരത്തിൽ ക്ഷയോന്മുഖമായിത്തീരാൻ തുടങ്ങി. വെളളക്കാരുടെ വരവോടുകൂടി യുദ്ധത്തിന്റെ സമ്പ്രദായങ്ങളെല്ലാം പാടെ മാറിക്കഴിഞ്ഞു. ഭരണസംവിധാനത്തിൽ വന്ന മാറ്റങ്ങളും സമൂഹത്തിൽ ഗണ്യമായ പരിവർത്തനങ്ങൾക്കിടയാക്കി. തോക്കു മുതലായ ആയുധങ്ങൾക്കു പ്രചാരം കൂടിവന്നപ്പോൾ വാൾ, പരിച മുതലായവയെല്ലാം പ്രദർശനവസ്‌തുക്കൾ മാത്രമായിത്തീർന്നു. നിയമങ്ങൾ കർശനമായി പാലിക്കാൻ കോടതിയും മറ്റും ഉണ്ടായതോടെ കൈയൂക്കുളളവന്റെ ആധിപത്യത്തിനു ക്ഷീണം നേരിടുകയും ചെയ്‌തു. അങ്ങനെ വടക്കൻപാട്ടുകളുടെ കാലത്തു സമുദായത്തിൽ മർമ്മ പ്രധാനമായ സ്ഥാനം വഹിച്ചിരുന്ന കളരികൾ ക്രമേണ നശിക്കാൻ തുടങ്ങി. മാറിയ ചുറ്റുപാടിലും യുവാക്കളുടെ ആരോഗ്യപരിപാലനത്തിനും ശരീരരക്ഷയ്‌ക്കും കളരിപരിശീലനം ചിലദിക്കിലെങ്കിലും ചുരുങ്ങിയ തോതിൽ ഇന്നും നടന്നു വരുന്നുണ്ട്‌.

പറഞ്ഞു തന്നത്‌ഃ ശ്രീ. നാരായണൻ ഗുരുക്കൾ, കോഴിക്കോട്‌, ശ്രീ വേലായുധൻ ഗുരുക്കൾ, കോരപ്പുഴ.

Generated from archived content: aug7_pattu.html Author: siji_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here