പായ നെയ്‌ത്ത് (കൈതോല)ഃ നല്ല കൈതോല മുറിച്ച് മുളള് വാർന്ന് കളഞ്ഞ് ആദ്യം ത്രികോണാകൃതിയിലും പിന്നീട് അതിനുചുറ്റും ഓലചുറ്റി വെയിലത്തുവച്ച് ഉണക്കണം. വെളളനിറം വരുന്നതുവരെ ഉണക്കണം. ചെറിയ വടി പെൻസിൽ കനത്തിൽ എടുത്ത് ഓല വെളളം തളിച്ച് ഓരോ ഓലയായി കൈകൊണ്ട് നിവർത്തി ചുളിവു മാറ്റുക (ഉഴിഞ്ഞ് ചുളിവ് കളയുക). നേരെ നടുപൊളിച്ച് ഓല എടുക്കണം. നെയ്യുന്ന വിധംഃ നടുപിളർന്ന ഓല ആദ്യം നാലെണ്ണം എടുത്ത് പൊളി നടുമടക്കിവച്ച് നെയ്‌തു തുടങ്ങണം. രണ്ടോല താഴ്‌ത്തി രണ്ടോല പൊക്കി ഒരോല നെടുകെ വയ്‌ക്കണം. ആ പൊളി പിന്നത്തെ മടക്കിന് മടക്കണം. അടുത്ത തവണ ആദ്യം താഴ്‌ത്തിയത് പൊക്കി വീണ്ടും നെടുകേ ഓലവച്ച് മടക്കണം. അങ്ങനെ തുടർന്ന് നെയ്‌തുതുടങ്ങണം.
8 അടി നീളംവരെ നെയ്‌തുകൊണ്ടുപോയി അങ്ങേ അറ്റത്തു ചെല്ലുമ്പോൾ നെയ്‌തു മടക്കിവയ്‌ക്കണം. പിന്നെ ഓലവയ്‌ക്കരുത്. നെയ്‌തവസാനിക്കുമ്പോൾ നീളം കുറഞ്ഞവയ്‌ക്ക് ഓരോ ഓല ഇടയ്‌ക്ക്‌വച്ചുകൊടുക്കണം. ആദ്യം നെയ്‌തപോലെ പിന്നീട് അവസാനവും പൊളി മടക്കി അവസാനിപ്പിക്കണം. മെത്തപ്പായഃ ചുരുൾനിവർത്തിയ ഓല നാലായി പൊളിക്കണം. ആദ്യം 8 ഓല പൊളി മടക്കി നാലെണ്ണം മുകളിലും നാലെണ്ണം താഴെയും ആയി രണ്ട് ഓല നീളത്തിലുംവച്ച് നെയ്യണം. മടക്കുന്നത് സാധാരണപോലെ. നെയ്‌ത് അവസാനിക്കുമ്പോൾ രണ്ടുപായുടെ കനംവരും. 8 അടി നീളംവരെ നെയ്യണം.
ചിക്കുപായഃചുരുൾനിവർത്തിയ ഓല പൊളിക്കാതെവച്ച് സാധാരണ പായ നെയ്യുന്നതുപോലെ നെയ്‌ത് 16 അടി നീളം എത്തുമ്പോൾ നിറുത്തുക. പൂവട്ടിഃ ചുരുൾ നിവർത്തിയ ഓല നടുകീറി എടുക്കുക. രണ്ടോല നെടുകെയും രണ്ടോല കുറുകെയും വച്ച് നെയ്‌ത് തുടങ്ങി പപ്പടവട്ടം വരുമ്പോൾ നാലുമൂല തിരിച്ച് മടക്കണം. ഒരുപൊളിയെടുത്ത് മടക്കിനെയ്‌ത് രണ്ടാമത്തെ മൂലവരുമ്പോൾ ഒരുപൊളി മടക്കിനെയ്‌ത് മൂന്നാമത്തെയും നാലാമത്തേയും മൂലവരുമ്പോഴും നെയ്‌തുമടക്കി മുകളിലേയ്‌ക്ക് നെയ്യുക. ഒരുചാൺ നീളംവരുമ്പോൾ അറ്റം മടക്കി നെയ്‌തുകൂട്ടിയാൽ പൂവട്ടിയാകും. മുറുക്കാൻ വട്ടിയും കുറത്തിവട്ടിയും ഇതുപോലെത്തന്നെ വിവിധ വലിപ്പത്തിൽ നെയ്‌ത് എടുക്കണം.
തെങ്ങോലപ്പണിഃ പുരമേയുന്ന ഓലപട്ട നടുപൊളിച്ച് അരികത്തുളള മടൽചീകി തലപ്പും കടയും കൊത്തിക്കളയുക. മടലിന്റെ കടയ്‌ക്കൽനിന്നു നെയ്‌തുതുടങ്ങണം. ഒന്നര ഓല ഇടവിട്ട് ഓല പൊക്കിതാഴ്‌ത്തി ഒരോലയ്‌ക്കിപ്പുറം ഒരോല ഇടത്തോട്ടുമടക്കി നെയ്‌ത് അറ്റം എത്തിയാൽ മടക്കി ഒരുനിരകൂടി നെയ്‌ത് തിരിച്ചുപോരണം. ഇവിടെ എത്തി മടക്കിവയ്‌ക്കണം. നെയ്‌ത സ്‌ഥലത്തുവന്ന് അവസാനിപ്പിക്കണം. ഓല മടക്കികുത്തി അഴിയാതിരിക്കാൻ ശ്രദ്ധിക്കണം. നെയ്‌ത ഓല വെയിലത്തിട്ട് മറിച്ചും തിരിച്ചും ഉണക്കി സൂക്ഷിക്കണം.
വല്ലംഃ മടൽ കനംകുറച്ച് ചെത്തി ഓല സാധാരണ മെടയുന്നതുപോലെ ഒരു വരി നെയ്‌ത് അറ്റംമടക്കി അവസാനിപ്പിക്കാതെ രണ്ടറ്റവും ചക്രംപോലെ മടക്കികെട്ടി വീണ്ടുംനെയ്യുക. ആവശ്യത്തിനു വലിപ്പം വന്നാൽ മൂന്നോല വീതം വിരിച്ച് അറ്റം കൂട്ടിക്കെട്ടണം. ഒരു കയറുകൊണ്ട് ചെറിയ പപ്പടവട്ടം കെട്ടി ഓല അറ്റം കൂട്ടിക്കെട്ടിയത് അതിൽ കെട്ടുക. അപ്പോൾ വല്ലമായി. വിവിധ വലിപ്പമനുസരിച്ച് ചവറുവല്ലം, പുല്ലുവല്ലം, പശുക്കുട്ടികൾ മണ്ണുതിന്നാതിരിക്കാനുളള മോന്തക്കൊട്ട, ചെറിയ ചെടികൾക്ക് തണലു കൊടുക്കുന്ന വല്ലം എന്നിവ ഉണ്ടാക്കാം.
ഒടിഞ്ഞിഃ (മഴ കൊളളാതിരിക്കാൻ സ്‌ത്രീകൾ പുറത്തുചൂടുന്നത്) നാലുചീന്ത് ഓലയെടുത്ത് (രണ്ടുമടൽ കീറിയത്) മടൽക്കനം കുറയ്‌ക്കാതെ രണ്ടോലവീതം ഓരോ വശത്തുവച്ച് മെടയണം. മെടഞ്ഞ് കഴിയുമ്പോൾ എല്ലാഓലത്തുമ്പും കൂടി പിരിച്ചുകെട്ടണം. മുക്കോൺ ഭാഗത്തിലാക്കി പിരിച്ച ഓല തമ്മിൽ കൂട്ടിക്കെട്ടിയാൽ ഒടിഞ്ഞിയായി.
കലംപണിഃ പാടത്തെ കളിമണ്ണ് ഉരുളകളായി കൊണ്ടുവന്ന് മണലിട്ട് ചവിട്ടി പാകം വരുത്തുന്നു. അതിനുശേഷം ചക്രത്തിലിട്ട് കറക്കി വിവിധയിനം പാത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നു.
ചക്രം ഉണ്ടാക്കുന്ന വിധംഃ നല്ല മരം കൊണ്ടും മണ്ണുകൊണ്ടും ചക്രം ഉണ്ടാക്കുന്നു. ചക്രത്തിന് 4 മുതൽ 6വരെ കാലുകൾ ഉണ്ട്. പൂപ്പരത്തിന്റെ (പൂമരം) കാതൽ കൊണ്ട് മൂല ഉണ്ടാക്കുന്നു. മൂല ചക്രത്തിൽ ഉറപ്പിക്കുന്നു. ചവിട്ടി പാകംവരുത്തിയ ചളി ചക്രത്തിന് മുകളിൽവച്ച് പണിതുകേറ്റുന്നു. ചക്രം ഒരുവടികൊണ്ട് ക്രമത്തിൽ കറക്കി കൈകൾകൊണ്ട് രൂപം വരുത്തുന്നു. പാത്രങ്ങളിൽ ചിത്രപ്പണി വലതുകൈയിന്റെ തളളവിരൽ കൊണ്ടും ഈർക്കിൽകൊണ്ടും നടത്തുന്നു. പാത്രം വിചാരിച്ച ആകൃതിയിലായാൽ കോലുകൊണ്ട് മുറിച്ചെടുക്കുന്നു. രണ്ടുദിവസം വെയിലത്തുവച്ച് ഉണക്കിയതിനുശേഷം മൂട് തല്ലിക്കൂട്ടുന്നു. കരിങ്കല്ല് ഉളളിൽവച്ച് മരത്തിന്റെ പലകകൊണ്ട് കൊട്ടി മൂട് കൂട്ടുന്നു. 5 ദിവസം വീണ്ടും ഉണക്കണം. രണ്ടുദിവസത്തെ ഉണക്കു കഴിഞ്ഞാൽ കളറു കൊടുക്കാം. സാധാരണ മണ്ണ് (പുറ്റുമണ്ണ്) ഒരുപാത്രത്തിൽ കലക്കി അയഞ്ഞ പരുവത്തിലാക്കി തുണിയിൽ മുക്കി കളറുകൊടുക്കുന്നു. മിനുസം വെപ്പിക്കാൻ ചകിരിപൊളി കൊണ്ട് ഉരസുന്നു. പാത്രം ഉണങ്ങിക്കഴിഞ്ഞാൽ ചൂളയ്‌ക്ക് വയ്‌ക്കുന്നു.
ചൂളയുണ്ടാക്കുന്ന വിധംഃ സാധാരണ ചെമ്മണ്ണുകൊണ്ട് ചൂളയുണ്ടാക്കുന്നു. ഏകദേശം അർദ്ധവൃത്താകൃതിയാണ് ചൂളയ്‌ക്ക്. പുറമേ അടുപ്പുണ്ടാക്കുന്നു. വലിയ മുട്ടികളാണ് കത്തിയ്‌ക്കുന്നത്. ചെറിയ ഒരു ദ്വാരത്തിലൂടെയാണ് തീ അകത്തേയ്‌ക്കു കയറുന്നത്. ചകിരി ആദ്യം അടുക്കുന്നു. അതിന്റെ മീതെ പാത്രം വയ്‌ക്കും. പിന്നെ വയ്‌ക്കോലിടും. അതിനുശേഷം സാധാരണ മണ്ണുകൊണ്ട് തേമ്പിപ്പിടിപ്പിക്കും. പിന്നെ തീയിടും. തീയ് ചൂളയിൽ കടന്ന് വയ്‌ക്കോലും ചകിരിയും കത്തും. മൂന്നുദിവസം കഴിഞ്ഞാൽ ചൂളപൊളിക്കും. ചില പാത്രങ്ങൾ കേടുവരുന്നത് മണ്ണിന്റെ കുറ്റംകൊണ്ടും ചൂളക്കുറ്റം കൊണ്ടുമാണ്. പാത്രം അടുക്കുന്ന വിധമുണ്ട്. ആദ്യം കുടം കമിഴ്‌ത്തും. പിന്നീട് ചെടിച്ചട്ടി, കുഴിതാളി എന്നിവയും പിന്നീട് വലിയകലം, കുട്ടിക്കലം, കൂട്ടാൻചട്ടി. പിന്നെ പത്തിരിച്ചട്ടി ഇവ മീതേയാക്കി വയ്‌ക്കുന്നു. അതിനുശേഷമാണ് ചൂള മൂടി തീയിടുന്നത്. അരിപ്പക്കലം, ചെടിച്ചട്ടി ഇവയ്‌ക്ക് തുളയിടുന്നത് ഒരുദിവസത്തെ ഉണക്കു കഴിഞ്ഞിട്ടാണ്. വടികൊണ്ടാണ് തുളയിടുന്നത്. ഇത്രയുമായാൽ പാത്രം പണി കഴിഞ്ഞു.
പറഞ്ഞുതന്നത് – ശ്രീ ചെമ്പൻ ചെട്ടിയാർ, ചേറോട്ടുപറമ്പിൽ വീട്, പൊർക്കളേങ്ങാട് പോസ്‌റ്റ്, കാണിപ്പയ്യൂർ വഴി 680 517.
Generated from archived content: kaivela_jan7.html Author: shylaja_kk
Click this button or press Ctrl+G to toggle between Malayalam and English