മമ്പുറം പളളിയും അന്നവും

മലപ്പുറം ജില്ലയിലെ ജനസമ്മിതിയുളള ആദ്ധ്യാത്‌മിക സെന്ററാണ്‌ ഇന്ന്‌ മമ്പുറംപളളി. ഇവിടെ സിയറാത്തി(സന്ദർശനം)നെത്തുന്നവർക്ക്‌ ബർക്കത്തി(ഐശ്വര്യം)നായി അരിയും വെളിച്ചെണ്ണയും കുരുമുളകുംമെല്ലാം നൽകാറുണ്ട്‌. ഈ അരിയിൽനിന്നല്പം വീട്ടിലെ അരിയോടു ചേർക്കുകയും ഈ അരിപ്പൊതി ധാന്യങ്ങൾ സൂക്ഷിക്കുന്നിടത്ത്‌ വയ്‌ക്കുകയും ചെയ്‌താൽ അരി ‘ബട്ടറൂല’ എന്നാണ്‌ വിശ്വാസം (അറുക – ഇല്ലാതെയാവുക, പറ്റെഅറുക എന്നവാം വാക്ക്‌). വിക്കും കൊഞ്ഞ (അസ്പഷ്‌ടമായ ഉച്ചാരണം)യുമെല്ലാമുളള കുട്ടികൾക്ക്‌ ഈ അരികൊടുത്താൽ അസുഖം ഭേദമാകും. എത്രയോ അനുഭവകഥകൾ ഇവർക്ക്‌ പറയാനുണ്ട്‌ ! ഇവിടെനിന്നു ലഭിക്കുന്ന വെളിച്ചെണ്ണ അപസ്‌മാരത്തിന്‌ ഉത്തമൗഷധമത്രേ. കുട്ടികളെ ഇത്‌ തേപ്പിച്ച്‌ കുളിപ്പിക്കുന്നു.

മമ്പുറം നേർച്ചയും വളരെ പ്രസിദ്ധമാണ്‌. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങ്‌ വൈകുന്നേരംവരെ നീളുന്ന ബർക്കത്തിന്റെ ചോറുവാങ്ങലാണ്‌. നെയ്‌ച്ചോറും പോത്തിൻകറിയുമാണ്‌ ലഭിക്കുക. ഇതിനായി നിൽക്കുന്ന വിശ്വാസികളുടെ നീണ്ടനിര ഉച്ചകഴിഞ്ഞാലും തീരുന്നില്ല. ഇത്‌ മുഴുവൻ അന്ന്‌ തിന്നുതീർക്കാനുളളതല്ല, പലരും ഈ ചോറ്‌ ഉണക്കി സൂക്ഷിക്കുന്നു. ചിലർ ഇത്‌ പൊടിച്ചു വയ്‌ക്കുന്നു. കുട്ടികൾക്ക്‌ വയറുവേദനപോലുളള അസുഖങ്ങൾ വന്നാൽ പെട്ടെന്ന്‌ കലക്കിക്കൊടുക്കാനാണിത്‌. എല്ലാ വ്യാഴാഴ്‌ചയും ഇവിടെ കൂട്ടപ്രാർത്‌ഥന (സലാത്ത്‌) ഉണ്ടാകാറുണ്ട്‌. അയൽസംസ്‌ഥാനങ്ങളിൽനിന്നുപോലും ഭക്തജനങ്ങൾ ഇതിൽ പങ്കെടുക്കാനായെത്തുന്നു. റംസാൻ മാസത്തെ വ്യാഴാഴ്‌ചകളിൽ വൈകുന്നേരം കഞ്ഞിയും ലഭിക്കുന്നു. ബർക്കത്തിനുളള കഞ്ഞി വിളമ്പുന്ന ദിവസം തിരക്ക്‌ പതിവിലേറെയാകും. പളളിയിൽനിന്നുളള ചെലവുകൾപോലെ പളളിയിലേക്കുളള വരവുകളും ഒട്ടും മോശമല്ല. അധികവും പണമായാണ്‌ നേർച്ച നൽകുന്നത്‌. വിളവുകളുടെ സമൃദ്ധിക്കായി കായ്‌ഫലങ്ങളും നെല്ലുമെല്ലാം ഇവിടേയ്‌ക്ക്‌ നേർച്ചയാക്കുന്നു. കന്നുകാലികളെയും ഇത്തരത്തിൽ പളളിക്കു കൊടുക്കാറുണ്ട്‌. മമ്പുറത്തെ കൊടിയെടുക്കലും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരനുഷ്‌ഠാനമാണ്‌. നെല്ലിന്‌ മുഞ്ഞയുടെ ആക്രമണമുണ്ടാവുകയോ മഴ തുടങ്ങാൻ വൈകുകയോ ചെയ്‌താൽ ബന്ധപ്പെട്ട പ്രദേശങ്ങളിലുളളവർ മമ്പുറത്തെ കൊടി ഏറ്റുവാങ്ങി പ്രശ്‌നബാധിതമായ വയൽവക്കിലൂടെയും മഴയാവശ്യമായ പ്രദേശങ്ങളിലൂടെയും നടന്ന്‌ സന്ധ്യയാവുമ്പോഴേക്കും തിരിച്ചേല്പിക്കുന്നു. വാദ്യമേളങ്ങളും മൗലൂദ്‌ ചൊല്ലുന്നവരും അനേകം ഭക്തജനങ്ങളും ഇതിന്‌ അകമ്പടിയായി വരുന്നു.

രോഗം, മരണം, വിളനാശം ഇവയിൽ പലതിനും ഭൗതികജീവിതത്തിൽ കാരണം കണ്ടെത്താൻ മനുഷ്യന്‌ കഴിയുന്നില്ല. ഇതിൽനിന്നുമാവാം അതിഭൗതികശക്തികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുളള വിശ്വാസമുണ്ടാകുന്നത്‌. വിശ്വാസത്തിൽ യുക്തിയെ തീർത്തും മാറ്റിനിർത്തുന്നു. ബോധാബോധാപ്രേരണകളെല്ലാം ഒന്നായി ഇതിൽ സമർപ്പിതമാകുന്നു. ‘ശാസ്‌ത്രീയ’മായ കൃഷിരീതികൾ മനുഷ്യൻ അവലംബിച്ചു തുടങ്ങി. പക്ഷേ, വിളനാശം തുടങ്ങിയവ വരുമ്പോൾ ഇപ്പോഴും ഇത്തരം വിശ്വാസങ്ങളിലേയ്‌ക്ക്‌ നീങ്ങുന്നതായി കാണാം. പ്രകൃതിയുടെ നിഗൂഢതയോടുളള ഒരാദരവുതന്നെയാണിത്തരം അനുഷ്‌ഠാനങ്ങളിലൂടെ പ്രകടമാകുന്നത്‌. മാനസികജീവിതവും ശാരീരികക്രിയകളും തമ്മിലുളള വൈരുദ്ധ്യത്തെ സംതൃപ്‌തമാക്കുന്ന ആദ്ധ്യാത്‌മികതലവും ഇത്തരം ചടങ്ങുകൾ പ്രദാനം ചെയ്യുന്നുണ്ടാവാം. ഈ ചടങ്ങ്‌ മതപരം എന്നതിലുമപ്പുറം പ്രാദേശികമായ ഒരാവശ്യകതയിൽനിന്നാകയാൽ മതാനുഷ്‌ഠാനത്തിന്റെ ബാഹ്യവ്യത്യാസങ്ങളെ അവഗണിച്ച്‌ പ്രകൃതിയുടെ വിശ്വാസങ്ങൾ കണ്ടെത്താവുന്നതാണ്‌. ഇവിടുത്തെ വിശ്വാസികളിൽ വലിയ ശതമാനം അമുസ്ലിങ്ങളുമാണ്‌.

മുസ്ലീം ഭക്ഷണത്തിന്റെ നാട്ടറിവുകൾ മനുഷ്യന്റെ വ്യത്യസ്‌ത ജീവിതാവസ്‌ഥകളിൽ നിലനിന്ന സങ്കീർണ്ണതകളേയും മൂല്യബോധത്തേയും ഉൾക്കൊളളാൻ അന്നത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. രുചിയെക്കുറിച്ചുളള സങ്കല്പങ്ങളിൽ അധിഷ്‌ഠിതമായി. സമകാലിക നാഗരികവ്യവസ്ഥിതിയിൽ ജീവിതത്തിന്റെ മുഖമുദ്രതന്നെ ആനന്ദമാണ്‌. നമ്മുടെ സെലിബ്രേറ്റിംഗ്‌ കൾട്ടിന്റെ ഭാഗം തന്നെയാണിത്‌. ഭക്ഷണവും രുചിയോടൊപ്പം തന്നെ വർണ്ണവൈവിധ്യവും ഫാഷനുമെല്ലാം പരിഗണിക്കുന്നുണ്ട്‌. പരസ്യങ്ങളിൽ വലിയൊരു പങ്ക്‌ ഭക്ഷണപദാർത്‌ഥങ്ങളാവുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആഘോഷവേളകളിലെ വിഭവങ്ങളും ഭക്ഷണരീതിയുമെല്ലാം സവിശേഷമായിരിക്കും. ഇതിൽ ശ്രദ്ധേയം കോഴിക്കോട്ടുകാരുടെ വിവാഹാഘോഷങ്ങളാണ്‌. ഇതിൽ ഭക്ഷണം വളരെ പ്രധാനമാണെന്നു മാത്രമല്ല ഒരു തീരാബാദ്ധ്യതയും കൂടിയാണ്‌. കല്യാണാവശ്യത്തിനായി കൊണ്ടുവരുന്ന അരിച്ചാക്കുകൾ കെട്ടഴിക്കുന്നതു മുതൽ ഇത്‌ തുടങ്ങുകയായി. ‘മൂടയിക്കാൻ’ അമ്മായിക്കാണവകാശം. അമ്മായി എത്തി ചാക്കിൻ കെട്ടഴിച്ചാൽ അരിചേറൽ തുടങ്ങുകയായി. ഇതിനായി വരുന്ന ബന്ധുക്കളെല്ലാം ചായയ്‌ക്കുളള പലഹാരമോ പണമോ കൊണ്ടുവരണമെന്നത്‌ നിർബന്ധമാണ്‌. വിവാഹാഘോഷങ്ങൾ അനേക ദിവസം നീണ്ടുനിൽക്കുമെങ്കിലും രണ്ടു ദിവസങ്ങളിലാണ്‌ മുഖ്യചടങ്ങുകൾ. ‘വെറ്റിലക്കെട്ടും മയിലാഞ്ചീം’ എന്ന പേരിൽ തലേദിവസമുളള ചടങ്ങ്‌ സ്‌ത്രീകൾക്കു വേണ്ടിയുളളതാണ്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ വെറ്റിലയൊന്നും ഇന്ന്‌ പതിവില്ല. ‘പണ്ട്‌ കാലത്ത്‌ ഒരുപക്ഷേ ഉണ്ടായിരിന്നിരിക്കാം. ഇന്നൊക്കെ മൊസേക്കിന്റെ തറയല്ലേ? തുപ്പി കേടുവരുത്ത്യാലൊന്ന്‌ കരൂതീട്ടാവും’ എന്നാണ്‌ അവരുടെ ഭാഷ്യം. പെണ്ണിന്റെ ഉമ്മയും അമ്മായിയും റോജ (പാക്ക്‌) യും മിഠായിയുമായി സ്‌ത്രീകളെ എതിരേൽക്കുന്ന പതിവ്‌ ഇന്നുമുണ്ട്‌. അടുത്തദിവസമാണ്‌ ശരിക്കുളള കല്യാണം. അന്ന്‌ വരൻ വധൂഗൃഹത്തിലെത്തിയശേഷമേ ഊണുകഴിക്കാൻ തുടങ്ങാവൂ. അല്ലെങ്കിൽ ‘പുത്യാപ്ല’യെ അപമാനിക്കുന്നതിന്‌ തുല്യമത്രെ. മറ്റ്‌ പ്രദേശക്കാർക്ക്‌ ഇത്‌ തികച്ചും അസഹനീയമായി അനുഭവപ്പെടുന്നു. കാരണം മണിക്കൂറുകളോളം വിളമ്പിവച്ച ചോറിനുമുന്നിൽ ഇവർക്ക്‌ പുത്യാപ്ലയെ കാത്തിരിക്കേണ്ടിവരാറുണ്ട്‌. അന്നുതന്നെയാണ്‌ പുത്യാപ്ല അറയിൽ കൂടാനെത്തുന്നത്‌. രാത്രിയുളള ചടങ്ങാണത്‌. രാത്രി ഭക്ഷണത്തിനായി വരനും ചങ്ങാതിമാരും ഉണ്ടാവും. ഇവരോടൊപ്പം മറ്റൊരു വിഭാഗമായി കാരണവൻമാരും കാരണോത്തികളും എത്തുന്നു. അതാണ്‌ ‘മൂടേംപണോം’ എന്ന ആഘോഷം. പണ്ടുകാലം മുതലേ പറഞ്ഞുവന്ന പേരെന്നല്ലാതെ പണത്തിന്റെ ഇടപാടുകളൊന്നും നിലനിന്നിരുന്നോ എന്നവർക്കറിയില്ല. എങ്കിലും ഇതാണ്‌ ഏറ്റവും കേമമാവേണ്ട സൽക്കാരം. എത്രതരം വിഭവങ്ങൾ വേണമെന്നതിലൊന്നും നിർബന്ധമില്ല. ഓരോരുത്തരുടെ കഴിവിനനുസരിച്ചുണ്ടാക്കുന്നു. ഒന്നുരണ്ടു വിഭവങ്ങളും മധുരവുമെല്ലാം മിക്കവീടുകളിലുമുണ്ടാവും. ഇന്ന്‌ പുഡ്‌ഡിംഗ്‌, ഫ്രൂട്ട്‌ സലാഡ്‌ എന്നിവയോടൊപ്പംതന്നെ ‘മുട്ടമാല’യും ‘മുട്ടസൊർക്ക’യുമെല്ലാമായാണ്‌ മധുരവിഭവങ്ങൾ നിരക്കുന്നത്‌. ആദ്യത്തെ ഭക്ഷണം കഴിഞ്ഞാലുടനെ പായസവും പഴങ്ങളുമെല്ലാമടങ്ങുന്ന രണ്ടാമത്തെ വിഭാഗത്തിലേയ്‌ക്ക്‌ നീങ്ങണം. വലിയവീട്ടിലെ വിരുന്നുകളധികവും ഇന്ന്‌ ‘ബഫേ’ സ്‌റ്റൈലിലാണ്‌. പണ്ട്‌ ഒരേ പാത്രത്തിൽനിന്ന്‌ എല്ലാവരും ഒരുമിച്ച്‌ കഴിച്ചിരുന്നുവത്രെ. ‘സാൻ’ എന്ന്‌ പേരുളള വലിയ പ്ലേറ്റുകളിലാണ്‌ ഭക്ഷണം വിളമ്പിയിരുന്നത്‌.

അറയും ഒരുക്കങ്ങളുമൊക്കെ കണ്ടശേഷം കാരണവൻമാരെല്ലാം തിരിച്ചുപോകുന്നു. കൂട്ടുകാർ അറയിൽ കയറി പാട്ടും ബഹളവുമായി കൂടുന്നു. അറ കഴിയുന്നത്ര അലങ്കോലമാക്കുക. ചെറിയ ഏതു വസ്‌തുവും ‘അടിച്ചുമാറ്റുക’ ഇതിനൊക്കെ കൂട്ടുകാർക്ക്‌ അവകാശമുണ്ട്‌. ചിലപ്പോൾ ഇവർ പോയിക്കിട്ടണമെങ്കിൽ പുത്യാപ്ല അവർക്ക്‌ പണം കൊടുക്കേണ്ടതായിവരും. പിറ്റേന്ന്‌ രാവിലെ ചായ കുടിക്കാൻ തന്നെ ഇവർ ഹാജരാവുകയും ചെയ്യും. അന്ന്‌ പുത്യാപ്ല വീട്ടിലേയ്‌ക്കുളള ചായയും പലഹാരങ്ങളും പെൺവീട്ടുകാർ തയ്യാറാക്കി കൊടുത്തയയ്‌ക്കണം. പുത്യാപ്ലയിൽനിന്ന്‌ ചായപ്പൈസ വാങ്ങുന്നതും ഈ ദിവസത്തെ രസകരമായ ചടങ്ങാണ്‌. പെണ്ണിന്റെ ഇത്താത്തമാരോ എളാമയോ ആണ്‌ ചോദിക്കാനെത്തുക. ഇത്‌ പെട്ടെന്ന്‌ കൊടുക്കാതെ ചെക്കൻ കളിപ്പിക്കുന്നു. ഒടുവിൽ ചെരുപ്പോ ഷർട്ടോ ഒക്കെ ഒളിപ്പിച്ചുവെച്ച്‌ ഇത്‌ പിടിച്ചുവാങ്ങുന്നു. അതോടെ അയാൾ ആ വീട്ടിലെ അംഗം ആവുകയാണ്‌. അടുത്തത്‌ ‘ഇരുത്തം’ എന്ന ചടങ്ങാണ്‌. ഇത്‌ ആണിന്റെ വീട്ടിൽ സ്‌ത്രീകൾ കൂടുന്ന കല്യാണമാണ്‌. കല്യാണപ്പിറ്റേന്ന്‌ പെണ്ണ്‌ വീട്ടിലെത്തിയാലാണ്‌ ഇത്‌ തുടങ്ങുന്നത്‌. ഇതിലും ഭക്ഷണത്തിനുതന്നെ പ്രാധാന്യം. എല്ലാവരും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരാൾ നേരത്തേ കഴിച്ചുകഴിഞ്ഞാലും ഒരുമിച്ചേ എണീക്കാവൂ. ‘സഭപൊളിക്കുന്നത്‌ ’ കാരണവൻമാരാവണമെന്നതും ലിഖിത നിയമംതന്നെ. ഭക്ഷണം കഴിക്കുന്ന രീതിയിൽ മറ്റൊരു സവിശേഷതയുളളത്‌ ചായയും പലഹാരങ്ങളുമാണ്‌ കഴിക്കുന്നതെങ്കിൽ ചായ ഒടുവിലേ കൊണ്ടുവരാവൂ എന്ന്‌ നിർബന്ധമാണ്‌. ചായകൊണ്ടുവന്നാൽ തിന്നുന്നത്‌ നിർത്താനുളള സൂചനയായാണ്‌ ഇവർ കണക്കാക്കുന്നത്‌.

കല്യാണത്തിനെത്തിയ അടുത്ത ബന്ധുക്കളെല്ലാം പിരിഞ്ഞുപോകുന്ന ദിവസമാണ്‌ ‘പിരിച്ചിൽചോറ്‌.’ ഇത്‌ ഏകദേശമൊരു റാഗിംഗ്‌ സ്‌റ്റൈലിലാണ്‌. തുണ്ടുകളാക്കിയ കടലാസ്സിൽ എന്തെങ്കിലും ഒരു ജോലി ചെയ്യാനുളള നിർദ്ദേശവും താഴെയൊരു സംഖ്യയും എഴുതിയിരിക്കും. തവളയെപ്പോലെ ചാടുക, കണ്ണുകെട്ടി ഗേറ്റുവരെ നടക്കുക തുടങ്ങിയ നിർദ്ദോഷമായ നിർദ്ദേശങ്ങളോടൊപ്പം തന്നെ കല്യാണം കഴിഞ്ഞവർക്കുമാത്രമുളള നറുക്കുകളാകയാൽ കുറേയൊക്കെ അശ്ലീലവും ഉണ്ടായിരിക്കും. പണം കൊടുക്കാതിരിക്കാൻ ആരെങ്കിലും ഈ നിർദ്ദേശം അനുസരിക്കാൻ തയ്യാറായാൽ അത്‌ പുത്യാപ്ലയുടെ മുന്നിൽ വച്ചുതന്നെയാവണം. പലരും പറഞ്ഞ തുക കൊടുത്ത്‌ ഒഴിയുകയാണ്‌ പതിവ്‌. ഇതിലേയ്‌ക്ക്‌ പെണ്ണിന്റെ വക മോശമല്ലാത്ത ഒരു സംഖ്യ വേറെയും ലഭിക്കും. ഇതുകൊണ്ട്‌ മറ്റൊരു ദിവസം ഈ സ്‌ത്രീകളെല്ലാം ഒത്തുകൂടുന്നു. അന്നുണ്ടാക്കുന്ന വിഭവങ്ങൾ മാത്രം പോരാ അദ്ധ്വാനത്തിന്റെ പങ്ക്‌ പറ്റണമെന്നും നിർബന്ധമാണ്‌. ഇതോടെ കല്യാണാഘോഷങ്ങൾ കഴിയുന്നുവെങ്കിലും പെൺവീട്ടുകാരുടെ ബാദ്ധ്യത തുടങ്ങുന്നതേയുളളൂ. നാല്പതു ദിവസത്തിനുളളിൽ ഏതെങ്കിലുമൊരു ദിവസം ചോറുണ്ടാക്കി പുത്യാപ്ലവീട്ടിലേയ്‌ക്ക്‌ കൊടുത്തയയ്‌ക്കണം. അടുത്തത്‌ നോമ്പുകാലത്താണ്‌. 30 ദിവസം നീണ്ടുനില്‌ക്കുന്ന നോമ്പിന്‌ ഓരോ പത്തിനിടയ്‌ക്കും ഓരോതരം വിഭവങ്ങളുണ്ടാക്കി കൊടുത്തയച്ചിരിക്കണം. ആദ്യത്തെ പത്തിൽ ചോറ്‌. രണ്ടാമത്തെ പത്തിൽ പത്തിരിയും കോഴിയും മൂന്നാമത്തെ പത്തിൽ അതായത്‌ പെരുന്നാളിനു മുമ്പായി പലഹാരങ്ങളുമാണ്‌ പതിവ്‌. പലഹാരങ്ങൾ മൂന്നോനാലോ വിധമുണ്ടാവണം. ഒരുകോഴിക്ക്‌ പത്തുപത്തിരി എന്നൊക്കെ കണക്കുകളുമുണ്ട്‌ ഇതിന്‌. ആദ്യത്തെ റംസാന്‌ ഭർത്താവിന്റെ ബന്ധുഗൃഹങ്ങളിലേയ്‌ക്കും ഇത്‌ എത്തിച്ചിരിക്കണം. പിന്നീടുളള നോമ്പിനെല്ലാം ഭർത്തൃഗൃഹത്തിലേയ്‌ക്കുമാത്രം കൊടുത്തയച്ചാൽ മതി. ഈ പതിവ്‌ വളരെക്കാലം തുടരുന്നുണ്ട്‌. പെൺമക്കളുടെ വിവാഹം കഴിഞ്ഞാൽ ഉമ്മാന്റേയും മക്കളുടേയും വീട്ടിലേയ്‌ക്ക്‌ ഒരുമിച്ച്‌ കൊടുത്തയയ്‌ക്കേണ്ടിവരും. ‘ഇങ്ങനെ കൊടുത്തയച്ച്‌ ബാപ്പാന്റെ പോക്കറ്റും കാല്യാവും ഉമ്മക്ക്‌ സൂക്കടും പിടിക്കും’ എന്നാണ്‌ അവരുടെ കമന്റ്‌. ആൺവീട്ടുകാർക്ക്‌ ഈ ബാദ്ധ്യതയുളളത്‌ സ്‌ത്രീ ഗർഭിണിയായിരിക്കുന്ന അവസരത്തിൽ ഒരേയിടത്തു മാത്രമാണ്‌.

മലപ്പുറം ഭാഗങ്ങളിലേയ്‌ക്ക്‌ ഭക്ഷണംകൊടുത്തയക്കുന്ന അവസരങ്ങൾ കുറവാണ്‌. ഗർഭിണിയായിരിക്കുമ്പോൾ പലഹാരങ്ങളുമായി കാണാൻപോകുന്ന പതിവുണ്ട്‌. ‘എണ്ണേം വെളിച്ചണ്ണേം കൊണ്ടോവാ’ എന്നായിരുന്നു ഇതിന്‌ പറഞ്ഞിരുന്നത്‌. പിന്നീടത്‌ പലഹാരങ്ങളായതാവാം. ചെക്കൻ പെൺവീട്ടിൽ കൂടുന്ന പതിവില്ലെങ്കിലും പുത്യാപ്ല സൽക്കാരം ഇവിടങ്ങളിലും വളരെ കേമമാണ്‌. ഓരോ പ്രാവിശ്യം വരുമ്പോഴും എത്രവിധം പലഹാരങ്ങൾ ഒരുക്കണമെന്നതിനുപോലും കണക്കുണ്ട്‌. ഇത്‌ പന്ത്രണ്ടോ പതിനെട്ടോ ഒക്കെ ആവാറുണ്ട്‌. പലതിനും പ്രത്യേകം പേരുകളൊക്കെയുണ്ട്‌. ‘ചേമ്പ്‌ത്തപ്പം’, ‘ഉണക്കായപ്പം’. ഇതെല്ലാം ഇതിന്റെ ആകൃതികൊണ്ട്‌ വന്നുചേർന്ന പേരുകളാണ്‌. ഒന്നിന്‌ ‘അളളാഹുഅഅലം’ എന്നാണ്‌ പേര്‌. അളളാഹുവിന്‌ അറിയാം എന്നാണീ വാക്കിനർത്‌ഥം. ഒരിക്കൽ നിരന്ന പലഹാരങ്ങളിൽ ഇതിന്റെ സവിശേഷാകൃതി കണ്ട്‌ ആരോ ചോദിച്ചുവത്രേ പലഹാരത്തിന്റെ പേര്‌. ‘അളളാഹു അഅലം’ എന്ന മറുപടി കേട്ടപ്പോൾ അവരത്‌ പലഹാരത്തിന്റെ പേരാണെന്ന്‌ ധരിക്കുകയും ആ പേരുറച്ചുപോവുകയും ചെയ്‌തു. അതിപ്പോഴും ഇതേ പേരിൽ സൽക്കാരങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചില പരഹാരങ്ങൾക്കുളളിൽ ചകിരിയോമറ്റോ നിറച്ച്‌ ചെക്കനെ പറ്റിക്കാനും കളിയാക്കാനുമൊക്കെ ഇവർ സമയം കണ്ടെത്തുന്നു. നോമ്പു ദിവസങ്ങളിൽ ഭക്ഷണസമയത്തോടൊപ്പംതന്നെ ആഹാരരീതിയും വിഭവങ്ങളുമെല്ലാം വ്യത്യസ്‌തമാകുന്നു. ഇറച്ചി എല്ലാ ദിവസവും ഒഴിച്ചുകൂടാനാവാത്തതാണ്‌. അധികവും പോത്തിറച്ചിതന്നെ. പകൽ മുഴുവൻ നിസ്‌ക്കാരവും ഓത്തുമായി കഴിയുന്ന സ്‌ത്രീകൾ വൈകുന്നേരത്തെ അസർബാങ്കിനുശേഷം അടുക്കളയിലെത്തി എല്ലാം തയ്യാറാക്കുന്നു. പത്തിരിയും ഇറച്ചിയും ചിലർക്ക്‌ ചെറിയ പലഹാരങ്ങളും നിർബന്ധമാണ്‌. സന്ധ്യയ്‌ക്കുളള മഹരിബ്‌ ബാങ്കുകൊടുക്കുമ്പോഴാണ്‌ നോമ്പുതുറ. ആദ്യം വെളളമോ കാരയ്‌ക്കയോ കഴിച്ച്‌ നോമ്പ്‌ അവസാനിപ്പിക്കുന്നു. പിന്നീട്‌ ‘ചെറിയതുറ’യാണ്‌. ഇതിൽ ചായയും ചെറിയ പലഹാരങ്ങളും അല്ലെങ്കിൽ വെളളവും പഴങ്ങളുമാണ്‌ കഴിക്കുന്നത്‌. നിസ്‌കരിച്ചതിനു ശേഷമാണ്‌ ‘വലിയതുറ’. ഇതിലാണ്‌ ഇറച്ചിയും പത്തിരിയുമെല്ലാമുളള വിശാല ഭക്ഷണം. ചിലർക്ക്‌ ‘തറാവീഅ’ നമസ്‌കാരത്തിന്‌ ശേഷവും ചായ പതിവുണ്ട്‌. ഇതാണ്‌ ‘മുത്തായ ചായ’. ചിലർക്ക്‌ ഇതിനു പകരം ‘ചീരാക്കഞ്ഞി’ ആണ്‌. ഇത്‌ കഴിക്കുന്നതോടെ ‘അത്താഴച്ചോറി’നുളള ഒരുക്കങ്ങളായി. ഉച്ചയൂണിന്‌ സമമായിരിക്കും ഇതിലെ വിഭവങ്ങൾ. ഒരുതരത്തിൽ പകൽ ഭക്ഷണം കഴിക്കുന്ന അതേ അളവിൽ രാത്രിയിലാണെങ്കിലും ഇവർ കഴിക്കുന്നുണ്ട്‌. വിശ്വാസത്തിന്റെ ഭാഗം എന്ന നിലയ്‌ക്ക്‌ മുസ്ലീങ്ങൾക്ക്‌ ഇതിൽ പ്രയാസമനുഭവപ്പെടുന്നില്ല. അന്യമതസ്‌ഥർക്ക്‌ ഇതൊരിക്കലും വഴിപ്പെടാൻ കഴിയാത്ത വ്യവസ്‌ഥയാണ്‌. കലാപകാലത്ത്‌ ദീൻ വിശ്വസിച്ച ഒരാൾ നോമ്പുകാലംവരെ മുസ്ലീമായിത്തുടരുകയും നോമ്പിന്റെ ചിട്ടകൾ സഹിക്കാൻ കഴിയാതെ ‘ജാത്യല്ലാത്തജാതില്‌ കൂട്യാ നേരല്ലാത്ത നേരത്ത്‌ളള തീനുംകുടിം’ എന്ന്‌ പറഞ്ഞ്‌ തൊപ്പിയും വേലീമ്മലിട്ട്‌ ഓൻ പഴേതിലേയ്‌ക്കന്നെ മടങ്ങിപ്പോയകഥ ഇവിടങ്ങളിൽ പറഞ്ഞുവരുന്നു. നോമ്പ്‌ കാലത്ത്‌ പകൽ ഭക്ഷണം കഴിക്കുന്നവരെ ‘അത്താഴക്കളളൻ, അത്താഴക്കളളത്തി’ എന്നിങ്ങനെ വിളിച്ച്‌ പരിഹസിക്കുന്നു. കുട്ടികളെ നിരത്തിയിരുത്തി കാരണവർ പറഞ്ഞുതരുന്ന ‘നിയ്യത്ത്‌ ’ (നിശ്ചയം)

ആണ്ടോടവനെ പന്ത്രണ്ടുമാസമേ അതിലൊരുമാസമേ റംളാൻ മാസമേ

പഴഞ്ചോറ്റിനും പുളിഞ്ചാറ്റിനും ആശവയ്‌ക്കരുതേ ആണ്ടവനേ

എന്നാണ്‌. ഇതിന്‌ കൗതുകകരമായ ഒരോർമ്മമാത്രം. ഈ നിയ്യത്തും ഉച്ചവരെ ഓർക്കാനേ കുട്ടികൾക്ക്‌ കഴിയൂ. പിന്നെ പഴഞ്ചോറുതന്നെ അവർക്കുശരണം. പണ്ടുകാലത്ത്‌ ഉറക്കമൊഴിച്ച്‌ സ്‌ത്രീകൾ അത്താഴച്ചോറ്‌ വയ്‌ക്കുമായിരുന്നത്രെ. ചോറും കറികളും തയ്യാറായ ശേഷം എല്ലാവരേയും വിളിച്ചുണർത്തി കഴിപ്പിക്കുകയായിരുന്നു ചില വീടുകളിലെങ്കിലും പതിവ്‌. വിഭവങ്ങളെല്ലാം പുരുഷന്റെ താല്പര്യത്തിനും ഇച്ഛയ്‌ക്കുമനുസരിച്ചായിരിക്കും തയ്യാറാക്കുന്നത്‌ ഇതിൽനിന്നായിരിക്കാം ‘എറച്ചീം പത്തിരീം ആണുങ്ങൾക്ക്‌, നോമ്പും നിസ്‌ക്കാരോം പെണ്ണുങ്ങൾക്ക്‌ ’ എന്ന്‌ കളിയാക്കിയിട്ടെങ്കിലും ഒരു ചൊല്ലുണ്ടായത്‌. ഇന്ന്‌ പണ്ടുളളത്ര ത്യാഗങ്ങളൊന്നുമില്ലെങ്കിലും മുഴുവൻ ചുമതലയും സ്‌ത്രീയ്‌ക്കുതന്നെയാണ്‌. നേരത്തേ തയ്യാറാക്കിയത്‌ പാതിരാവിലുണർന്ന്‌ ചൂടാക്കികഴിക്കുന്നു. ജീവിതത്തോട്‌ പ്രസാദത്മകമായൊരു വീക്ഷണം വെച്ചുപുലർത്തുന്നവരാണ്‌ മുസ്ലീങ്ങൾ. അതിന്റെ ഭാഗമാകാം അനേകദിവസം നീളുന്ന വിവാഹാഘോഷങ്ങളും സുഭിക്ഷമായ ചടങ്ങുകളുമെല്ലാം. സാങ്കേതികരീതിയിൽ വലിയ പുതുമയൊന്നും ഇവയുടെ നിർമ്മാണത്തിലില്ല. എങ്കിലും പത്തിരിയുടേതൊന്ന്‌ വ്യത്യസ്തമാണ്‌. അരി പൊടിച്ചെടുത്തത്‌ തിളച്ചവെളളത്തിൽ വാട്ടിക്കുഴച്ചെടുത്ത്‌ നേർപ്പിച്ച്‌ പരത്തിയെടുത്ത്‌ ചുട്ടെടുക്കുകയാണ്‌ ഉന്നക്കായപ്പം പഴം പുഴുങ്ങിയരച്ച്‌ കൈയിൽ പരത്തി ഉളളിൽ മുട്ട ഉലർത്തിയത്‌ വെച്ച്‌ ഉന്നക്കായയുടെ ആകൃതിയിലാക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്നു. ഒരേവിഭവത്തിനുതന്നെ പല നിർമാണരീതിയുണ്ട്‌. മുട്ടമാല, മുട്ടസൊർക്ക എന്നിവയിൽ മുട്ടയുടെ വെളള ആവിയിൽ വേവിച്ചും മഞ്ഞക്കരു നേർപ്പിച്ച്‌ വെളിച്ചെണ്ണയിൽ വറുത്തെടുത്തുമാണ്‌ ഉണ്ടാക്കുന്നത്‌. അരി അരച്ചെടുത്ത്‌ ആവിയിൽ വേവിക്കുന്ന പീങ്ങാപത്തിരി (പുഴുങ്ങിയ പത്തിരി)യും അരിയിടിച്ച്‌ തേങ്ങാപ്പാലുചേർത്ത്‌ അടുക്കുകളായി ആവിയിൽ വേവിച്ചെടുക്കുന്ന ബീശീപത്തിരിയുമെല്ലാം വളരെ വൈദഗ്‌ദ്ധ്യം ആവശ്യപ്പെടുന്ന നിർമ്മിതിയാണ്‌. പക്ഷെ, കഴിയ്‌ക്കുമ്പോളാരും ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല തരത്തിലും തോതിലുമെല്ലാം മുസ്ലീം സമുദായത്തിന്റെ ഭക്ഷണരീതി വ്യത്യസ്‌തപ്പെടുന്നുണ്ടെങ്കിലും ഇതിനുപിന്നിലെ അദ്ധ്വാനം തികച്ചും അവഗണിക്കപ്പെടുകതന്നെയാണ്‌. വിശേഷാവസരങ്ങളിലായാലും സാധാരണജീവിതത്തിലും എല്ലാം ഒരുക്കിക്കഴിഞ്ഞാൽ അവൾക്കുളള സ്‌ഥാനം വരിക്കു പിന്നിൽതന്നെയാണ്‌. സ്‌ത്രീകൾക്ക്‌ കൂടുതൽ സ്‌ഥാനമുണ്ടെന്ന്‌ പറയപ്പെടുന്ന കൂട്ടുകുടുംബ വ്യവസ്‌ഥിതിയിലും ഇതൊട്ടും ഭിന്നമല്ല. അവർക്കായി ചില ദിവസങ്ങൾ മാറ്റിവയ്‌ക്കപ്പെടുന്നുവെങ്കിലും കല്യാണത്തിന്റെ മുഖ്യദിവസം സ്‌ത്രീകളുടെ എണ്ണം കുറച്ച്‌ മാറ്റിനിർത്താനുളള തന്ത്രവുമാവാം ഇത്‌.

Generated from archived content: nadan_apr07_06.html Author: shamsad-hussain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English