പഴഞ്ചൊല്ലുകൾ

1. കടുക്‌ കളഞ്ഞാ കടം പെരുകും.

2. ഉണ്ടോട്‌ത്തിര്‌ന്നാ ചെന്നോട്‌ത്ത്‌ ഒട്ടൂല. (ചെല്ലുന്ന ഇടം ഭർത്തൃഗൃഹം)

3. പുത്തരിയിൽ കല്ലുകടിച്ചതുപോലെ.

4. പളളീലിരുന്നാ പളള നെറയൂല.

5. ഉണ്ടുകുളിക്കുന്നവനെ കണ്ടാ കുളിക്കണം.

6. എല്ലു മുറിയെ പണിയെടുത്താ പല്ലുമുറിയെ തിന്നാം.

7. മെല്ലെതിന്നാ മുളളും തിന്നാം.

8. പയ്യെതിന്നാപനയും തിന്നാം.

9. ചേരനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം.

10. അപ്പം തിന്നാമതി കുഴിയെണ്ണണ്ട.

11. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.

12. നെയ്യ്‌ട്ടോടം കുഞ്ഞയ്യപ്പൻ മുക്കി.

13. നെയ്യപ്പം തിന്നാ രണ്ട്‌ണ്ട്‌ കാര്യം.

14. അരീം തിന്ന്‌ ആശാരിച്ചീനീം കടിച്ച്‌ ന്ന്‌ട്ടും നായയ്‌ക്ക്‌ മുറുമുറുപ്പന്നെ.

15. അരിക്ക്‌ നായര്‌ മുന്നില്‌, പടയ്‌ക്ക്‌ നായര്‌ പിന്നില്‌.

16. ഉരി കൊട്‌ത്ത്‌ ഊത്തത്‌ വാങ്ങ്‌ന്നതിനേക്കാളും നല്ലത്‌ നായി കൊട്‌ത്ത്‌ നല്ലത്‌ വാങ്ങാണ്‌. (ഊത്തത്‌ – മേൻമകുറഞ്ഞത്‌)

17. പെറ്റോള്‌ ചോറ്‌ തിന്ന്‌ണ്‌കണ്ട്‌ മച്ചി കലം പൊളിച്ചിട്ട്‌ കാര്യല്യ.

18. നായ നടുക്കടലില്‌ ചെന്നാലും നക്കിയേ കുടിക്കൂ.

19. മഴയത്ത്‌ മണ്ണാത്തി അലക്കാൻ പോവും, വെയിലത്ത്‌ ചക്കക്കുരുചുട്ടുതിന്നും. (ഔചിത്യമില്ലായ്‌മയാണ്‌ ഇതിൽ പറയുന്നത്‌)

20. മടല്‌ വടിക്കാകാ, മണ്ണാൻ തൊണ്ടയ്‌ക്കാകാ.

21. ആപത്തുകാലത്ത്‌ തൈപത്തുവച്ചാൽ സമ്പത്തുകാലത്ത്‌ കാപത്തുതിന്നാം.

22. കാര്യം കഴിഞ്ഞാ കറിവേപ്പില പുറത്ത്‌.

23. വിത്തുഗുണം പത്തുഗുണം.

24. ഉപ്പുതിന്നുന്നവൻ വെളളം കുടിക്കും.

25. ഉപ്പു തൊട്ട്‌ കർപ്പൂരം വരെ.

26. ഉപ്പില്യാത്ത കഞ്ഞിപോലെ.

27. ചക്കരക്കൊടത്തിൽ കയ്യിട്ടാനക്കാത്തോരില്യ.

28. നെയ്യേറീന്ന്‌വച്ച്‌ അപ്പം കേട്‌ വരൂല.

29. മുത്തിന്‌ വിക്കണ്ടത്‌ മുത്താറിക്ക്‌ കൊട്‌ക്കാ.

30. നെല്ലും മൊറോം കൊട്‌ക്കാമ്പാടില്യ (നെല്ലാവശ്യമുളളവർ അതിനായുളള പാത്രവും കൊണ്ടുവരണം)

31. പാല്‌ പാത്രത്തോടെ കൊട്‌ക്കര്‌ത്‌.

32. മഗ്‌രിബ്‌ (സന്ധ്യ) നേരത്ത്‌ പാല്‌ കൊട്‌ത്താ നാക്കാലികൾക്ക്‌ അസുഖം വരും.

33. വെളളിയാഴ്‌ച ഉച്ചയ്‌ക്ക്‌ശേഷേ നെല്ല്‌ പത്തായത്തിന്നെടുക്കൂ. (പുഴുങ്ങി സൂക്ഷിക്കാനുളളതായാലും കൊടുക്കാനുളളതായാലും പത്തായംതുറക്കണമെങ്കിൽ ഉച്ചകഴിയണം.)

34. കയില്‌ നെലത്ത്‌ വീണാ കടം പെരുകും.

35. കയില്‌ പാത്രത്തിൽ തട്ടിയാൽ ബർക്കത്ത്‌ (ഐശ്വര്യം) കുറയും.

36. പാളയിൽ നെല്ലും അരിയും വാരാൻ പാടില്ല.

37. അടക്കയും നെല്ലും ഒരുമിച്ച്‌ കാണാമ്പാടില്ല.

38. ഉരലമ്മ്‌ല്‌ ഇരിക്കാമ്പാടില്ല. (ബാപ്പാന്റെ നെഞ്ഞത്തര്‌ന്നോന്ന്‌ ഉരലുപറയുമെന്നാണ്‌ വിശ്വാസം)

39. ചെരമ്മലിര്‌ന്നാ സ്‌ത്രീധനം കിട്ടൂല. (ആൺകുട്ടികൾ ചിരവപ്പുറത്തിരിക്കുന്നതിനെ വിലക്കുന്നു)

40. അരി ചേറുമ്പം മുറംവീണാ വിരുന്ന്‌കാര്‌ വരും.

41. തിന്നാനിരിക്കുമ്പോ തളളവിരൽ മടക്കിയിരിക്കരുത്‌.

42. ഉമ്മറപ്പടീലിര്‌ന്ന്‌ തിന്നാമ്പാടില്യ.

43. തിന്നുമ്പോ തലയ്‌ക്ക്‌ കയ്യ്‌കൊട്‌ക്കാമ്പാടില്യ.

44. തിന്നുമ്പോ കാല്‌മ്മല്‌ കയ്യ്‌ വെക്കാമ്പാടില്ല.

45. തിന്നുമ്പം മിണ്ടാമ്പാടില്ല.

46. അരി തീമലിടുന്നതിനു (അടുപ്പത്തുവയ്‌ക്കുന്നതിന്‌) മുമ്പ്‌ കുറച്ചെടുത്ത്‌ മാറ്റിവയ്‌ക്കണം. അപ്പെരേല്‌ അരിബട്ടറൂല. (തീരെ ഇല്ലാതാവില്ല)

ചില പഴയ വാക്കുകൾ

1. മലിക്കിൻപൊടി – മൈദ

2. ചുത്തനാവിപാത്രം – അലൂമിനിയപാത്രം

3. തൗക്കിച്ചി – പിഞ്ഞാണത്തിന്റെ പ്ലേറ്റ്‌

4. ചീക്ക്‌ – ആശുപത്രി

5. ഇച്ച്‌ കുറ്റില്യ – എനിക്കറിയില്ല

കാല്‌മ്മച്ചട്ടി (എകരച്ചട്ടി) വേങ്ങരപഞ്ചായത്തിലെ കുറ്റൂരിൽ ഉപയോഗിച്ച്‌ വന്നിരുന്നതാണിത്‌. ഇതേഘടനയിൽതന്നെ പല വലിപ്പത്തിലുളളവ പണ്ടുണ്ടായിരുന്നുവത്രേ. പാടത്തു പണിനടക്കുമ്പോൾ കുറേപേർക്ക്‌ ഒരേസമയം ഭക്ഷണംനൽകാനാണിത്തരം പാത്രങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നത്‌. വലിയപാത്രത്തിൽ കഞ്ഞിയും ചെറിയപാത്രത്തിൽ കൂട്ടാനും, മിക്കവാറും ചക്കയായിരിക്കും അല്ലെങ്കിൽ വാഴപ്പിണ്ടി ചേമ്പ്‌ ചേർത്തുവച്ചുളളതായിരിക്കും വിളമ്പുന്നു. പ്ലാവില കുത്തിയതും ചിരട്ടക്കയിലും ഇതിലുപയോഗിച്ചിരുന്നു. അടുക്കളയോടുചേർന്ന്‌ ചെരിച്ചുകെട്ടിയ ഭാഗത്തുവച്ചാണിത്‌ നൽകിയിരുന്നത്‌.

Generated from archived content: annam1_july28_08.html Author: shamsad-hussain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here