പലതരം കൊട്ടകൾ

കേരളീയ പാരമ്പര്യകാർഷികമേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുളളതും സൗകര്യപ്രദവുമായ ഒരുതരം നീണ്ട വലിയ കൊട്ടയാണ്‌ കോരുകൊട്ട. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല്‌ അളക്കുന്നതിനും പത്തായത്തിൽ നിറയ്‌ക്കുന്നതിനും കോരുന്നതിനും ഈ കൊട്ട ഉപയോഗിക്കുന്നു. അതിനാലാണ്‌ കോരുകൊട്ട എന്ന പേരിൽ പരക്കെ അറിയപ്പെടുന്നത്‌.

കീഴാള സാംസ്‌കാരികധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്‌തമായ തിരിച്ചറിവാണ്‌ കേരളത്തിലെ നെയ്‌ത്തു കെട്ടിനെക്കുറിച്ചുളള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന ‘അമ’, ‘ചെറിയമ’ ഇല്ലിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരുതരം നേർത്ത ഇല്ലികൾ തന്നെയാണ്‌ ഇവ. കാഴ്‌ചയിൽ വളരെ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിന്‌ പാകപ്പെടുത്തിയാൽ നല്ലബലവും ഭംഗിയുമുളളതാണ്‌. ഇത്‌ ആവശ്യത്തിന്‌ മുറിച്ചുകൊണ്ടുവന്ന്‌ ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്‌ക്കുകയും ആവശ്യത്തിന്‌ അളിയും അലകും ആക്കിവയ്‌ക്കും. ഈ ആരംഭപ്പണികൾക്ക്‌ രാവിലെ മുതൽ ഉച്ചവരെ സമയം വേണ്ടിവരും.

കൊട്ട നെയ്യുന്നതിന്റെ അടിസ്‌ഥാന ഗണിതതത്വം മാട്‌ വയ്‌ക്കുക എന്നതാണ്‌. മാട്‌ കൊട്ട നെയ്യുന്ന ആളിന്റെ സ്‌ത്രീ&പുരുഷൻ, ഒരുമാർ എന്നാണ്‌ പറയുക. കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്‌ ഈ അളവാണ്‌. കൈകൾ ഇരുവശത്തേയ്‌ക്കും വിരിച്ചാണ്‌ മാടിന്റെ അളവ്‌ എടുക്കുന്നത്‌. ഇതിനുശേഷം അലക്‌ പാകും. കൊട്ടയുടെ പ്രത്യേകതകൾ അനുസരിച്ച്‌ കയറിയും ഇറങ്ങിയും ഒന്നിനുമുകളിൽ വേറൊന്നും ഇങ്ങനെ ഓരോ കൊട്ടയുടെയും രൂപഭംഗി അനുസരിച്ചാണ്‌ മാട്‌ വയ്‌ക്കുന്നത്‌.

കോരുകൊട്ടയുടെ നെയ്‌ത്തിന്‌ 4 അലക്‌ വീതം 32 അലക്‌ പാകും. ഈ ഓരോ 4 അലകും 1 മുതൽ 4 വരെ ചെറിയ അലകുകൾ ഉളളതാണ്‌. ഈ അലകിൽ നിന്നുമാണ്‌ കൊട്ടയുടെ നെയ്‌ത്ത്‌ തുടങ്ങുന്നത്‌. കോരുകൊട്ടയിൽ നീണ്ടതും വലിയ ഉൾവശത്തോടുകൂടിയതുമാണ്‌ എന്നറിയുക. തുടർന്ന്‌ കോരുകൊട്ട നെയ്‌തു തുടങ്ങുകയും കൊട്ടയുടെ വക്കിന്റെ അരിക്‌ വരെ നെയ്യുകയും ചെയ്യുന്നു. പിന്നീട്‌ വക്ക്‌ (വക്കിന്‌ മാട്‌ എന്നും പറയും)നല്ല ഉറപ്പിലും തേര്‌ കെട്ടണം. ഇതിന്‌ കൂടുതൽ ബലമുളള അലകുകൾ വേണം. മാട്‌ കെട്ടാൻ പലവിധ ഡിസൈനുകൾ ഉപയോഗിക്കും. അതിനാൽ നല്ല ഭംഗിയും ബലവും മാടിനുലഭിക്കും. ഏറെകാലം ഇത്തരം കൊട്ടകൾ ഉപയോഗിക്കാം.

കോരുകുട്ടയുടെ അവസാന മിനുക്കുപണിയാണ്‌ ഇനി. പച്ചമണ്ണും ചാണകവും കൂട്ടിക്കുഴച്ചാണ്‌ കോരുകൊട്ട മെഴുകുന്നത്‌. പ്രകൃതിയിൽനിന്നും ലഭിക്കുന്ന എല്ലാ വസ്‌തുക്കളും സമരസപ്പെടുത്തി ഉപയോഗിക്കുന്ന കാഴ്‌ച കൊട്ടനിർമ്മാണത്തിൽ പൂർണ്ണമാകുന്നത്‌ ദർശിക്കാവുന്നതാണ്‌. വലതുകാലിന്റെ പുറത്തുവച്ച്‌ ഇടതുകാൽ ചവിട്ടിപ്പിടിച്ചാണ്‌ കോരുകൊട്ട നെയ്യുന്നത്‌. കോരുകൊട്ടനെയ്യാൻ രണ്ടു ദിവസം വേണ്ടിവരും. പാരമ്പര്യമായി കാരണവൻമാരിൽനിന്നുമാണ്‌ പറയ സമുദായത്തിൽ ഇത്തരം നെയ്‌ത്തുകെട്ടുകൾ തലമുറകളിലേയ്‌ക്ക്‌ പകർന്നു കിട്ടുന്നത്‌.

കുംഭംഃ പ്രാചീന കാലങ്ങളിൽ കീഴാള ജനസമൂഹം തന്റെ കുടിലുകളിൽ തങ്ങൾക്ക്‌ ആവശ്യമായ ധാന്യങ്ങൾ ശേഖരിച്ചു വയ്‌ക്കുന്നതിനാണ്‌ ‘കുംഭം’ ഉപയോഗിച്ചിരുന്നത്‌. സാധാരണ ഈറ്റയെടുത്ത്‌ രണ്ടടിനീളത്തിൽ മുട്ട്‌ നിർത്തി മുറിച്ചെടുക്കുന്നു. കുംഭത്തിന്റെ വലിപ്പം മുട്ടിന്റെ വ്യാസത്തെ ആശ്രയിച്ചിരിക്കും. മുറിച്ചെടുത്ത ഈറ്റയുടെ തുറന്ന വശത്തുനിന്നും ചെറിയ അളികൾ താഴോട്ട്‌ (മുട്ടിന്റെ അരിക്‌) കീന്തിയെടുക്കും. ഇങ്ങനെ കീന്തിയ ചെറിയ അളികൾ കൂട്ടിച്ചേർത്ത്‌ മദ്ധ്യഭാഗം വലുതാക്കി ഈറ്റകൊണ്ടുതന്നെ നെയ്‌തെടുക്കും. ഇങ്ങനെ നെയ്‌തെടുക്കുന്ന വലിയ കുഴലുപോലുളള രൂപത്തിൽ പച്ചമണ്ണും ചാണകവും കുഴച്ചു തേയ്‌ക്കും. ഇതിന്‌ ശേഷം വെയിലത്തുവച്ച്‌ നന്നായി ഉണക്കും. ഉണങ്ങിയതിന്‌ ശേഷം ഇത്‌ ധാന്യങ്ങൾ സൂക്ഷിക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്‌. പഴയകാലങ്ങളിൽ പറയരുടെ കൂരകളിൽ മരത്തൂണിൽ ചരടിൽ കെട്ടിതൂക്കിയിരിക്കുന്ന ഇത്തരം ‘കുംഭങ്ങൾ’ ധാരാളം കാണാമായിരുന്നു.

വല്ലംകൊട്ടഃ ഇത്‌ വലുതും കൂടുതൽ സാധനങ്ങൾ കൊളളുന്നതുമായ ഒരുതരം വലിയ കൊട്ടയാണ്‌. നാടൻ പലഹാരങ്ങൾ കൊണ്ടുവന്ന്‌ വിതരണം ചെയ്‌തിരുന്ന ആളുകളാണ്‌ ഈ കൊട്ടകൾ ഉപയോഗിച്ചിരുന്നത്‌. വല്ലംകൊട്ടയുടെ പണികൾക്ക്‌ മുളയാണ്‌ ഉപയോഗിക്കുന്നത്‌. മുളയുടെ ചെറിയ ഭാഗം മുറിച്ചെടുത്ത്‌ അലകും അളിയും തയ്യാറാക്കുന്നു. ഇതിന്‌ ശേഷം കൊട്ടയുടെ ചുവടുപാകുന്നു. ഇതിന്‌ എട്ട്‌ പൂട്‌ (കാല്‌ പാകുന്നു) പാകി നെയ്‌തുതുടങ്ങുന്നു. വല്ലംകൊട്ട നെയ്യുന്നതിന്‌ ഒരാഴ്‌ച വേണ്ടിവരും. ഇതിന്റെ വക്ക്‌ വളരെ നന്നായി നെയ്യുന്നതിനാൽ രണ്ടെണ്ണം പുറത്തും രണ്ടെണ്ണം അകത്തും നന്നായി നടുവിൽ ഒരെണ്ണം പിരിച്ചും കെട്ടും. അതിനാൽ നല്ല ഈടും ഭംഗിയും കൊട്ടയ്‌ക്കു ലഭിക്കും.

കൊട്ടകൾ പലത്‌, പലപേരിൽ, പലതരത്തിൽ-ചിലതിന്റെ പേരുകൾ തൊട്ടി, ഒരുപറക്കൊട്ട, മീൻകൂട, കൂലിക്കൊട്ട (പണിയാളർക്ക്‌ കൂലി കൊടുക്കാൻ ഉപയോഗിച്ചിരുന്ന കൊട്ട), കയറ്റുകൊട്ട, തേക്കുകൊട്ട (വെളളം തേകുന്നതിന്‌), ഓരോ കൊട്ടയും പേരു സൂചിപ്പിക്കുന്നതുപോലെ ഓരോ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ഓരോന്നിന്റേയും നെയ്‌ത്തും അലക്‌, അളി ഇവയും പ്രത്യേകം തയ്യാറാക്കിയിരുന്നു. പഴമയുടെ കരുത്തും കാന്തിയും ആവോളം മേൽപ്പറഞ്ഞ കൊട്ടകളിൽ പ്രതിഫലിക്കുന്നു.

കൊട്ടകൾ നെയ്യുന്നതിന്‌ ഉപയോഗിക്കുന്ന ചില വളളികൾഃ

മച്ചിൽ വളളി, പരുക്കണി, കൊങ്ങിണി, കാട്ട്‌ നെല്ലി, ചെത്തി (കാട്ടുചെത്തി) കുരികില്‌, പാളക്കടിപ്പ്‌, വെണ്ണില്‌ വളളി, നീരൂരി, പാല്‌വളളി, പുല്ലാന്തി.

പറഞ്ഞുതന്നത്‌ഃ 1. കുഞ്ഞുപെണ്ണ്‌ ഇട്ട്യാതി, പൂത്തൂരത്തിൽ, കൈപ്പട്ടൂർ, ആരക്കുന്നം, എറണാകുളം. 2. പി.കെ. മണി. പുൽപ്രാമ്യാലിൽ വീട്‌, അരയൻകാവ്‌ പി.ഒ. കാഞ്ഞിരമറ്റംവഴി, എറണാകുളം.

Generated from archived content: kaivela_apr1.html Author: sasikumar_kunnanthanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here