കേരളത്തിലെ നാടോടിനാടകങ്ങളുടെ മുഖമുദ്രയാണ് ‘പൊറാട്ടുകൾ’. തെയ്യം, കൊന്ത്രോൻപാട്ട്, മുടിയേറ്റ്, തീയാട്ട്, കണ്യാർകളി, പടേനി, പാനേങ്കളി തുടങ്ങിയ കലകളിൽ പൊറാട്ടുകളുണ്ട്. അനുഷ്‌ഠാനം, അമുഷ്‌ഠാനേതരം എന്നിങ്ങനെ രണ്ടുഭാഗങ്ങളുളള ഈ കലകളിൽ പൊറാട്ടുകൾ അനുഷ്‌ഠാനേതരഭാഗമാണ്. പുറം, ആട്ടം എന്നീ പദങ്ങളുടെ കൂടിച്ചേരലിൽനിന്നാണ് ‘പുറാട്ട്’ ഉണ്ടാകുന്നത്. ഇതിന്റെ നാടോടിവാങ്ങ്‌മയരൂപമാണ് ‘പൊറാട്ട്’. അനുഷ്‌ഠാനങ്ങൾക്ക് പ്രാധാന്യംകൊടുക്കുന്ന നാടോടിക്കലകളിൽ, അതിനുപുറത്തുളള ഹാസ്യപ്രധാനങ്ങളായ ആട്ടങ്ങളാണ് പൊറാട്ടുകളായി പരിണമിക്കുന്നത്. തികച്ചും ലൗകികകഥാപാത്രങ്ങളാണ് ഇവയിൽ പ്രത്യക്ഷപ്പെടുന്നത്. ചക്കിലിയൻ, ചക്കിലിയത്തി, ചാലിയൻ, ചാലിയത്തി, പട്ടർ, മായിലോൻ, വളേളാൻ എന്നിവ തെയ്യത്തിലും കൊന്ത്രോൻപാട്ടിലും കുറവൻ, കുറത്തി, മണ്ണാൻ, മണ്ണാത്തി, ചെറുമൻ, ചെറുമി, ചക്കിലിയൻ, ചക്കിലിയത്തി എന്നിവ കണ്യാർകളിയിലും പരദേശി, വൃദ്ധ, അന്തോണി, തങ്ങൾ എന്നിവ പടേനിയിലും വരുന്ന പൊറാട്ടുവേഷങ്ങളാണ്. മുടിയേറ്റിലെ കൂളിയും കൃഷ്‌ണനാട്ടത്തിലെ ഘണ്ടാകർണ്ണനും ലൗകികകഥാപാത്രങ്ങളല്ലെങ്കിലും പൊറാട്ടുകൾ തന്നെ. വേഷത്തിലും അഭിനയത്തിലും ‘ലോകധർമ്മി’ പാരമ്പര്യമാണ് പൊതുവേ ഈ കഥാപാത്രങ്ങൾ വെച്ചു പുലർത്തുന്നത്.
ക്ലാസിക് കലകളിൽ ‘പൊറാട്ടുകൾ’ ഉണ്ടോ എന്നു പരിശോധിക്കുമ്പോൾ ആദ്യം ശ്രദ്ധയിൽവരിക കൂടിയാട്ടത്തിലെ വിദൂഷകനെയാണ്. പൊറാട്ടുകളുടെ ഹാസ്യ / പരിഹാസധർമ്മം നിർവ്വഹിക്കുമെന്നതൊഴിച്ചാൽ, കഥയിൽനിന്നു വേറിട്ടുനിൽക്കുന്ന ഒരു കഥാപാത്രമായി ഇതിനെ പരിഗണിച്ചുകൂടാ. മുഖ്യകഥാപാത്രത്തിന്റെ ‘തോഴൻ’ എന്ന നിലയ്‌ക്കാണ് ഇത് രംഗത്തുവരുന്നത്. വിദൂഷകന്റെ അഭിനയത്തിലും ചിട്ടപ്പെടുത്തലുകളുണ്ട്. മാത്രമല്ല, പ്രേക്ഷകരിൽ വിജ്ഞാനം പകർന്നുകൊടുക്കുന്ന ചുമതലയും വിദൂഷകനുളളതാണ്. കഥകളിയെപ്പോലെ ശാസ്‌ത്രീയമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചുവരുന്ന ഒരു ക്ലാസിക് കലയിൽ, ‘പൊറാട്ടുകൾ’ക്ക് പരിമിതമായ സ്‌ഥാനമേ നൽകിയിട്ടുളളൂ. മുദ്രകളും പകർന്നാട്ടങ്ങളും കലാശങ്ങളും ചിട്ടതെറ്റാതെ ശീലിച്ചുവരുന്ന കഥകളിയിൽ, ആ ശൈലിക്ക്‌പുറത്തുവരുന്ന ആട്ടങ്ങളെയാണ് ‘പൊറാട്ടുകൾ’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആ നിലയ്‌ക്കുചിന്തിക്കുമ്പോൾ വേഷം, അഭിനയം എന്നിവയിൽ വ്യത്യസ്‌തരീതി പുലർത്തുന്ന കഥാപാത്രങ്ങളും രംഗങ്ങളും ‘പൊറാട്ടു’കളിൽ വരുന്നവയാണ്.
കഥകളിയിലെ ‘പൊറാട്ടു’ വേഷത്തിൽ പ്രധാനം ‘ഭീരു’ എന്ന കഥാപാത്രമാണ്. കാലകേയവധം, കീചകവധം, നരകാസുരവധം, രുഗ്‌മിണീസ്വയംവരം എന്നീ ആട്ടക്കഥകളിലാണ് ‘ഭീരു’ ഉളളത്. രാവണോത്‌ഭവത്തിലെ വിദ്യുജ്ജിഹ്വനേയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം. തികച്ചും വ്യത്യസ്‌തത പുലർത്തുന്ന വേഷവിധാനമാണ് ‘ഭിരു’വിനുളളത്. പൂവൻകോഴിത്തല പോലെയുളള കിരീടവും വച്ച് കാതിൽ ചിരട്ടവളയങ്ങളും തുക്കി, പുരികവും ചുണ്ടുകളുമൊക്കെ വേർതിരിച്ചറിയാൻ കഴിയാത്തവിധം ചായക്കൂട്ടുകൾകൊണ്ട് മുഖം വികൃതമാക്കി, പാവാടപോലുളള കുപ്പായവും ധരിച്ച്, വീർതുന്തിയ വയറുമായി അരങ്ങിലെത്തുന്നു. സവിശേഷമായ വിധമാണ് തിരനോട്ടം. തിരശ്ശീലയ്‌ക്കിടയിൽകൂടി ആദ്യം മുഖം കാണിക്കും. പിന്നെ ഇരുവശങ്ങളിലൂടെയും ഇടയ്‌ക്കിടെ തുളളിച്ചാടുകയും തിരശ്ശീലയ്‌ക്കുമുകളിലൂടെ എത്തിനോക്കുകയും ചെയ്യും. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ഗോഷ്‌ഠികളാണു കൂടുതൽ. പ്രതിനായകപക്ഷത്തുളള ഒരു പടയാളി എന്ന നിലയിലാണ് ഈ കഥാപാത്രത്തെ ആട്ടക്കഥകളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. നായകപക്ഷത്തോടേറ്റുമട്ടി പരാജയപ്പെടുന്ന ഘട്ടത്തിൽ യുദ്ധരംഗത്തുനിന്നും പേടിച്ചോടിപ്പോന്ന് കരുത്തൻമാരായ ബന്ധുക്കളെ വിവരമറിയിക്കുക എന്ന ധർമ്മമാണ് നിർവ്വഹിക്കാനുളളത്. സത്യഭാമയോടൊപ്പം ഗരുഡാരൂഢനായി വരുന്ന ശ്രീകൃഷ്‌ണനോടേറ്റുമുട്ടി മുരാസുരൻ മരണപ്പെടുന്ന വിവരം നരകാസുരനെ അറിയിക്കുന്ന ഭടനായിട്ടാണ് നരകാസുരവധത്തിലെ ഭീരു രംഗത്തുവരുന്നത്. നിവാതകവചന്റെ മരണവാർത്ത കാലകേയനെ അറിയിക്കുകയാണ് ‘കാലകേയവധ’ത്തിലെ ഭീരുവിന്റെ ചുമതല. കീചകവധത്തിലാകട്ടെ, കീചകന്റെ മരണം ഉപകീചകൻമാരെ അറിയിക്കുന്ന മണ്‌ഡപം കാവൽക്കാരനാണ് ഈ കഥാപാത്രം. രുഗ്‌മിണീസ്വയംവരത്തിൽ, രുഗ്‌മിണിയെ കാമിച്ചെത്തുന്ന നിരവധി രാജാക്കൻമാരിൽ പടുവിഡ്‌ഢിയായ ഒരു രാജാവായിട്ടാണ് ഭീരുവിനെ അവതരിപ്പിക്കുന്നത്. ഹ്യാസാനുകരണങ്ങളും ഗോഷ്‌ഠികളും ഫലിതസംഭാഷണങ്ങളുമൊക്കെ ഭീരുവിന്റെ അഭിനയത്തിൽ കാണാം.
രാവണോത്‌ഭവത്തിലെ വിദ്യുജ്ജിഹ്വൻ, ശൂർപ്പണഖയുടെ പ്രതിശ്രുതവരനാണ്. രാവണന്റെ കത്തും വായിച്ചുകൊണ്ടാണ് വരുന്നത്. സഭയിലെത്തി, മണ്‌ഡോദരിയെക്കണ്ട് തന്റെ വധുവാണെന്ന് തെറ്റിദ്ധരിച്ച് കാമചാപല്യങ്ങൾ ഒരോന്നായി കാട്ടാൻ തുടങ്ങുന്നു. പിന്നെ ശൂർപ്പണഖയെ കല്യാണം കഴിക്കുന്നു. തുടർന്നുളള രംഗത്ത് കാമാവേശത്തോടെ ശൂർപ്പണഖ ആലിംഗനം ചെയ്യുമ്പോൾ, അവളുടെ കൂർത്തമുലകൾ ശരീരത്തിൽതട്ടി വേദനിക്കുന്നമട്ടിൽ ‘അയ്യയ്യോ…..’ എന്ന് ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ഫലിതസംഭാഷണങ്ങളുമുണ്ട്. നാട്യധർമ്മിക്കു പ്രാധാന്യമുളള കഥകളിയിൽ ‘ലോകധർമ്മി’ കഥാപാത്രങ്ങൾ വിരളമായിട്ടാണെങ്കിലും ഉണ്ട്. ബകവധത്തിലെ ഖനകൻ, ലവണാസുരവധത്തിലെ മണ്ണാനും മണ്ണാത്തിയും, കംസവധത്തിലെ ‘ആനക്കാരൻ’ എന്നിവയാണ് അവ. ഇവരിൽ ‘പുറാട്ടു’മായി ഏറെ ബന്ധമുളളത് ‘ആനക്കാര’നാണ്. മുഖം മിനുക്കി, ചന്ദനക്കുറിയുംതൊട്ട്, കറുത്തമീശയും വരച്ച്, കുടുമ ചെരിച്ച്, തലേക്കെട്ടും കെട്ടി അരയിൽ വെളളവസ്‌ത്രവും അതിനുമീതെ മേൽമുണ്ടും ധരിച്ചിട്ടുളള രീതിയിലാണ് ആനക്കാരന്റെവേഷം. കയ്യിൽ വടി, തോട്ടി എന്നിവയും അരയിൽ കത്തിയും ഉണ്ടായിരിക്കും. മദ്യപിച്ച് ലക്കുകെട്ട നിലയിൽ അഭിനയിക്കുകയും ഏതാനും വാക്കുകൾ ഉച്ചരിക്കുകയും ചെയ്യുന്നു.
അധികം അവതരിപ്പിച്ചുകാണാറില്ലെങ്കിലും അംബരീഷചരിതം കഥകളിയിൽ ഒരു പൊറാട്ടുരംഗം തന്നെയുണ്ട്. വിഷ്‌ണുഭക്‌തനും അയോധ്യരാജാവുമായ അംബരീഷന്റെ ദ്വാദശിവ്രതം മുടക്കാൻ ‘യവനൻമാർ’ രംഗത്തുവരുന്നു. പക്ഷേ ഇവരെ മലബാറിലെ ‘മാപ്പിള’ വേഷത്തിലാണ് അവതരിപ്പിക്കുന്നത്. മുഖം മിനുക്കി, വാലിട്ടുകണ്ണെഴുതി, തലേക്കെട്ടും കളളിമുണ്ടും അതിനുമീതെ വീതിയുളള അരപ്പട്ടയും ശരീരത്തിൽ ബനിയനുമാണ് ഈ വേഷത്തിന്റെ ആഹാര്യം. അരയിൽ ഒരു ‘കഠാര’യും തിരുകിവെച്ചിട്ടുണ്ടാകും. കാണികൾക്കിടയിലൂടെയാണ് ഇവർ കൂട്ടമായി അരങ്ങിലേയ്‌ക്കു വരുന്നത്. ഇതിനു ‘തങ്ങളെ എഴുന്നളളിക്കുക’ എന്നു പറയുന്നു. തങ്ങളായി വേഷംകെട്ടിയ ആളെ മറ്റ് അനുയായികൾ ആനയിച്ചുകൊണ്ടുവരുന്നു. മുന്നിൽ ഒരാൾ ഒരു കൊടിയുംപിടിച്ച് സംഘമായി മാപ്പിളപ്പാട്ടുപാടിയാണ് വരവ്.
“കല്ലായിക്കടവത്ത് കല്ലിന്റെ മുനമ്പത്ത് കപ്പക്കാരൻ
കുഞ്ഞിപ്പോക്കര് ചതിച്ചതും ചതിയല്ല, പിടിച്ചതും പിടിയല്ല…”
എന്നിങ്ങനെയുളള വരികൾ പാടി അരങ്ങിലെത്തുന്ന ഇവർ സദസ്സിനഭിമുഖമായി നിന്ന് ‘കൂട്ടനിസ്‌കാര’വും നടത്തുന്നു. ഇതിനിടയിൽ അംബരീഷന്റെ പോർവിളികേട്ട്, ‘എന്നാഞ്ഞിഓനേ കൊന്നിട്ടുതന്നെ കാര്യം’ എന്നുപറഞ്ഞ് രംഗത്തുനിന്ന് മറയുകയും ചെയ്യുന്നു. ഇത്തരത്തിൽ കഥകളിയുടെ സങ്കേതങ്ങളെ നിരാകരിക്കുന്ന വേഷങ്ങളേയും ആട്ടങ്ങളേയും പൊറാട്ടുകളായി പരിഗണിക്കാവുന്നതാണ്.
Generated from archived content: porattu_july18.html Author: sasidharan_klari